Govt of Kerala EmblemGovernment of Kerala

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസസ്

10.1കേരള സ്റ്റേറ്റ് സെൽഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോർ ദി രജിസ്റ്റേഡ് അൺഎംപ്ലോയ്ഡ് കെസ്‌റു 99 (KESRU 99)

കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുളളതും വാർഷികകുടുംബവരുമാനം 1,00,000 രൂപയിൽ താഴെയുള്ളതും 21-നും 50-നും ഇടയ്ക്കു പ്രായമുള്ളതുമായ ഏതൊരാൾക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. 25 വയസ്സ് കഴിഞ്ഞ, സാങ്കേതികപരിജ്ഞാനമുളളവർക്കും (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, നാഷണൽ അപ്രന്റീസ് സർട്ടിഫിക്കറ്റ്) ബിരുദധാരികളായ വനിതകൾക്കും മുൻഗണന.

ഈ പദ്ധതിയിൽ നൽകുന്ന പ്രോജക്ടുകൾക്ക് ധനകാര്യസ്ഥാപനങ്ങൾ വായ്പ അനുവദിക്കുന്ന തുകയുടെ 20% (പരമാവധി 20,000 രൂപ) സബ്‌സിഡി നൽകുന്നു. പരമാവധി വായ്പത്തുക 1,00,000 (ഒരു ലക്ഷം) രൂപയാണ്. ഈ പദ്ധതി പ്രകാരം സ്വയംതൊഴിലിനു ധനസഹായം ലഭിക്കാനുളള അപേക്ഷ എല്ലാ പ്രവൃത്തിദിവസവും അതത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽനിന്നു വാങ്ങാം.

10.2മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ്ബ്

29-10-2007 ലെ ജി.ഒ.(പി)143/07/തൊഴിൽ നമ്പർ സർക്കാരുത്തരവിലുടെയാണ് മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ്ബ് പദ്ധതി എന്ന സ്വയംതൊഴിൽപദ്ധതി നിലവിൽവന്നത്. കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽരഹിതർക്കുവേണ്ടി വകുപ്പു നടത്തുന്ന വിവിധോദ്ദേശ്യസേവനകേന്ദ്രങ്ങളും അവയുടെ കീഴിൽ തൊഴിൽരഹിതർ നടത്തുന്ന ജോബ് ക്ലബ്ബുകളുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റ്രേഷൻ നിലവിലുളളവർ ആയിരിക്കണം അപേക്ഷകർ. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പ്രവൃത്തി കാര്യക്ഷമതാ പരിശീലനം ലഭിച്ചവർക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. എന്നാൽ ഇത്തരക്കാർ ആകെ ഗുണഭോക്താക്കളിൽ 10 ശതമാനത്തിൽ കൂടാൻ പാടില്ല.

വാർഷികകുടുംബവരുമാനം 1,00,000 രൂപയിൽ കവിയരുത്. (കുടുംബവരുമാനം എന്നുദ്ദേശിക്കുന്നത് ഗുണഭോക്താവിന്റെ പേര് ഉൾപ്പെട്ട റേഷൻ കാർഡിൽ പേരുളള അംഗങ്ങളുടെ ആകെ വരുമാനമാണ്). 21 നും 40 നും ഇടയിൽ പ്രായമുളളവരായിരിക്കണം അപേക്ഷകർ. മറ്റു പിന്നാക്കജാതിക്കാർക്കു മൂന്നുവർഷവും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ഒരു ജോബ് ക്ലബ്ബിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗങ്ങളാകാം. എന്നാൽ ഹോംനേഴ്‌സ്, ഹോംമെയ്ഡ് എന്നീ ക്ലബ്ബുകളിൽ വനിതകൾ മാത്രമേ അപേക്ഷിക്കാവൂ.

പ്രൊഫഷണൽ/സാങ്കേതിക യോഗ്യതയുളളവർക്കും തൊഴിൽരഹിതവേതനം വാങ്ങുന്നവർക്കും മുൻഗണന ഉണ്ട്. കൂടാതെ, സംസ്ഥാന വ്യാവസായപരിശീലനവകുപ്പ് പരമ്പരാഗതതൊഴിലാളികൾക്കു നൽകുന്ന ’പ്രവൃത്തി കാര്യക്ഷമതാ സർട്ടിഫിക്കറ്റ്’ കരസ്ഥമാക്കിയിട്ടുളളവർക്കും സംസ്ഥാന ഐ.റ്റി.ഐ., ഐ.റ്റി.സി, പോളിടെൿ‌നിക് എന്നിവയിൽ ഏതിലെങ്കിലുംനിന്നു വിവിധ ട്രേഡുകളിൽ പരിശീലനം നേടിയവർക്കും ജനശിക്ഷൺ സൻസ്ഥാൻ, റൂഡ് സെറ്റ് എന്നിവിടങ്ങളിൽനിന്നു തൊഴിൽപരിശീലനം നേടിയവർക്കും ബിരുദധാരികളായ വനിതകൾക്കും മുൻഗണന.

എല്ലാ പ്രവൃത്തിദിവസവും പദ്ധതികളുടെ അപേക്ഷകൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലെ പരിശോധനയ്ക്കു ശേഷം ജില്ലാക്കമ്മിറ്റിക്കു നൽകും. അപേക്ഷകർ അനുയോജ്യരാണോ, പ്രോജക്ട് നടപ്പിലാക്കാൻ കഴിയുന്നതാണോ എന്നീ കാര്യങ്ങൾ ജില്ലാക്കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച അപേക്ഷകൾ ധനകാര്യസ്ഥാപനങ്ങളിലേക്കു ശുപാർശ ചെയ്യുന്നു. ഒരു ക്ലബ്ബിനു 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഓരോ ക്ലബ്ബിനും വായ്പത്തുകയുടെ 25% സബ്‌സിഡി (പരമാവധി 2 ലക്ഷം രൂപ) നൽകുന്നു. പ്രോജക്ട് നടത്തിപ്പിൽ ഗുണഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വായ്പത്തുകയുടെ 10% ഓരോ അംഗവും തങ്ങളുടെ വിഹിതമായി ആദ്യംതന്നെ നിക്ഷേപിക്കണം.

10.3ശരണ്യ സ്വയംതൊഴിൽ പദ്ധതി

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽരഹിതരായ വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയവർ, അവിവാഹിതകൾ, പട്ടികവർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നീ വിഭാഗം സ്ത്രീകൾക്കായി 2010-11 സാമ്പത്തികവർഷം ആരംഭിച്ച പുതിയ സ്വയംതൊഴിൽ പദ്ധതി. ഒരു വ്യക്തിക്ക് 50,000 രൂപ വരെ പലിശരഹിതവായ്പ അനുവദിക്കുന്നു. വായ്പത്തുകയുടെ 50%, പരമാവധി 25,000 രൂപ, സബ്‌സിഡിയായും അനുവദിക്കും. പ്രോജക്ട് പരിശോധിച്ച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഒരുലക്ഷം രൂപവരെ വായ്പ അനുവദിക്കാം. 50,000 രൂപയ്ക്കു മുകളിലുളള തുകയ്ക്ക് 3% ഫ്ലാറ്റ് റേറ്റിൽ പലിശ ഈടാക്കും.

കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുളളതും വാർഷികകുടുംബവരുമാനം രണ്ടുലക്ഷം രൂപയിൽ കവിയാത്തതും 18 നും 55 നും ഇടയിൽ പ്രായമുളളതുമായ (അവിവാഹിതകൾക്കു 30 വയസ്സ് പൂർത്തിയാകണം) മേല്പറഞ്ഞ വിഭാഗത്തിലുളള വനിതകൾക്ക് ഈ പദ്ധതിപ്രകാരം സ്വയംതൊഴിൽ‌വായ്പയ്ക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ/സാങ്കേതിക യോഗ്യതയുളളവർക്കും ഐ.റ്റി.ഐ., ഐ.റ്റി.സി. സർട്ടിഫിക്കറ്റ് ഉള്ളവർക്കും ബിരുദധാരികൾക്കും മുൻഗണന ഉണ്ട്.

ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർക്ക് തുടർന്നു തൊഴിൽരഹിതവേതനം ലഭിക്കില്ല. പദ്ധതി പ്രകാരം സ്വയംതൊഴിൽ ചെയ്യുന്നതിനു വായ്പ ലഭിക്കാനുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നൽകണം. ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽനിന്നു പ്രാഥമികപരിശോധനയ്ക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പദ്ധതിക്കായി കളക്ടർ ചെയർമാനായ ജില്ലാക്കമ്മിറ്റിയിൽ വയ്ക്കുകയും ജില്ലാക്കമ്മിറ്റി ഉദ്യോഗാർത്ഥിയെ കൂടിക്കാഴ്ചയ്ക്കു വിളിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു.

ജില്ലാക്കമ്മിറ്റി അപേക്ഷ പാസാക്കിയവർക്കു സ്വയംതൊഴിൽ ചെയ്യാൻ വേണ്ട സംരംഭവികസനപരിശീലനം റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐഒ‌ബികൾ (RSETI) വഴി നൽകിയ ശേഷം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾ മുഖേന വായ്പ അനുവദിക്കുന്നു. വായ്പാതിരിച്ചടവ് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലോ ബന്ധപ്പെട്ട ഠൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലോ നടത്താം.

28/01/2016-ലെ സ.ഉ(പി)നം.18/2016/തൊഴിൽ ഉത്തരവുപ്രകാരം ശരണ്യ പദ്ധതിയുടെ സർക്കാരുത്തരവിൽ ചുവടെ പറയുന്ന ഭേദഗതി വന്നിട്ടുണ്ട്.

1.
ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്‌നി പ്രോബ്ലം, ക്യാൻസർ, മാനസികരോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭർത്താക്കൻമാരുളള അശരണരും തൊഴിൽരഹിതരുമായ വനിതകളെയും വികലാംഗരായ വനിതകളെയും ശരണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2.
കുടുംബവാർഷികവരുമാനം ഒരുലക്ഷത്തിൽനിന്നു രണ്ടുലക്ഷം രൂപയായി ഉയർത്തി.
3.
ശരണ്യ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നവർക്ക് ജോലി ലഭിച്ചാലും അവർ ആരംഭിച്ച സംരംഭവും തിരിച്ചടവും നല്ലരീതിയിൽ നടത്തിക്കൊണ്ടുപോകാമെന്ന ഉറപ്പിൽ അവരെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുവഴിയുള്ള താൽക്കാലിക ജോലികൾക്കു പരിഗണിക്കാം.
4.
നല്ലരീതിയിൽ സംരംഭം നടത്തിക്കൊണ്ടുപോകുകയും ആദ്യവായ്പയുടെ 50% എങ്കിലും തിരിച്ചടയ്ക്കുകയും ചെയ്തവർക്കു സംരംഭം വിപുലീകരിക്കാൻ ജില്ലാതലകമ്മിറ്റിയുടെ ശുപാർശപ്രകാരം ആദ്യ വായ്പത്തുകയുടെ 80%-ത്തിൽ കുറയാത്ത തുക ഒരിക്കൽ മാത്രം തുടർവായ്പയായി കുറഞ്ഞ പലിശനിരക്കിൽ അനുവദിക്കാം.
5.
എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന നൽകുന്ന ശരണ്യ സ്വയംതൊഴിൽ പദ്ധതിയാനുകൂല്യത്തിന് ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാകുകയോ ചെയ്ത സ്ത്രീകൾക്കു വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് പരിഗണിക്കാം.

10.4തൊഴിൽരഹിതവേതനം

തദ്ദേശഭരണവകുപ്പ് എന്ന അദ്ധ്യായത്തിൽ ഇതേ ശിർഷകം കാണുക

10.5കൈവല്യ പദ്ധതി

ഭിന്നശേഷി വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ കേരളസർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പുമുഖേന നടപ്പാക്കിയ നവീനപദ്ധതി. ഭിന്നശേഷിക്കാരായ തൊഴിലന്വേഷകർക്കു സാമ്പത്തികസഹായവും പരിശീലനവും നൽകി ശക്തിപ്പെടുത്താനുളള സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി. ഈ പദ്ധതിയിൽ തുല്യപ്രാധാന്യമുളള നാലു ഘടകങ്ങളുണ്ട്: (1) വൊക്കേഷണൽ & കരിയർ ഗൈഡൻസ്, (2) കപ്പാസിറ്റി ബിൽഡിംഗ്, (3) മത്സരപ്പരീക്ഷകൾക്കുളള പരിശീലനപരിപാടി, (4) പലിശരഹിത സ്വയംതൊഴിൽ‌ വായ്പാപദ്ധതി. ഇവയിൽ ഒന്നോ ഒന്നിലധികം ഘടകങ്ങൾ സമന്വയിപ്പിച്ചോ വരുമാനദായകമായ തൊഴിൽ കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

10.6വൊക്കേഷണൽ & കരിയർ ഗൈഡൻസ്

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾക്കും സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, തൊഴിൽ സാദ്ധ്യതകളെയും ലഭിക്കുന്ന ആനുകൂല്യങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ നൽകുന്നു. ഇതിനായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിലവിൽ പേരു രജിസ്റ്റർ ചെയ്തിട്ടുളള ഭിന്നശേഷിക്കാരുടെ ഭിന്നശേഷിയുടെ സ്വഭാവം, യോഗ്യത, അഭിരുചി, താൽപ്പര്യം, കഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഡാറ്റാ ബാങ്ക് തയ്യാറാക്കും.

10.7കപ്പാസിറ്റി ബിൽഡിംഗ്

ഉദ്യോഗാർത്ഥികൾക്കു സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, സംരംഭകത്വവികസനപരിശീലനം എന്നിവ ഈ രംഗത്തു പ്രവർത്തിക്കുന്ന സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിലുമായി ബന്ധപ്പെട്ടു നൽകുന്നു.

10.8മത്സരപ്പരീക്ഷാ പരിശീലനം (Training for Competitive Exams)

സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് അറിയിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ നൽകുന്നതു മുതൽ ലക്ഷ്യത്തിലെത്തുന്നതുവരെ വിവിധ ഘട്ടങ്ങളിൽ അവരെ സഹായിക്കാനും മത്സരപ്പരീക്ഷകൾക്കു പ്രാപ്തരാക്കാനും ആവശ്യമായ തുടർപരിശീലനം നൽകാനും ഉദ്ദേശിക്കുന്നു.

10.9പലിശരഹിത സ്വയംതൊഴിൽ വായ്പാപദ്ധതി (No Interest Self Employment Loan Scheme)

സ്വയംതൊഴിൽ സംരംഭങ്ങൾക്കായി 50,000 രൂപ വരെ പലിശരഹിതവായ്പ നൽകുന്നു. വ്യക്തിഗതസംരംഭങ്ങൾക്കാണു വായ്പ നൽകുന്നതെങ്കിലും പ്രായോഗികമാകുകയാണെങ്കിൽ സംയുക്തസംരംഭവും അനുവദിക്കും. സ്വയംതൊഴിൽ സംരംഭത്തിനു വായ്പ ലഭിച്ചാലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ വഴിയുളള നിയമനങ്ങൾക്കു വീണ്ടും പരിഗണിക്കും. എന്നാൽ തൊഴിൽരഹിതവേതനം ലഭിക്കില്ല.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുളള എല്ലാ ഭിന്നശേഷിക്കാർക്കും എല്ലാ പ്രവൃത്തിദിവസവും ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി സ്വയംതൊഴിൽ‌വായ്പയ്ക്ക് അപേക്ഷിക്കാം.

വായ്പത്തുകയുടെ 50%, പരമാവധി 25,000 രൂപ, സബ്‌സിഡി ആയി അനുവദിക്കുന്നു. ആവശ്യമെങ്കിൽ 1,00,000 രൂപവരെ വായ്പ അനുവദിക്കും.

കുടുംബവാർഷികവരുമാനം രണ്ടുലക്ഷംരൂപയിൽ കവിയരുത്. അപേക്ഷിക്കുന്ന ദിവസം പ്രായം 21 നും 55 നും ഇടയിൽ ആയിരിക്കണം.

സംരംഭം സ്വന്തമായി നടത്താൻ കഴിയാത്തത്ര അംഗവൈകല്യം ഉളളപക്ഷം അടുത്ത ഒരു ബന്ധുവിനെ (അമ്മ/അച്ഛൻ/ഭർത്താവ്/ഭാര്യ/മകൻ/മകൾ) കൂടി ഉൾപ്പെടുത്തി വായ്പ അനുവദിക്കും.

10.10നവജീവൻ

സംസ്ഥാന സർക്കാരിന്റെ വയോജനനയത്തിന്റെ ഭാഗമായി മുതിർന്ന പൗരർക്കു ജീവനോപാധി പ്രദാനം ചെയ്തു സാമ്പത്തികസാശ്രയത്വം ഉറപ്പുവരുത്താൻ വിഭാവനം ചെയ്ത നവീനപദ്ധതി. മുതിർന്ന പൗരരുടെ പരിചയസമ്പത്തും അറിവും പ്രയോജനപ്പെടുത്താനും സഹായകരമായ പദ്ധതിയാണിത്.

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്തിട്ടുംതൊഴിൽ ലഭിക്കാത്ത 50-65 വയസുള്ള മുതിർന്ന പൗരർക്കു സ്വയം തൊഴിൽ പദ്ധതി എംപ്ലോയ്മെന്റ് വകുപ്പു മുഖാന്തരം നടപ്പാക്കും.

ആസ്ഥാന വിലാസം:

ഡയറക്ടർ,
എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ്,
തൊഴിൽഭവൻ, ആറാം നില, വികാസ്ഭവൻ പി.ഒ,
തിരുവനന്തപുരം 695033
ഫോൺ: 0471 2301249, ഫാക്സ്: 04712306246
ഇ-മെയിൽ: deker.emp.lbr@kerala.gov.in
വെബ്‌സൈറ്റ്: www.employmentkerala.gov.in