രാജ്യത്തിനുതന്നെ മാതൃകയാകുന്നവിധത്തിൽ ഒട്ടേറെ ക്ഷേമ-വികസനപദ്ധതികൾ ആവിഷ്കരിച്ച് എൽ.ഡി.എഫ്. സർക്കാർ നാലാംവർഷത്തേക്കു കടന്നിരിക്കുകയാണ്. എല്ലാജനവിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളിൽ പലതും നിർവ്വഹണഘട്ടത്തോട് അടുക്കുന്നു. എല്ലാവർക്കും വീടും മികച്ച ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ശുദ്ധവായുവും ശുദ്ധജലവും ഗതാഗതസൗകര്യങ്ങളുമൊക്കെ ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാനസൗകര്യവികസനത്തിലും കേരളം മുന്നേറുകയാണ്.
വിവിധജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളും ഈ മുന്നേറ്റത്തിൽ പ്രധാനമാണ്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാറാരോഗങ്ങളും മാരകരോഗങ്ങളും പിടിപെട്ടവർ, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കവിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, അതിഥിത്തൊഴിലാളികൾ, പ്രവാസികൾ, വിമുക്തഭടർ തുടങ്ങി പ്രത്യേകപരിഗണനവേണ്ട എല്ലാ ജനവിഭാഗങ്ങൾക്കും സവിശേഷശ്രദ്ധ നല്കിയുള്ള പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നത്.
ഈ പദ്ധതികളെല്ലാം പരമാവധി ജനങ്ങൾക്കു ഗുണം ചെയ്യുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി മുൻകൈയെടുത്തു പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ, ജീവനക്കാർ, വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകളിലെ പ്രവർത്തകർ തുടങ്ങിയവർക്കു പ്രയോജനപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഫർമേഷൻ‒പബ്ലിൿ റിലേഷൻസ് വകുപ്പ് സർക്കാർ ധനസഹായപദ്ധതികൾ എന്ന പുസ്തകത്തിന്റെ നവീകരിച്ച പതിപ്പു പ്രസിദ്ധീകരിക്കുന്നത്. ഇതു പ്രയോജനപ്പെടുത്തി സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
പിണറായി വിജയൻ
മുഖ്യമന്ത്രി
ആഗസ്റ്റ് 02, 2019