Govt of Kerala Emblem കേരളസർക്കാർ

തദ്ദേശസ്വയംഭരണവകുപ്പ്

8.1 പി. എം. എ. വൈ. (ഗ്രാമീണ്‍)

ഗ്രാമപ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവർക്കും വീടു നല്‍കുന്ന പദ്ധതി. കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ 60:40 അനുപാതത്തിൽ ചേർത്ത് 1,20,000 രൂപ. കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം കൂടി ഉള്‍പ്പെടുത്തി പൊതുവിഭാഗത്തിന് 2 ലക്ഷവും എസ്. സി.വിഭാഗത്തിന് 3 ലക്ഷവും പട്ടികവര്‍ഗ്ഗക്കാർക്ക് 3.5 ലക്ഷവും രൂപ വീതം നൽകുന്നു. ധനസഹായത്തിനു പുറമേ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പരമാവധി 90 ദിവസത്തെ അവിദഗ്ദ്ധതൊഴിലും ഗുണഭോക്താക്കൾക്കു നല്‍കുന്നു. ഗുണഭോക്താവിന് ആവശ്യമുണ്ടെങ്കിൽ 70,000 രൂപ വരെ ധനകാര്യസ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കാനുള്ള സഹായവും നൽകും. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ പ്രകാരം ലഭ്യമാക്കുന്ന അടിസ്ഥാനസൗകര്യങ്ങളായ കക്കൂസ്, കുടിവെള്ളം, വൈദ്യുതി, ഇന്ധനം, ഖര-ദ്രവമാലിന്യസംസ്ക്കരണ സംവിധാനങ്ങൾ എന്നിവ സംയോജനസാദ്ധ്യതകളിൽ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നു.

ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകൾക്ക് 60 ചതു. മീറ്ററോ അതിൽ കൂടുതലോ തറവിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം. ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

8.1.1 അര്‍ഹത

2011 ലെ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് പട്ടിക പ്രകാരം വീടില്ലാത്തവർക്കാണ് അർഹത.

8.2 പി. എം. എ. വൈ. (നഗരം)

നഗരപ്രദേശത്തെ ഭവനരഹിതർക്ക് 2022-ഓടെ ഭവനം എന്ന ലക്ഷ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ നഗരസഭകൾ മുഖേന നടപ്പാക്കുന്ന പദ്ധതി. മൂന്നു ഘട്ടങ്ങളിലായി സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും പദ്ധതി നടപ്പിലാക്കി വരുന്നു. ചേരിപുനഃരുദ്ധാരണം, പലിശ സബ്സിഡിയോടു കൂടിയ ഭവനവായ്പ, അഫോര്‍ഡബിൾ ഹൗസിംഗ് ഇൻ പാര്‍ട്ണര്‍ഷിപ്പ്, ഗുണഭോക്താക്കൾക്കു ധനസഹായം നല്‍കി ഗുണഭോക്താക്കൾ വീടു നിർമ്മിക്കുക എന്നീ നാലു ഘടകങ്ങളിലൂടെ നടപ്പാക്കുന്നു. കേരളത്തിൽഇപ്പോൾ രണ്ടു ഘടകങ്ങളാണു നടപ്പിലാക്കുന്നത്

8.2.1 എ) പലിശ സബ്‌സിഡിയോടുകൂടിയ ഭവനവായ്പ

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കും താണ വരുമാനവിഭാഗത്തിൽപ്പെട്ടവർക്കും വീടു വാങ്ങാനോ നിർമ്മിക്കാനോ പുനരുദ്ധാരണത്തിനോ ഭവനവായ്പ അനുവദിക്കും. ആറുലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.5% പലിശസബ്സിഡി ലഭിക്കും.

8.2.2 ബി) ഗുണഭോക്തൃകേന്ദ്രിത ഭവനനിർമ്മാണം, പുനഃരുദ്ധാരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കും താണ വരുമാനവിഭാഗത്തിൽപ്പെട്ടവർക്കും വീടു നിർമ്മിക്കാനും വിപുലീകരിക്കാനും ധനസഹായം ലഭിക്കും. മൂന്നു ലക്ഷം രൂപയാണ് വീടുനിർമ്മാണത്തിനു ലഭിക്കുന്നത്.

8.2.3 അര്‍ഹത

1.
കുറഞ്ഞത് മൂന്നു വര്‍ഷമായി നഗരപ്രദേശത്തു താമസിക്കുന്ന കുടുംബങ്ങൾ
2.
രാജ്യത്ത് ഒരിടത്തും കുടുംബത്തിനു സ്വന്തമായി വീട് ഉണ്ടായിരിക്കരുത്
3.
മൂന്നു ലക്ഷം രൂപയില്‍ത്താഴെ വാര്‍ഷികവരുമാനമുള്ളവരാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിൽ ഉള്‍പ്പെടുന്നത്.
4.
കുറഞ്ഞ വരുമാനഗ്രൂപ്പിൽ 3 ലക്ഷം മുതൽ 6 ലക്ഷം വരെ രൂപ വരുമാനമുള്ളവർ ഉള്‍പ്പെടുന്നു.
5.
3 ലക്ഷംരൂപ ഒരു വീടിന്റെ നിർമ്മാണത്തിന്. ഇതില്‍ 1.50 ലക്ഷംരൂപ കേന്ദ്രവിഹിതം, 50,000 രൂപ സംസ്ഥാനവിഹിതം, 50,000 രൂപ നഗരസഭാവിഹിതം 50,000 രൂപ ഗുണഭോക്തൃവിഹിതം
6.
തറവിസ്തീര്‍ണം 30 ച. മീറ്റർ മുതൽ 60 ച. മീറ്റർ (642 ചതുരശ്രയടി) വരെ ഉള്ളതായിരിക്കണം.
7.
സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍രേഖ, ബാങ്ക് അക്കൗണ്ട്, ഗുണഭോക്തൃകുടുംബം വീടു വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു നിൽക്കുന്ന ഫോട്ടോ തുടങ്ങിയവ ഗുണഭോക്താവ് ഹാജരാക്കണം.
8.
പലിശസബ്‌സിഡിയോടുകൂടിയ ഭവനവായ്പയ്ക്ക് എല്ലാ ദേശസാൽക്കൃത /ഷെഡ്യൂള്‍ഡ് ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കുന്നു.
9.
ആറുലക്ഷം രൂപ വായ്പയെടുക്കുന്ന ഗുണഭോക്താവിന് പ്രതിമാസതിരിച്ചടവ് 6200-ൽ നിന്ന് 3800 രൂപയായി മാറുന്നു എന്നതാണു പദ്ധതിയുടെ സവിശേഷത (ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.)

8.3 ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

 • ഗ്രാമീണകുടുംബങ്ങളുടെ ഉപജീവനമാര്‍ഗ്ഗം അഭിവൃദ്ധിപ്പെടുത്താൻ അവിദഗ്ദ്ധകായികതൊഴിൽ ചെയ്യാൻ താല്പര്യമുള്ള കുടുംബങ്ങൾക്കു പ്രതിവര്‍ഷം 100 ദിവസത്തെ തൊഴിൽനല്‍കുന്നു.
 • ജോലി ചെയ്യുന്ന ഒരാളിന് ഒരു ദിവസം 258 രൂപ വേതനം ലഭിക്കും.
 • തൊഴിൽ ആവശ്യപ്പെട്ട് 15 ദിവസത്തിനുള്ളിൽ തൊഴിൽ ലഭിക്കാനുള്ള അവകാശം. അല്ലെങ്കില്‍, തൊഴിലില്ലായ്മാവേതനം അനുവദിക്കും. തൊഴിലില്ലായ്മാവേതനത്തിന്റെ നിരക്ക് ആദ്യത്തെ ഒരു മാസം വേതനത്തിന്റെ 25 ശതമാനവും രണ്ടാമത്തെ മാസം മുതല്‍ വേതനത്തിന്റെ 50 ശതമാനവും ആയിരിക്കും.

അര്‍ഹത:

 • പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ ഏതു കുടുംബത്തിനും ഗ്രാമപ്പഞ്ചായത്തിൽ പേരു രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നല്‍കാം. അപേക്ഷിച്ച് 15 ദിവസത്തിനകം തൊഴിൽ കാര്‍ഡ് ലഭിക്കും.
 • തൊഴിൽ കാര്‍ഡിൽ പേരുള്ള 18 വയസ്സു പൂര്‍ത്തീകരിച്ച ഒരാൾക്കു ജോലി ആവശ്യപ്പെടാം. കുറഞ്ഞത് തുടര്‍ച്ചയായി 14 ദിവസത്തെ തൊഴിലിനാണ് അപേക്ഷ നല്‍കേണ്ടത്.
 • ജോലിസമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ.
മഹാത്മാ ഗാന്ധി എൻ. ആർ. ഇ. ജി. എ. സ്റ്റേറ്റ് മിഷൻ,
സ്വരാജ് ഭവൻ, അഞ്ചാം നില, നന്തൻകോട്, കവടിയാർപി. ഒ.,
തിരുവനന്തപുരം 695003
ഫോൺ: 0471-2313385, 1800 425 1004 (ടോൾ ഫ്രീ)
ഫാക്സ്: 0471-2312385
ഇ-മെയിൽ: mgnrega.kerala@gov.in

8.4 അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി

 • ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ മാതൃകയില്‍ നഗരപ്രദേശത്ത് കായികാദ്ധ്വാനത്തിനു തയ്യാറുള്ളവർക്കു തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതി.
 • നഗരസഭയിൽ താമസക്കാരായ, അവിദഗ്ദ്ധകായികാദ്ധ്വാനം ചെയ്യാൻ തയ്യാറുള്ള, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്ക് ഒരു സാമ്പത്തികവര്‍ഷം കുറഞ്ഞത് 100 ദിവസം തൊഴില്‍ നല്‍കുകയാണു ലക്ഷ്യം.
 • ലഭിക്കുന്ന വേതനം പ്രതിദിനം 258 രൂപ

8.4.1 അര്‍ഹത

 • നഗരപ്രദേശങ്ങളിലെ ഓരോ കുടുംബത്തിലെയും അവിദഗ്ദ്ധകായികാദ്ധ്വാനം ആവശ്യമുള്ള, തൊഴിലെടുക്കാന്‍ സന്നദ്ധരായ, പ്രായപൂര്‍ത്തിയായ ഏതൊരംഗത്തിനും തൊഴിൽ ലഭിക്കാൻ അര്‍ഹതയുണ്ട്.
 • തൊഴിലാളികൾക്കു തൊഴിൽ ആവശ്യപ്പെടാനുള്ള നിയമപരമായ പ്രമാണമായി അഞ്ചു വര്‍ഷം പ്രാബല്യമുള്ള തൊഴിൽ കാര്‍ഡ് നഗരസഭകൾ വഴി ഇവർക്കു ലഭ്യമാക്കുന്നു.
 • ജോലിസമയം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ
 • തൊഴിൽ കാര്‍ഡ് ലഭിച്ച ഒരാൾ തൊഴിലിനു വേണ്ടി നഗരസഭയിൽ അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം തൊഴിൽ ലഭ്യമായില്ലെങ്കിൽ തൊഴിലില്ലായ്മാവേതനം ലഭിക്കാനുള്ള അവകാശം.

8.4.2 അപേക്ഷിക്കാനുള്ള നടപടിക്രമം

 • മതിയായ രേഖകൾ സഹിതം നിര്‍ദ്ദിഷ്ടമാതൃകയിലുള്ള അപേക്ഷ നഗരസഭാ സെക്രട്ടറിക്കു നൽകണം.
 • അപേക്ഷകള്‍ പരിശോധിച്ച് ഉചിതമായ അന്വേഷണനടപടികൾ പൂര്‍ത്തിയാക്കി ഓരോ കുടുംബത്തിനും 15 ദിവസത്തിനകം തൊഴിൽ കാര്‍ഡ് നൽകുന്നു.
 • നഗരസഭകളുമായി ബന്ധപ്പെട്ട് ഈ പദ്ധതി പ്രയോജനപ്പെടുത്താം.

8.5 വാര്‍ദ്ധക്യകാലപെൻഷൻ (ഐ. ജി. എന്‍. ഒ. പി.)

ലഭിക്കുന്ന ആനുകൂല്യം:
1100 രൂപ
അപേക്ഷ നൽകേണ്ടത്:
നഗരസഭ /ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:
 • നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പ്രതി
 • പ്രായം തെളിയിക്കാൻ സ്കൂൾരേഖകളോ പള്ളിരേഖകളോ ജനന സര്‍ട്ടിഫിക്കറ്റോ തെരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ. ഇവ ലഭ്യമല്ലെങ്കിൽ മാത്രം സർക്കാർ സര്‍വീസിലെ അസിസ്റ്റന്റ് സര്‍ജനിൽ കുറയാത്ത പദവിയിലുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
 • സ്ഥിരതാമസം തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ് /മേല്‍വിലാസം കാണിക്കുന്ന മറ്റ് എന്തെങ്കിലും രേഖയുടെ പകര്‍പ്പ്)
 • തിരിച്ചറിയല്‍ രേഖ (ഇലൿഷൻ തിരിച്ചറിയൽ കാര്‍ഡ് /ആധാര്‍ കാര്‍ഡ് /ഫോട്ടോ പതിച്ച മറ്റേതെങ്കിലും രേഖകള്‍).
 • വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
അര്‍ഹതാമാനദണ്ഡം:
 • കുടുംബവാര്‍ഷികവരുമാനപരിധി 1,00,000 രൂപ
 • 60 വയസ്സു പൂര്‍ത്തീകരിച്ചവർ.
 • കേരളസംസ്ഥാനത്ത് മൂന്നു വര്‍ഷമെങ്കിലും സ്ഥിരമായി താമസിക്കുന്നവർ
  (ജി. ഒ. (പി.) 47/95/സാ. ക്ഷേ. വ. തീയതി 13.12.95)
അന്വേഷണോദ്യോഗസ്ഥർ:
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ /റവന്യൂ ഇന്‍സ്പെക്ടർ (നഗരസഭ)
തീരുമാനം എടുക്കുന്നത്:
പഞ്ചായത്ത് /നഗരസഭ ഭരണസമിതി
അപ്പീലധികാരി:
പഞ്ചായത്ത് ഡയറക്ടർ/നഗരകാര്യവകുപ്പ് ഡയറക്ടര്‍

8.5.1 കുറിപ്പ്

1.
അപേക്ഷ നൽകുന്ന തീയതിമുതൽ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.
2.
പ്രായപൂര്‍ത്തിയായ ആണ്‍മക്കൾ ഉണ്ടെങ്കിലും അവരുടെ സംരക്ഷണം ഇല്ലെങ്കിൽ പെന്‍ഷനു പരിഗണിക്കും.
3.
കോണ്‍ട്രിബ്യൂഷൻ അടച്ചു വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർക്കും ഹോണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ഗ്രാന്റ് ലഭിക്കുന്ന അനാഥ/അഗതി/വൃദ്ധമന്ദിരങ്ങള്‍ /ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികൾ, വികലാംഗ പെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അര്‍ഹമായ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹിക പെന്‍ഷനു കൂടി അര്‍ഹതയുണ്ട്. (ജി. ഒ.(എം. എസ്.) നമ്പർ9/2016 സാ. നീ. വ. തീയതി 30.01.2016, ജി. ഒ.(എം. എസ്.) 324/2016/ഫിന്‍ തീയതി 15.08.2016)
4.
പെൻഷൻ കൈപ്പറ്റുന്ന ആൾ മരിച്ചാൽ കുടിശ്ശിക അനന്തരാവകാശികൾക്കു നൽകും.
5.
75 വയസ്സ് പൂര്‍ത്തിയായവർക്ക് കൂടിയനിരക്കിൽ പെൻഷൻ അനുവദിക്കും. (ജി. ഒ. (എം. എസ്.) നം 24/16/സാനീവ. തീയതി 01.03.2016)
6.
പെൻഷൻ അനുവദിക്കുന്ന അനുപാതം
വയസ്സ് കേന്ദ്ര വിഹിതം കേരളസർക്കാർ വിഹിതം ആകെ
60 മുതൽ 75 വരെ വയസ്സുള്ളവർക്ക് 300 800 1100
75 വയസ്സു വരെ ഉള്ളവർക്ക് 200 900 1100
75 മുതൽ 80 വരെ വയസ്സുള്ളവർക്ക് 200 1400 1600
80 വയസ്സിനു മുകളിലുള്ളവർക്ക് 500 1100 1600

8.6 വിധവകള്‍ക്കും വിവാഹമോചിതർക്കുമുള്ള പെൻഷൻ

(ഐ. ജി. എൻ. ഡബ്യു. പി. എസ്)

ലഭിക്കുന്ന ആനുകൂല്യം:
1100 രൂപ
അപേക്ഷ നല്‍കേണ്ടത്:
ഗ്രാമപ്പഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:
1.
നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പ്രതി
2.
വിധവയാണെങ്കിൽ ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റോ വിവാഹമോചിതയാണെങ്കിൽ വിവാഹമോചനം നേടിയതിന്റെ രേഖയോ വില്ലേജ് ഓഫീസറില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റോ.
3.
അപേക്ഷ നൽകുന്ന സമയത്ത് അപേക്ഷക രണ്ടു വര്‍ഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസമാണെന്നു തെളിയിക്കുന്ന രേഖകൾ (റേഷന്‍ കാര്‍ഡ് /മേല്‍വിലാസം തെളിയിക്കുന്ന മറ്റു രേഖയുടെ പകര്‍പ്പുകൾ)
4.
തിരിച്ചറിയല്‍ രേഖ (ഇലൿ‌ഷൻ തിരിച്ചറിയൽ കാര്‍ഡ് /ആധാർ കാര്‍ഡ് /ഫോട്ടോ പതിച്ച മറ്റേതെങ്കിലും രേഖകള്‍)
5.
വരുമാനം തെളിയിക്കാൻ വില്ലേജ് ഓഫീസറിൽനിന്നുള്ള സര്‍ട്ടിഫിക്കറ്റ്
വരുമാനപരിധി:
കുടുംബവാർഷികവരുമാനം 1,00,000 രൂപ
അന്വേഷണോദ്യോഗസ്ഥര്‍:
ഐ. സി. ഡി. എസ്. സൂപ്പര്‍വൈസർ
തീരുമാനം എടുക്കുന്നത്:
പഞ്ചായത്ത് /നഗരസഭ ഭരണസമിതി
അപ്പീലധികാരി:
കളക്ടര്‍

8.6.1 കുറിപ്പ്

1.
ഭര്‍ത്താവിനെ കാണാതായി 7 വര്‍ഷം കഴിഞ്ഞവർക്കും പെന്‍ഷന് അപേക്ഷിക്കാം. അതു തെളിയിക്കുന്ന രേഖ ഹാജരാക്കണം.
2.
20 വയസ്സിൽകൂടുതൽപ്രായമുള്ള ആണ്‍മക്കൾ ഉള്ളവർക്കും പെൻഷൻ ലഭിക്കാം.
3.
കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിൽ തുടര്‍ച്ചയായി സ്ഥിരതാമസക്കാർ ആയിരിക്കണം.
4.
കോണ്‍ട്രിബ്യൂഷൻ അടച്ച് വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർ, ഹോണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ /അഗതി /വൃദ്ധമന്ദിരങ്ങള്‍ /ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികള്‍, വികലാംഗ പെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അര്‍ഹമായ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹിക പെന്‍ഷനു കൂടി അർഹതയുണ്ട്. (ജി. ഒ. (എം. എസ്.) 9/2016 സാ. നീ. വ. തീയതി 30.01.2016 ജി. ഒ. (എം. എസ്.) 324/2016/ഫിന്‍ തീയതി 15.08.2016)
5.
പുനര്‍വിവാഹം നടത്തിയിട്ടില്ല എന്നതിനു സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി.
6.
പെൻഷൻ കൈപ്പറ്റുന്ന ആൾ മരിച്ചാൽകുടിശ്ശിക അനന്തരാവകാശികൾക്കു ലഭിക്കും.
7.
അപേക്ഷ നൽകുന്ന തീയതിമുതൽ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.

8.6.2 പെൻഷൻ അനുവദിക്കുന്ന അനുപാതം

വയസ്സ് കേന്ദ്ര വിഹിതം കേരളസർക്കാർ വിഹിതം ആകെ
40 മുതൽ75 വരെ വയസ്സുള്ളവർക്ക് 300 800 1100
75 മുതൽ80 വരെ വയസ്സുള്ളവർക്ക് 300 1300 1600
80 വയസ്സിനു മുകളിലുള്ളവർക്ക് 500 1100 1600

8.7 വികലാംഗപെൻഷൻ

(അംഗവൈകല്യം സംഭവിച്ചവർ, ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർ)

ലഭിക്കുന്ന ആനുകൂല്യം:
1100 രൂപ
അപേക്ഷ നല്‍കേണ്ടത്:
ഗ്രാമപഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:
 • നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പ്രതി.
 • പ്രായപരിധി ഇല്ല.
 • സ്ഥിരതാമസം തെളിയിക്കുന്ന ഒരു രേഖ (റേഷന്‍ കാര്‍ഡ് /മേല്‍വിലാസം കാണിക്കുന്ന മറ്റു രേഖയുടെ പകർപ്പ്).
 • അംഗപരിമിതി തെളിയിക്കുന്ന രേഖ.
 • വരുമാനം തെളിയിക്കാൻ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് .
അര്‍ഹതാമാനദണ്ഡം:
1.
കുടുംബവാര്‍ഷികവരുമാനം: 1,00,000 രൂപ
2.
ശാരീരിക, മാനസിക വൈകല്യങ്ങൾ:
 • അസ്ഥിവൈകല്യം — ചുരുങ്ങിയത് 40%
 • അന്ധർ — ലെന്‍സ് ഉപയോഗിച്ചും കാഴ്ചശക്തി 6/60 അഥവാ 20/200 സ്നെല്ലനിൽ അധികരിക്കാത്തത്
 • ബധിരർ — കേഴ്വിശേഷി 90 ഡെസിബെലിൽ കുറഞ്ഞത്
 • മാനസികവൈകല്യം — ഐ. ക്യു. 50-ല്‍ താഴെ
അന്വേഷണോദ്യോഗസ്ഥര്‍:
ഹെല്‍ത്ത് ഇന്‍സ്പെക്ടർ
തീരുമാനം എടുക്കുന്നത്:
ഗ്രാമപ്പഞ്ചായത്ത് /നഗരസഭ ഭരണസമിതി
അപ്പീലധികാരി:
കളക്ടർ

8.7.1 കുറിപ്പ്

1.
കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തിൽ തുടര്‍ച്ചയായി സ്ഥിരതാമസമായിരിക്കണം.
2.
സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെൻഷൻ വരുമാനമായി കണക്കാക്കില്ല.
3.
അംഗപരിമിതി 80%-ൽ അധികമുള്ളവർക്ക് ഉയര്‍ന്ന നിരക്കിലുള്ള പെന്‍ഷന് അര്‍ഹതയുണ്ട്.
4.
സാമൂഹികസുരക്ഷാ മിഷന്‍ നല്‍കുന്ന തിരിച്ചറിയൽ കാര്‍ഡ് ഹാജരാക്കുന്നവരോട് അംഗപരിമിതി തെളിയിക്കാൻ മറ്റു രേഖ ആവശ്യപ്പെടില്ല.
5.
അപേക്ഷ നൽകിയ തീയതിമുതൽ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.
6.
കോണ്‍ട്രിബ്യൂഷൻ അടച്ച് വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർ, ഹോണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ /അഗതി /വൃദ്ധമന്ദിരങ്ങള്‍ /ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികള്‍, വികലാംഗപെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അര്‍ഹമായ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹിക പെന്‍ഷനു കൂടി അര്‍ഹതയുണ്ട്. (ജി. ഒ. (എം. എസ്.) 9/2016 സാ. നീ. വ. തീയതി 30.01.2016 ജി. ഒ. (എം. എസ്.) 324/2016/ഫിന്‍ തീയതി 15.08.2016).
7.
പെൻഷൻ കൈപ്പറ്റുന്ന ആൾ മരിച്ചാൽ കുടിശ്ശിക അനന്തരാവകാശികൾക്കു ലഭിക്കും

8.8 കര്‍ഷകത്തൊഴിലാളി പെൻഷൻ

ലഭിക്കുന്ന ആനുകൂല്യം:
1100 രൂപ
അപേക്ഷ നല്‍കേണ്ടത്:
ഗ്രാമപ്പഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:
 • നിശ്ചിത ഫോമിലുള്ള അപേക്ഷ
 • കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നുള്ള വിടുതൽസാക്ഷ്യപത്രം
 • പ്രായം തെളിയിക്കാൻ സ്കൂൾ രേഖകളോ പള്ളിരേഖകളോ ജനന സര്‍ട്ടിഫിക്കറ്റോ തെരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയൽ കാര്‍ഡോ വേണം. ഇവ ലഭ്യമല്ലെങ്കിൽ മാത്രം സർക്കാർ സര്‍വീസിലെ അസിസ്റ്റന്റ് സര്‍ജനിൽ കുറയാത്ത പദവിയിലുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം.
 • ഗ്രാമപ്പഞ്ചായത്തിൽ സ്ഥിരതാമസമെന്നു തെളിയിക്കുന്ന രേഖ
 • വില്ലേജ് ഓഫിസിൽ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്
അര്‍ഹതാമാനദണ്ഡം:
1.
കുടുംബവാര്‍ഷികവരുമാനം: ഒരു ലക്ഷം രൂപയിൽ കവിയരുത്
2.
60 വയസ്സ് പൂര്‍ത്തിയായിരിക്കണം
3.
കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വം
4.
അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പ് തുടര്‍ച്ചയായി 10 വര്‍ഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസമാണെന്നു തെളിയിക്കുന്ന രേഖ.
അന്വേഷണോദ്യോഗസ്ഥര്‍:
കൃഷി അസിസ്റ്റന്റ്.
തീരുമാനം എടുക്കുന്നത്:
ഗ്രാമപഞ്ചായത്ത് /നഗരസഭ ഭരണസമിതി.
അപ്പീലധികാരി:
കളക്ടര്‍.
റിവിഷന്‍ അതോറിറ്റി:
സർക്കാർ.

8.8.1 കുറിപ്പ്

 • അന്വേഷണറിപ്പോര്‍ട്ടിൽ അപേക്ഷകരുടെ പേര്, വയസ്, കുടുംബവരുമാനം, കുട്ടികളുടെ വിവരങ്ങൾ, ഭാര്യ/ഭര്‍ത്താവിന്റെ വിവരങ്ങൾ, ഭൂവുടമയുടെ പേര് എന്നിവ ഉണ്ടായിരിക്കണം.
 • രണ്ടു പ്രാവശ്യം തുടര്‍ച്ചയായി തുക കൈപ്പറ്റാതിരുന്നാൽ പെൻഷൻ റദ്ദാകും.
 • അപേക്ഷ ലഭിച്ച് അടുത്ത മാസം മുതൽ പെന്‍ഷന് അര്‍ഹതയുണ്ട്.
 • തോട്ടം തൊഴിലാളി നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികള്‍ക്ക് ഈ പെന്‍ഷന് അര്‍ഹതയില്ല.
 • വൃദ്ധർക്കോ രോഗബാധിതർക്കോ വേണ്ടി നടത്തുന്ന സ്ഥാപനത്തിന്റെ സംരക്ഷണത്തിൽകഴിയുന്നവർക്ക് ഈ പെന്‍ഷന് അര്‍ഹതയില്ല.
 • പെന്‍ഷണർ മരിച്ചാൽമരണം നടന്നതുവരെയുള്ള മാസത്തെ കുടിശ്ശിക അവകാശികൾക്കു ലഭിക്കും.

8.9 അമ്പതു് വയസിനു മുകളിലുള്ള അവിവാഹിതകള്‍ക്കുള്ള പെൻഷൻ

ലഭിക്കുന്ന ആനുകൂല്യം:
1100 രൂപ
അപേക്ഷ നല്‍കേണ്ടത്:
ഗ്രാമപഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകൾ:
1.
നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)
2.
വരുമാനവും പ്രായവും അവിവാഹിതയാണെന്നും തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്
3.
തിരിച്ചറിയൽരേഖ
അര്‍ഹതാമാനദണ്ഡം:
1.
കുടുംബവാര്‍ഷികവരുമാനം - ഒരുലക്ഷം രൂപയിൽ കവിയരുത്
2.
50 വയസ്സ് പൂര്‍ത്തിയായിരിക്കണം
3.
കേരളസംസ്ഥാനത്ത് സ്ഥിരതാമസക്കാരി ആയിരിക്കണം.
അന്വേഷണോദ്യോഗസ്ഥര്‍:
ഐ.സി.ഡി.എസ്. സൂപ്പര്‍വൈസർ
തീരുമാനം എടുക്കുന്നത്:
ഗ്രാമപ്പഞ്ചായത്ത് /നഗരസഭ ഭരണസമിതി
അപ്പീൽഅധികാരി:
കളക്ടര്‍

8.9.1 കുറിപ്പ്

1.
അവിവാഹിതരായ അമ്മമാർക്കും അപേക്ഷിക്കാം.
2.
അപേക്ഷ നൽകുന്ന തീയതിമുതൽ പെന്‍ഷന് അര്‍ഹതയുണ്ട്.
3.
രണ്ടുവര്‍ഷം ഇടവേളയിൽ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ ഐഡന്റിറ്റി കാര്‍ഡ് സഹിതം നേരിട്ട് ഹാജരാകുകയോ വേണം.
4.
ഗുണഭോക്താവ് മരണമടയുന്നപക്ഷം അനന്തരാവകാശികൾക്കു പെൻഷൻ കുടിശ്ശിക ലഭിക്കും.
5.
കോണ്‍ട്രിബ്യൂഷൻ അടച്ച് വിവിധ ക്ഷേമനിധിബോര്‍ഡുകളിൽനിന്നു പെൻഷൻ കൈപ്പറ്റുന്നവർ, ഹോണറേറിയം കൈപ്പറ്റുന്ന അങ്കണവാടിജീവനക്കാർ, തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ /അഗതി /വൃദ്ധമന്ദിരങ്ങള്‍ /ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികള്‍, വികലാംഗപെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അര്‍ഹമായ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹികപെന്‍ഷനുകൂടി അര്‍ഹതയുണ്ട്. (ജി.ഒ. (എം.എസ്.) 9/2016 സാ.നീ.വ. തീയതി 30.01.2016 ജി.ഒ. (എം.എസ്.) 324/2016/ഫിന്‍ തീയതി 15.08.2016)

8.10 തൊഴില്‍രഹിതവേതനം

ലഭിക്കുന്ന ആനുകൂല്യം:
പ്രതിമാസം 120 രൂപ
അപേക്ഷ നല്‍കേണ്ടത്:
ഗ്രാമപ്പഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:
1.
നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)
2.
എസ്.എസ്.എല്‍.സി. ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
3.
എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
4.
പഞ്ചായത്ത് /നഗരസഭാപ്രദേശത്ത് സ്ഥിരതാമസം സംബന്ധിച്ച രേഖ.
5.
ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖ
6.
വികലാംഗസര്‍ട്ടിഫിക്കറ്റ് (ബാധകമായവർക്കു മാത്രം)
7.
ട്രാൻസ്‌ഫർ സര്‍ട്ടിഫിക്കറ്റ് - പകര്‍പ്പ് (പരിശോധനയ്ക്ക് ഒറിജിനൽ ഹാജരാക്കണം)
അര്‍ഹതാമാനദണ്ഡം:
 • എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. പട്ടികജാതി /പട്ടികവര്‍ഗ്ഗ /വികലാംഗ വിഭാഗക്കാരെ സ്കൂളിൽ പഠിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഹാജരായാലും പരിഗണിക്കാം.
 • കുടുംബവാര്‍ഷികവരുമാനം 12,000 രൂപയിലും വ്യക്തിഗതവരുമാനം പ്രതിമാസം 100 രൂപയിലും അധികമാകരുത്
 • പ്രായം 18 നും 35 നും ഇടയിൽ
 • വികലാംഗർക്ക് /പട്ടികജാതിക്കാർക്ക് /പട്ടികവര്‍ഗ്ഗക്കാർക്ക് 18 വയസ്സിനുശേഷം തുടര്‍ച്ചയായി 2 വര്‍ഷവും മറ്റുള്ളവർക്ക് 3 വര്‍ഷവും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോറിറ്റി വേണം.
 • യഥാസമയം പുതുക്കാത്തതിനാൽരജിസ്ട്രേഷൻ റദ്ദായാല്‍ പുനർരജിസ്ട്രേഷൻ കഴിഞ്ഞ് 3 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം.
അന്വേഷണോദ്യോഗസ്ഥര്‍:
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി /റവന്യൂ ഇന്‍സ്പെക്ടർ
തീരുമാനം എടുക്കുന്നത്:
ഗ്രാമപഞ്ചായത്ത് /നഗരസഭ ഭരണസമിതി
അപ്പീലധികാരി:
കളക്ടര്‍
റിവിഷന്‍:
സർക്കാർ

8.10.1 കുറിപ്പ്

1.
തൊഴിലുറപ്പുപദ്ധതിയിൽതൊഴിൽ ലഭിച്ചവർക്കു വരുമാനപരിധി കൂടുന്ന സംഗതികളിൽതൊഴിലില്ലായ്മാവേതനത്തിന് അര്‍ഹതയില്ല
2.
തുടര്‍ച്ചയായി രണ്ടുതവണ വേതനം കൈപ്പറ്റാതിരുന്നാൽ വേതനം റദ്ദാകും. എന്നാൽ കളക്ടർക്ക് അപേക്ഷ നല്‍കി അതു കണ്‍ഡോൺ ചെയ്യാവുന്നതും വേതനം പുനഃസ്ഥാപിക്കാവുന്നതുമാണ്.
3.
ഒരു തദ്ദേശഭരണപ്രദേശത്തു നിന്നു താമസം മാറ്റുമ്പോൾ പുതുതായി താമസിക്കുന്ന തദ്ദേശഭരണസ്ഥാപനത്തില്‍ ഒരു മാസത്തിനകം പുതിയ അപേക്ഷ നൽകണം. അപേക്ഷ തീര്‍പ്പാക്കുന്നതു വരെ മുന്‍ തദ്ദേശഭരണസ്ഥാപനത്തിൽ നിന്നു തന്നെ വേതനം വാങ്ങണം.
4.
സംസ്ഥാനത്ത് സ്ഥിരതാമസക്കാരല്ലാതാകുമ്പോഴോ വരുമാനം പരിധിയിൽ കവിയുമ്പോഴോ വേതനത്തിനുള്ള അര്‍ഹത നഷ്ടപ്പെടും.
5.
വരുമാനം നിശ്ചിത പരിധിയിൽ കവിയുമ്പോൾ ആ വിവരം ഗുണഭോക്താവ് തദ്ദേശഭരണസ്ഥാപനത്തെ അറിയിക്കണം.
6.
അപേക്ഷ ലഭിച്ച് അടുത്തമാസം മുതലാണ് വേതനത്തിന് അര്‍ഹത.

8.11 സാധുവിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം

ലഭിക്കുന്ന ആനുകൂല്യം:
30,000 രൂപ
അപേക്ഷ നല്‍കേണ്ടത്:
ഗ്രാമപ്പഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:
 • നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)
 • അപേക്ഷക വിധവയാണെന്നു തെളിയിക്കുന്ന രേഖ (ബാധകമായ സംഗതികളില്‍)
 • വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്
 • വിവാഹം നിശ്ചയിച്ചതു സംബന്ധിച്ചു വെള്ളക്കടലാസിൽ എഴുതിയ /അച്ചടിച്ച പ്രതിശ്രുതവരന്റെ സത്യവാങ്മൂലം
 • വിവാഹിതയാകുന്ന പെണ്‍കുട്ടി കേരളത്തിൽ മൂന്നു വര്‍ഷമായി സ്ഥിരതാമസക്കാരിയാണെന്ന രേഖ
 • വിവാഹത്തിന് ഒരുമാസം മുമ്പ് അപേക്ഷിക്കാത്തപക്ഷം പരമാവധി ഒരുവര്‍ഷം വരെയുള്ള കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ
അര്‍ഹതാമാനദണ്ഡം:
1.
വിവാഹദിവസം പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞിരിക്കണം.
2.
കുടുംബവാര്‍ഷികവരുമാനം 20,000 രൂപ
3.
വിവാഹിതയാകുന്ന പെണ്‍കുട്ടി മൂന്നു വര്‍ഷം കേരളത്തിൽ സ്ഥിരതാമസക്കാരി ആയിരിക്കണം
4.
സ്വര്‍ണം ഉള്‍പ്പെടെയുള്ള ആകെ സമ്പത്ത് 50,000 രൂപയിൽ കവിയരുത് (ജി.ഒ. (എം.എസ്) 76/2012 സ.നി.വ., തീയതി 26.12.2012)
അന്വേഷണോദ്യോഗസ്ഥര്‍:
ഐ.സി.ഡി.എസ് സൂപ്പര്‍വൈസർ
അപ്പീൽഅധികാരി:
കളക്ടര്‍

8.11.1 കുറിപ്പ്

 • വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ വിവാഹം നടത്തിക്കൊടുക്കുന്ന ആള്‍ക്കോ പെണ്‍കുട്ടിക്കു സ്വയമോ അപേക്ഷിക്കാം. അഗതിമന്ദിരങ്ങളിൽ ഉള്ള പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
 • വിവാഹം കഴിഞ്ഞ തീയതി മുതൽ ഒരു വര്‍ഷം വരെയുള്ള കാലതാമസം ജില്ലാ സാമൂഹികനീതി ഓഫീസർക്കു മാപ്പാക്കാം.
 • ഭര്‍ത്താവിന്റെ മരണം സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റിന്റെ സര്‍ട്ടിഫിക്കറ്റായാലും മതി
 • വിവാഹത്തിനുമുമ്പു തുക കൈപ്പറ്റിയ സംഗതികളിൽ വിവാഹം കഴിഞ്ഞതിന്റെ രേഖ ഒരു മാസത്തിനകം ഹാജരാക്കണം.
 • പ്രായപൂര്‍ത്തിയായ ആണ്‍മക്കളുള്ള കുടുംബത്തിലെ വിധവകളുടെ പെൺമക്കള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.
 • മൂന്നുവര്‍ഷമോ അതിലധികമോ കാലയളവ് വിവാഹമോചിതയായി കഴിയുന്ന സ്ത്രീകളുടെ പെണ്‍മക്കളുടെ വിവാഹത്തിനും ധനസഹായം അനുവദിക്കാം.
 • ഭര്‍ത്താവ് ഉപേക്ഷിച്ചവരുടെ പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനെ കാണാതായി ഏഴുവര്‍ഷം കഴിഞ്ഞവരുടെ മക്കള്‍ക്കും വിവാഹധനസഹായം നല്‍കാം.
 • അവിവാഹിതരായ സ്ത്രീകളുടെ മക്കള്‍ക്കും വിവാഹധനസഹായം നല്‍കാം.
തദ്ദേശഭരണവകുപ്പിന്റെ വെബ്‌സൈറ്റ്: https://lsgkerala.gov.in
പഞ്ചായത്തുഡയറക്റ്ററുടെ വിലാസം:
പഞ്ചായത്ത് ഡയറക്ടർ,
പബ്ലിൿ ഓഫീസ് മന്ദിരം,
മ്യൂസിയം പി.ഒ.,
തിരുവനന്തപുരം.
ഫോൺ: 0471-2321054, 2323286
ഫാക്‌സ്: 0471-2321350, 2321280
ഇ-മെയിൽ: directorofpanchayat@gmail.com, director.dp@lsgkerala.in,
വെബ്‌സൈറ്റ്: http://dop.lsgkerala.gov.in/
നഗരകാര്യഡയറക്റ്ററുടെ വിലാസം:
നഗരകാര്യ ഡയറക്ടർ,
സ്വരാജ് ഭവൻ, നന്തൻകോട്,
തിരുവനന്തപുരം 695003
ഫോൺ: 0471-2318896, 0471-2312886
ഫാക്സ്: 0471-2325708
ഇ-മെയിൽ: duatvpm@gmail.com
വെബ്‌സൈറ്റ്: http://urbanaffairskerala.org

8.12 കുടുംബശ്രീ

8.12.1 കുടുംബശ്രീ സമ്പാദ്യ-വായ്പാപദ്ധതി

മാച്ചിങ് ഗ്രാന്റ്

പ്രവർത്തനം ആരംഭിച്ച് 6 മാസം കഴിഞ്ഞതും നബാർഡിന്റെ എസ്.എച്ച്.ജി ഗ്രേഡിംഗ് നടപടികൾ മുഖേന ഗ്രേഡിംഗ് പാസായി ലിങ്കേജ് വായ്പ ലഭിച്ചതുമായ അയൽക്കൂട്ടങ്ങൾക്കാണ് മാച്ചിംഗ് ഗ്രാന്റ് ലഭിക്കുന്നത്. ഒരു അയൽക്കൂട്ടത്തിന് 5,000 രൂപ വരെ മാച്ചിംഗ് ഗ്രാന്റ് തുകയായി നൽകി വരുന്നു.

പലിശസബ്‌സിഡി

അയൽക്കൂട്ടങ്ങൾക്ക് 4% പലിശ നിരക്കിൽ ബാങ്കുവായ്പ ലഭ്യമാക്കുന്ന പുതിയ പലിശസബ്‌സിഡി സ്‌കീം കഴിഞ്ഞ വർഷം മുതൽ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി 50 കോടിയോളം രൂപ നീക്കിവച്ചിട്ടുണ്ട്. മൂന്നു ലക്ഷം രൂപവരെ ലിങ്കേജ് വായ്പ എടുക്കുന്ന അയൽക്കൂട്ടങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും.

കമ്മ്യൂണിറ്റി ഫണ്ട്

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ അയൽക്കൂട്ടാംഗങ്ങളുടെ സാമ്പത്തികോന്നമനവും ദാരിദ്ര്യനിർമ്മാർജ്ജനവും ലക്ഷ്യമാക്കി വിവിധതരം ഫണ്ടുകൾ നൽകിവരുന്നു.

റിവോൾവിംഗ് ഫണ്ട്

ഗ്രാമപ്രദേശങ്ങളിലെ സി.ഡി.എസ്സുകളിലെ മൂന്നുമാസം പൂർത്തീകരിച്ച, നബാർഡ് നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന അയൽക്കൂട്ടത്തിന് 15,000 രൂപ റിവോൾവിംഗ് ഫണ്ടായി ലഭ്യമാക്കുന്നു. റിവോൾവിംഗ് ഫണ്ട് ലഭ്യമാക്കുന്നതുവഴി അയൽക്കൂട്ടങ്ങളുടെ മൊത്തം സമ്പാദ്യം വർദ്ധിക്കുകയും അങ്ങനെ കൂടുതൽ തുക ആന്തരികവായ്പയായി അംഗങ്ങൾക്കു വിതരണം ചെയ്യാൻ അയൽക്കൂട്ടത്തിനു കഴിയുകയും ചെയ്യുന്നു.

കമ്മ്യൂണിറ്റി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്

സിഡിഎസ്സിനെ സ്വയംപര്യാപ്തമാക്കുന്നതിനും അയൽക്കൂട്ടാംഗങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാവശ്യമായ മുതൽമുടക്കു ലഭ്യമാക്കുന്നതിനുമാണ് ഈ ഫണ്ടു നൽകിവരുന്നത്. നിലവിൽ ഒരു സിഡിഎസ്സിന് 5 ലക്ഷം രൂപവരെ നൽകുകയും മൈക്രോ ക്രെഡിറ്റ് പ്ലാൻ അനുസരിച്ച് ഒരോ അയൽക്കൂട്ടത്തിനും പരമാവധി 50,000 രൂപ വായ്പ ലഭ്യമാക്കുന്നതുമാണ്. ഈ വായ്പയ്ക്ക് പരമാവധി 6% പലിശ സിഡിഎസ്സിന് അയൽക്കൂട്ടങ്ങളിൽനിന്ന് ഈടാക്കാം.

വൾനറബിലിറ്റി റിഡക്‌ഷൻ ഫണ്ട്

അയൽക്കൂട്ടങ്ങൾ നേരിടേണ്ടിവരുന്ന ആകസ്മികപ്രശ്നങ്ങൾ, അസുഖം, അപകടം, പ്രകൃതിദുരന്തം, പട്ടിണി തുടങ്ങിയവയ്ക്കുള്ള അടിയന്തരസഹായം എന്ന നിലയ്ക്ക് എഡിഎസ് മുഖാന്തിരം നൽകിവരുന്ന ഫണ്ടാണ് വൾനറബിലിറ്റി റിഡക്‌ഷൻ ഫണ്ട്. ഒരു അയൽക്കൂട്ടത്തിന് 15,000 രൂപ നൽകാവുന്നതാണ്. വി.ആർ.എഫ് തുക ജില്ലാമിഷൻ ഗഡുക്കളായി എഡിഎസ് ആവശ്യപ്പെടുന്ന മുറയ്ക്ക് നൽകിവരുന്നു.

മൈക്രോ സംരംഭങ്ങൾ

സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം ലക്ഷ്യമിട്ടു വ്യത്യസ്ത ഉപജീവനോപാധികൾ കുടുംബശ്രീ മിഷൻ നടപ്പിലാക്കിവരുന്നുണ്ട്. തങ്ങളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് സ്വയം തൊഴിൽ സംരംഭങ്ങൾ, സംഘക്കൃഷി, തൊഴിലുറപ്പുപദ്ധതി, വൈദഗ്ദ്ധ്യപരിശീലനവും പ്ലേയ്‌സ്‌മെന്റും തുടങ്ങിയുള്ള ഉപജീവനമാർഗ്ഗങ്ങളാണ് കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്കുവേണ്ടി പ്രോത്സാഹിപ്പിക്കുന്നത്. ഇതിൽ സ്വയംതൊഴിൽ സംരംഭങ്ങൾ കുടുംബശ്രീവനിതകളോ കുടുംബാംഗങ്ങളോ തങ്ങളുടെ സംരംഭകത്വവാസനയും തൊഴിൽപരിജ്ഞാനത്തിനും അനുസരിച്ച് ആന്തരികവായ്പയിലൂടെയോ ലിങ്കേജ് വായ്പയിലൂടെയോ കുടുംബശ്രീപദ്ധതികളായ ആർഎംഇ, യുഎംഇ, യുവശ്രീ എന്നിവ പ്രകാരമോ ആരംഭിക്കുന്നുണ്ട്.

സംരംഭം തുടങ്ങാൻ താല്പര്യപ്പെടുന്ന വ്യക്തികൾക്കും തങ്ങളുടെ നിലവിലുള്ള തൊഴിൽമേഖല വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും അവരുടെ വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിച്ച് പരിശീലനം, സാമ്പത്തികസഹായം, വിപണനസംവിധാനം, ഹാൻഹോൾഡിംഗ് സപ്പോർട്ട് എന്നിവ കുടുംബശ്രീ മിഷൻ നൽകിവരുന്നു.

വിവിധയിനം സൂക്ഷ്മസംരംഭപദ്ധതികൾ
എ) ഗ്രാമീണ ചെറുകിട സൂക്ഷ്മ സംരംഭപദ്ധതി (ആർ.എം.ഇ):
55 വയസ്സിനു താഴെയുള്ള സ്ത്രീകൾ വ്യക്തിഗതമായോ സംഘം ചേർന്നോ ആരംഭിക്കുന്ന സംരംഭങ്ങളാണ് ഗ്രാമീണ ചെറുകിട സൂക്ഷ്മ സംരംഭപദ്ധതി (ആർ.എം.ഇ.). ഈ പദ്ധതിയിൽ ഉൾപ്പെടുന്ന അംഗങ്ങൾക്ക് വിദ്യഭ്യാസയോഗ്യത പ്രത്യേകമായി പരാമർശിക്കുന്നില്ല. എന്നാൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നേരിട്ട് അംഗത്വമുള്ളവർ ആയിരിക്കണം.
ബി) യുവശ്രീ പദ്ധതി:
അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണിത്. സ്ത്രീകൾ മാത്രമോ, പുരുഷന്മാർ മാത്രമോ, പുരുഷന്മാരും സ്ത്രീകളും ചേർന്നോ യൂണിറ്റുകൾ ആരംഭിക്കാം. പുരുഷന്മാർ നേരിട്ട് അയൽക്കൂട്ടത്തിൽ ഇല്ലെങ്കിലും അവരുടെ കുടുംബാംഗങ്ങൾ അയൽക്കൂട്ടത്തിൽ ഉണ്ടായിരിക്കണം.
സി) യുഎംഇ:
നഗരപ്രദേശങ്ങളിലെ കുടുംബശ്രീവനിതകൾക്കായുള്ള സംരംഭകപദ്ധതിയാണിത്.

8.12.2 കുടുംബശ്രീയിൽനിന്നുള്ള സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ

സബ്‌സിഡി
വ്യക്തിഗത സംരംഭങ്ങൾ:
പ്രൊജക്റ്റ് ചെലവിന്റെ മുപ്പതുശതമാനം — പരമാവധി 7500 രൂപ.
ഗ്രൂപ്പ് സംരംഭങ്ങൾ:
പ്രൊജക്റ്റ് ചെലവിന്റെ 50 ശതമാനം, ഒരു വ്യക്തിക്കു പരമാവധി 10,000 രൂപ.
നിബന്ധനകൾ

സംരംഭകർ ഒരു അയൽക്കൂട്ടത്തിലേതുതന്നെ ആകണമെന്നില്ല. അതതു ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള ഏതെങ്കിലും അയൽക്കൂട്ടത്തിലെ അംഗങ്ങളോ അവരുമായി അടുത്ത ബന്ധമുള്ളവരോ (ഭർത്താവ്, സഹോദരൻ, മകൻ, മകൾ, സഹോദരി തുടങ്ങിയവർ) ആയിരിക്കണം. സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർ ഒരു അയൽക്കൂട്ടത്തിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. ഉദാഹരണമായി, അഞ്ചു വിവിധ അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ടവരായിരിക്കും ഒരു ഗ്രൂപ്പ് സംരംഭം ആരംഭിക്കുന്നത്.

ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട്

പ്രതിസന്ധി നേരിടുന്ന സൂക്ഷ്മസംരംഭകർക്ക് പലിശരഹിത ഹ്രസ്വകാല വായ്പ പ്രദാനം ചെയ്യുകയാണ് ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ടിലൂടെ പൊതുവിൽ ലക്ഷ്യമിടുന്നത്. നിലവിലുള്ള സൂക്ഷ്മസംരംഭങ്ങളുടെ പ്രവർത്തനം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ വ്യവസ്ഥകൾക്കു വിധേയമായി ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട് ലഭിക്കാൻ അക്തഹത ഉണ്ടായിരിക്കും. സംരംഭകർക്ക് ഉപഭോക്താക്കളിൽനിന്നു തിരിച്ചുകിട്ടേണ്ട തുക, അല്ലെങ്കിൽ അവർക്കു നഷ്ടമായ തുക, 3,00,000 രൂപ എന്ന പരിധിക്കു വിധേയമായി, ഈ പദ്ധതിയിൻകീഴിൽ അനുവദിക്കാം.

രണ്ടാംഘട്ട ധനസഹായം

കുടുംബശ്രീയുടെ ഗ്രാമീണ സൂക്ഷ്മസംരംഭവികസനപദ്ധതി (ആർ.എം.ഇ) പ്രകാരമോ യുവശ്രീപദ്ധതി പ്രകാരമോ ആരംഭിച്ച ഗ്രൂപ്പ് സംരംഭങ്ങൾ പഞ്ചായത്തിന്റെ പദ്ധതിവിഹിതം, പ്രത്യേക കേന്ദ്രസഹായം, എസ്.ജെ.എസ്.ആർ.വൈ തുടങ്ങിയ ഗവൺമെന്റിന്റെ ഏതെങ്കിലും പദ്ധതിപ്രകാരം ഫണ്ട് ലഭ്യമാക്കി ആരംഭിച്ചതും ഗ്രൂപ്പ് അംഗങ്ങൾ എല്ലാം കുടുംബശ്രീ അംഗങ്ങളായിട്ടുള്ളതുമായ സംരംഭങ്ങൾക്ക് വ്യവസ്ഥകൾക്കു വിധേയമായി രണ്ടാംഘട്ടധനസഹായം ലഭിക്കുന്നതിന് അർഹതയുണ്ട്. സംരംഭങ്ങൾ വിപുലപ്പെടുത്താനും നഷ്ടത്തിലായ സംരംഭങ്ങൾക്കു പകരം പുതിയ മേഖലകൾ ആരംഭിക്കുന്നതിനും രണ്ടാംഘട്ടധനസഹായം ലഭ്യമാക്കാം.

രണ്ടാംഘട്ട ധനസഹായത്തിനായി തയ്യാറാക്കുന്ന പ്രോജക്ട് തുകയുടെ 40% (ഒരു കുടുംബത്തിന് 35,000 രൂപ, ആകെ 3,50,000 രൂപ എന്നീ പരിധികൾക്കു വിധേയമായി) ഈ പദ്ധതിയിൻകീഴിൽ സബ്‌സിഡിയായി നല്കാവുന്നതാണ്. ഇതിനുപുറമെ വേണ്ടിവരുന്ന തുക ബാങ്കുവായ്പ, ഗുണഭോക്തൃവിഹിതം മറ്റു ധനസ്രോതസ്സുകൾ തുടങ്ങിയവയിലൂടെ കണ്ടെത്തണം.

ടെക്‌നോളജി ഫണ്ട്

വിജയകരമായി പ്രവർത്തിച്ചുവരുന്ന സൂക്ഷ്മസംരംഭങ്ങൾക്ക് /സംരംഭകക്കൂട്ടായ്മകൾക്ക് അവരുടെ പ്രവർത്തനം ഗുണപരമായും അളവുപരമായും മെച്ചപ്പെടുത്തുന്നതിന് ഉപയുക്തമാക്കുന്ന ആധുനിക സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും അനുബന്ധോപകരണങ്ങളും സ്വായത്തമാക്കുന്നതിനുള്ള അധിക ധനസഹായമായാണ് ടെക്‌നോളജി ഫണ്ട്. ഒരു കുടുംബത്തിന് 30,000 രൂപ എന്ന കണക്കിൽ പരമാവധി മൂന്നുലക്ഷം രൂപവരെ ടെക്‌നോളജി ഫണ്ടു ലഭ്യമാകും.

ഇന്നവേഷൻ ഫണ്ട്

നൂതനമായ സംരംഭാശയങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന സൂക്ഷ്മസംരംഭങ്ങൾക്കും തങ്ങളുടെ അടിസ്ഥാനസൗകര്യം, യന്ത്രസാമഗ്രികൾ, പ്രവർത്തനരീതി, പ്രവർത്തനമണ്ഡലം എന്നീ മേഖലകളിൽ നൂതനമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്ന നിലവിലുള്ള സൂക്ഷ്മസംരംഭങ്ങൾക്കും തൻമൂലമുണ്ടാകുന്ന ക്ലേശങ്ങൾ പരിഹരിക്കാൻ സഹായകമാകുന്ന തരത്തിൽ ധനസഹായം നൽകാനാണ് ഇന്നവേഷൻ ഫണ്ട്. ആകെ പ്രോജക്റ്റുതുകയുടെ 40% (ഒരു കുടുംബത്തിന് 25,000 രൂപ, ആകെ 2,50,000 രൂപ എന്നീ പരിധികൾക്കു വിധേയമായി) ഇന്നവേഷൻ ഫണ്ട് അനുവദിക്കാം.

റിവോൾവിംഗ് ഫണ്ട്

സംരംഭം തുടങ്ങി ആറു മാസം പിന്നിട്ടവർക്ക് പ്രൊജക്റ്റ്‌ചെലവിന്റെ 15 ശതമാനം (പരമാവധി 35000 രൂപ) റിവോൾവിംഗ് ഫണ്ടായി ജില്ലാമിഷനിൽ നിന്ന് അനുവദിക്കും.

ബാങ്ക് വായപ മുഖേന ആരംഭിച്ച സംരംഭങ്ങൾക്കാണ് ഈ ഫണ്ടു ലഭിക്കുക. വ്യക്തിഗതസംരംഭങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് ലഭിക്കില്ല.

മൃഗസംരക്ഷണ മേഖല

കുടുംബശ്രീ റൂറൽ മൈക്രോ എന്റർപ്രൈസസ് (RME) സംരംഭങ്ങളിൽ ഭൂരിപക്ഷം വരുന്ന കുടുംബശ്രീ അംഗങ്ങളും താൽപ്പര്യം പ്രകടിപ്പിക്കുന്നതും ഏറ്റെടുത്ത് നടത്തിവരുന്നതും സ്ത്രീപക്ഷ-സ്ത്രീസൗഹൃദ പ്രവർത്തനങ്ങളായ മൃഗസംരക്ഷണമേഖലാ സംരംഭങ്ങളാണ്.

ഇപ്പോൾ എല്ലാ ജില്ലയിലും കുടുംബശ്രീ ജില്ലാ മിഷനുകൾ വഴി സി ഡി എസ് തലത്തിൽ ഒരു ഗ്രൂപ്പിൽ 5 അംഗങ്ങളടങ്ങുന്ന ജെഎൽജി രൂപവത്ക്കരിച്ച് ഗ്രൂപ്പ് സംരംഭങ്ങളായി മൃഗസംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുത്തു വരുന്നു. ആടു വളർത്തൽ പദ്ധതി ഒരു ഗുണഭോക്താവിന് 4 ആട്ടിൻകുട്ടി വീതം ചുരുങ്ങിയത് 5 യൂണിറ്റുകൾ എന്ന രീതിയിലും ക്ഷീരസാഗരം പദ്ധതി ഒരു ഗുണഭോക്താവിന് 2 കറവപ്പശു വീതം ചുരുങ്ങിയത് രണ്ടു ഗ്രൂപ്പുകൾ എന്ന രീതിയിലുമാണ് നടപ്പിലാക്കി വരുന്നത്. ഈ പദ്ധതികൾക്കും ബാങ്ക് വായ്പ, ഗുണഭോക്തൃവിഹിതം എന്നിവയ്‌ക്കൊപ്പം കുടുംബശ്രീ മിഷൻ ധനസഹായവും ലഭിക്കും.

സംശുദ്ധമായ പാൽ, മുട്ട, ഇറച്ചി എന്നിവയുടെ ഉത്പാദനവും സ്വയംപര്യാപ്തിയും കുടുംബശ്രീ അംഗങ്ങൾക്ക് അധികവരുമാനവും മുൻനിർത്തി നിലവിലുള്ള രണ്ടു പദ്ധതികൾക്കൊപ്പം വരുംവർഷങ്ങളിൽ മാംസോത്പാദനപദ്ധതി മുഖേന പോത്തുകുട്ടി/മൂരിക്കുട്ടി/പന്നി പരിപാലനം, അടുക്കളത്തോട്ടം, മുട്ടക്കോഴി പരിപാലനം, താറാവുവളർത്തൽ എന്നിവയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.

കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്കായി നടപ്പിലാക്കുന്ന മൃഗസംരക്ഷണമേഖലാ പ്രവർത്തനങ്ങളുടെ ഭാഗമായി ആകെ പദ്ധതിത്തുകയുടെ 35% സബ്‌സിഡിയായി അനുവദിക്കുന്നു. അഞ്ചുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് ആടുഗ്രാമം പദ്ധതിയിൽ 50,000 രൂപയും ക്ഷീരസാഗരം പദ്ധതിയിൽ 2,18,750 രൂപയും പോത്തുകുട്ടിവളർത്തൽ (മാംസസുരക്ഷ) പദ്ധതിയുടെ ഭാഗമായി 50,000 രൂപയും അടുക്കളത്തോട്ടം, മുട്ടക്കോഴിവളർത്തൽ പദ്ധതിയുടെ ഭാഗമായി 25,000 രൂപയും സബ്‌സിഡി നൽകുന്നുണ്ട്. സമഗ്രമൃഗസംരക്ഷണപദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് അയൽക്കൂട്ടങ്ങൾ വഴി തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

8.12.3 സാമൂഹികശാക്തീകരണം

ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള മുഖ്യോപാധികളിൽ ഒന്നാണ് സാമൂഹികശാക്തീകരണമേഖല. പ്രധാനമായും കുടുംബശ്രീ ഇപ്പോൾ ഇടപ്പെട്ടുവരുന്ന സാമൂഹികശാക്തീകരണപ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു.

8.12.4 ആശ്രയ

സ്വന്തം അവകാശങ്ങൾക്കു വേണ്ടിയോ ആനുകൂല്യങ്ങൾക്കു വേണ്ടിയോ ശബ്ദം ഉയർത്താൻ കഴിയാത്ത, അതിനുള്ള കഴിവോ അധികാരമോ ഇല്ലാത്ത, സമൂഹവ്യവസ്ഥയുടെ പിന്നാമ്പുറങ്ങളിൽ ജീവിക്കുന്ന നിർദ്ധനരിൽ നിർദ്ധനരായ വിഭാഗമാണ് അഗതികൾ. ഇവർക്കു കിടപ്പാടമുണ്ടാകില്ല; പാർപ്പിടത്തിനാവശ്യമായ ഭൂമി ഉണ്ടാകില്ല; താമസസ്ഥലത്തിനു സമീപം ശുദ്ധജലം ലഭ്യമായിരിക്കില്ല; സാനിറ്ററി കക്കൂസ് ഉണ്ടാവില്ല; ഒരുനേരം പോലും മതിയായ ആഹാരം കഴിക്കാനുള്ള വകയില്ല; തീരാവ്യാധികൾ പിടിപ്പെട്ടിരിക്കാം; അകാലത്തിലുണ്ടായ വൈധവ്യം മൂലം കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കാൻ നിർബ്ബന്ധിതയായിരിക്കാം; അവിവാഹിതരായ അമ്മയും ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയും ഈ വിഭാഗത്തിൽ ഉൾപ്പെടാം; ശാരീരിക, മാനസിക വൈകല്യങ്ങൾ ഉള്ള അംഗങ്ങൾ ഉള്ള കുടുംബങ്ങളും വിവാഹപ്രായം കഴിഞ്ഞും അവിവാഹിതരായി തുടരുന്ന സ്ത്രീകളും സാമ്പത്തിക, ഭൗതിക പരാധീനതകൾ അനുഭവിക്കുന്നവരാണെങ്കിൽ അഗതികളായിരിക്കാം. ചുരുക്കത്തിൽ, ദരിദ്രരിൽ ദരിദ്രരാണ് അഗതികൾ. അശരണത്വവും നിരാലംബത്വവുമാണ് പ്രധാന മുഖമുദ്രകൾ. സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് യഥാർത്ഥത്തിൽ ഒഴിവാക്കപ്പെട്ട ഈ വിഭാഗത്തെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതിയാണ് ആശ്രയ.

തദ്ദേശഭരണസ്ഥാപനങ്ങൾ തയ്യാറാക്കുന്ന ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതിയിൽ അഗതികുടുംബങ്ങൾക്കുവേണ്ടി പ്രത്യേക പ്രോജക്ട് ആശ്രയ എന്ന പേരിൽ ഉണ്ടായിരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ നിരാശ്രയരും ആലംബഹീനരുമായ അഗതികുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് 2002-03 സാമ്പത്തികവർഷം മുതൽ ഈ പദ്ധതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരുന്നു.

8.12.5 ആശ്രയ പ്രകാരം നല്കാവുന്ന സേവനങ്ങൾ

അതിജീവനാവശ്യങ്ങൾ:
ഭക്ഷണം, ആരോഗ്യപരിരക്ഷ, വസ്ത്രം, പെൻഷൻ, വിദ്യാഭ്യാസം.
അടിസ്ഥാനസൗകര്യാവശ്യങ്ങൾ:
ഭൂമി, വീട്, കുടിവെള്ളം, ശുചിത്വസംവിധാനം മുതലായവ
വികസനാവശ്യങ്ങൾ:
തൊഴിൽ, വൈദഗ്ദ്ധ്യപരിശീലനം തുടങ്ങിയവ
മാനസികാവശ്യങ്ങൾ:
സമൂഹത്തിലെ ഇതരവിഭാഗങ്ങൾക്കൊപ്പം ഇടപഴകാൻ ആത്മബലം നല്കുന്ന സാമൂഹികപിന്തുണ.
പ്രത്യേക പ്രോജക്ടുകൾ

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ഒറ്റപ്പെടുത്തലുകൾ നേരിടുന്നവർക്കും വേണ്ടിയുള്ള പ്രോജക്ടുകളും ആശ്രയ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താം.

കുടുംബശ്രീ അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുടുംബശ്രീ അയൽക്കൂട്ടവും തങ്ങളുടെ പരിസരത്തുള്ള അഗതികളെ കണ്ടെത്തണം. തികച്ചും യാന്ത്രികമായി പേരു ചേർക്കലല്ല, മറിച്ച് തികച്ചും അഗതികളെന്നു വിവക്ഷിക്കാവുന്നവരെ മാത്രമേ ഇതിൽ ഉൽപ്പെടുത്താവൂ. ഇവർ അയൽക്കൂട്ടങ്ങളിൽ അംഗമായിരിക്കണമെന്നില്ല.

അയൽക്കൂട്ടങ്ങൾ അഗതി കുടുംബങ്ങളെ കണ്ടെത്തി അവരുടെ ലിസ്റ്റ് ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റിക്കു ലഭ്യമാക്കണം. സി.ഡി.എസ്സിന്റെ സാമൂഹികവികസന ഉപസമിതി ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റിയിൽനിന്നു ലഭിക്കുന്ന ലിസ്റ്റ് വിശദമായ പരിശോധിച്ച് ദാരിദ്ര്യനിർമ്മാർജ്ജന വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കൊപ്പം ഓരോ അഗതികുടുംബവും സന്ദർശിക്കണം. കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ ആവശ്യമെന്നു കണ്ടാൽ നടത്തണം. ഓരോ ടീമും സന്ദർശിക്കുന്ന അഗതികുടുംബത്തിന്റെ ഒരു രൂപരേഖ തയ്യാറാക്കണം. ഇതിന് ആവശ്യമായ ഫോറം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ലഭ്യമാക്കും. ഈ കുടുംബങ്ങളുടെ പട്ടിക ഗ്രാമസഭയിൽ/വാർഡ് സഭയിൽ അവതരിപ്പിച്ച് അംഗീകാരം തേടണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്ലാൻ ഫണ്ടിലോ ഇതര സർക്കാർ വകുപ്പുകളുടെ പരിപാടിയിലോ ഉൾപ്പെടുത്താൻ കഴിയാത്തവിധം ആവശ്യങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവ പരിഹരിക്കാൻ മനുഷ്യസ്നേഹികളായ വ്യക്തികളിൽനിന്നോ സന്നദ്ധസംഘടനകളിൽനിന്നോ പ്രായോജകരെ (സ്‌പോൺസർ) കണ്ടെത്തേണ്ടതാണ്. തദ്ദേശഭരണസ്ഥാപനം അംഗീകരിച്ച അഗതിപുനരധിവാസപദ്ധതി ഡി.പി.സിക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങണം.

അഗതികുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ വാർഡ് അടിസ്ഥാനത്തിൽ മത്സരബുദ്ധിയോടെ എണ്ണം കൂട്ടിക്കാണിക്കുന്നതിനുള്ള പ്രവണത ആദ്യമേ ഒഴിവാക്കണം. സാധാരണ പരിതസ്ഥിതിയിൽ തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ മൊത്തം കുടുംബങ്ങളിൽ 2 ശതമാനത്തിലധികം ഈ വിഭാഗത്തിൽ ഉണ്ടാവാനിടയില്ല. അതിൽ കൂടുതൽ ഉണ്ടെങ്കിൽ അതിനിടയാക്കിയ പ്രത്യേക സാഹചര്യം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനം വിശദീകരിക്കേണ്ടതാണ്.

അയൽക്കൂട്ടങ്ങൾ കണ്ടെത്തുന്ന ഗുണഭോക്താക്കൾക്കുവേണ്ടി തദ്ദേശഭരണസ്ഥാപനം തയ്യാറാക്കുന്ന പ്രോജക്ടുകളാണ് അംഗീകാരത്തിനായി കുടുംബശ്രീ മിഷനിൽ ലഭ്യമാക്കുന്നത്. ഈ പ്രോജക്ടുകൾ സർക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം നടപ്പാക്കാനായി തദ്ദേശഭരണസ്ഥാപനങ്ങൾക്കു നൽകുന്നു. പഞ്ചായത്ത്, സാമൂഹികക്ഷേമം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ കൂടാതെ സന്നദ്ധസംഘടനകളുടേയും പൊതുജനങ്ങളുടേയും സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്.

8.12.6 സംഘക്കൃഷി

തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, കുടുംബശ്രീ, സി.ഡി.എസ്, ത്രിതല സന്നദ്ധസംഘടനാ സംവിധാനത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിയോഗ്യമായ പൊതുതരിശുകളും ഉപേക്ഷിച്ച നിലയിലുള്ള മറ്റു സ്വകാര്യതരിശുകളും തിട്ടപ്പെടുത്തുകയാണ് ആദ്യനടപടി. ഇത്തരം തരിശുകൾ കൃഷിക്കായി ഏറ്റെടുക്കാൻ തയ്യാറാകുന്ന ചെറിയ വനിതാകൃഷിസംഘങ്ങൾ (ജെ.എൽ.ജി) രൂപവത്ക്കരിക്കലാണ് അടുത്ത നടപടി. ഈ ചെറു കൃഷി സംഘങ്ങൾക്കു കൃഷിസ്ഥലം പാട്ടക്കരാർ വ്യവസ്ഥയിലോ സൗജന്യമായോ ലഭ്യമാക്കുന്നതിന് അവശ്യം വേണ്ട ഇടപെടൽപ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണസമിതികൾ ഏറ്റെടുക്കുന്നുണ്ട്. ഇപ്രകാരം കൃഷിക്കായി ഏറ്റെടുക്കപ്പെടുന്ന തരിശുകൾ വളരെ കാലമായി ഉപേക്ഷിച്ച നിലയിൽ ആയിരുന്നതുകൊണ്ട് കൃഷിക്ക് ഉപയുക്തമാക്കി മാറ്റുന്നതിനുള്ള മണ്ണ്-ജല സംരക്ഷണത്തിനും ജലനിർഗമനത്തിനുമുള്ള പരിരക്ഷാപ്രവർത്തനങ്ങൾ ഗ്രാമീണതൊഴിലുറപ്പുപദ്ധതിയുമായി സംയോജിപ്പിച്ച് നേടുന്നുമുണ്ട്.

ജെ.എൽ.ജിക്ക് ആവശ്യമായ പരിശീലനങ്ങളും നടീൽ വസ്തുക്കൾ, വളം, കീടനാശിനികൾ എന്നിവയുടെ തെരഞ്ഞെടുപ്പും ഉപയോഗക്രമങ്ങളും പോലുള്ള കാര്യങ്ങൾ കൃഷിവകുപ്പും കൃഷിഭവനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കാനും ശ്രദ്ധിക്കുന്നു.

ജെ.എൽ.ജി ഗ്രൂപ്പുകൾ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്യുന്നതിനുസരിച്ച് ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വായ്പാസബ്‌സിഡി സ്‌കീമിൽ ഉൾപ്പെടുത്തി കേവലം ഒരു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്ന സംവിധാനം നിലവിലുണ്ട്. കൂടാതെ ഏരിയാ ഇൻസെന്റീവും ഉല്പാദന ഇൻസെന്റീവും കുടുംബശ്രീ ലഭ്യമാക്കിവരുന്നു. ഇതിന്റെ ഫലമായി ഇക്കഴിഞ്ഞ വർഷം 25,062 ഹെക്ടർ സ്ഥലത്ത് തരിശുഭൂമിയിൽ കൃഷി ഇറക്കാനും വിളവെടുക്കാനും സംഘക്കൃഷിഗ്രൂപ്പുകൾക്കു കഴിഞ്ഞു.

നിലവിൽ കുടുംബശ്രീയിൽ 63,000 സംഘക്കൃഷിഗ്രൂപ്പുകൾ പ്രവർത്തിച്ചുവരുന്നു. സംഘക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ രണ്ടു വിധത്തിലുള്ള ധനസഹായം നൽകിവരുന്നു.

പലിശസബ്‌സിഡി

കാർഷികാവശ്യത്തിനായി ബാങ്കിൽനിന്നു ലഭിക്കുന്ന വായ്പയുടെ പലിശ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന ഗ്രൂപ്പുകൾക്ക് 5% പലിശയിളവ് കുടുംബശ്രീ നൽകിവരുന്നു.

കാർഷിക ഇൻസെന്റീവ്

കൃഷിയുടെ വ്യാപ്തിയും കൃഷി ചെയ്യുന്ന വിളയും അനുസരിച്ച് കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്ക് നിശ്ചിതതുക എല്ലാവർഷവും കാർഷിക ഇൻസെന്റീവായി നൽകുന്നു. അതിന്റെ പട്ടിക ചുവടെ ചേർക്കുന്നു.


Table 8.1: വിവിധ വിളകൾക്കു കുടുംബശ്രീ നൽകുന്ന വിസ്തൃതിബോണസും ഉത്പാദനബോണസും (നിരക്ക്)
ക്ര. നം.    
ഇൻസെന്റീവ് (രൂപയിൽ)
ആകെ
  വിള ഹെക്ടർ
ഒന്നിനു
ഉല്പാദന
ച്ചെലവ്
വിസ്തൃതി
ഉല്പാദനം
   
    (രൂപ) സ്വന്തം പാട്ടം സ്വന്തം പാട്ടം സ്വന്തം പാട്ടം
1 നെല്ല് 30000 3000 4500 3000 3000 6000 7500
2 സുഗന്ധനെല്ല് (ജൈവകൃഷി) 45000 4500 6750 4500 4500 9000 11250
3 മരച്ചീനി 50000 3000 4500 3000 3000 6000 7500
4 പന്തൽ പച്ചക്കറികൾ
(പാവയ്ക്ക, പയർ, ചുരയ്ക്ക, കോവൽ മുതലായവ)
92500 5550 8325 5550 5550 11100 13875
5 പന്തൽ വേണ്ടാത്ത പച്ചക്കറികൾ
(വെണ്ടയ്ക്ക, ചീര, വഴുതന മുതലായവ)
77500 4650 6975 4650 4650 9300 11625
6 ശീതകാല പച്ചക്കറികൾ 62500 3750 5625 3750 3750 7500 9375
7 നേന്ത്രവാഴ (2500 എണ്ണം) 135000 8100 12150 8100 8100 16200 20250
8 വാഴ, പൂവൻ, ഞാലിപ്പൂവൻ,
പാളയൻകോടൻ (2000 എണ്ണം)
100000 6000 9000 6000 6000 12000 15000
9 ചെങ്കദളി (2000 എണ്ണം) 130000 7800 11700 7800 7800 15600 19500
10 പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ 50000 3000 4500 3000 3000 6000 7500
11 കൈതച്ചക്ക (20,000 തൈകൾ) 140000 8400 12600 8400 8400 16800 21000
12 ഇഞ്ചി, മഞ്ഞൾ 75000 4500 6750 4500 4500 9000 11250
13 കൂവ 50000 3000 4500 3000 3000 6000 7500
14 ചേന, ചേമ്പ്, കാച്ചിൽ 75000 4500 6750 4500 4500 9000 11250
15 മധുരകിഴങ്ങ്, മറ്റു കിഴങ്ങുവർഗ്ഗങ്ങൾ 65000 3900 5850 3900 3900 7800 9750
16 കച്ചോലം 60000 3600 5400 3600 3600 7200 9000
17 ഔഷധസസ്യങ്ങൾ (വാർഷികവിള)
a ബ്രഹ്മി 40000 2400 3600 2400 2400 4800 6000
b ചിറ്റരത്ത 82500 4950 7425 4950 4950 9900 12375
c കോളിയസ് 43000 2580 3870 2580 2580 5160 6450
d കറ്റാർവാഴ 42500 2550 3825 2550 2550 5100 6375
e തിപ്പലി 62500 3750 5625 3750 3750 7500 9375
t തുളസി 30000 1800 2700 1800 1800 3600 4500
g ശതാവരി 62500 3750 5625 3750 3750 7500 9375
18 ഔഷധസസ്യങ്ങൾ (ബഹുവർഷവിള)
a പട്ട 77500 4650 6975 4650 4650 9300 11625
b ഇഞ്ചിപ്പുല്ല് 50000 3000 4500 3000 3000 6000 7500
c ആടലോടകം 100000 6000 9000 6000 6000 12000 15000
d കിരിയാത്ത് 35000 2100 3150 2100 2100 4200 5250
e
f പുത്തരിച്ചുണ്ട 30000 1800 2700 1800 1800 3600 4500
g നീലയമരി 50000 3000 4500 3000 3000 6000 7500
19 തീറ്റപ്പുല്ല് 38000 2280 3420 2280 2280 4560 5700
20 വെറ്റില
3 സെന്റിന് 4000 240 360 240 240 480 600
5 സെന്റിന് 6500 390 585 390 390 780 975
10 സെന്റിന് 10000 600 900 600 600 1200 1500
21 മൾബറി 75000 4500 6750 4500 4500 9000 11250

8.13 ദേശീയ നഗര ഉപജീവന മിഷൻ (എൻയുഎൽഎം)

നഗരപ്രദേശങ്ങളിലെ ദരിദ്രരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുംവേണ്ടി കേന്ദ്ര പാർപ്പിട, നഗരദാരിദ്ര്യനിർമ്മാർജ്ജന മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് ദേശീയ നഗര ഉപജീവന മിഷൻ. എസ്‌ജെഎസ്ആർവൈയുടെ തുടർപദ്ധതിയായ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കേരളത്തിൽ നടപ്പിലാക്കിവരുന്നത്.

എൻയുഎൽഎം പദ്ധതിഗുണഭോക്താക്കൾ നഗരദരിദ്രരാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾ, തൊഴിൽരഹിതരായ യുവതീയുവാക്കൾ, നഗരത്തിലെ ഭവനരഹിതർ, തെരുവുകച്ചവടക്കാർ തുടങ്ങി നഗരദരിദ്രരിലെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പദ്ധതി അഭിസംബോധന ചെയ്യുന്നു. 50,000 രൂപയിൽ താഴെ വാർഷികവരുമാനമുള്ളവർ എൻയുഎൽഎം ദ്ധതിയുടെ ഗുണഭോക്താക്കളാണ്.

8.13.1 പദ്ധതിയിലൂടെ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

 • അയൽക്കൂട്ടം രൂപവത്ക്കരിക്കാൻ 10,000 രൂപ സഹായം
 • അയൽക്കൂട്ടം പ്രവർത്തനക്ഷമമാക്കാൻ 8,000 രൂപ സഹായം
 • പ്രവർത്തനം ആരംഭിച്ച് ആറുമാസം കഴിഞ്ഞ അയൽക്കൂട്ടങ്ങൾക്ക് 10,000 രൂപ വീതം റിവോൾവിംഗ് ഫണ്ട്.
 • എഡിഎസ്സുകൾക്ക് 50,000 രൂപ റിവോൾവിംഗ് ഫണ്ട്.

ഈ തുക അയൽക്കൂട്ടങ്ങളുടെ /എഡിഎസ്സുകളുടെ മൊത്തം സമ്പാദ്യം വർദ്ധിപ്പിക്കാനും പരസ്പരവായ്പയായി ലഭ്യമാക്കാനും ഉപയോഗിക്കാം.

8.13.2 പദ്ധതിയുടെ പ്രധാനഘടകങ്ങൾ

സ്വയംതൊഴിൽ പദ്ധതി (Self Employment Programme –– SEP)

നഗരദരിദ്രർക്ക് വരുമാനദായകപ്രവർത്തനം എന്ന നിലയിൽ സ്വയംതൊഴിൽ ആരംഭിക്കാൻ ആവശ്യമായ സഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതിഘടകം. വ്യക്തിയായോ ഗ്രൂപ്പായോ സംരംഭങ്ങൾ ആരംഭിക്കാം. ഇവർക്ക് ആവശ്യമായ സംരംഭകത്വപരിശീലനം (ഇഡിപി), വൈദഗ്ദ്ധ്യപരിശീലനം എന്നിവ അക്രെഡിറ്റഡ് ഏജൻസികളുടെ സഹായത്തോടെ ലഭ്യമാക്കി, സംരംഭങ്ങൾ ആരംഭിക്കാനുള്ള വൈദഗ്ദ്ധ്യം ലഭ്യമാക്കുന്നതാണ്.

നഗരപ്രദേശങ്ങൾക്ക് അനുയോജ്യവും വിജയസാദ്ധ്യത ഉള്ളതുമായ സംരംഭങ്ങൾ കണ്ടെത്തുന്നതിനുള്ള സഹായവും ലഭ്യമാക്കും. വ്യക്തിഗതസംരംഭങ്ങൾക്ക് മൂലധനമായി രണ്ടു ലക്ഷം രൂപവരെയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പത്തു ലക്ഷം രൂപവരെയും വായ്പ ലഭ്യമാക്കും. സൂക്ഷ്മസംരംഭത്തിന്റെ ആസ്തികൾക്കു പുറമെ മറ്റൊരു ജാമ്യവും ബാങ്ക് വായ്പയ്ക്കായി നൽകേണ്ടതില്ല. നിലവിൽ ബാങ്കുകളിലെ സമകാലീന വാർഷികപലിശനിരക്കും ഏഴു ശതമാനം വാർഷികനിരക്കും തമ്മിലുള്ള വ്യത്യാസമാണ് പലിശ സബ്‌സിഡിയായി നൽകുന്നത്.

ലിങ്കേജ് വായ്പ

അയൽക്കൂട്ടങ്ങൾക്ക് നാലു ശതമാനം പലിശനിരക്കിൽ നിക്ഷേപത്തിന്റെ നാലിരട്ടിവരെ വായ്പ നൽകുന്നു. നഗരങ്ങളിലെ പാവപ്പെട്ടവർക്ക് താങ്ങാവുന്ന നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതിനായി അയൽക്കൂട്ടങ്ങളുടെ ബാങ്കു വായ്പകളുടെ പലിശ ദേശീയ നഗര ഉപജീവന മിഷൻ സബ്‌സിഡി ആയി നൽകും. നഗരങ്ങളിലെ പാവപ്പെട്ടവരുടെ സ്വയംസഹായസംഘങ്ങൾ /അയൽക്കൂട്ടങ്ങൾ കൈപ്പറ്റുന്ന എല്ലാ ബാങ്കുവായ്പകൾക്കും പലിശ സബ്‌സിഡി ബാധകമാണ്. ബാങ്കുകളിൽ അതതുകാലത്തു നിലവിലുള്ള വാർഷികപലിശനിരക്കും ഏഴു ശതമാനം വാർഷികനിരക്കും തമ്മിലുള്ള വ്യത്യാസമാണ് സബ്‌സിഡിയായി നൽകുക. കൂടാതെ വായ്പ കൃത്യസമയത്തു തിരിച്ചടയ്ക്കുന്ന എല്ലാ വനിതാസ്വയംസഹായസംഘങ്ങൾക്കും മൂന്നു ശതമാനം പലിശകിഴിവു ലഭിക്കും.

കുടുംബശ്രീ ആസ്ഥാനം
കുടുംബശ്രീ സ്റ്റേറ്റ് മിഷൻ,
രണ്ടാം നില, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിങ്,
മെഡിക്കൽ കോളെജ് പി.ഒ.,
തിരുവനന്തപുരം 695011.
ഫോൺ: 91-471-2554714, 2554715, 2554716
ഇ-മെയിൽ:  info@kudumbashree.org, kudumbashree1@gmail.com
വെബ്‌സൈറ്റ്: http://www.kudumbashree.org

8.14 ശുചിത്വമിഷന്‍

8.14.1 പദ്ധതികൾ

തുറസ്സായ സ്ഥലത്തെ മലവിസര്‍ജ്ജനം ഒഴിവാക്കി ഗ്രാമങ്ങളെ വൃത്തിയും വെടിപ്പുമുള്ളതുമാക്കി ഗ്രാമീണജനതയുടെ ജീവിതഗുണമേന്മ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 • ഇനിയും സുരക്ഷിതമായ കക്കൂസില്ലാത്ത കുടുംബങ്ങൾക്കു ഗാർഹിക കക്കൂസ് നിർമ്മിക്കാൻ ഒരു കക്കൂസിന് 15,400 രൂപ നിരക്കിൽ സാമ്പത്തികസഹായം നല്‍കുന്നു.
 • വ്യക്തിഗതകക്കൂസു പണിയാൻ സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ പൊതുശുചിത്വ സമുച്ചയങ്ങള്‍ പണിയാൻ രണ്ടു ലക്ഷം രൂപ അനുവദിക്കുന്നു.
 • ഗ്രാമ-നഗരപ്രദേശങ്ങളിൽ ഗാർഹികതലത്തിലും പൊതുവായുമുള്ള ഖര-ദ്രവമാലിന്യപരിപാലനസംവിധാനങ്ങൾ സൃഷ്ടിക്കാൻ സഹായം.
 • കമ്പോസ്റ്റിംഗ് ഉപാധികള്‍ക്കും ബയോഗ്യാസ് പ്ലാന്റിനും സബ്‌സിഡി. (പൊതു വിഭാഗത്തിന് 50%, പട്ടികജാതിവിഭാഗത്തിന് 75%)
 • സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയും സംസ്ഥാനാവിഷ്കൃതപദ്ധതികളും നടപ്പിലാക്കുന്നു.

8.14.2 ശുചിത്വമിഷന്‍ ആസ്ഥാനം

സ്വരാജ് ഭവന്‍, ബേസ് മെന്റ് ഫ്ളോർ (-1),
നന്തൻകോട്, കവടിയാർ പി.ഒ.,
തിരുവനന്തപുരം 695003
ഫോണ്‍: 0471-2316730, 2319831,
ഫാക്സ്: 0471-2312730,
ഇമെയില്‍: ഈ കണ്ണിയിൽ അമർത്തുക.

8.14.3 ഗ്രാമവികസനകമ്മിഷണറുടെ ആസ്ഥാനം

ഗ്രാമവികസനകമ്മിഷണറേറ്റ്,
സ്വരാജ് ഭവന്‍, ബേസ്‌മെന്റ് ഫ്ളോർ (-1),
നന്തൻകോട്, കവടിയാർ പി.ഒ.,
തിരുവനന്തപുരം 695003
ഫോണ്‍: 0471-2314526,
ഇമെയില്‍: ഈ കണ്ണിയിൽ അമർത്തുക.