Govt of Kerala EmblemGovernment of Kerala

തൊഴിലും നൈപുണ്യവും വകുപ്പ്

I വകു‌പ്പു‌ നേരി‌ട്ടു‌ നടപ്പാക്കു‌ന്ന‌ പദ്ധതികൾ

9.1അസംഘടിത മേഖലയിലെ വിരമിച്ച തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി (Kerala Unorganised Retired Workers Pension Scheme)

നിലത്തെഴുത്താശാൻ, ആശാട്ടി തുടങ്ങി വിവിധ അസംഘടിതമേഖലകളിലുള്ളവർക്കു പെൻഷൻ നൽകാനുള്ള പദ്ധതി.

ലഭിക്കുന്ന ധനസഹായം:പ്രതിമാസപെൻഷൻ 1200 രൂപ

അർഹത:2008 ആഗസ്റ്റിൽ നിലവിൽവന്ന കേരള കൈത്തൊഴിലാളി, വിദഗ്ദ്ധതൊഴിലാളി ക്ഷേമപദ്ധതിയിൽനിന്ന് 60 വയസു പൂർത്തീകരിച്ചു റിട്ടയർ ചെയ്തവരോ പത്തുവർഷം അംഗത്വകാലാവധിയുള്ളവരോ ആയ അംഗങ്ങൾക്ക് ഈ സ്‌കീം പ്രകാരമുള്ള പെൻഷന് അർഹതയുണ്ട്.

നടപടിക്രമം:പെൻഷൻ ലഭിക്കാൻ അർഹതയുള്ളവരും റിട്ടയർമെന്റ് ആനുകൂല്യം കൈപ്പറ്റിയവരുമായ തൊഴിലാളികളുടെ പട്ടിക കേരള കൈത്തൊഴിലാളി, വിദഗ്ദ്ധതൊഴിലാളി ക്ഷേമപദ്ധതിയിൽനിന്ന് ലേബർ കമ്മിഷണറേറ്റ് മുഖാന്തരം അതതു ജില്ലാ ലേബർ ഓഫീസർമാർക്ക് അയച്ചുകൊടുക്കും.

അപേക്ഷിക്കേണ്ടവിധം:ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷ തൊഴിലാളി ജില്ലാ ലേബർ ഓഫീസർക്കു നൽകണം. അർഹർക്ക് ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കും.

9.2മരംകയറ്റത്തൊഴിലാളി അവശതാപെൻഷൻ പദ്ധതി (Tree Climbers Disability Pension Scheme)

ലഭിക്കുന്ന സഹായം:1,200 രൂപ പ്രതിമാസ പെൻഷൻ.

അർഹത:മരംകയറ്റത്തൊഴിലിൽ ഏർപ്പെട്ടിരിക്കെ മരത്തിൽനിന്നു വീണ് അപകടം പറ്റുകയും 1980-ലെ കേരള മരംകയറ്റത്തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുകയും ചെയ്ത തൊഴിലാളി/മരംകയറ്റത്തിനിടെ അപകടത്തിൽ മരിച്ച മരംകയറ്റത്തൊഴിലാളിയുടെ നിയമപ്രകാരമുള്ള ഭാര്യ/മരംകയറ്റത്തൊഴിലാളി അവിവാഹിതനാണെങ്കിൽ തൊഴിലാളിയുടെ അമ്മ എന്നിവർ ഈ പദ്ധതിപ്രകാരമുള്ള ആനുകൂല്യത്തിന് അർഹരാണ്. ആനുകൂല്യം കൈപ്പറ്റുന്ന തൊഴിലാളി മരിക്കുന്നതോടെ പെൻഷൻ‌വിതരണം നിർത്തലാക്കും. ഈ ആൾക്ക് അർഹതപ്പെട്ട കുടിശ്ശിക നിയമപ്രകാരമുള്ള അവകാശിക്കു ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:1980-ലെ മരംകയറ്റത്തൊഴിലാളി ക്ഷേമപദ്ധതിയിൽനിന്ന് ആനുകൂല്യം കൈപ്പറ്റിയ തൊഴിലാളിക്ക് പെൻഷൻ ലഭിക്കാൻ ബന്ധപ്പെട്ട ജില്ലാ ലേബർ ഓഫീസർക്ക് അപേക്ഷ നൽകാം.

9.3മരംകയറ്റത്തൊഴിലാളി ക്ഷേമപദ്ധതി (Tree Climbers‘ Welfare Scheme)

ചെത്തുന്നതിനൊഴികെ കൂലിക്കോ പ്രതിഫലത്തിനോവേണ്ടി മരംകയറ്റത്തൊഴിലിൽ ഏർപ്പെടുന്നവർക്ക്‌

ലഭിക്കുന്ന സഹായം:സ്ഥായിയായ അവശത അനുഭവിക്കുന്ന തൊഴിലാളിക്ക് 50,000 രൂപ. മരിക്കുന്ന തൊഴിലാളിയുടെ ആശ്രിതർക്ക് 1,00,000 രൂപ.

അർഹതാമാനദണ്ഡം:മരംകയറ്റത്തൊഴിലിൽ ഏർപ്പെട്ടിരിക്കെ അപകടംമൂലം മരണമോ സ്ഥായിയായ അവശതയോ സംഭവിച്ചാൽ

നടപടിക്രമം:അത്യാഹിതം സംഭവിച്ച ദിവസംമുതൽ അല്ലെങ്കിൽ തൊഴിലാളിയുടെ മരണദിനംമുതൽ 90 ദിവസത്തിനകം മതിയായ രേഖകൾ സഹിതം നിർദ്ദിഷ്ടമാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലയിലെ ലേബർ ഓഫീസർക്കു നൽകണം.

അവശതയാണെങ്കിൽ തൊഴിലാളിയും മാരകമായ അപകടമോ മരണമോ ആണു സംഭവിച്ചതെങ്കിൽ ആശ്രിതരുമാണ് അപേക്ഷിക്കേണ്ടത്.

9.4എസ്റ്റേറ്റ് തൊഴിലാളികളുടെ ദുരിതാശ്വാസപദ്ധതി (Estate Workers‘ Distress Relief Fund)

സംസ്ഥാനത്തെ തോട്ടങ്ങളിൽ പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം, പകർച്ചവ്യാധി, കഠിനമായ ദാരിദ്ര്യം എന്നിവമൂലം കഷ്ടത അനുഭവിക്കുന്ന തൊഴിലാളികൾക്കു ദുരിതാശ്വാസം എത്തിക്കാനുള്ള പദ്ധതി.

ലഭിക്കുന്ന ധനസഹായം:25,000 രൂപ (ഒറ്റത്തവണ)

അർഹതാമാനദണ്ഡം:തൊഴിലാളി മരണമടഞ്ഞ് മൂന്നുമാസത്തിനകം നിയമാനുസൃതമുള്ള അവകാശി ധനസഹായത്തിനുള്ള അപേക്ഷ ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസിന് നൽകിയിരിക്കണം. എന്നാൽ നിശ്ചിതസമയപരിധിക്കുശേഷമുള്ള അപേക്ഷകളിൽ കാലതാമസത്തിനുള്ള കാരണം കാണിച്ചുകൊണ്ടുള്ള അപേക്ഷ നൽകണം.

9.5അസംഘടിത സ്ത്രീത്തൊഴിലാളി പ്രസവാനുകൂല്യപദ്ധതി (Maternity Allowance to Workers in Unorganised Sector)

നിലവിൽ കേരളത്തിലെ ക്ഷേമനിധിബോർഡുകൾ പ്രസവാനുകൂല്യം നൽകുന്നത് സ്ത്രീത്തൊഴിലാളികളുടെ ശമ്പളം നിലനിർത്തിക്കൊണ്ടാണ്. എന്നാൽ 500 മുതൽ 3,000 വരെ രൂപ വ്യത്യസ്തതോതിലാണ് വിവിധ ക്ഷേമനിധിബോർഡുകളും പദ്ധതികളും ഈ സഹായം നൽകുന്നത്. ക്ഷേമനിധിബോർഡുകളും പദ്ധതികളും നൽകുന്ന പ്രസവാനുകൂല്യങ്ങൾക്ക് ഏകീകൃതസ്വഭാവം കൊണ്ടുവരുന്നതിനും പ്രസവാനുകൂല്യമായി അർഹതപ്പെട്ട കുറഞ്ഞ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ലഭിക്കുന്ന സഹായം:തൊഴിലാളികൾക്ക് പ്രസവാനുകൂല്യമായി അവർ ജോലി ചെയ്യുന്ന വിഭാഗത്തിലെ നിശ്ചയിക്കപ്പെട്ട മൂന്നുമാസത്തെ മിനിമം വേതനമോ 15,000 രൂപയോ ഏതാണോ കുറവ് അതു നൽകും.

അർഹത:തുടർച്ചയായി രണ്ടുവർഷം അംഗമായിരിക്കുന്ന തൊഴിലാളികൾക്കു മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളൂ. തൊഴിലാളികൾക്ക് രണ്ടുപ്രസവത്തിനുമാത്രമേ ആനുകൂല്യം അനുവദിക്കൂ.

നടപടിക്രമം:പ്രസവാനുകൂല്യമായി ബോർഡോ‌ പദ്ധതിയോ‌ അനുവദിക്കുന്ന തുക കിഴിച്ചു ശേഷിക്കുന്ന തുക ബോർഡുകൾക്ക് അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം:ആനുകൂല്യം ലഭിക്കാൻ തൊഴിലാളികൾ അംഗമായിട്ടുള്ള ബോർഡിലോ‌ പദ്ധതിയിലോ‌ അപേക്ഷ നൽകണം.

9.6പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ സാമ്പത്തികസഹായപദ്ധതി (Income Support Scheme for Workers in the Traditional Sector)

പരമ്പരാഗതമേഖലയിലെ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള, 25,000 രൂപയിൽത്താഴെ വാർഷികവരുമാനമുള്ള തൊഴിലാളികൾക്ക് സാമ്പത്തികസഹായം നൽകുന്ന പദ്ധതി. മത്സ്യം, ഖാദി, കയർ, മത്സ്യസംസ്‌കരണം, കൈത്തറി, ബീഡി, കുട്ട, പായനെയ്ത്ത് തൊഴിലാളികളാ‌ണ്‌ ഈ പദ്ധതിയിലുൾപ്പെടുന്നത്.

ലഭിക്കുന്ന ധനസഹായം:പ്രതിവർഷം 1250 രൂപ

നടപടിക്രമം:തൊഴിൽവകുപ്പു‌ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം കയർ, കൈത്തറി, ഫിഷറീസ്, വ്യവസായ — വാണിജ്യ വകുപ്പ്, ഖാദി തുടങ്ങിയ വകുപ്പുകളിലൂടെയും ഈറ്റ — കാട്ടുവള്ളി, ബീഡി, സിഗാർ, കൈത്തറി എന്നീ ബോർഡുകളിലൂടെയും ധനസഹായത്തുക തൊഴിലാളികൾക്കു‌ ലഭ്യമാക്കിവരുന്നു.

അപേക്ഷിക്കേണ്ട വിധം:ധനസഹായത്തിന് അർഹരായവർ അതതു‌ വകുപ്പുകളുമായി ബന്ധപ്പെടണം.

9.7അസംഘടിതമേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്കുള്ള ആശ്വാസക്ഷേമപദ്ധതി (Unorganised Daily waged Workers‘ Distress Relief Scheme)

അസംഘടിതമേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്കു ധനസഹായം നൽകുന്ന പദ്ധതി. 2008-ൽ പ്രാബല്യത്തിൽ വന്നു.

ലഭിക്കുന്ന ആനുകൂല്യം:2,000 രൂപ (ഒറ്റത്തവണ)

അർഹത:മാറാരോഗങ്ങളാൽ (ക്യാൻസർ, ഹൃദ്രോഗം, ടിബി, ട്യൂമർ) കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് 2,000 രൂപവീതം ഒറ്റത്തവണസഹായധനം അനുവദിക്കുന്നു.

നടപടിക്രമം:മതിയായ രേഖകൾ സഹിതമുള്ള നിർദ്ദിഷ്ട അപേക്ഷ ജില്ലാ ലേബർ ഓഫീസർക്കു നൽകണം. അന്വേഷണം നടത്തി അർഹർക്കു ജില്ലാ ലേബർ ഓഫീസർ തുക അനുവദിക്കും.

9.8ആവാസ്–ഇൻഷുറൻസ് പദ്ധതി (AWAZ–Insurance Scheme)

ഇതരസംസ്ഥാനത്തൊഴിലാളികളുടെ ആരോഗ്യപരിപാലനം, തിരിച്ചറിയൽ കാർഡ് വിതരണം, വിവരശേഖരണം, രജിസ്റ്റ്രേഷൻ, എന്നിവ ഉറപ്പാക്കാനായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ മാതൃകയിൽ നടപ്പിലാക്കിയിട്ടു‌ള്ള‌ പദ്ധതിയാ‌ണ്‌ ആവാ‌സ്‌. ഇതരസംസ്ഥാനത്തൊഴിലാളികൾക്കായി രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും പ്രതിവർഷം 15,000 രൂപയു‌ടെ‌ സൗജന്യചികിത്സയും പദ്ധ‌തി‌ ഉറ‌പ്പു‌ നൽകു‌ന്നു‌. അഷ്വറൻസ്‌ പദ്ധ‌തി‌യാ‌യി‌ ചിയാ‌ക്‌ മുഖേ‌ന‌ നടപ്പാക്കിവരു‌ന്നു‌. തെരഞ്ഞെടുത്ത‌ സർക്കാരാശുപത്രികളിൽ ‌‌സേവനം ലഭ്യമാകും.

9.9വേതനസുരക്ഷാപദ്ധതി (Wage Protection System)

അസംഘടിതമേഖലയിൽ പണിയെടുക്കുന്ന വിവിധ തൊഴിലാളികൾക്കു വേതനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാനത്തെ വിവിധ സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു വേതനം ബാങ്ക് വഴി നൽകുന്നതിനുമായുള്ള വേതനസുരക്ഷാപദ്ധതി (ഇ-പേയ്‌മെന്റ്). ഇ‌ത്‌ പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ വിജയകരമായി തൊഴിൽ‌വകുപ്പ് പൂർത്തിയാക്കിയതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലയിലും ത്വരിതഗതിയിൽ നടപ്പിലാക്കിവരുന്നു. തൊഴിലാളികൾക്കു വേതനം ബാങ്ക് മുഖേന ലഭിക്കുന്നതോടൊപ്പം നിയമം അനുശാസിക്കുന്ന കുറഞ്ഞ വേതനം യഥാസമയം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും തൊഴിലാളികൾക്കു വേജ് സ്ലിപ്പ് നേരിട്ട് ഓൺലൈനായി ലഭ്യമാക്കാനും ഈ‌ പദ്ധതിവഴി കഴിയുന്നു.

ആസ്ഥാനവിലാസം

ലേബർ കമ്മിഷണർ,
ലേബർ കമ്മിഷണറേറ്റ്,
തൊഴിൽഭവൻ, വികാസ്ഭവൻ പി.ഒ.,
തിരുവനന്തപുരം 695033
ഫോൺ നമ്പർ: 0471 2783900
e-mail: ഈ കണ്ണിയിൽ അമർത്തുക., ഈ കണ്ണിയിൽ അമർത്തുക.
വെബ്‌സൈറ്റ് : ഈ കണ്ണിയിൽ അമർത്തുക.

II തൊഴിൽ‌വകുപ്പിനുകീഴിലുള്ള ബോർഡുകൾ‌ നടപ്പാക്കുന്ന പദ്ധതികൾ

വകുപ്പിനുകീഴിലുള്ള 16 ബോർഡുകൾ‌വഴി 21 പദ്ധതികൾ നടപ്പാക്കിവരുന്നു.

9.10കേരള അബ്കാരിത്തൊഴിലാളി ക്ഷേമനിധിബോർഡ് (Kerala Abkari Workers Welfare Fund Board)

വിദേശമദ്യവ്യവസായരംഗത്തുള്ള തൊഴിലാളികൾക്ക് ഈ പദ്ധതിയിൽ അംഗമാകാം.

9.10.1ആനുകൂല്യങ്ങൾ

പെൻഷൻ:പ്രതിമാസം 1200 രൂപ മുതൽ 2000 രൂ‌പ‌ വ‌രെ‌. മൂന്നുവർഷത്തിൽ കുറയാത്ത അംഗത്വമുള്ള തൊഴിലാളിക്ക് 60 വയസ്സു പൂർത്തിയാകുന്നമുറയ്ക്ക് പെൻഷന് അർഹതയുണ്ട്.

ഫാമി‌ലി‌ പെൻഷൻ:പെൻഷനർ മരിക്കുന്ന ‌‌സാഹചര്യത്തിൽ പെൻഷൻ തുകയു‌ടെ‌ 50% വിധവ‌യ്ക്ക്‌ കുടുംബപെൻഷനാ‌യി‌ നല്കു‌ന്നു‌.

ഇൻവാലി‌സ്‌ പെൻഷൻ:സ്ഥായിയാ‌യ‌ അവശതയു‌ള്ള‌ തൊഴിലാളികൾക്കു‌ മെഡിക്കൽ ബോർഡി‌ന്റെ‌ സാക്ഷ്യപത്രത്തി‌ന്റെ‌ അടിസ്ഥാനത്തിൽ 120‌0‌ രൂ‌പ‌ പ്രതിമാ‌സ‌പെൻഷൻ നൽകുന്നു‌.

ഗ്രാറ്റുവിറ്റി:ഓരോവർഷത്തെ സർവ്വീസിനും ശരാശരി പ്രതിമാസശമ്പളത്തിന്റെ 50% വരുന്ന തുക. പരമാവധി 20 മാസത്തെ ശമ്പളമെന്നു നിജപ്പെടുത്തിയിട്ടുണ്ട്.

പി.എഫ്:തൊഴിലാളിയുടെ അക്കൗണ്ടിൽ വരുന്ന അംശദായത്തിന്റെ പത്തുശതമാനവും തൊഴിലുടമയുടെ വിഹിതത്തിന്റെ എട്ടുശതമാനവും റിട്ടയർമെന്റ് സമയത്ത് പി.എഫ് ആനുകൂല്യമായി നൽകുന്നു.

എക്സ്ഗ്രേഷ്യ:മരിച്ച അംഗത്തിന്റെ അവകാശിക്ക് 10,000 രൂപ എക്സ്ഗ്രേഷ്യയായി നൽകുന്നു.

ചികിത്സാധനസഹായം:അംഗത്തിന്റെ പി.എഫ്. അക്കൗണ്ടിൽ നിന്നു തിരിച്ചടയ്ക്കേണ്ടതല്ലാത്ത ചികിത്സാധനസഹായം നൽകുന്നു.

വിവാഹധനസഹായം:അംഗത്തിന്റെ മകളുടെ വിവാഹാവശ്യത്തിന് അംഗത്തിന്റെ പി.എഫ്. അക്കൗണ്ടിൽ ബാക്കിയുള്ള‌ തുകയു‌ടെ‌ 5‌0‌% തിരിച്ചടയ്‌ക്കേണ്ടാത്ത അഡ്വാൻസായി നൽകാൻ വ്യവസ്ഥയുണ്ട്.

ഭവനവായ്പ:തൊഴിലാളിയുടെ 12 മാസത്തെ ശമ്പളത്തിനു തുല്യമായ തുക, അല്ലെങ്കിൽ തൊഴിലാളിവിഹിതം അതിലേതാണോ കുറവ് ഈ തുക പി.എഫ് അക്കൗണ്ടിൽനിന്നു നൽകാൻ വ്യവസ്ഥയുണ്ട്.

ശവസംസ്കാരച്ചെലവ്:അംഗത്തിന്റെ മരണത്തിൽ 3,000 രൂപ ശവസംസ്കാരച്ചെലവിനായി നൽകാൻ വ്യവസ്ഥയുണ്ട്.

സ്കോളർഷിപ്പ്:അംഗങ്ങളുടെ മക്കൾക്കു സ്കോളർഷിപ്പായി 150‌0‌ രൂപ മുതൽ 6‌0‌00 രൂപ വരെ നൽകുന്നു.

“സുരക്” സ്വയംതൊഴിൽ പദ്ധ‌തി‌:201‌4‌-1‌5‌ വർഷ‌ത്തെ‌ മദ്യനയത്തെത്തുടർന്നു‌ തൊഴി‌ൽ നഷ്ടപ്പെ‌ട്ട‌ ബാർത്തൊഴിലാളികൾക്ക്‌ സ്വയംതൊഴിൽ ‌ക‌‌‌ണ്ടെത്തുന്നതിനു‌ള്ള‌ പദ്ധതിയാ‌ണി‌ത്‌. മൂന്നുലക്ഷം രൂ‌പ‌ വ‌രെ‌ ലോൺ അനുവദിക്കും. 5‌0‌,00‌0‌ രൂ‌പ‌ ഗ്രാ‌ന്റ്‌/സ‌ബ്‌സി‌ഡി‌ ആ‌യി‌ നൽകും. 4% വാർഷികപലി‌ശ‌. ബോർഡ്‌ ഓഫീസുകളിൽ അപേ‌ക്ഷ‌ നല്കണം.

9.11കേരള കർഷകത്തൊഴിലാളി ക്ഷേമനിധിബോർഡ് (Kerala Agriculture Workers Welfare Fund Board)

കൃഷിയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക് ഇതിൽ അംഗമാകാം.

9.11.1ആനുകൂല്യങ്ങൾ

അധിവർഷാനുകൂല്യം:40 വർഷത്തേക്കു തുടർച്ചയായി അംശദായം അടയ്ക്കുന്ന അംഗത്തിനു പ്രതിവർഷം 625 രൂപ നിരക്കിൽ പരമാവധി 25,000 രൂപയും അതിൽക്കുറവു വർഷങ്ങളിൽ അംഗമായിട്ടുള്ളവർക്കു സർവ്വീസിന്റെ അടിസ്ഥാനത്തിലും കാലാവധി തീരുന്നമുറയ്ക്കുള്ള ആനുകൂല്യം (Retirement Benefit) ലഭിക്കുന്നു.

വിദ്യാഭ്യാ‌സ‌ അവാർഡ്‌:അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി. മുതൽ ‌പി‌‌.ജി‌. വരെയു‌ള്ള‌ ക്ലാസുകളിൽ ഉയർന്ന മാർക്കു നേടുന്ന കുട്ടികൾക്ക് ജില്ലാതലത്തിൽ സ്കോളർഷിപ്പ് നൽകുന്നു.

മെഡിക്കൽ ബെനിഫിറ്റ്:അംഗത്തിനു ചികിത്സാധനസഹായമായി അഞ്ചുവർഷത്തിലൊരിക്കൽ 2500 രൂപ വരെ നൽകാൻ വ്യവസ്ഥയുണ്ട്.

വിവാഹധനസഹായം:വനിതാംഗത്തിനോ ഏതെങ്കിലും അംഗത്തിന്റെ പെൺമക്കൾക്കോ വിവാഹധനസഹായമായി 2,000 രൂപവീതം നൽകാൻ വ്യവസ്ഥയുണ്ട്.

പ്രസവാനുകൂല്യം:വനിതാംഗങ്ങൾക്കു‌ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ 15,000 രൂപ.

മരണാനന്തരധനസഹായം:2,000 രൂപ വരെ

9.12കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Bamboo, Kattuvally and Pandanus Leaf Workers Welfare Fund Board)

ഈറ്റ, കാട്ടുവള്ളി, തഴ വ്യവസായരംഗത്തെ തൊഴിലാളികൾക്ക് ഇതിൽ അംഗമാകാം.

9.12.1ആനുകൂല്യങ്ങൾ

പെൻഷൻ:60 വയസ്സു തികയുകയോ അവശതമൂലം ജോലി ചെയ്യാൻ കഴിയാതെവരുകയോ ചെയ്യുന്ന തൊഴിലാളിക്കു പെൻഷനാനുകൂലം പ്രതിമാസം 120‌0 രൂപ നൽകിവരുന്നു.

അവശതാപെൻഷൻ:120‌0‌ രൂപ.

പ്രസവാനുകൂല്യം:വനിതാംഗങ്ങൾക്കു 15,000 രൂപ.

വിവാഹധനസഹായം:രണ്ടു വർഷത്തെ അംഗത്വ കാലാവധി പൂർത്തിയാക്കിയ അംഗത്തിന് 3,000 രൂപ വിവാഹധനസഹായമായി നൽകിവരുന്നു.

അപകടധനസഹായം:അപകടം മൂലം മരിച്ച അംഗത്തിന്റെ ആശ്രിതർക്കു 10,000 രൂപ

ചികിത്സാധനസഹായം:10,000 രൂപ ആർ.എസ്.ബി.വൈ.‌-യിൽ‌ന‌ിന്ന്.

വിദ്യാഭ്യാസസ്കോളർഷി‌പ്പ്‌:100‌0‌ രൂപ.

9.13കേരള ബീഡി–സിഗാർ തൊഴിലാളി ക്ഷേമനിധിബോർഡ് (Kerala Beedi & Cigar Workers Welfare Fund Board)

ബീഡി & സിഗാർ രംഗത്തു പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികൾക്കും അംഗമാകാം.

9.13.1ആനുകൂല്യങ്ങൾ

പ്രതിമാസപെൻഷൻ:58-ആം വയസ്സിൽ സർവ്വീസിൽനിന്നു പിരിയുന്ന ഒരാൾക്കു മൂന്നുവർഷത്തെ തുടർച്ചയായ അംഗത്വമുള്ളപക്ഷം 12‌00 രൂപവീതം.

എക്സ്ഗ്രേഷ്യ:അംഗത്തിനു സ്ഥിരമായ അവശതമൂലം ജോലി ചെയ്യാൻ കഴിയാതെവരികയോ അംഗം മരിക്കുകയോ ആണെങ്കിൽ അവകാശിക്ക് 10,‌000 രൂപ എക്സ്ഗ്രേഷ്യ ആയി നൽകിവരുന്നു.

വിവാഹധനസഹായം:രണ്ടുവർഷത്തെ അംഗത്വകാലാവധി പൂർത്തിയാക്കിയ വനിതാംഗത്തിനു 2,000 രൂപ. കൂടാതെ അംഗത്തിന്റെ പെൺമക്കളുടെ വിവാഹച്ചെലവുകൾക്കായി 2,000 രൂപ നൽകുന്നു.

അവശതാപെൻഷൻ:ഏതെങ്കിലും അംഗം അസുഖം‌മൂലം പൂർണ്ണമായോ സ്ഥിരമായോ അവശതയിലായാൽ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മരണംവരെ പ്രതിമാസം 1‌2‌00 രൂപ പെൻഷനായി നൽകും.

അവശതാധനസഹായം:അംഗം അസുഖം‌മൂലം പൂർണ്ണമായോ സ്ഥിരമായോ അവശതയിലായാൽ 1‌0,000 രൂപ.

പ്രസവാനുകൂല്യം:വനിതാംഗങ്ങൾക്കു 15,000 രൂപ. രണ്ടുപ്രാവശ്യം‌വരെ മാത്രം.

9.14കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Building & Other Construction Workers Welfare Fund Board)

നിർമ്മാണമേഖലയിൽ പണിയെടുക്കുന്ന എല്ലാവിഭാഗം തൊഴിലാളികൾക്കും ഇതിൽ അംഗമാകാം.

9.14.1അംഗത്വമാനദണ്ഡങ്ങൾ

18 വയസു തികഞ്ഞവരും 60 വയസു പൂർത്തിയാകാത്തവരും ആയിരിക്കണം.

തൊട്ടു മുമ്പുള്ള 12 മാസത്തിൽ 90 ദിവസമെങ്കിലും കെട്ടിടനിർമ്മാണത്തിലോ മറ്റു നിർമ്മാണപ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുള്ള തൊഴിലാളിയും മറ്റ് ക്ഷേമനിധികളിൽ അംഗമല്ലാത്ത ആളുമാകണം.

ഫോം നമ്പർ:26-ൽ അപേക്ഷ നൽകണം.

അംഗത്വത്തിന് അർഹരായവർ രജിസ്റ്റ്രേഷൻ ഫീസായി 5‌0‌ രൂപയും ആദ്യമൂന്നുമാസത്തെ വരിസംഖ്യയായി 1‌0‌0 രൂപയും ഉൾപ്പെടെ 20‌0‌ രൂപ അടയ്ക്കണം.

9.14.2ആനുകൂല്യങ്ങൾ

പെൻഷൻ:ഒരുവർഷമെങ്കിലും അംഗത്വകാലാവധി പൂർത്തിയാക്കിയ അംഗങ്ങൾക്ക് 60 വയസു തികയുന്നമുറയ്ക്കു പെൻഷൻ നൽകിവരുന്നു. പെൻഷൻ 12‌00 രൂപയാണ്.

കുടുംബപെൻഷൻ:അംഗം മരിച്ചാൽ അവകാശിക്ക് (ഭർത്താവ്/ഭാര്യ) 6‌00 രൂപ പെൻഷൻ.

ഇൻവാലിഡ് പെൻഷൻ/അവശതാപെൻഷൻ:അപകടം‌മൂലമോ അസുഖം‌മൂലമോ സ്ഥിരമായി ജോലി ചെയ്യാൻ കഴിയാതാകുന്ന അംഗത്തിനു മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 1‌2‌00 രൂപ അവശതാപെൻഷൻ നൽകുന്നു. ഒപ്പം എക്സ്ഗ്രേഷ്യ ധനസഹായമായി അവശതയുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ 5,000 രൂപ വരെ ധനസഹായം ലഭിക്കും.

മരണാനന്തരധനസഹായം:അംഗം മരിച്ചാൽ അവകാശിക്ക് 25,000 രൂപ. ജോലിസ്ഥലത്തുവച്ച് അപകടം മൂലം മരിക്കുകയാണെങ്കിൽ അവകാശിക്കു 3,00,000 രൂപ. ജോലിസ്ഥലത്തുവച്ചുള്ള അപകടം‌മൂലം സ്ഥിരമായി അവശത സംഭവിക്കുകയാണെങ്കിൽ അംഗത്തിനു നഷ്ടപരിഹാരമായി 1,00,000 രൂപ.

സാന്ത്വനധനസഹായം:മരിക്കുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് പ്രതിമാസം 1‌2‌00 രൂപ.

ശവസംസ്കാരത്തിനു ധനസഹായം:അംഗമോ പെൻഷണറോ മരിച്ചാൽ ശവസംസ്കാരച്ചെലവിനായി അവകാശിക്ക് 2,000 രൂപ.

വിവാഹധനസഹായം:ഒരു വർഷത്തെ അംഗത്വമുള്ളയാൾക്കു സ്വന്തം വിവാഹത്തിനും മൂന്നു വർഷത്തെ അംഗത്വമുള്ളയാളുടെ രണ്ടു മക്കളുടെ വിവാഹത്തിനും 10,000 രൂപ.

പ്രസവധനസഹായം:കുറഞ്ഞത് ഒരുവർഷത്തെ അംഗത്വമുള്ള വനിതാംഗങ്ങൾക്കു 15,000 രൂപ. ഈ ആനുകൂല്യം രണ്ടുപ്രാവശ്യം മാത്രം.

ചികിത്സാധനസഹായം:ഒരുവർഷം തികച്ച അംഗം അസുഖം‌മൂലമോ അപകടം‌മൂലമോ ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയമായാൽ അഞ്ചുദിവസത്തേക്കു കുറഞ്ഞത് 400 രൂപയും കൂടിയത് 5,000 രൂപയും.

അപകടചികിത്സ:750 രൂപ മുതൽ 20,000 രൂപ വരെ.

മാരകരോഗചികിത്സാധനസഹായം:ക്യാൻസർ, കിഡ്‌നിത്തകരാർ,‌ ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് 50,000 രൂപ.

കണ്ണുസംബന്ധമായ രോഗങ്ങൾമൂലം സർക്കാരാശുപത്രി, ബോർഡംഗീകൃത സ്വകാര്യാശുപത്രി എന്നിവയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന അംഗത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 2,000 രൂപ.

ചിക്കൻപോക്‌സ്, പാമ്പുകടി, പേവിഷബാധ എന്നിവയെത്തുടർന്നു ചികിത്സയിൽ കഴിയുന്ന അംഗങ്ങൾക്കു സർക്കാരാശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 2,000 രൂപ.

ഭവനനിർമ്മാണവായ്പ:അഞ്ചുവർഷം പൂർത്തിയാക്കിയ അംഗത്തിനു 15 വർഷത്തെ കാലാവധി മിച്ചമുള്ള പക്ഷം 50,000 രൂപ തുച്ഛമായ പലിശയ്ക്ക്.

ക്യാഷ് അവാർഡ്:അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്കു നേടുന്ന 3 ആൺകുട്ടികൾക്കും 3 പെൺകുട്ടികൾക്കും 2500 രൂപ, 2000 രൂപ, 1500 രൂപ നിരക്കിൽ എല്ലാ വർഷവും സ്കോളർഷിപ്പ്.

എൻട്രൻസ് കോച്ചിങ് ധനസഹായം:മൂന്നുവർഷം സർവ്വീസ് പൂർത്തിയാക്കിയ അംഗങ്ങളുടെ മക്കൾക്കു പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനപ്പരീക്ഷയ്ക്കു കോച്ചിങിനായി 5,000 രൂപ.

റീഫണ്ട്:അംഗത്വ കാലയളവിൽ അടയ്ക്കുന്ന അംശദായം 60 വയസ്സിനു ശേഷമോ മരണാനന്തരമോ മറ്റേതെങ്കിലും തൊഴിൽ കിട്ടി പോയശേഷമോ തിരികെനൽകും.

9.15കേരള കശുവണ്ടിത്തൊഴിലാളി ആശ്വാസക്ഷേമനിധിബോർഡ് (Kerala Cashew Workers Relief and Welfare Fund Board)

കശുവണ്ടിവ്യവസായരംഗത്തെ തൊഴിലാളികൾക്ക് അംഗമാകാം.

9.15.1ആനുകൂല്യങ്ങൾ

പെൻഷൻ:60 വയസു തികയുന്ന അംഗങ്ങൾക്ക് 12‌00 രൂപ.

എക്സ്ഗ്രേഷ്യ:അംഗങ്ങൾ അപകടം‌മൂലം മരിക്കുകയോ ജോലി ചെയ്യാനാകാത്ത വിധം സ്ഥിരമായ അവശതയോ അസുഖമോ ബാധിക്കുകയോ ചെയ്താൽ 2500 രൂപ എക്സ്ഗ്രേഷ്യ ധനസഹായം.

ശവസംസ്കാരത്തിനു ധനസഹായം:അംഗം മരിച്ചാൽ 2,000 രൂപയും ഒരു പെൻഷണർ മരിച്ചാൽ 1,000 രൂപയും അവകാശിക്ക്.

പ്രസവാനുകൂല്യം:ഇ.എസ്.ഐ. ആനുകൂല്യം ലഭിക്കാത്ത വനിതാംഗങ്ങൾക്കു 15,000 രൂപ. മൂന്നുപ്രാവശ്യം‌വരെ മാത്രം.

ക്യാഷ് അവാർഡ്/സ്കോളർഷിപ്പ്:ഉന്നതവിദ്യാഭ്യാസത്തിനു തെരഞ്ഞെടുക്കുന്ന കോഴ്സുകൾക്ക് അനുസൃതമായി 2,000 രൂപ വരെ സ്കോളർഷിപ്പ്.

വിധവയുടെ പെൺമക്കളുടെ വിവാഹത്തിനു സാമ്പത്തികസഹായം:വിധവയുടെയോ/വിഭ്യാര്യന്റെയോ പെൺമക്കളുടെ വിവാഹത്തിന് 1,000 രൂപ വീതം. രണ്ടു പ്രാവശ്യം‌ വരെ മാത്രം.

അക്കൗണ്ട് തുക അനന്തരാവകാശിക്ക്:അംഗമോ പെൻഷണറോ മരിച്ചാൽ ആ തൊഴിലാളിയുടെ അക്കൗണ്ടിലുള്ള തുക അവകാശിക്കു തിരികെ നൽകും. പെൻഷണർ ആണെങ്കിൽ അയാൾ നിധിയിലേക്ക് അടച്ച തുകയ്ക്കു തുല്യമായ തുകയാണു തിരികെ നൽകുക.

9.16കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Handloom Workers Relief and Welfare Fund Board)

കൈത്തറി മേഖലയിലെ എല്ലാ തൊഴിലാളികൾക്കും അംഗമാകാം.

9.16.1ആനുകൂല്യങ്ങൾ

പ്രതിമാസപെൻഷൻ:60 വയസു പൂർത്തിയായ അംഗത്തിനു പ്രതിമാസം 12‌00 രൂപ.

എക്സ്ഗ്രേഷ്യ:അംഗം അപകടം‌മൂലം മരിച്ചാൽ അവകാശിക്കും അവശത അനുഭവിക്കുകയാണെങ്കിൽ അംഗത്തിനും 1‌0‌,000 രൂപ വരെ എക്സ്ഗ്രേഷ്യ ധനസഹായം.

മരണാനന്തരധനസഹായം:അംഗം മരിച്ചാൽ അവകാശിക്ക് 2‌5,000 രൂപ.

അനന്തരാവകാശിക്കു തുക തിരികെ ലഭിക്കും:അംഗം മരിച്ചാൽ ഇദ്ദേഹം അംശദായമായി അടച്ച തുക, കുറഞ്ഞത് 1,000 രൂപ, അവകാശിക്കു തിരികെ ലഭിക്കും.

വിദ്യാഭ്യാസഗ്രാന്റ്:അംഗങ്ങളുടെ മക്കൾക്കു ഹൈസ്കൂൾ തലം മുതൽ പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസത്തിനായി 400 രൂപ മുതൽ 3,000 രൂപ വരെ ഗ്രാന്റായി നൽകുന്നു.

സ്വർണ്ണമെഡലും ക്യാഷ് അവാർഡും:അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി.ക്കു സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന കുട്ടിക്കു സ്വർണ്ണമെഡലും രണ്ടാം സ്ഥാനത്തിന് 1,000 രൂപ ക്യാഷ് അവാർഡും.

വിവാഹധനസഹായം:വനിതാംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിന് 5,000 രൂപ.

പ്രസവാനുകൂല്യം:വനിതാംഗത്തിനു പ്രസവാനുകൂല്യമായി 15,000 രൂപ വരെ.

9.17കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Headload Workers Welfare Fund Board)

കയറ്റിറക്കുമേഖലയിലുള്ള എല്ലാ തൊഴിലാളികൾക്കും അംഗമാകാം.

9.17.1ആനുകൂല്യങ്ങൾ

ബോണസ്:വിഷു, ഓണം എന്നിവയോടനുബന്ധിച്ച് ഓരോ അംഗത്തിനും വേതനത്തിന്റെ 12% ബോണസ് നൽകുന്നു.

ഹോളിഡേ അലവൻസ്:ഒരു കലൻഡർ‌വർഷത്തിൽ ശരാശരി ദിവസശമ്പളത്തിന്റെ നിരക്കിൽ ഒൻപതു ദിവസത്തെ ഹോളിഡേ അലവൻസ് ലഭിക്കുന്നു.

ഉന്നതവിദ്യാഭ്യാസ വായ്പ:അംഗങ്ങളുടെ മക്കൾക്ക് 25,000 രൂപ വരെ.

ചികിത്സാധനസഹായം:ഒരു തൊഴിലാളിക്കു രണ്ടോ അതിലധികമോ ദിവസം അംഗീകൃത ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയരാകേണ്ടിവന്നാൽ ആധികാരികരേഖയുടെ അടിസ്ഥാനത്തിൽ പരമാവധി 15,000 രൂപ വാർഷികചികിത്സാധനസഹായമായി നൽകാൻ വ്യവസ്ഥയുണ്ട്. അംഗത്തിന്റെ ഭാര്യയോ 18 വയസ്സിൽ താഴെയുള്ള കുട്ടികളോ ആശ്രിതരായ മാതാപിതാക്കളോ ആണെങ്കിൽ ഈ തുക വർഷം 3,000 രൂപ ആയിരിക്കും.

സ്കോളർഷിപ്പ്:സ്കൂൾതലം മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്ന മക്കൾക്ക് ഒരു വർഷം 3‌50 രൂപ മുതൽ 1‌0‌,000 രൂപ വരെ.

വിദ്യാഭ്യാസധനസഹായം:അംഗീകൃതസ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുള്ള തൊഴിലാളിക്ക് സ്കൂൾ തുറക്കുന്ന സമയത്ത് 1,000 രൂപ നൽകുന്നു. പ്രൊഫഷണൽ കോ‌ഴ്സ്‌/പി.ജി.‌ വിദ്യാർത്ഥികളാ‌യ‌ മക്കളുള്ള‌ തൊഴിലാളികൾക്ക്‌ 2‌5,00‌0‌ രൂപവ‌രെ‌ വിദ്യാഭ്യാസവാ‌യ്പ‌ അനുവദിക്കു‌ന്നു‌. എ‌സ്‌.എ‌സ്‌‌.എൽ.സി‌‌.ക്ക്‌ ഉയർന്ന‌ മാർക്ക്‌ നേടു‌ന്ന‌ കുട്ടികൾക്കു‌ പ്രതിമാസം 40‌0‌ രൂപ രണ്ടുവർഷത്തേ‌ക്കു‌ വിദ്യാഭ്യാസസ്കോളർഷി‌പ്പ്‌.

ദുരിതാശ്വാസം:അംഗം രോഗം ബാധിച്ചു ചികിത്സയിലാവുകയും 24 മണിക്കൂറിലധികം വിശ്രമം വേണ്ടിവരികയും ചെയ്യുന്ന പക്ഷം രണ്ടുമാസത്തേക്കു പ്രതിദിനം 60 രൂപ നിരക്കിലും തുടർന്നുള്ള രണ്ടു മാസത്തേക്കു ചികിത്സ ആവശ്യമെങ്കിൽ ആ നിരക്കിന്റെ 50 ശതമാനമോ പരമാവധി 5400 രൂപയോ ധനസഹായം. കൂടാതെ ആശ്രിതർ ആരെങ്കിലും മരിച്ചാൽ 1,000 രൂപ ധനസഹായമായി നൽകും.

വിവാഹവായ്പ:അംഗത്തിന്റെയോ അംഗത്തിന്റെ പെൺമക്കളുടെയോ വിവാഹത്തിന് 10,000 രൂപവ‌രെ‌ പലിശരഹിതവായ്പയും വിവാഹധനസഹായമായി 50,000 രൂപ തുച്ഛമായ പലിശനിരക്കിൽ വായ്പയായും നൽകുന്നു. 500‌0‌ രൂപവ‌രെ‌ വിവാഹഗ്രാ‌ന്റ്‌.

ചികിത്സാചെലവ്:ജോലിയിലിരിക്കുമ്പോൾ അപകടം സംഭവിച്ചാൽ മുഴുവൻ ചികിത്സാചെലവും നഷ്ടപരിഹാരവും നൽകുന്നു. സാധാരണചികിത്സ‌യ്ക്ക്‌ 3‌0‌,00‌0‌ രൂപവരെയും അതീവഗുരുതരരോഗങ്ങൾക്കു‌ രണ്ടുലക്ഷ‌ം രൂ‌പ‌വരെയും ‌റീ‌-ഇംബേഴ്സ്മെ‌ന്റ്‌. ഹൃദ്രോഗം, വൃക്കരോഗം, ക്യാൻസർ, മസ്തിഷ്കാഘാതം, ഗുരുത‌ര‌ അപകടം എന്നിവയുമാ‌യി‌ ബന്ധപ്പെ‌ട്ട‌ ചികിത്സ‌യ്ക്ക്‌ ഒരുലക്ഷം രൂപവ‌രെ‌ ചികിത്സാസഹായം അനുവദിക്കുന്നു. ആശുപത്രിയിൽ കിട‌ത്തി‌ ചികി‌ത്സ‌ ആവശ്യമാ‌യ‌ സാഹചര്യത്തിൽ 1‌5‌,00‌0‌ രൂപവ‌രെ‌ ദുരിതാശ്വാസം നൽകുന്നു.

മരണാനന്തരധനസഹായം:അംഗം മരിച്ചാൽ മരണാനന്ത‌ര‌ച്ചെലവുകൾക്കായി 1‌0‌,000 രൂപ ആശ്രിതർക്ക്. മൂ‌ന്നു‌ മാസത്തേ‌ക്കു‌ പരമാവ‌ധി‌ ‌2‌,50‌0‌ രൂ‌പ‌വീതം ആശ്വസധനസഹായം.

ഭവനവായ്പ:ഭവനനിർമ്മാണത്തിന് ആറുലക്ഷം രൂപയും മെയിന്റനൻസിനു മൂന്നുലക്ഷം രൂപയും വായ്പാസൗകര്യം.

ഉത്സവഅഡ്വാൻസ്:എല്ലാ അംഗങ്ങൾക്കും വർഷത്തിലൊരിക്കൽ 20,000 രൂപ വരെ. ഈ തുക 10 മാസത്തവണകളായി തിരികെ അടയ്ക്കണം.

അവശതാപെൻഷൻ:അംഗം അസുഖം‌മൂലം പൂർണ്ണമായോ സ്ഥിരമായോ അവശതയിലായാൽ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മരണം‌വരെ പ്രതിമാസപെൻഷനായി 1200 രൂപ നൽകും.

ഗ്രാറ്റുവിറ്റി:അംഗത്തിന്റെ റിട്ടയർമെന്റ്, മരണം, അവശത എന്നവ സംഭവിക്കുമ്പോൾ അയാളുടെ മൊത്തവേതനത്തിന്റെ 11 % ഗ്രാറ്റുവിറ്റിയായി നൽകുന്നു.

സ്‌പെഷ്യൽ റിട്ടയർമെന്റ് ധനസഹായം:അംഗം വർഷത്തിൽ കുറഞ്ഞത് 180 ദിവസം ജോലി ചെയ്യുകയും എന്നാൽ സൂപ്പർ ആനുവേഷൻ സമയത്തു ടെർമിനൽ ബെനിഫിറ്റ് 25,000 രൂപയിൽ കുറവായിരിക്കുകയും ചെയ്താൽ കുറവായ തുക സ്‌പെഷ്യൽ സൂപ്പർ ആനുവേഷൻ അസിസ്റ്റൻസായി നൽകുന്നു.

പ്രത്യേക മരണാനന്തരധനസഹായം:അംഗത്തിനു സ്വാഭാവികമരണം സംഭവിച്ചാൽ ആശ്രിതർക്ക് 50,000 രൂപയും ജോലിയിൽ ഏർപ്പെട്ടിരിക്കെ മരിക്കുകയാണെങ്കിൽ 50,000 രൂപയും ധനസഹായമായി നൽകും.

മരണാനന്തര ആശ്വാസധനസഹായം:തൊഴിലാളി മരിക്കുന്ന തീയതിമുതൽ മൂന്നുമാസത്തേക്ക് ആശ്രിതർക്കു പരമാവധി 7500 രൂപ.

പെൻഷൻ:(പുതുക്കിയ ടെർമിനൽ ബെനിഫിറ്റ്) — 60 വയസിൽ സർവ്വീസിൽനിന്നു പിരിയുന്ന അംഗത്തിന് ആറുവർഷത്തെ സർവ്വീസുണ്ടെങ്കിൽ മിനിമം പെൻഷന് അർഹതയുണ്ട്. അപ്രകാരം ലഭിക്കുന്ന തുക സർവ്വീസിന്റെ ദൈർഘ്യം അനുസരിച്ചു പ്രതിമാസം 12‌00 രൂപ മുതൽ 10‌,000 രൂപ വരെ ആയിരിക്കും. ഫാമിലി പെൻഷൻ 12‌0‌0 രൂപ മുതൽ 50‌00 രൂപ വരെ ലഭിക്കും.

കുടുംബാസൂത്രണധനസഹായം:കുടുംബാസൂത്രണശസ്ത്രക്രിയ ചെയ്യുന്ന അംഗത്തിനും ഭാര്യക്കും 5,000 രൂപ വീതം.

പ്രകൃതിക്ഷോഭദുരിതാശ്വാസപദ്ധതി:അംഗത്തിനു പ്രകൃതിക്ഷോഭം‌മൂലം വീടു പൂർണ്ണമായും നഷ്ടപ്പെട്ടാൽ 20,000 രൂപ വരെ ധനസഹായം.

വിവിധോദ്ദേശ്യവായ്പ:അംഗങ്ങൾക്ക് 8% പലിശനിരക്കിൽ 1,00,000 രൂപ വരെ വിവിധ ആവശ്യങ്ങൾക്കായി വായ്പ ലഭിക്കും.

വിശ്രമകേന്ദ്രനിർമ്മാണസഹായം:15,000 രൂപ വരെ

9.18കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Jewellery Workers Welfare Fund Board)

സ്വർണ്ണം, വെള്ളി, മുത്ത്, പവിഴം മുതലായവ ഉപയോഗിച്ച് ആഭരണം, രൂപം എന്നിവ നിർമ്മിക്കുന്ന തൊഴിലാളികൾക്ക് ഇതിൽ അംഗമാകാം. കേരള ആഭരണത്തൊഴിലാളി സെസും (10 ലക്ഷം രൂപയിൽ വാർഷികവിറ്റുവരവുള്ള സ്ഥാപനങ്ങളിൽ ആകെ വിറ്റുവരവിന്റെ 0.25%) തൊഴിലാളിയുടെ അംശദായവും സർക്കാർ ഗ്രാന്റുമാണ് ബോർഡിന്റെ വരുമാനമാർഗം.

9.18.1ആനുകൂല്യങ്ങൾ

പെൻഷൻ:തുടർച്ചയായി അഞ്ചുവർഷം ക്ഷേമപദ്ധതിയിൽ അംഗത്വമുള്ള 60 വയസായവർക്ക് പ്രതിമാസം 12‌00 രൂപ. പെൻഷൻ‌തുകയുടെ 50 ശതമാനം കുടുംബപെൻഷനായി ലഭിക്കും.

പ്രസവാനുകൂല്യം:15,000 രൂപ നൽകുന്നു.

വിവാഹധനസഹായം:3,000 രൂപ നൽകുന്നു.

ചികിത്സാധനസഹായം:25,000 രൂപ വരെ.

മരണാനന്തരധനസഹായം:സ്കീമിൽ ചേർന്ന് അംശദായമടയ്ക്കുന്ന തൊഴിലാളികൾക്ക് 10,000 രൂപ.

സ്കോഷർഷിപ്പ്:തൊഴിലാളികളുടെ മക്കൾക്ക് കോഴ്സുകളുടെ അടിസ്ഥാനത്തിൽ 500 രൂപ മുതൽ 2,000 രൂപ വരെ.

9.19കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Labour Welfare Fund Board)

ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പിൽനിന്നു ലൈസൻസ് നേടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് നിയമത്തിലെ 2 (ജി) വകുപ്പിൽ വരുന്ന തൊഴിലാളികൾ, പ്ലാന്റേഷൻ ലേബർ നിയമത്തിലെ 2 (എഫ്) വകുപ്പിൽ വരുന്ന തൊഴിലാളികൾ, 1960-ലെ സൊസൈറ്റീസ് രജിസ്റ്റ്രേഷൻ നിയമത്തിൽ 20-ലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർക്ക് അംഗമാകാം.

9.19.1ആനുകൂല്യങ്ങൾ

അനുകമ്പാപൂർണമായ ദുരിതാശ്വാസം (Compassionate Relief Fund):ജോലിയിലിരിക്കെ മരിച്ച അംഗങ്ങളുടെ ആശ്രിതർക്ക് 2,500 രൂപ ഉടനടി ധനസഹായം.

ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ധനസഹായം:എട്ടുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു പ്രതിവർഷം 300 രൂപ വരെ.

ഉന്നതവിദ്യാഭ്യാസധനസഹായം:പ്ലസ്‌വൺ മുതൽ ഡിഗ്രിതലത്തിലും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലുമുള്ള പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾക്ക് 400 രൂപ മുതൽ 1800 രൂപ വരെ.

ലൈബ്രറികൾക്കു ധനസഹായം:ക്ഷേമനിധി വരിക്കാരോ തൊഴിലാളിയൂണിയനുകളോ നടത്തുന്ന, അംഗങ്ങൾ ഉപയോഗിക്കുന്ന ലൈബ്രറികളിൽ പുസ്തകം വാങ്ങാൻ 5,000 രൂപ വരെ.

വ്യാവസായികപരിശീലനം:230 വിദ്യാർത്ഥികൾക്ക് 12 ഗവൺമെന്റ് ഐ.ടി.ഐ.കളിലായി 13 വിവിധട്രേഡുകളിൽ ട്രെയിനിങ് നൽകുന്നു. അവർക്കു പ്രതിമാസം 150 രൂപ സ്റ്റൈപ്പന്റ് നൽകുന്നു.

അത്യാസന്നനിലയിലുള്ള രോഗികൾക്കു സാമ്പത്തികസഹായം:അത്യാസന്നനിലയിലുള്ള രോഗികൾക്കും ഓപ്പറേഷൻ കഴിഞ്ഞവർക്കും 10,000 രൂപ വരെ. ക്യാൻസർ, കിഡ്‌നി തകരാർ, കുഷ്ഠം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് 20,000 രൂപ ധനസഹായം.

ടൂർ സബ്‌സിഡി:അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തേക്കടി/കുമിളി സന്ദർശിക്കാനും കുമിളിയിലെ ഹോളീഡേ ഹോമിൽ താമസിക്കാനും ടൂർ സബ്‌സിഡി ലഭിക്കും.

വിവാഹധനസഹായം:1,000 രൂപ.

മരണാനന്തരധനസഹായം:ജോലിയിലിരിക്കെ മരിക്കുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് 2500 രൂപ.

അംഗവൈകല്യമുള്ള തൊഴിലാളികൾക്കു ധനസഹായം:അംഗവൈകല്യമുള്ള അംഗത്തിനു കൃത്രിമക്കാൽ/ക്രച്ചസ് എന്നിവ വാങ്ങാൻ 5,000 രൂപ വരെ.

അംഗങ്ങളുടെ മക്കൾക്കു കമ്പ്യൂട്ടർ ട്രെയിനിങ് പ്രോഗ്രാം:അംഗങ്ങളുടെ കുട്ടികൾക്ക് 50% ഫീസ് നിരക്കിൽ കമ്പ്യൂട്ടർ ട്രെയിനിങ് നൽകുന്നു. എസ്.സി/എസ്.ടി വിഭാഗത്തിനു 100% ഫീസ് ആനുകൂല്യം.

അന്ധ, ബധിര, മൂക, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുള്ള തൊഴിലാളിക്കു പ്രത്യേക ധനസഹായം:അംഗം റിട്ടയർ ചെയ്യുന്ന തീയതിവരെ പ്രതിമാസം 100 രൂപ.

9.20കേരള മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Motor Transport Workers Welfare Fund Board)

വാഹനയുടമകൾ രജിസ്റ്റ്രേഷൻ സമയത്തു ഹാജരാക്കുന്ന ഫോം 3 — ലെ ലിസ്റ്റിലുള്ള തൊഴിലാളികൾക്ക് അംഗമാകാം.

9.20.1ആനുകൂല്യങ്ങൾ

പെൻഷൻ:12‌00 രൂപ

അവശതാപെൻഷൻ:12‌00 രൂപ

സ്വാഭാവികമരണാനന്തരധനസഹായം:50,000 രൂപ

അപകടമരണാനന്തരധനസഹായം:1,50,000 രൂപ

ചികിത്സാധനസഹായം:കുറഞ്ഞത് രണ്ടുവർഷത്തെ അംഗത്വമുള്ളവർക്ക് 50,000 രൂപ.

വിവാഹധനസഹായം:20,000 രൂപ വീതം അംഗത്തിന്റെ രണ്ടു പെൺമക്കൾക്ക്.

പ്രസവാനുകൂല്യം:15,000 രൂപ വീതം ലഭിക്കുന്നു.

റീഫണ്ട്:60 വയസ്സിനുശേഷം തൊഴിലാളിയുടെ അംശദായവും തൊഴിലുടമയുടെ അംശദായവും സർക്കാർഗ്രാന്റും പലിശസഹിതം അംഗത്തിനു ലഭിക്കുന്നു.

സ്കോളർഷിപ്പ്:അംഗങ്ങളുടെ മക്കളിൽ സ്കൂൾതലം മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്നവർക്ക് കോഴ്സുകൾക്കനുസരിച്ച് പ്രതിവർഷം 500 രൂപ മുതൽ 7500 രൂപ വരെ.

പ്രോവിഡന്റ് ഫണ്ട്:അംഗം പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്ന മുഴുവൻ തുകയും കാലകാലം ഗവൺമെന്റ് നിശ്ചയിക്കുന്ന പലിശനിരക്കിൽ കൂട്ടുപലിശ അടിസ്ഥാനത്തിൽ റിട്ടയർമെന്റ് സമയത്തു തിരികെ നൽകുന്നു.

9.21കേരള കള്ളുചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Toddy Workers Welfare Fund Board)

കള്ളുചെത്തുതൊഴിൽ സ്വീകരിച്ചിട്ടുള്ള തൊഴിലാളികൾക്ക് അംഗമാകാം.

9.21.1ആനുകൂല്യങ്ങൾ

പെൻഷൻ:2,‌0‌00 രൂപ മുതൽ ‌5‌,00‌0‌ രൂപവരെ

കുടുംബപെൻഷൻ:മരണമടയു‌ന്ന‌ പെൻഷണറു‌ടെ‌ ഭാ‌ര്യ‌യ്ക്ക് /ഭർത്താവി‌ന്‌ പെൻഷൻതുകയു‌ടെ‌ മൂന്നിലൊ‌ന്ന്‌ അല്ലെങ്കിൽ 120‌0‌ രൂ‌പ‌ (അധികമുള്ള‌ തു‌ക‌).

സാന്ത്വനപെൻഷൻ:സർവ്വീസിലിരി‌ക്കെ‌ മരണമടയു‌ന്ന‌ തൊഴിലാളിയു‌ടെ‌ വിധവ‌യ്ക്ക്‌ 300‌0‌ രൂ‌പ‌ സാന്ത്വനപെൻഷൻ.

പ്രോവിഡന്റ് ഫണ്ട്:അംഗം പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്ന തുക പലിശയോടുകൂടി റിട്ടയർമെന്റ് സമയത്തു തിരികെനൽകുന്നു. ചികിത്സാവിഭാഗം, വിദ്യാഭ്യാസം, ഭവനനിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കു പ്രൊവിഡന്റ് ഫണ്ടിൽനിന്നു വായ്പ നൽകുന്നു.

വിവാഹധനസഹായം:തൊഴിലാളികളുടെയും അവരു‌ടെ‌ പെൺമക്കളുടെയും വിവാഹത്തിന്‌ 4‌0‌,00‌0‌ രൂ‌പ‌ ധനസഹായം. മരണമടയു‌ന്ന‌ തൊഴിലാളികളു‌ടെ‌ പെൺമക്കൾക്കു‌ രണ്ടുലക്ഷം രൂപ.

പാരിതോഷികങ്ങൾ:ഓ‌രോ‌ ജില്ലയിലും ഓ‌രോ‌ വർഷവും സർവ്വീസിൽനി‌ന്നു‌ പിരിയുന്നവരിൽ ഏറ്റവുമധികം സർവ്വീസുള്ള‌ ഒരാൾക്ക്‌ 5‌0‌,00‌0‌ രൂപയും ഏറ്റവുമധികം ക‌ള്ള്‌ അളക്കു‌ന്ന‌ തൊഴിലാളി‌ക്ക്‌ 5‌0‌,00‌0‌ രൂപയും പാരിതോഷികമാ‌യി‌ നൽകുന്നു.‌

ചികിത്സാസഹായം:എ‌ല്ലാ‌ തൊഴിലാളികൾക്കും ആർ.എ‌സ്‌.ബി.വൈ. അംഗത്വം (പ്രീമിയം ബോർഡ്‌ വഹിക്കും).

ഇൻഷുറൻസ് ആനുകൂല്യം:തൊഴിലാളി മരിച്ചാലോ പൂർണ്ണമായ അംഗവൈകല്യം വന്നാലോ ആ‌റു‌ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിനു മൂന്നുലക്ഷം രൂപയും ചികിത്സയ്ക്കായി 50,000 രൂപയും നൽകുന്നു.

അവശതാധനസഹായം:മരത്തിൽനിന്നുള്ള വീഴ്ചമൂലം സ്ഥിരമായും പൂർണ്ണമായും അവശതയിലാകുന്ന അംഗങ്ങൾക്കു സാമ്പത്തികസഹായമായി പ്രതിമാസം 300 രൂപ.

സ്കോളർഷിപ്പും ക്യാഷ് അവാർഡുകളും:കള്ളുചെത്തുതൊഴിലാളികളുടെ മക്കളിൽ ഗവൺമെന്റ് സ്കൂളുകളിലോ ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിലോ പഠിക്കുന്നവർക്ക് 750 രൂപ മുതൽ 5,600 രൂപ വരെ സ്കോളർഷിപ്പ് അനുവദിക്കുന്നു. പ്രൊഫഷണൽ ഡി‌ഗ്രി‌/പി.ജി.‌ കോ‌ഴ്സുകളിൽ പഠിക്കു‌ന്ന‌ വിദ്യാർത്ഥികൾക്കു ലാ‌പ്‌ടോ‌പ്പ്‌.

ക്യാഷ് അവാർഡും സ്വർണ മെഡലും:അംഗങ്ങളുടെ മക്കളോ ആശ്രിതരോ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ+ നേടിയാൽ അവർക്കു സ്വർണമെഡലും ജില്ലാതലത്തിൽ ഉയർന്ന മാർക്കു വാങ്ങിയാൽ ക്യാഷ് അവാർഡും നൽകുന്നു.

മരണാനന്തരധനസഹായം:സർവ്വീസിലിരിക്കെ മരിച്ച തൊഴിലാളിയുടെ ആശ്രിതർക്ക് 5,000 രൂപയും പെൻഷണറുടെ ആശ്രിതർക്ക് 3,000 രൂപയും.

9.22കേരള തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Tailoring Workers Welfare Fund Board)

തയ്യൽത്തൊഴിലാളികൾക്കും തയ്യൽ സ്വയംതൊഴിലായി സ്വീകരിച്ചിട്ടുള്ളവർക്കും അംഗമാകാം.

9.22.1ആനുകൂല്യങ്ങൾ

അവശതാപെൻഷൻ:60 വയസു തികഞ്ഞ, ജോലി ചെയ്യാൻ കഴിയാതെ അവശതയിലാകുന്ന അംഗത്തിനു പ്രതിമാസം 12‌00 രൂപ. മൂന്നു വർഷത്തെയെങ്കിലും സ്ഥിരാംഗത്വം നിർബ്ബന്ധം.

റിട്ടയർമെന്റ് പെൻഷൻ:മൂന്നു വർഷത്തെയെങ്കിലും അംഗത്വമുള്ളവർക്ക് 60 വയസു പൂർത്തിയായാൽ സർവീസ് ദൈർഘ്യം അനുസരിച്ച് 1100 രൂപ പെൻഷൻ നൽകുന്നു.

പ്രസവാനുകൂല്യം:ഒരു വർഷമെങ്കെിലും തുടർച്ചയായ അംഗത്വമുള്ള വനിതാംഗത്തിനു രണ്ടുപ്രാവശ്യംമാത്രം പ്രസവത്തിന് 15,000 രൂപ വീതം.

മരണാനന്തരധനസഹായം:അംഗം മരിച്ചാൽ കുടുംബാംഗങ്ങൾക്ക് 25,000 രൂപ വരെ. മരണാനന്തരച്ചടങ്ങുകൾക്ക് 1,000 രൂപയും നൽകുന്നു.

ചികിത്സാധനസഹായം:5,000 രൂപ വരെ.

വിവാഹധനസഹായം:പുരുഷന്മാർക്ക് 1,000 രൂപയും സ്ത്രീകൾക്ക് 2,000 രൂപയും.

ക്യാഷ് അവാർഡ്:അംഗങ്ങളുടെ മക്കളിൽ 10-ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ+ ലഭിക്കുന്നവർക്ക് 1,000 രൂപ ക്യാഷ് അവാർഡ്.

സ്കോളർഷിപ്പ്:11-ാം ക്ലാസുമുതൽ പ്രൊഫഷണൽ കോഴ്സുകൾവരെ പഠിക്കുന്ന വിദ്യാർഥികൾക്കു പ്രതിവർഷം 1,000 രൂപ മുതൽ 5,000 രൂപ വരെ.

ടെർമിനൽ റീഫണ്ട്:റിട്ടയർ ചെയ്യുന്ന അംഗങ്ങൾക്ക് അവരുടെ അംശദായവും ബോർഡിന്റെ വിഹിതവും ചേർത്തുള്ള തുക ടെർമിനൽ റീഫണ്ടായി നൽകുന്നു. (പരമാവധി 60,000 രൂപ)

9.23കേരള ചെറുകിടതോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Small Scale Plantation Workers Welfare Fund Board)

പ്ലാന്റേഷൻ ലേബർ ആക്ടിനു കീഴിൽ വരാത്ത ചെറുകിട തോട്ടങ്ങളിലെ തൊഴിലാളികൾക്ക് അംഗമാകാം.

9.23.1ആനുകൂല്യങ്ങൾ

പെൻഷൻ:പദ്ധതി പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ചെറുകിടതോട്ടംതൊഴിലാളിയായി ജോലി ചെയ്തുവന്നതും പദ്ധതി പ്രാബല്യത്തിൽ‌വന്ന മാസംമുതൽ അംശദായമടച്ചതും മൊത്തം 10 വർഷക്കാലം ജോലി ചെയ്ത് 60 വയസൂ പൂർത്തിയായി ജോലിയിൽനിന്നു വിരമിച്ചതുമായ അംഗത്തിനു പ്രതിമാസം 120‌0‌ രൂപ പെൻഷന് അർഹതയുണ്ട്. പെൻഷനുവേണ്ടി ജോലിയിൽനിന്നു പിരിഞ്ഞു മൂന്നുമാസത്തിനകം പദ്ധതി അനുശാസിക്കുന്ന വിധത്തിൽ അപേക്ഷിക്കണം.

അവശതാപെൻഷൻ:രോഗം മൂലമോ അപകടം മൂലമോ സ്ഥിരവും പൂർണ്ണവുമായ ശാരീരികാവശത സംഭവിച്ചു രണ്ടുവർഷത്തിൽക്കൂടുതൽ ഒരു ജോലിയും ചെയ്യാൻ കഴിയാതെ വരുന്ന അംഗത്തിന് പൂർണ്ണ അവശത തുടരുന്നപക്ഷം അങ്ങനെ രണ്ടുവർഷം കഴിയുന്ന മാസത്തിന്റെ‚ തൊട്ടടുത്ത മാസംമുതൽ പ്രതിമാസം 12‌00 രൂപ അവശതാ പെൻഷന് അർഹത ഉണ്ട്. മേൽപ്പറഞ്ഞ വസ്തുത തെളിയിക്കുന്ന മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രം പദ്ധതി അനുശാസിക്കുന്ന പ്രകാരമുള്ള അപേക്ഷയോടൊപ്പം നൽകണം.

കുടുംബപെൻഷൻ:ഈ പദ്ധതി പ്രാബല്യത്തിൽ വരുന്നതിനു മുമ്പോ ശേഷമോ 15 വർഷമെങ്കിലും ചെറുകിടതോട്ടം തൊഴിലാളി ആയിരിക്കുന്നതും തുടർച്ചയായ മൂന്നു വർഷത്തിൽ കുറയാതെ അംശദായം അടച്ചുവരുന്നതുമായ അംഗത്തിന് ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കും. പെൻഷൻ ലഭിക്കുന്ന അംഗമോ പെൻഷന് അർഹതപ്പെട്ട അംഗമോ മരിച്ചാൽ ആ അംഗത്തിന്റെ കുടുംബത്തിലെ നിയമാനുസൃതമായ അവകാശിക്കു കുടുംബപ്പെൻഷന് അർഹതയുണ്ട്.

കുടുബപ്പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് അർഹത നഷ്ടപ്പെട്ടാൽ കുടുംബത്തിലെ അർഹതയുള്ള അടുത്തയാൾക്കു പെൻഷൻ ലഭിക്കും. ഭാര്യയോ ഭർത്താവോ പുനർവിവാഹിതരായാലും പെൺമക്കൾ വിവാഹിതരായാലും ആൺമക്കൾ 21 വയസ്സ് പൂർത്തിയായാലും പെൻഷനുള്ള അർഹത നഷ്ടപ്പെടും.

പദ്ധതി അനുശാസിക്കുന്ന പ്രകാരം, അപേക്ഷയോടൊപ്പം ജനന — മരണ രജിസ്റ്റ്രാർ നൽകിയ മരണ സർട്ടിഫിക്കറ്റ്, അപേക്ഷകനു മരിച്ച തൊഴിലാളിയുമായുള്ള ബന്ധുത്വം തെളിയിക്കാൻ റവന്യൂ അധികാരിയുടെ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

പ്രസവാനുകൂല്യം:ഒരു വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുള്ളതും ഇ.എസ്.ഐ. പദ്ധതിയുടെ പരിധിയിൽ വരാത്തതുമായ സ്ത്രീയംഗത്തിനു 15,000 രൂപ. ഗർഭം അലസലിന് അംഗത്തിന് 1,000 രൂപ. പ്രസവാനുകൂല്യത്തിനു ജനന — മരണരജിസ്ട്രാരിൽനിന്നു കുട്ടിയുടെ ജനനസർട്ടിഫിക്കറ്റും ഗർഭം അലസൽ ആനുകൂല്യത്തിന് അസിസ്റ്റന്റ് സർജന്റെ പദവിയിൽ കുറയാത്ത സർക്കാർഡോക്ടർ നൽകിയ സർട്ടിക്കറ്റും പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കണം.

വിവാഹാനുകൂല്യം:മൂന്ന് വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചുവരുന്ന അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കൾക്കും സ്ത്രീയംഗങ്ങൾക്കും വിവാഹച്ചെലവിനായി 3,000 രൂപ നിധിയിൽനിന്നു നൽകും. ഈ ആനുകൂല്യത്തിന് അപേക്ഷിക്കുന്നവർ വിവാഹം നിശ്ചയിച്ചു എന്നോ വിവാഹം നടന്നു എന്നോ തെളിയിക്കാൻ സ്ഥലത്തെ തദ്ദേശസ്വയംഭരണസെക്രട്ടറി, പ്രസിഡന്റ്, ചെയർമാൻ, മേയർ, എം.എൽ.എ., എം.പി., ഗസറ്റഡ് ഓഫീസർ എന്നിവരിൽ നിന്നോ വിവാഹം രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള സ്ഥാപനത്തിൽ നിന്നോ ലഭിച്ച സാക്ഷ്യപത്രം ഹാജരാക്കണം.

ഈ ആനുകൂല്യത്തിന് വിവാഹം നിശ്ചയിച്ചുകഴിഞ്ഞ് ഉടനെയോ വിവാഹം കഴിഞ്ഞ് 60 ദിവസങ്ങൾക്കുള്ളിലോ അപേക്ഷിക്കണം.

അംഗത്തിനു രണ്ടു തവണയിൽ കൂടുതൽ ഈ ആനുകൂല്യത്തിന് അർഹതയില്ല. അച്ഛനും അമ്മയും വിവാഹിതയാകുന്ന മകളും ക്ഷേമനിധിയിൽ അംഗങ്ങളാണെങ്കിൽ ഒരാൾക്കു മാത്രമാണ് ആനുകൂല്യത്തിന് അർഹത.

ചികിത്സാധനസഹായം:മൂന്നുവർഷമെങ്കിലും നിധിയിൽ തുടർച്ചയായി അംശദായം അടച്ചിട്ടുള്ള അംഗത്തിനും കുടുംബാംഗങ്ങൾക്കും സർക്കാരാശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് അംഗത്വകാലയളവിൽ ഒരു പ്രാവശ്യം പരമാവധി 10,000 രൂപ ലഭിക്കും. ഈ ആനുകൂല്യത്തിനായി അപേക്ഷയോടൊപ്പം സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ, ചികിത്സാരേഖകൾ, ചികിത്സ നടത്തിയെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.

മരണാനന്തരധനസഹായം:മരിക്കുന്ന അംഗത്തിന്റെ ആശ്രിതർക്ക് അംഗത്വകാലയളവിന് ആനുപാതികമായി 500 രൂപ മുതൽ 1500 രൂപ വരെ. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനന-മരണ രജിസ്ട്രാർ നൽകുന്ന മരണസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അംഗത്തിന്റെ അവകാശികൾ ആരൊക്കെ എന്നു തെളിയിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ സെക്രട്ടറിയോ വില്ലേജ് ഓഫീസറോ തഹസിൽദാരോ നൽകിയ സർട്ടിഫിക്കറ്റും ഹാജരാക്കണം.

അംഗങ്ങളുടെ മക്കൾക്ക് 2,000 രൂപ വരെ വിദ്യാഭ്യാസസ്കോളർഷിപ്പ്.

ആക്ടിലും പദ്ധതിയിലും പ്രതിപാദിച്ചിട്ടുള്ള പ്രകാരം അംശദായം കൂടിശ്ശികയില്ലാതെ അടച്ച് അംഗത്വം നിലനിർത്തിയ അംഗങ്ങൾക്കേ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹത ഉള്ളൂ.

9.24കേരള ഷോപ്‌സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് (Kerala Shops & Commercial Establishment Workers Welfare Fund Board)

ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലെയും എല്ലാ തൊഴിലാളിക്കും അംഗമാകാം.

9.24.1ആനുകൂല്യങ്ങൾ

പെൻഷൻ:സ്ഥിരമായ ശാരീരികാവശത മൂലം രണ്ടുവർഷത്തിലധികമായി ജോലി ചെയ്യാൻ കഴിയാതിരിക്കുകയോ 60 വയസു തികയുകയോ ചെയ്തിട്ടുള്ളതും ഈ ആക്ട് പ്രകാരമുള്ള ക്ഷേമപദ്ധതിയിൽ പത്തു വർഷമെങ്കിലും തുടർച്ചയായി അംശദായം അടയ്ക്കുതുമായ അംഗത്തിന് പെൻഷൻ നൽകാനും 15 വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ച അംഗം മരിച്ചു പോയാൽ കുടുംബപെൻഷൻ നൽകാനും വ്യവസ്ഥയുണ്ട്. 1100 രൂപയാണ് പെൻഷൻ.

വിവാഹധനസഹായം:മൂന്നുവർഷം തുടർച്ചയായി സർവ്വീസുള്ള ഒരു വനിതാംഗത്തിനോ അംഗത്തിന്റെ പെൺമക്കൾക്കോ 7‌5‌00 രൂപ വരെ. പുരുഷാംഗത്തി‌ന്‌ 500‌0‌ രൂപ‌.

പ്രസവാനുകൂല്യം:ഒരു വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുള്ളതും ഇ. എസ്. ഐ.പദ്ധതിയുടെ പരിധിയിൽ വരാത്തതുമായ സ്ത്രീത്തൊഴിലാളികൾക്കു പ്രസവത്തിനു 12 ആഴ്ചയും മാസം തികയാതെയുള്ള പ്രസവം, ഗർഭം അലസൽ, നിയമപ്രകാരമുള്ള ഗർഭഛിദ്രം, എന്നിവയ്ക്ക് ആറാഴ്ച വീതവും പ്രസവകാലവേതനം നൽകാം. പ്രസവാനുകൂല്യമായി പരമാവധി രണ്ടു തവണ 15,000 രൂപവീതം ലഭിക്കുന്നു. ഗർഭം അലസലി‌ന്‌ 250‌0‌ രൂ‌പ‌.

ശവസംസ്കാരച്ചെലവ്:അംഗമോ അംഗത്തിന്റെ കുടുംബത്തിലെ ആരെങ്കിലുമോ മരിച്ചാൽ 1,000 രൂപ നൽകും.

മരണാനന്തരധനസഹായം:മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ അംഗത്തിന് 5,000 രൂപ മുതൽ അംഗത്വകാലാവധി അനുസരിച്ച് 20,000 രൂപ വരെ.

മരണാനന്തരച്ചെലവ്:മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ അംഗത്തിന്റെ കുടുംബാംഗങ്ങൾക്ക് 5,000 രൂപ.

ചികിത്സാധനസഹായം:മൂന്നു വർഷം സർവ്വീസ് പൂർത്തിയാകുന്ന അംഗത്തിനും അവരുടെ കുടുംബത്തിലെ അംഗത്തിനും സർക്കാരാശുപത്രിയിൽ കിടന്നുള്ള ചികിത്സയ്ക്കു 10,000 രൂപ വരെ.

വിദ്യാഭ്യാസാനുകൂല്യം:ഒരു വർഷമെങ്കിലും അംശദായമടച്ച അംഗത്തിന്റെ മക്കൾക്ക്എസ്.എസ്.എൽ.സി.മുതൽ പ്രൊഫഷണൽ ഗ്രാജ്വേറ്റ് കോഴ്സുകൾ വരെ മെരിറ്റ് അടിസ്ഥാനത്തിൽ 750 രൂപ മുതൽ 6,000 രൂപ വരെ.

9.25കേരള അസംഘടിതത്തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡ് (Kerala Unorganised Social Security Board)

കേരള കൈത്തൊഴിലാളി വിദഗ്ദ്ധതൊഴിലാളി ക്ഷേമനിധിപദ്ധതി, കേരള അലക്കുതൊഴിലാളിക്ഷേമപദ്ധതി, കേരള ബാർബർ ബ്യൂട്ടീഷ്യൻ ക്ഷേമപദ്ധതി, കേരള ഗാർഹികതൊഴിലാളിക്ഷേമപദ്ധതി, കേരള പാചകത്തൊഴിലാളിക്ഷേമപദ്ധതി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമപദ്ധതി എന്നീ പദ്ധതികൾ ഈ ബോർഡിൽ ലയിപ്പിച്ചിട്ടുണ്ട്.

സ്വയംതൊഴിൽ ചെയ്യുന്ന, മറ്റു ക്ഷേമപദ്ധതികളിൽ അംഗമല്ലാത്ത, 14 വയസ് പൂർത്തിയാകുകയും 59 വയസ് പൂർത്തിയാകാതിരിക്കുകയും ചെയ്യുന്ന തൊഴിലാളികൾക്ക് ഈ പദ്ധതിയിൽ അംഗമാകാം.

9.25.1ആനുകൂല്യങ്ങൾ

റിട്ടയർമെന്റ് ആനുകൂല്യം:അംഗങ്ങൾക്ക് 60 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് അവരുടെ അംഗത്വകാലയളവിന് ആനുപാതികമായി ആനുകൂല്യം നൽകുന്നു.

വാർദ്ധക്യപ്പെൻഷൻ:ഏറ്റവും കുറഞ്ഞത് 12‌00 രൂപ.

കുടുംബപ്പെൻഷൻ:പത്തുവർഷം അംശദായം അടച്ചു പെൻഷന് അർഹരായ അംഗം മരണമടഞ്ഞാൽ ആശ്രിതർക്കു പ്രതിമാസം 300 രൂപ.

അവശതാപെൻഷൻ:തുടർച്ചയായി അഞ്ചുവർഷം അംശദായം അടച്ച അംഗത്തിനു ജോലി ചെയ്യാൻ കഴിയാത്തവിധത്തിൽ അവശത സംഭവിച്ചാൽ പ്രതിമാസം 500 രൂപ നിരക്കിൽ.

ചികിത്സാധനസഹായം:ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നു.

വിദ്യാഭ്യാസധനസഹായം:ആം ആദ്മി ബീമാ യോജന പ്രകാരം 750 രൂപ മുതൽ 2500 രൂപ വരെ.

പ്രസവാനുകൂല്യം:15,000 രൂപ.

വിവാഹധനസഹായം:തുടർച്ചയായി ഒരുവർഷം അംശദായം അടച്ച വനിതാംഗത്തിന്റെയോ അംഗത്തിന്റെ രണ്ടുപെൺമക്കളുടെയോ വിവാഹത്തിന് 5,000 രൂപ.

മരണാനന്തരധനസഹായവും അപകടാനുകൂല്യവും:അംഗങ്ങൾക്ക് ആം ആദ്മി ബീമാ യോജനയിലെ വ്യവസ്ഥകൾക്കു വിധേയമായി ധനസഹായം നൽകുന്നു.

മരണാനന്തരച്ചെലവുകൾ:1,000 രൂപ നിധിയിൽനിന്നു നൽകുന്നു.

9.26കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡ്

വിവരങ്ങൾ ലോട്ടറിവകുപ്പിന്റെ അദ്ധ്യായത്തിൽ (??; ??, പുറം ?? കാണുക).

9.27കേരള ഓട്ടോറിക്ഷാത്തൊഴിലാളി ക്ഷേമനിധി പദ്ധതി (Kerala Auto Rickshaw Workers Welfare Fund Scheme)

9.27.1ആനുകൂല്യങ്ങൾ

റിട്ടയർമെന്റ് ആനുകൂല്യം:അംഗത്തിന്റെ റിട്ടയർമെന്റ് പ്രായം 50 വയസാണ്. ഒരാൾ 30 വർഷമെങ്കിലും സ്‌കീമിൽ അംഗമായി തുടർന്നാൽ റിട്ടയർമെന്റ് ആനുകൂല്യമായി 1,45,264 രൂപ ലഭിക്കും. മുപ്പതുവർഷത്തിൽക്കുറവു സർവ്വീസുള്ള അംഗത്തിനു സേവനത്തിന് ആനുപാതികമായി റിട്ടയർമെന്റ് ആനുകൂല്യം ലഭിക്കും.

ചികിത്സാധനസഹായം:പത്തുദിവസത്തിൽ കുറയാതെ ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സയ്ക്ക് അപേക്ഷകൻ നാളതുവരെ അടച്ച അംശദായത്തിന്റെ 50% തുക നൽകുന്നു. ഒരുമാസത്തിൽക്കുറയാതെ ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സയ്ക്ക് അപേക്ഷകൻ നാളതുവരെ അടച്ച അംശദായത്തിന്റെ 70% തുകയോ 2500 രൂപയോ ഏതാണോ കുറവ് അത് അനുവദിക്കുന്നു. കാൻസർ, ക്ഷയം, പരാലിസിസ്, കൊറോണറി അർട്ടറി ബൈപാസ്, ഓപ്പൺ ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കൽ, പേസ്‌മേക്കർ ഘടിപ്പിക്കൽ, വൃക്ക മാറ്റിവയ്ക്കൽ, വൃക്ക സംബന്ധമായ അസുഖങ്ങൾ, വാസ്‌കുലർ ഗ്രാഫ്റ്റ് സർജറി, കാൽമുട്ടുശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് 10,000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നു.

പ്രസവചികിത്സാസഹായം:അപേക്ഷക നാളതുവരെ അടച്ച അംശദായത്തിന്റെ 60% തുകയോ 1,000 രൂപയോ ഏതാണോ കുറവ് അത്.

മരണാനന്തരധനസഹായം:അംഗം മരിച്ചാൽ ആശ്രിതർക്ക് റിട്ടയർമെന്റ് ആനുകൂല്യത്തോടൊപ്പം 25,000 രൂപ.

ഓട്ടോറിക്ഷ വാങ്ങുന്നതിനു മുൻകൂർ തുക:അംഗത്തിന്റെ അംശദായത്തിന്റെ 75% തുക അഡ്വാൻസായി നൽകും.

വിദ്യാഭ്യാസസ്കോളർഷിപ്പ്:അംഗങ്ങളുടെ മക്കളിൽ 8, 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് 300 രൂപ, 400 രൂപ, 500 രൂപ എന്ന നിരക്കിൽ.

മറ്റാനുകൂല്യങ്ങൾ:കാലാകാലങ്ങളിൽ ക്ഷേമനിധിയുടെ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് താഴെ പറയുന്ന ആനുകൂല്യങ്ങൾ നൽകിവരുന്നു.

എ.
വീടു വയ്ക്കാൻ വസ്തു വാങ്ങാനുള്ള മുൻകൂർതുക.
ബി.
പെൺമക്കളുടെ വിവാഹാവശ്യത്തിനു മുൻകൂർതുക
സി.
ഭവനനിർമാണത്തിനുള്ള മുൻകൂർതുക

9.28കേരള ഓട്ടോമൊബൈൽ തൊഴിലാളിക്ഷേമപദ്ധതി (Kerala Automobile Workers Welfare Scheme)

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് രംഗത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഈ സ്‌കീമിൽ അംഗമാകാം.

9.28.1ആനുകൂല്യങ്ങൾ

റിട്ടയർമെന്റ് ആനുകൂല്യം:സേവനത്തിന് ആനുപാതികമായി റിട്ടയർമെന്റ് ആനുകൂല്യം ലഭിക്കും.

മരണാനന്തരധനസഹായം:അംഗം മരിച്ചാൽ ആശ്രിതർക്ക് 5,000 രൂപ.

ചികിത്സാധനസഹായം:മാരകരോഗങ്ങൾക്ക് 10,000 രൂപയും മറ്റ് അസുഖങ്ങൾക്ക് 5,000 രൂപ നിരക്കിലും.

9.29കേരള ചുമട്ടുതൊഴിലാളി (അറ്റാച്ച്ഡ് വിഭാഗം) ക്ഷേമപദ്ധതി [Kerala Headload Workers (Attached) Welfare Scheme]

അറ്റാച്ച്ഡ് വിഭാഗം ചുമട്ടുതൊഴിലാളികൾക്ക് അംഗമാകാം.

9.29.1ആനുകൂല്യങ്ങൾ

വിദ്യാഭ്യാസധനസഹായം:അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി.ക്ക് 100 രൂപ, പ്ലസ്‌ റ്റൂ — 200 രൂപ, ഡിഗ്രി — 300 രൂപ, പ്രൊഫഷണൽ കോഴ്സുകൾക്ക് 1,000 രൂപ (പ്രതിവർഷം) എന്ന നിരക്കിൽ.

മരണാനന്തരധനസഹായം:അംഗം മരിച്ചാൽ ആശ്രിതർക്ക് 1‌0,000 രൂപ.

ചികിത്സാധനസഹായം:300 രൂപ

വിവാഹധനസഹായം:1,000 രൂപ

അവശതാഗ്രാന്റ്:5,000 രൂപ

അവശതാപെൻഷൻ:100 രൂപ (60 വയസുവരെ)

കുടുംബപെൻഷൻ:60 രൂപ (7 വർഷം)

മരണാനന്തരച്ചടങ്ങുകൾ:500 രൂപ

9.30കേരള ചുമട്ടുതൊഴിലാളി (സ്കാറ്റേർഡ് വിഭാഗം) ക്ഷേമപദ്ധതി [Kerala Headload Workers (Scattered) Welfare Scheme]

സ്കാറ്റേർഡ് വിഭാഗം ചുമട്ടുതൊഴിലാളികൾക്ക് അംഗമാകാം.

9.30.1ആനുകൂല്യങ്ങൾ

വിദ്യാഭ്യാസധനസഹായം:അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി.ക്ക് 200 രൂപ, പ്ലസ് റ്റൂ — 200 രൂപ, ഡിഗ്രി — 300 രൂപ, പ്രൊഫഷണൽ കോഴ്സുകൾക്ക് 1,000 രൂപ (പ്രതിവർഷം) എന്ന നിരക്കിൽ.

മരണാനന്തരധനസഹായം:അംഗം മരിച്ചാൽ ആശ്രിതർക്ക് 50,000 രൂപ വരെ.

ചികിത്സാധനസഹായം:1,000 രൂപ (പ്രതിവർഷം)

വിവാഹധനസഹായം:1,500 രൂപ

ആശ്രിതമരണം:500 രൂപ

അവശതാഗ്രാന്റ്:1‌5,000 രൂപ വരെ

അവശതാപെൻഷൻ:12‌00 രൂപ വരെ

കുടുംബപെൻഷൻ:12‌00 രൂപ

സൂപ്പർ ആനുവേഷൻ പെൻഷൻ:12‌00 രൂപ

അവശതാധനസഹായം:5,000 രൂപ

9.31കേരള കുടിയേറ്റത്തൊഴിലാളി ക്ഷേമനിധി പദ്ധതി (Kerala Migrant Labour workers welfare Fund Scheme)

കേരളത്തിനു പുറത്ത് ഇന്ത്യയിലെവിടെയും ജനിച്ചുവളർന്നവരും തൊഴിലാവശ്യാർത്ഥം സംസ്ഥാനത്തു താമസിച്ച് സ്വന്തം നിലയിലോ കരാറുകാരുടെ കീഴിലോ തൊഴിൽ ചെയ്യുന്നവരുമായ 18-60 വയസ്സിന് ഇടയിലുള്ള തൊഴിലാളികൾക്ക് അംഗമായി തിരിച്ചറിയൽ കാർഡ് നേടാം.

ഈ വിഭാഗം തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഒരാ തൊഴിലുടമയും കരാറുകാരും തന്റെ കീഴിൽ ജോലി ചെയ്യുന്നവർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ പരിശോധനാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ നൽകണം. രജിസ്റ്റ്രേഷൻ പുതുക്കൽ ഫീസ് പ്രതിവർഷം 30 രൂപയാണ്.

നിർമ്മാണത്തൊഴിലാളി ക്ഷേമനിധിബോർഡ് മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്.

9.31.1ആനുകൂല്യങ്ങൾ

അപകടാശ്വാസധനസഹായം:25,000 രൂപ

ചികിത്സാധനസഹായം:20‌,000 രൂപ

ടെർമിനൽ ബെനിഫിറ്റ്:2‌5‌,000 രൂപ മുതൽ 5‌0‌,000 രൂപ വരെ

അംഗത്തിന്റെ മക്കൾക്കു വിഭ്യാഭ്യാസഗ്രാന്റ്:1,000 രൂപ മുതൽ 3,000 രൂപ വരെ

മരണാനന്തരയാനുകൂല്യം:സാധാരണ മരണത്തിന് 2‌5‌,000 രൂപയും അപകടമരണത്തിന് രണ്ടുലക്ഷം രൂപയും.

മൃതദേഹം നാട്ടിലെത്തിക്കാൻ:50‌,000 രൂപ വരെ.

9.32രാഷ്ട്രീയ സാസ്ഥ്യ ബീമാ യോജന (Rashtriya Swasthya Bima Yojana)

കേന്ദ്ര പ്ലാനിങ് കമ്മിഷൻ നിർണ്ണയിച്ചിട്ടുള്ള സംസ്ഥാനത്തെ ബിപിഎൽ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഉൾക്കൊള്ളിച്ച് ആരംഭിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണിത്. തൊഴിലാളി, ഭാര്യ/ഭർത്താവ്, കുട്ടികൾ ആശ്രിതരായ രക്ഷകർത്താക്കൾ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ചിയാൿ (CHIAK) ആണ് ആർ.എസ്.ബി.വൈ യുടെ നോഡൽ ഏജൻസി. രജിസ്ടേഷൻ അക്ഷയ കേന്ദ്രങ്ങൾ വഴി നടത്താം.

അഞ്ചംഗങ്ങളുള്ള കുടുംബത്തിനു വാർഷികചികിത്സാഇൻഷ്വറൻസ്‌പരിരക്ഷ 30,000 രൂപ വരെ.

9.33ആം ആദ്മി ബീമാ യോജന (Aam Aadmi Bima Yojana)

കേന്ദ്ര — സംസ്ഥാനസർക്കാരുകളുടെ പങ്കാളിത്തത്തോടെ ഗ്രാമീണമേഖലയിലെ ഭൂരഹിതകുടുംബങ്ങൾക്കുവേണ്ടി ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതി. ഈ പദ്ധതിപ്രകാരം സംഘടിതമേഖലയിൽ ജോലിയില്ലാത്ത കുടുംബനാഥനെയോ കുടുംബത്തിലെ വരുമാനമുള്ള ഒരു വ്യക്തിയെയോ ഇൻഷ്വർ ചെയ്യുന്നു. ചിയാൿ (CHIAK) ആണ് നോഡൽ ഏജൻസി. ചിയാൿ പരസ്യം പ്രസിദ്ധീകരിക്കുമ്പോൾ ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിൽ അപേക്ഷ നൽകിയാൽ മതി.

പ്രീമിയം 200 രൂപ.

9.33.1ആനുകൂല്യങ്ങൾ

സ്വാഭാവികമരണം:30,000 രൂപ

അപകടമരണം:75,000 രൂപ

അപകടം‌മൂലം ഉണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യം:75,000 രൂപ

അപകടം‌മൂലം ഉണ്ടാകുന്ന അംഗവൈകല്യം:35,000 രൂപ

ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾക്കു സ്കോളർഷിപ്പ്:പ്രതിമാസം 200 രൂപ (ഒരു കുട്ടിക്ക് 100 രൂപ)

9.34സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (Comprehensive Health Insurance Scheme)

ആർഎസ്‌ബി‌വൈ പദ്ധതിയിൽ ഉൾപ്പെടാത്തവരാണ് ഈ പദ്ധതിയിൽ വരുന്നത്. ആസൂത്രണക്കമ്മിഷന്റെ പട്ടികയിൽ ഉൾപ്പെടാത്ത, എന്നാൽ സംസ്ഥാനസർക്കാരിന്റെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടുന്നവരും ആസൂത്രണക്കമ്മിഷന്റെ പട്ടികയിലും സംസ്ഥാനസർക്കാരിന്റെ പട്ടികയിലും ഉൾപ്പെടാത്ത എ.പി.എൽ. കുടുംബങ്ങളുമാണു ഗുണഭോക്താക്കൾ. ചിയാൿ (CHIAK) ആണ് പദ്ധതിനിർവ്വഹണയേജൻസി.

9.34.1മുതിർന്ന‌ പൗരർക്കു‌ള്ള‌ ഇൻഷുറൻസ്‌ പദ്ധ‌തി‌ (SCHIS)

6‌0‌ വയസ്സി‌നു‌ മുകളിൽ പ്രായമുള്ള‌ മുതിർന്ന‌ പൗരർക്ക്‌ 3‌0‌,00‌0‌ രൂപയു‌ടെ‌ തുടർചികിത്സാനുകൂല്യം.

9.34.2ചി‌സ്‌ പ്ല‌സ്‌

ക്യാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങി‌യ‌ മാരകരോഗങ്ങൾക്ക്‌ 7‌0‌,00‌0‌ രൂപവരെയു‌ള്ള‌ സൗജന്യചികി‌ത്സ‌.

9.35ഭവനം ഫൗണ്ടേഷൻ ഓഫ് കേരള

കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു കുറഞ്ഞ നിരക്കിൽ നിലവാരമുള്ള പാർപ്പിട സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനതൊഴിൽ‌വകുപ്പിനു കീഴിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയാണു ഭവനം ഫൗണ്ടേഷൻ ഓഫ് കേരള. തദ്ദേശീയരും ഇതര സംസ്ഥാനക്കാരുമായ തൊഴിലാളികൾക്കായി മൂന്നു വ്യത്യസ്ത പദ്ധതികൾ ഭവനം ഫൗണ്ടേഷൻ നടപ്പിലാക്കിവരുന്നു.

9.36അപ്‌നാ ഘർ പദ്ധതി

കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനത്തൊഴിലാളികൾക്കു വൃത്തിയുള്ളതും സുരക്ഷിതവുമായ പാർപ്പിടം പ്രതിമാസവാടക ഈടാക്കി നൽകുന്ന പദ്ധതി. പാലക്കാട് കഞ്ചിക്കോടുള്ള കിൻഫ്ര പാർക്കിൽ നടപ്പിലാക്കിയ അപ്നാഘർ പദ്ധതിയിൽ 768 ഇതരസംസ്ഥാനത്തൊഴിലാളികൾക്കു മെച്ചപ്പെട്ട താമസസൗകര്യം ഉണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നു.

9.37ജനനി

കേരളത്തിലെ അസംഘടിതമേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികൾക്കു സ്വന്തം അപ്പാർട്ട്‌മെന്റ് താങ്ങാവുന്ന വിലയ്ക്കു നൽകുന്ന പദ്ധതി. ഗുണഭോക്താക്കളെ മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം അസംഘടിതമേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികളിൽനിന്നു തിരഞ്ഞെടുക്കും.

പദ്ധതിയിലെ അടിമാലി (ഇടുക്കി) സ്‌കീമിൽ രണ്ടു കിടപ്പുമുറിയുള്ള 216 അപ്പാർട്ട്‌മെന്റുകളും പോഞ്ഞാശ്ശേരി (എറണാകുളം) സ്‌കീമിൽ രണ്ടു കിടപ്പുമുറിയുള്ള 296 അപ്പാർട്ട്‌മെന്റുകളും ഉണ്ട്. അടിമാലി പദ്ധതി പൂർത്തീകരിച്ചു. പോഞ്ഞാശ്ശേരി പദ്ധതിയുടെ നിർമ്മാണം നടക്കുന്നു.

9.38തോട്ടം മേഖലയിൽ സ്വന്തം വീട് പദ്ധതി

കേരളത്തിലെ വീടില്ലാത്ത തോട്ടം തൊഴിലാളികൾക്ക് അവരുടെ തൊഴിൽസ്ഥലത്തു തന്നെ സ്വന്തമായി വീടോ അപ്പാർട്ട്‌മെന്റോ നിർമ്മിച്ചു നൽകുന്ന പദ്ധതി. സ്വന്തമായി കുറഞ്ഞത് മൂന്നുസെന്റ് ഭൂമിയുള്ളവർക്കു വീടും സ്വന്തമായി സ്ഥലമില്ലാത്തവർക്ക് അപ്പാർട്ട്‌മെന്റു മാതൃകയിലുള്ള വീടും നിർമ്മിച്ചു നൽനാണ് ഉദ്ദേശിക്കുന്നത്. ഭവനം ഫൗണ്ടേഷൻ കേരളയാണു നിർവ്വഹണ ഏജൻസി.