Govt of Kerala EmblemGovernment of Kerala

കായിക-യുവജനകാര്യ വകുപ്പ്

4.1കായികോപകരണങ്ങൾ വാങ്ങാനും മത്സരങ്ങൾ സംഘടിപ്പിക്കാനും കോച്ചിങ് ക്യാമ്പിൽ പങ്കെടുക്കാനും ധനസഹായം

ലഭിക്കുന്ന സഹായം:നിശ്ചിത മാനദണ്ഡപ്രകാരം നിശ്ചയിക്കുന്ന ധനസഹായം.

അർഹതാമാനദണ്ഡം:15-06-13-ലെ സ.ഉ. (കൈ) നം.09/13/കാ.യു.വ.പ്രകാരം നിശ്ചയിച്ചിട്ടുള്ളത്

അപേക്ഷിക്കേണ്ട വിധം:കായിക, യുവജന കാര്യാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നിശ്ചിത അപേക്ഷാഫോമിലാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷാഫോം: http://www.sportskerala.org/application/

അപേക്ഷിക്കേണ്ട വിലാസം:ഡയറക്ടർ, കായിക യുവജന കാര്യാലയം, വെള്ളയമ്പലം, തിരുവനന്തപുരം 695033.

സമയപരിധി:എല്ലാ സാമ്പത്തികവർഷവും ജുലായ് 31നകം.

2018‌-19‌ സാമ്പത്തി‌ക‌വർഷം മുത‌ൽ ‌കായികവികസനനിധിയിൽനി‌ന്നു‌ മാത്രമാ‌ണ്‌ സ്കൂൾ, ക്ല‌ബ്‌, കായികസംഘടനകൾ, കായികതാരങ്ങ‌ൾ എന്നിവ‌യ്ക്കു‌ സാമ്പത്തികസഹായം നല്കുന്ന‌ത്‌.

4.1.1ധനസഹായം അനുവദിക്കുന്ന ആവശ്യങ്ങൾ

1.
സംസ്ഥാനത്തു കായികവികസനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ക്ലബ്ബുകൾക്കും സംഘടനകൾക്കും സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും കായികോപകരണങ്ങൾ വാങ്ങാനും ഫിറ്റ്‌നെസ് ഉപകരണങ്ങൾ വാങ്ങാനും.
2.
ദേശിയനിലവാരം പുലർത്തുന്ന കായികതാരങ്ങൾക്കു ടൂർണമെന്റുകളിൽ പങ്കെടുക്കാനും കായികോപകരണങ്ങൾ വാങ്ങാനും കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കാനും.
3.
ടൂർണമെന്റുകൾ നടത്താനായി സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള കായിക അസോസിയേഷനുകൾക്കു ധനസഹായം. മറ്റു സ്രോതസ്സുകളിൽനിന്നു സർക്കാർധനസഹായം ലഭ്യമായ ടൂർണമെന്റുകൾക്ക് ഇതു ലഭിക്കില്ല.
4.
അംഗീകൃത കായിക അസോസിയേഷനുകൾക്കു ട്രെയിനിങ്, കോച്ചിങ്, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കാൻ.
5.
വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കായികവികസനത്തിനായി ട്രെയിനിങ്, കോച്ചിങ്, ക്യാമ്പ് സംഘടിപ്പിക്കാൻ.
6.
സർക്കാരോഫീസുകളിലെ ഉദ്യോഗസ്ഥരുടെ റിക്രിയേഷൻ ക്ലബ്ബുകൾക്കും സംഘടനകൾക്കും കായികപരിപാടികൾ സംഘടിപ്പിക്കാൻ.

4.1.2മാനദണ്ഡങ്ങൾ

1.
ജില്ലാതല, സംസ്ഥാനതല, ദേശിയതല മത്സരങ്ങളിൽ വിജയികളായ കായികതാരങ്ങൾ ആയിരിക്കണം.
2.
ഗ്രാമീണമേഖലയിലെ സ്പോർട്സ് വികസനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനകൾക്കും ക്ലബ്ബുകൾക്കും മുൻഗണന.
3.
ധനസഹായത്തിനായി അപേക്ഷിക്കുന്ന സംഘടനകളും ക്ലബ്ബുകളും തൻവർഷത്തിൽ കായികവുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാമെങ്കിലും നടത്തിയിരിക്കണം. അതിന്റെ രേഖ അപേക്ഷയോടൊപ്പം വേണം.
4.
ക്ലബ്ബുകളും സന്നദ്ധസംഘടനകളും ധനസഹായത്തിന് അപേക്ഷിക്കുമ്പോൾ തലേവർഷംവരെ പുതുക്കിയ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.
5.
കായിക അസോസിയേഷനുകൾ, ജില്ലാ സ്പോർട്സ് കൗൺസിലുകൾ, നെഹ്രു യുവകേന്ദ്ര എന്നിവയിലേതിലെങ്കിലും അഫിലിയേറ്റ് ചെയ്ത സംഘടനകൾക്കു മുൻഗണന.
6.
ധനസഹായത്തിനുള്ള അപേക്ഷകളിൽ വ്യക്തമായ എസ്റ്റിമേറ്റുകൾ രേഖപ്പെടുത്തണം. ഇതുസംബന്ധിച്ചു ലഭിക്കുന്ന അപേക്ഷകളിൽ കേരള സ്പോർട്സ് കൗൺസിൽ മുഖേനയോ സർക്കാരിന്റെ മറ്റു സ്ഥാപനങ്ങളിൽനിന്നോ ഇതേ ആവശ്യത്തിനു തുക അനുവദിച്ചിട്ടില്ല എന്ന സത്യപ്രസ്താവന അപേക്ഷയോടൊപ്പം നൽകേണ്ടതും ഇക്കാര്യം ഡയറക്ടർ ഉറപ്പു വരുത്തേണ്ടതുമാണ്.
7.
ദേശീയ, സംസ്ഥാന സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കാനായി സർക്കാർജീവനക്കാർക്കു പരിശീലനം നൽകാൻ സംസ്ഥാനസർക്കാരോഫീസുകളിലെ റിക്രിയേഷൻ, സ്പോർട്സ് ക്ലബ്ബുകൾ അതതു വകുപ്പദ്ധ്യക്ഷരുടെ ശുപാർശയോടെ നൽകുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. വ്യക്തികളോ സംഘടനകളോ നേരിട്ടു നൽകുന്നവ പരിഗണിക്കില്ല.
8.
സാമ്പത്തികസഹായം ലഭ്യമായാൽ തുക വിനിയോഗിച്ചതു സംബന്ധിച്ച വിനിയോഗസർട്ടിഫിക്കറ്റ് മൂന്നുമാസത്തിനകം നൽകണം.
9.
മുകളിൽ പറഞ്ഞ നിബന്ധനകൾ മറച്ചുവച്ച് ക്ലബ്ബുകൾ ധനസഹായം കൈപ്പറ്റുകയോ ധനസഹായം അതിന്റെ ആവശ്യത്തിന് ഉപയോഗിക്കാതിരിക്കുകയോ ചെയ്തതായി കണ്ടാൽ തുക തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കും. അത്തരം ക്ലബ്ബുകളെ കരിമ്പട്ടികയിൽ പെടുത്തുകയും തുടർധനസഹായം നിഷേധിക്കുകയും ചെയ്യും.
10.
സാമ്പത്തികസഹായത്തിനു വ്യക്തി നേരിട്ടു നൽകുന്ന അപേക്ഷ പരിഗണിക്കില്ല. ജനപ്രതിനിധികൾ, സ്കൂൾ മേധാവികൾ, ബന്ധപ്പെട്ട കായിക അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ എന്നിവയിൽ ഒന്നിന്റെ ശുപാർശയോടുകൂടി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
11.
ഒരുതവണ ധനസഹായം അനുവദിച്ച ക്ലബ്ബുകൾക്ക് അതേ ആവശ്യത്തിനു തൊട്ടടുത്തവർഷം ധനസഹായം നൽകില്ല.
12.
സംഘടനകളോ വ്യക്തികളോ ധനസഹായത്തിനായി നൽകുന്ന അപേക്ഷയോടൊപ്പം, മുൻപ് ഏതെങ്കിലും ആവശ്യത്തിനു ധനസഹായം കായിക യുവജനകാര്യ ഡയറക്ടറേറ്റിൽനിന്നു കൈപറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ വിനിയോഗസർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കണം.
13.
ഒരു വ്യക്തിക്കോ ക്ലബ്ബിനോ സംഘടനയ്ക്കോ ഒരു സാമ്പത്തികവർഷം ഒന്നിലധികം ആവശ്യങ്ങൾക്കായി ധനസഹായം അനുവദിക്കില്ല.
14.
സ്പോർട്സ് കൗൺസിൽ അംഗീകാരം ഇല്ലാത്ത കായികമേളകൾ, ആയോധനകലകളുടെ ടൂർണമെന്റുകൾ, പ്രദർശനങ്ങൾ, മറ്റു കലാരൂപങ്ങളുടെ പ്രദർശനങ്ങൾ എന്നിവയ്ക്കു ധനസഹായം അനുവദിക്കില്ല.
15.
അപേക്ഷ നൽകുന്ന എല്ലാ സർക്കാരിതരസ്ഥാപനങ്ങളും സ്പോർട്സ് കൗൺസിലിന്റെ ശുപാർശയോടുകൂടിയ അപേക്ഷകളാണു നൽകേണ്ടത്. സ്പോർട്സ് കൗൺസിലിന്റെ ശുപാർശയില്ലാത്ത സർക്കാരിതരസ്ഥാപനങ്ങളുടെ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കില്ല.

4.1.3വകുപ്പാസ്ഥാനം:

കായിക യുവജനകാര്യ ഡയറക്റ്ററേറ്റ്,
ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം,
വെള്ളയമ്പലം, തിരുവനന്തപുരം 695033
ഫോൺ: 0471-2327271, 0471-2326644
ഫാക്സ്: 0471-2327271
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.