സാമൂഹികനീതിവകുപ്പ്
കേരള സാമൂഹികസുരക്ഷാമിഷൻ നടപ്പിലാക്കുന്ന പദ്ധതികൾ
28.1ആശ്വാസകിരണം പദ്ധതി
ഒരു മുഴുവൻസമയ പരിചാരകരുടെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗങ്ങൾ ഉള്ളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസധനസഹായം നൽകുന്ന പദ്ധതിയാണ് ‘ആശ്വാസകിരണം’. പ്രതിമാസം 600 രൂപ.
മാനദണ്ഡങ്ങൾ:
- 1.
- കുടുംബവാർഷികവരുമാനം മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശത്ത് 22,375 രൂപയും പഞ്ചായത്തുകളിൽ 20,000 രൂപയും വരെ.
- 2.
- മുഴുവൻസമയ പരിചാരകരുടെ സേവനം ആവശ്യമുള്ള ശാരീരിക മാനസിക വൈകല്യമുളളവർ, ക്യാൻസർ രോഗികൾ, 100% അന്ധർ, പ്രായാധിക്യം കൊണ്ടും മറ്റുപല രോഗങ്ങളാലും കിടപ്പിലായവർ എന്നിവർ ഈ പദ്ധതിയുടെ പരിധിയിൽ വരും.
- 3.
- മാനസികരോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ഇവ ബാധിച്ചവരെ പരിചരിക്കുന്നവർക്ക് ധനസഹായത്തിന് വരുമാനപരിധി ബാധകമല്ല.
- 4.
- വിധവ, വാർദ്ധക്യ, കർഷകത്തൊഴിലാളി, മറ്റു ക്ഷേമപെൻഷനുകൾ ലഭിക്കുന്നവർക്കും ആശ്വാസകിരണം ആനുകൂല്യം ലഭിക്കും.
അപേക്ഷിക്കേണ്ട വിധവും വേണ്ട രേഖകളും:
- 1.
- അപേക്ഷാഫോം സാമൂഹികസുരക്ഷാമിഷന്റെ വെബ്‌സൈറ്റിലും ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സമീപമുളള അങ്കണവാടികളിലോ ശിശുവികസന ഓഫീസിലോ നൽകാം.
- 2.
- കുടുംബവരുമാനം തെളിയിക്കുന്നതിന് ബി.പി.എൽ റേഷൻകാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്/വില്ലേജ് ഓഫീസറിൽനിന്നുള്ള വരുമാനസർട്ടിഫിക്കറ്റ് ഹാജരാക്കണം.
- 3.
- അപേക്ഷയോടൊപ്പം നിർദ്ദിഷ്ടമാതൃകയിൽ സർക്കാർ/വയോമിത്രം/എൻ. എച്ച്. എം.ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
- 4.
- അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ അക്കൗണ്ട് വിവരങ്ങളുള്ള പേജിന്റെ പകർപ്പ്.
28.2ക്യാൻസർ സുരക്ഷ
ക്യാൻസർ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യചികിത്സ നൽകുന്ന പദ്ധതി. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവർക്ക് ചികിത്സാചെലവ് പരിമിതപ്പെടുത്തിയിട്ടില്ല.
സൗജന്യചികിത്സ ലഭിക്കുന്ന ആശുപത്രികൾ:
- 1.
- ഗവ: മെഡിക്കൽ കോളെജ് ആശുപത്രി, തിരുവനന്തപുരം
- 2.
- ഗവ: മെഡിക്കൽ കോളെജ് ആശുപത്രി, തൃശ്ശൂർ
- 3.
- ഗവ: മെഡിക്കൽ കോളെജ് ആശുപത്രി, ആലപ്പുഴ
- 4.
- ഗവ: മെഡിക്കൽ കോളെജ് ആശുപത്രി, കോഴിക്കോട്
- 5.
- ഗവ: മെഡിക്കൽ കോളെജ് ആശുപത്രി, കോട്ടയം
- 6.
- ഐ എം സി എച്ച്, മെഡിക്കൽ കോളെജ്, കോഴിക്കോട്
- 7.
- ഐ. സി. എച്ച്, മെഡിക്കൽ കോളെജ്, കോട്ടയം
- 8.
- കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളേജ്, കണ്ണൂർ
- 9.
- റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം
- 10.
- ജനറൽ ആശുപത്രി, എറണാകുളം
- 11.
- മലബാർ ക്യാൻസർ സെന്റർ, കണ്ണൂർ
- 12.
- ഗവ.മെഡിക്കൽ കോളെജ് ആശുപത്രി, എറണാകുളം
പ്രത്യേക അപേക്ഷാഫോം ആവശ്യമില്ല. അതത് ആശുപത്രിയിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാമിഷന്റെ കൗൺസലർമാർ നടത്തുന്ന സാമ്പത്തിക, സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സാചെലവുകൾ വഹിക്കാൻ കഴിയാത്തതായി കണ്ടെത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
28.3താലോലം
പതിനെട്ടുവയസ്സിനു താഴെയുള്ള കുട്ടികൾക്കുണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽപാൾസി, ഓട്ടിസം, അസ്ഥിവൈകല്യങ്ങൾ, എൻഡോസൾഫാൻ രോഗബാധിതരുടെ രോഗങ്ങൾ എന്നിവയ്ക്ക് ഡയാലിസിസും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സയുടെ ചെലവു വഹിക്കുന്നു. കൂടുതൽ വിദഗ്ദ്ധചികിത്സ ആവശ്യമായവർക്കും ചികിത്സാചെലവിനു പരിധി ഏർപ്പെടുത്തിയിട്ടില്ല.
28.3.1സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ
- 1.
- ഗവ: മെഡിക്കൽ കോളെജ് ആശുപത്രി, തിരുവനന്തപുരം
- 2.
- ഗവ: മെഡിക്കൽ കോളെജ് ആശുപത്രി, തൃശ്ശൂർ
- 3.
- ഗവ: മെഡിക്കൽ കോളെജ് ആശുപത്രി, ആലപ്പുഴ
- 4.
- എസ്.എ.ടി ഹോസ്പിറ്റൽ, തിരുവനന്തപുരം
- 5.
- ഗവ: മെഡിക്കൽ കോളെജ് ആശുപത്രി, കോട്ടയം
- 6.
- ഐ.എം.സി.എച്ച്, കോഴിക്കോട്
- 7.
- ഗവ. മെഡിക്കൽ കോളെജ്, കോഴിക്കോട്
- 8.
- ഐ.സി.എച്ച്, കോട്ടയം
- 9.
- കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളെജ്, കണ്ണൂർ
- 10.
- റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം
- 11.
- ജില്ലാ ആശുപത്രി, ആലുവ, എറണാകുളം
- 12.
- ശ്രീ ചിത്തിരതിരുനാൾ ആശുപത്രി, തിരുവനന്തപുരം
- 13.
- ഗവ. മെഡിക്കൽ കോളെജ്, എറണാകുളം
- 14.
- ചെസ്റ്റ് ഹോസ്പിറ്റൽ, തൃശ്ശൂർ
- 15.
- ICCONS, ഷൊർണ്ണൂർ
- 16.
- ICCONS, തിരുവനന്തപുരം
- 17.
- മലബാർ ക്യാൻസർ സെന്റർ, കണ്ണൂർ
- 18.
- ഗവ. എം.സി.എച്ച്, മഞ്ചേരി, മലപ്പുറം
പ്രത്യേക അപേക്ഷ ആവശ്യമില്ല. അതത് ആശുപത്രിയിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാമിഷന്റെ കൗൺസലർമാർ സാമ്പത്തിക, സാമൂഹിക വിശകലനം നടത്തി ചികിത്സാചെലവു വഹിക്കാൻ കഴിയാത്തതായി കണ്ടെത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
28.3.2താലോലം/ക്യാൻസർസുരക്ഷ കൗൺസെലർമാർ
ആശുപത്രിയുടെ പേര് | കൗൺസെലറുടെ പേര് | ഫോൺ നമ്പർ |
റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം | രജിതകുമാരി, ശ്രീനാഥ് | 9645205425 |
ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST), തിരുവനന്തപുരം | റോസമ്മ മാനുവൽ | 9446848142 |
എസ്.എ.റ്റി. ഹോസ്പിറ്റൽ, തിരുവനന്തപുരം | പ്രീത | 9645205440 |
ഗവ. മെഡിക്കൽ കോളെജ് ഹോസ്പിറ്റൽ, തിരുവനന്തപുരം | സജിന | 9645205426 |
ഗവ. മെഡിക്കൽ കോളെജ് ഹോസ്പിറ്റൽ, കോട്ടയം & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം | വിനിത പി. പ്രസാദ് | 9645205430 |
ഗവ. മെഡിക്കൽ കോളെജ് ഹോസ്പിറ്റൽ, ആലപ്പുഴ | നസിയ അബ്ദുൾ സതാർ | |
ഗവ. മെഡിക്കൽ കോളെജ് ഹോസ്പിറ്റൽ, തൃശ്ശൂർ | അമ്പിളി | 9645205427 |
ഗവ. ചെസ്റ്റ് ഹോസ്പിറ്റൽ, തൃശ്ശൂർ | നീതു വർഗ്ഗീസ് | 9645205439 |
ഗവ. മെഡിക്കൽ കോളെജ് ഹോസ്പിറ്റൽ, കോഴിക്കോട് | അനു | 9645205429 |
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട് | കവിത | 9645206947 |
കോ ഓപ്പറേറ്റീവ് മെഡിക്കൽ കോളെജ്, പരിയാരം, കണ്ണൂർ | നിതിൻ ജോസഫ് | 9645205438 |
മലബാർ ക്യാൻസർ സെന്റർ, കണ്ണൂർ | അമൃതാ റാണി | 9645205437 |
28.4ശ്രുതിതരംഗം — കോക്ലിയാർ ഇംപ്ലാന്റേഷൻ പദ്ധതി
കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയിലൂടെ കേഴ്വിശക്തി ലഭിക്കുമെന്ന് ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന ശ്രവണവൈകല്യമുള്ള അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയിലൂടെ കേൾവിയും തുടർച്ചയായ ഓഡിയോ വെർബൽ ഹാബിലിറ്റേഷനിലൂടെ സംസാരശേഷിയും ലഭ്യമാക്കുന്ന പദ്ധതി. ഒരു ഗുണഭോക്താവിന് അഞ്ചരലക്ഷം രൂപവരെ ചെലവുചെയ്തു നടപ്പാക്കുന്ന ഈ പദ്ധതി പൂർണ്ണമായും സൗജന്യമാണ്. പ്രതിവർഷം രണ്ടുലക്ഷം രൂപവരെ കുടുംബവരുമാനമുള്ള കുട്ടികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിന് എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ സൗകര്യപ്രദമായവ ഗുണഭോക്താവിന് തെരഞ്ഞെടുക്കാം. സ്വകാര്യാശുപത്രി തെരഞ്ഞെടുക്കുന്നവർ ശസ്ത്രക്രിയാചെലവു സ്വന്തമായി വഹിക്കണം.
സൗജന്യചികിത്സ ലഭിക്കുന്ന ആശുപത്രികൾ:
- 1.
- ഗവ. മെഡിക്കൽ കോളെജ് ആശുപത്രി, തിരുവനന്തപുരം
- 2.
- സാന്ത്വനം ഹോസ്പിറ്റൽ, തിരുവനന്തപുരം
- 3.
- കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം
- 4.
- ഗവ. മെഡിക്കൽ കോളെജ് ആശുപത്രി, കോഴിക്കോട്
- 5.
- മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്
- 6.
- ഡോ: മനോജ് ഇ.എൻ.റ്റി. ഹോസ്പിറ്റൽ, കോഴിക്കോട്
- 7.
- ഡോ: നൗഷാദ് ഇ.എൻ.റ്റി. ഹോസ്പിറ്റൽ, എറണാകുളം
- 8.
- മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി
- 9.
- വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ, തൃശ്ശൂർ
- 10.
- എ.എസ്.സി.ഇ.എൻ.ടി. ഇ.എൻ.ടി ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
- 11.
- ഗവ. മെഡിക്കൽ കോളെജ് ആശുപത്രി, കോട്ടയം
അംഗീകൃത ആശുപത്രികളിലെ ഡോക്ടർമാരും സാങ്കേതികവിദഗ്ദരും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടത്. അപേക്ഷാഫോറം സാമൂഹികസുരക്ഷാമിഷൻ വെബ്‌സൈറ്റിലും ശ്രുതിതരംഗം പദ്ധതിയുടെ വെബ്‌സൈറ്റിലും സുരക്ഷാമിഷന്റെ ഓഫീസിലും ലഭ്യമാണ്.
28.5സ്നേഹപൂർവ്വം പദ്ധതി
മാതാപിതാക്കൾ രണ്ടുപേരുമോ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാൾക്ക് സാമ്പത്തികപരാധീനതയാൽ കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെവരികയും ചെയ്താൽ ഇത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ചു വിദ്യാഭ്യാസം നൽകി മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള പ്രതിമാസധനസഹായപദ്ധതിയാണിത്.
അർഹത:നഗരപ്രദേശങ്ങളിൽ 22,375 രൂപയും ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപയുംവരെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ഡിഗ്രി, പ്രൊഫഷണൽ ക്ലാസ്സുകൾവരെ പഠിക്കുന്നവർക്ക്.
ആനുകൂല്യം:
- 1.
- 1-മുതൽ 5-വരെ ക്ലാസ്: പ്രതിമാസം 300 രൂപ
- 2.
- 6-മുതൽ 10-വരെ ക്ലാസ്: പ്രതിമാസം 500 രൂപ
- 3.
- പ്ലസ് 1, പ്ലസ് 2 ക്ലാസ്സുകൾ: പ്രതിമാസം 750 രൂപ
- 4.
- ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകൾ: പ്രതിമാസം 1,000 രൂപ
എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്കു വരുമാനപരിധിയില്ലാതെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം (അഞ്ചുവയസിൽ താഴെ ഉള്ളവർക്ക്):ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം കേരള സാമൂഹികസുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്കു നേരിട്ട് അപേക്ഷ നൽകണം.
അപേക്ഷിക്കേണ്ട വിധം (അഞ്ചുവയസുമുതൽ ഉള്ളവർക്ക്):വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സ്ഥാപനമേധാവികൾക്കു നൽകണം.
വേണ്ട രേഖകൾ:
- 1.
- അമ്മയുടെ/അച്ഛന്റെ മരണസർട്ടിഫിക്കറ്റ്.
- 2.
- ബി.പി.എൽ സർട്ടിഫിക്കറ്റ്/ബി.പി.എൽ റേഷൻകാർഡിന്റെ കോപ്പി/വില്ലേജ് ഓഫീസറിൽനിന്നുളള വരുമാനസർട്ടിഫിക്കറ്റ്.
- 3.
- നിലവിലുള്ള രക്ഷകർത്താവിന്റെയും കുട്ടിയുടെയും പേരിൽ ദേശസാത്കൃതബാങ്കിൽ അക്കൗണ്ടു തുടങ്ങി ലഭിച്ച പാസ്സ് ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ്.
- 4.
- ആധാർ കാർഡിന്റെ പകർപ്പ്.
നടപടിക്രമം:സ്ഥാപനമേധാവികൾ രേഖകൾ പരിശോധിച്ച് പദ്ധതിമാനദണ്ഡങ്ങൾ പ്രകാരം ധനസഹായത്തിന് അർഹതയുള്ള അപേക്ഷകൾ ഓൺലൈനായി കേരള സാമൂഹികസുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് അയയ്ക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടർ തുക അനുവദിച്ച് ഗുണഭോക്താവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു കൈമാറും.
28.6സ്നേഹസ്പർശം
ചൂഷണത്തിന് ഇരയായി അവിവാഹിതാവസ്ഥയിൽ അമ്മമാരാകുന്ന അഗതികൾക്ക് പ്രതിമാസധനസഹായം നൽകി പുനരധിവസിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണിത്.
ലഭിക്കുന്ന ആനുകൂല്യം:പ്രതിമാസം 2000 രൂപ ധനസഹായം.
മാനദണ്ഡങ്ങൾ:
- 1.
- അവിവാഹിതാവസ്ഥയിൽ പലവിധ ചൂഷണങ്ങളിലൂടെ അമ്മമാരായവരും ആ കുട്ടികൾ നിലവിലുള്ളവരും ആയിരിക്കണം
- 2.
- നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്തു കുടുംബമായി കഴിയുന്നവരോ ആണെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല.
- 3.
- അപേക്ഷാഫോം ബന്ധപ്പെട്ട സാമൂഹികനീതി ഓഫീസിലോ സാമൂഹികസുരക്ഷാമിഷന്റെ വെബ്‌സൈറ്റിലോ ഓഫീസിലോ ലഭിക്കും. അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ശിശുവികസനപദ്ധതി ഓഫീസക്കോ ജില്ലാ സാമൂഹികനീതി ഓഫീസർക്കോ നൽകണം.
- 4.
- മറ്റു പെൻഷനൊന്നും ലഭിക്കുന്ന വ്യക്തിയായിരിക്കുന്നത്.
28.7വയോമിത്രം പദ്ധതി
സംസ്ഥാനത്ത് വയോജനനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനു പ്രത്യേകശ്രദ്ധ നൽകി ആരംഭിച്ച നൂതനപദ്ധതിയാണ് വയോമിത്രം. മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കിവരുന്നത്. ഈ സാമ്പത്തികവര്‍ഷം മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലും ഈ പദ്ധതി നടപ്പാക്കിവരുന്നു. തുടക്കമെന്നനിലയിൽ കോഴിക്കോടുജില്ലയിലെ ഒരു ബ്ലോക്കുപഞ്ചായത്തിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസികോല്ലാസത്തിനുള്ള വിവിധ പരിപാടികളും വയോജനക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കു പ്രത്യേക കരുതൽ നൽകുന്ന തരത്തിലുള്ള വിവിധ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.
ലഭിക്കുന്ന ആനുകൂല്യങ്ങൾ:
- 1.
- 65 വയസ്സിനുമുകളിലുള്ളവർക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും കൗൺസെലിങ്ങും വൈദ്യസഹായവും മരുന്നും സൗജന്യമായി നല്കുന്നു.
- 2.
- കിടപ്പുരോഗികളുടെ വീടുകളിൽ പോയി പാലിയേറ്റീവ് ഹോംകെയർ നൽകുന്നു.
- 3.
- വയോജനങ്ങളെ ആശുപത്രികളിലേക്കും തിരിച്ചും കൊണ്ടുപോകാൻ സൗജന്യ ആംബുലൻസ് സേവനം നൽകുന്നു.
വയോജനങ്ങൾക്കു വിവരങ്ങൾ നൽകുന്ന വയോമിത്രം ഹെൽപ്പ് ഡെസ്‌ക്കുകൾ:
- 1.
- തിരുവനന്തപുരം: 9349788889
- 2.
- നെയ്യാറ്റിൻകര: 9388788887
- 3.
- ആറ്റിങ്ങൽ: 9072307403
- 4.
- വർക്കല: 9387588889
- 5.
- കൊല്ലം: 9387588889
- 6.
- കരുനാഗപ്പള്ളി: 9645006393
- 7.
- പുനലൂർ: 9072574654
- 8.
- പത്തനംതിട്ട: 9349488889
- 9.
- അടൂർ: 9645760071
- 10.
- ആലപ്പുഴ: 9387288889
- 11.
- കായംകുളം: 9072574654
- 12.
- ചേർത്തല: 9645005042
- 13.
- കോട്ടയം: 9349588889
- 14.
- വൈക്കം: 9072302568
- 15.
- പാല: 8943257775
- 16.
- ഈരാറ്റുപേട്ട: 8943257775
- 17.
- ഏറ്റുമാനൂർ: 9349588889
- 18.
- തൊടുപുഴ: 9387388889
- 19.
- കട്ടപ്പന: 9387388889
- 20.
- എറണാകുളം: 9349388887
- 21.
- കോതമംഗലം: 9645206562
- 22.
- പെരുമ്പാവൂർ: 9072302502
- 23.
- അങ്കമാലി: 9645205434
- 24.
- ഏലൂർ: 9072574655
- 25.
- മൂവാറ്റുപുഴ: 9645206562
- 26.
- കൂത്താട്ടുകുളം: 9072302502
- 27.
- നോർത്ത് പരവൂർ: 9349388887
- 28.
- മരട്: 9645082992
- 29.
- തൃശ്ശൂർ: 9349188887
- 30.
- ചാവക്കാട്: 9645005043
- 31.
- ചാലക്കുടി: 9645710012
- 32.
- പാലക്കാട്: 9387118889
- 33.
- ചിറ്റൂർ-തത്തമംഗലം: 9072574656
- 34.
- ഷൊർണ്ണൂർ: 9645006293
- 35.
- പട്ടാമ്പി: 7034029295
- 36.
- മലപ്പുറം: 9387558889
- 37.
- നിലമ്പൂർ: 8589013556
- 38.
- മഞ്ചേരി: 9645800992
- 39.
- തിരൂർ: 8589005435
- 40.
- തിരൂരങ്ങാടി: 9645628008
- 41.
- കോട്ടയ്ക്കൽ: 9645628008
- 42.
- വയനാട്: 9387388887
- 43.
- കോഴിക്കോട്: 9349668889
- 44.
- വടകര: 9645083632
- 45.
- കൊയിലാൺി: 8589025435
- 46.
- കണ്ണൂർ: 9349338889
- 47.
- മട്ടന്നൂർ: 9645005014
- 48.
- പയ്യന്നൂർ: 7034021747
- 49.
- തലശ്ശേരി: 7034021747
- 50.
- കൂത്തുപറമ്പ: 9072310100
- 51.
- പാനൂർ: 9072574339
- 52.
- കാസർഗോഡ്: 9387088887
- 53.
- നീലേശ്വരം: 9072574341
28.8വിശപ്പുരഹിതനഗരം (ഹംഗർഫ്രീ സിറ്റി) പദ്ധതി
ചില പ്രത്യേക സാഹചര്യങ്ങളിൽ നഗരങ്ങളിൽ എത്തിച്ചേരുകയും സ്വന്തമായി ഭക്ഷണത്തിനു വകയില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നൽകുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതി ഉള്ളത്. കോഴിക്കോട് നഗരത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലെ രോഗികളും കൂട്ടിരിപ്പുകാരുമായി 2500-ഓളം പേർക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. കൊല്ലം നഗരത്തിൽ വിക്‌ടോറിയ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കമായി പ്രതിദിനം 1000-ൽപ്പരം പേർക്കും മലപ്പുറം നഗരസഭയിൽ ജില്ലാ ഹോമിയോ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമെ അക്ഷയപാത്രം കുന്നുമ്മൽ, കോട്ടപ്പടി എന്നിവിടങ്ങളിലുമായി പ്രതിദിനം 500-ൽപ്പരംപേർക്കും ഭക്ഷണം നൽകി വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും എസ്.എ.റ്റി ആശുപത്രിയിലുമായി പ്രതിദിനം 2000-ൽപ്പരംപേർക്കും വിശപ്പുരഹിതനഗരം പദ്ധതിയിലൂടെ ഉച്ചഭക്ഷണം നൽകിവരുന്നു.
28.9വൈകല്യനിർണ്ണയ മെഡിക്കൽ സർട്ടിഫിക്കേഷൻ ക്യാമ്പുകളിലൂടെ തത്സമയം മെഡിക്കൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകുന്ന പദ്ധതി
വിഭിന്നശേഷിയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്നും അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കുള്ള പൊതു ആധികാരികരേഖയായി ഈ തിരിച്ചറിയൽ കാർഡ് അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിഭിന്നശേഷിയുള്ള എല്ലാ വ്യക്തികൾക്കും ഈ രേഖ നൽകുക എന്ന ലക്ഷ്യത്തോടുടെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും പ്രദേശികതലക്യാമ്പുകൾ സംഘടിപ്പിച്ച് തത്സമയം രേഖകൾ ഗുണഭോക്താക്കൾക്കു നൽകിവരുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നതിന് നിശ്ചിതഫോറത്തിൽ അപേക്ഷ കേരള സാമൂഹികസുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്കു നൽകണം. ക്യാമ്പിന്റെ സ്ഥലവും തീയതിയും അപേക്ഷകരെ യഥാസമയം തപാൽ വഴി അറിയിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു ഫീസും ഈടാക്കാതെ മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകുന്നു. ഇത്തരം ക്യാമ്പിൽ പങ്കെടുക്കുന്ന വിഭിന്നശേഷിയുളളവർക്കും കൂടെവരുന്നയാൾക്കും സൗജന്യമായി ഭക്ഷണവും നൽകും. 2009 ഡിസംബർ മുതൽ കേരള സാമൂഹികസുരക്ഷാമിഷൻ സംഘടിപ്പിച്ച ഇത്തരം ക്യാമ്പുകളിലൂടെ 3,00,000 പേർക്ക് ഈ രേഖകൾ നൽകിയിട്ടുണ്ട്.
മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർക്ക് ക്യാമ്പിൽ ഹാജരാകാതെ ചുവടെ പറയുന്ന രേഖകൾ സഹിതം നിശ്ചിതഫോറത്തിൽ അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർക്കു നൽകി തിരിച്ചറിയൽ കാർഡ് സ്വന്തമാക്കാം.
- 1.
- മെഡിക്കൽ സർട്ടിഫിക്കറ്റ് (ഒറിജിനൽ)/അറ്റസ്റ്റഡ് കോപ്പി
- 2.
- പാസ്‌പോർട്ട് സൈസ് ഫോട്ടോ - 1
- 3.
- റേഷൻകാർഡിന്റെ കോപ്പി
- 4.
- ഒരു വെള്ളക്കടലാസിൽ വിരലടയാളം
28.10അംഗപരിമിതർക്കുള്ള വിവാഹധനസഹായം
അംഗപരിമിതരായ പെൺകുട്ടികൾക്കും അംഗപരിമിതരുടെ പെൺമക്കൾക്കും 30,000 രൂപ വിവാഹധനസഹായം നല്കുന്ന പദ്ധതി. ധനസഹായത്തിനുള്ള വരുമാനപരിധി 36,000 രൂപയാണ്.
28.11എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസപദ്ധതികൾ
28.11.1സ്നേഹസാന്ത്വനം പദ്ധതി
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 4,738 പേർക്ക് പ്രതിമാസം പെൻഷൻ നൽകുന്നു. ദീർഘകാലചികിത്സ ആവശ്യമുളള രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടിൽ കഴിയുന്നവരുമായവരിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽനിന്നു വികലാംഗപെൻഷൻ ലഭിക്കുന്നവർക്ക് 1,700 രൂപയും പെൻഷൻ ലഭിക്കാത്തവർക്ക് 2,200 രൂപയും എൻഡോസൾഫാൻ ദുരിതബാധിതരായ മറ്റു രോഗികൾക്ക് 1,200 രൂപ വീതവും പ്രതിമാസധനസഹായം നൽകിവരുന്നു. സ്നേഹസാന്ത്വനം പദ്ധതിയിലൂടെ പ്രതിമാസം 65 ലക്ഷത്തോളം രൂപ സുരക്ഷാമിഷൻ നൽകുന്നു.
28.11.2എൻഡോസൾഫാൻ ദുരിതബാധിതകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസധനസഹായം
എൻഡോസൾഫാൻ ദുരിതബാധിതകുടുംബങ്ങളിലെ 1 മുതൽ +2 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചുവടെ പറയുന്ന നിരക്കിൽ വിദ്യാഭ്യാസധനസഹായം അനുവദിച്ചുവരുന്നു.
- 1.
- ബഡ്‌സ് സ്‌കൂളിൽ പഠിക്കുന്നവർക്ക്: 2000 രൂപ
- 2.
- 1 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക്: 2000 രൂപ
- 3.
- 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക്: 3000 രൂപ
- 4.
- +1, +2 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക്: 4000 രൂപ
28.11.3സ്പെഷ്യൽ ആശ്വാസകിരണം
എൻഡോസൾഫാൻ ദുരിതബാധിതരായി കിടപ്പിലായവരെയും കടുത്ത ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നതിനാൽ ഒരു മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവരെയും പരിചരിക്കുന്നവർക്ക് സ്പെഷ്യൽ ആശ്വാസകിരണം പദ്ധതിപ്രകാരം 700 രൂപ നിരക്കിൽ പ്രതിമാസധനസഹായം അനുവദിച്ചുവരുന്നു.
28.12സ്റ്റേറ്റ് ഇനീഷിയേറ്റീവ് ഓൺ ഡിസെബിലിറ്റീസ്
വൈകല്യം തടയൽ, പ്രാരംഭനിർണ്ണയം, പ്രാരംഭയിടപെടൽ, വിദ്യാഭ്യാസം, തൊഴിൽ, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി സർക്കാർ പ്രത്യേക താൽപര്യമെടുത്തു തുടങ്ങിയ പരിപാടി. വൈകല്യപ്രതിരോധപരിപാടിയുടെ ഭാഗമായി ജന്മനായുള്ള വൈകല്യം തടയുന്നതിനു സൗജന്യമായി കുട്ടികൾക്ക് MMR കുത്തിവയ്പും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് റുബെല്ലാ കുത്തിവയ്പും നൽകുന്നു. കൂടാതെ കേരളത്തിലെ 14 ജില്ലകളിലും കുട്ടികളിലെ വളർച്ചക്കുറവ് നേരത്തേ കണ്ടുപിടിച്ച് യഥാസമയം ഇടപെടൽ നടത്തുന്നതിനുള്ള ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം (DEIC — District Early Intervention Centre) തുടങ്ങാനുളള നടപടികൾ പൂർത്തിയായിവരുന്നു. വളർച്ചാവൈകല്യങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ എല്ലാ അങ്കണവാടിപ്രവർത്തകർക്കും പരിശീലനം നൽകാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു.
28.13സമാശ്വാസം പദ്ധതി I
വൃക്കയ്ക്കു തകരാർ സംഭവിച്ചു മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന രോഗികൾക്കു പ്രതിമാസധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്.
അനുവദിക്കുന്ന ധനസഹായം:പ്രതിമാസം 1100 രൂപ
മാനദണ്ഡങ്ങൾ:
- 1.
- ബി.പി.എൽ സർട്ടിഫിക്കറ്റ്/ബി.പി.എൽ റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- 2.
- രോഗി മാസത്തിൽ ഒരു തവണയെങ്കിലും ഡയാലിസിസിനു വിധേയമാകുന്നുവെന്നുള്ള സർക്കാർ/സ്വകാര്യാശുപത്രിയിലെ വൃക്കരോഗവിദഗ്ദ്ധർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്. ഡയാലിസിസ് ആരംഭിച്ച തീയതികൂടി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം.
- 3.
- അപേക്ഷകരുടെ പേരിൽ നാഷണലൈസ്ഡ് ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് അപേക്ഷയോടൊപ്പം ചേർക്കണം.
- 4.
- ആധാർ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണം. അപേക്ഷാഫോം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുകൾ, പഞ്ചായത്തോഫീസുകൾ, കോർപ്പറേഷൻ, മുനിസിപ്പൽ ഓഫീസുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽനിന്നും സാമൂഹികസുരക്ഷാമിഷൻ വെബ്‌സൈറ്റിലും ഓഫീസിലുംനിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ശിശുവികസനപദ്ധതി ഓഫീസർക്കു നൽകണം. ശിശുവികസനപദ്ധതിയോഫീസർ അന്വേഷണം നടത്തി ശുപാർശസഹിതം അപേക്ഷ കേരള സാമൂഹികസുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകും.
28.14സമാശ്വാസം പദ്ധതി II
വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു വർഷംവരെ ധനസഹായം. ഒരുലക്ഷം രൂപവരെ കുടുംബവാർഷികവരുമാനമുള്ളവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അനുവദിക്കുന്ന ധനസഹായം:പ്രതിമാസം 1000 രൂപ
വേണ്ട രേഖകൾ:
- 1.
- വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായി തുടർചികിത്സ നടത്തുന്നയാളാണെന്നു വൃക്ക/കരൾ രോഗവിദഗ്ദ്ധർ നൽകുന്ന സർട്ടിഫിക്കറ്റ്.
- 2.
- വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ബന്ധപ്പെട്ട ആശുപത്രികൾ നൽകുന്ന ഡിസ്ചാർജ് ഷീറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- 3.
- കുടുംബവാർഷികവരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്.
- 4.
- അപേക്ഷകരുടെ പേരിൽ ആരംഭിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ പാസ്സ്ബുക്കിന്റെ പകർപ്പ്.
അപേക്ഷാഫോം:ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകൾ, പഞ്ചായത്താഫീസുകൾ, കോർപ്പറേഷൻ - മുനിസിപ്പൽ ഓഫീസുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽനിന്നും സാമൂഹികസുരക്ഷാമിഷൻ വെബ്‌സൈറ്റിലും ഓഫീസിലും നിന്നും ലഭ്യമാണ്.
അപേക്ഷിക്കേണ്ട വിധം:മുഴുവൻ രേഖകൾ സഹിതം അപേക്ഷ ബന്ധപ്പെട്ട ശിശുവികസനപദ്ധതി ഓഫീസർക്കു നൽകണം. ശിശുവികസനപദ്ധതി ഓഫീസർ അന്വേഷണം നടത്തി ശുപാർശസഹിതം അപേക്ഷ കേരള സാമൂഹികസുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്കു നൽകും.
28.15സമാശ്വാസം പദ്ധതി III
രക്തം കട്ടപിടിക്കാൻ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളായ 8, 9, 11, 13 എന്നിവയുടെ കുറവുമൂലം ഹീമോഫീലിയായും അനുബന്ധരോഗങ്ങളും ബാധിച്ചവർക്ക് വരുമാനപരിധി ബാധകമാക്കാതെ പ്രതിമാസം 1000 രൂപ ധനസഹായം അനുവദിക്കുന്നു.
വേണ്ട രേഖകൾ:ഹീമോഫീലിയരോഗിയാണെന്ന് ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിലെയോ ആലുവ ജില്ലാ ആശുപത്രിയിലെയോ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിലെയോ മെഡിസിൻ, പീഡിയാട്രിക്, ഹെമറ്റോളജി വിഭാഗങ്ങളിലെ ഏതെങ്കിലും ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സർട്ടിഫിക്കറ്റിൽ വകുപ്പുതലവനോ ആശുപത്രിസൂപ്രണ്ടോ മേലൊപ്പിട്ടിരിക്കണം.
ദേശസാത്കൃതബാങ്കിൽ ഉള്ള അക്കൗണ്ടിന്റെ പാസ്സ് ബുക്കിന്റെ വ്യക്തിവിവരങ്ങളുള്ള താളിന്റെ പകർപ്പ് നൽകണം. നിശ്ചിതഫോറത്തിൽ അപേക്ഷ ആവശ്യമായ രേഖകൾ സഹിതം കേരള സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് അയയ്ക്കണം.
അപേക്ഷാഫോം:സാമൂഹികസുരക്ഷാമിഷന്റെ വെബ്‌സൈറ്റിലും ഓഫീസിലും ലഭ്യമാണ്.
28.16സമാശ്വാസം പദ്ധതി IV
സംസ്ഥാനത്തെ അരിവാൾ രോഗം ബാധിച്ച പട്ടികവർഗ്ഗക്കാരല്ലാത്ത രോഗികളാണ് പദ്ധതി ഗുണഭോക്താക്കൾ.
അർഹത:
- 1.
- സംസ്ഥാനത്ത് പട്ടികവർഗ്ഗത്തിൽപ്പെടാത്ത, പൊതുവിഭാഗത്തിൽപ്പെട്ട, ദാരിദ്ര്യരേഖയ്ക്കു താഴെയുളള കുടുംബങ്ങളിലെ അരിവാൾരോഗം ബാധിച്ചവരാണ് ഗുണഭോക്താക്കൾ.
- 2.
- അപേക്ഷകർ അരിവാൾരോഗം (HBSS) ബാധിച്ചവരോ എച്ഛ്‌ബിഎസ് കോംബിനേഷൻ ബാധിച്ചവരോ ആണെന്ന് HPLC (High Performing Liquid Chromatography) വഴി കണ്ടെത്തിയവരായിരിക്കണം. കോഴിക്കോട് മെഡിക്കൽ കോളെജ് പത്തോളജി വിഭാഗത്തിൽനിന്നു നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകണം.
- 3.
- ജീൻഭേദമുണ്ടെങ്കിലും അരിവാൾരോഗം പ്രകടമല്ലാത്തവർക്ക് (HBAS – Sickle cell trait cases) ചികിത്സ ആവശ്യമില്ല. അതിനാൽ അത്തരം കേസുകളെ ഈ പദ്ധതിയിൽ പരിഗണിക്കില്ല.
അനുവദിക്കുന്ന ധനസഹായം:പ്രതിമാസം 2000 രൂപ
അപേക്ഷിക്കേണ്ട വിധവും വിലാസവും:
നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ വേണ്ടരേഖകൾ സഹിതം സാമൂഹികസുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർക്കു നൽകണം.
വേണ്ട രേഖകൾ:
- 1.
- കോഴിക്കോട് മെഡിക്കൽ കോളെജ് പത്തോളജി വിഭാഗം മേധാവിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഡോക്ടറുടെയോ സർട്ടിഫിക്കറ്റ്.
- 2.
- വില്ലേജ് ഓഫീസർ നൽകുന്ന ജാതിസർട്ടിഫിക്കറ്റ്.
- 3.
- ബി.പി.എൽ റേഷൻകാർഡിന്റെ ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത കോപ്പി.
- 4.
- അപേക്ഷകരുടെ പേരിൽ കോർ ബാങ്കിംഗ് സൗകര്യമുളള ദേശസാൽകേതബാങ്കിലുള്ള അക്കൗണ്ടിന്റെ പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പർ, മേൽവിലാസം എന്നിവ ഉള്ള പേജിന്റെ പകർപ്പ്.
- 5.
- അപേക്ഷിച്ചയാളിന്റെ ആധാറിന്റെ പകർപ്പ്.
അപേക്ഷ ലഭിക്കുന്ന സ്ഥലങ്ങൾ:
സാമൂഹികസുരക്ഷാമിഷന്റെ ഓഫീസ്, മിഷന്റെ വെബ്‌സൈറ്റ്, മിഷന്റെ വയോമിത്രം പ്രോജക്ട് ഓഫീസുകൾ, ജില്ലാ സാമൂഹികനീതി ഓഫീസുകൾ
28.17കാരുണ്യ ഡെപ്പോസിറ്റ് സ്കീം
ഒരുലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്ന വ്യക്തിക്ക് ഒരു വർഷത്തിനുശേഷം നിക്ഷേപിച്ച തുക തിരിച്ചു നൽകുകയും ആ തുകയിൽനിന്നു ലഭിക്കുന്ന പലിശയും സാമൂഹികസുരക്ഷാമിഷന്റെ ഫണ്ടിൽനിന്നു തത്തുല്യതുകയും ചേർത്ത് മാനസികവെല്ലുവിളി നേരിടുന്ന ഒരു കുട്ടിക്കു നൽകുകയും ചെയ്യുന്ന പദ്ധതി. ഗുണഭോക്താവിനെ തെരഞ്ഞെടുക്കാൻ നിക്ഷേപകർക്കു സ്വാതന്ത്ര്യമുണ്ട്.
28.18വി-കെയർ (WE-CARE)
കേരളത്തിലെ സഹായമർഹിക്കുന്ന ആബാലവൃദ്ധം ജനങ്ങൾക്കും ഒരു കൈത്താങ്ങ് എന്ന നിലയിൽ പ്രവർത്തിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കരുതലും സഹായവും നൽകുന്നതിനുമായി സാമൂഹികനീതിവകുപ്പ് കേരള സാമൂഹികസുരക്ഷാമിഷനിലൂടെ വി-കെയർ എന്ന പുതിയ സംരംഭത്തിനു തുടക്കം കുറിച്ചു. വ്യക്തികൾ, സന്നദ്ധസംഘടനകൾ, ഫൗണ്ടേഷനുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, എന്നിവയിൽനിന്നു ജീവകാരുണ്യപ്രവർത്തനങ്ങൾക്കായുള്ള വിഭവസമാഹരണം നടത്തുകയും ആ തുക ഉപയോഗിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയാണു ലക്ഷ്യം.
28.19‘സ്ത്രീശക്തി’ വികസന സുരക്ഷാ പദ്ധതി
സംസ്ഥാനത്തെ സ്ത്രീകളുടെ തൊഴിലും സുരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കാർ ധനവകുപ്പിന്റെ നിർദ്ദേശപ്രകാരം ഭാഗ്യനിധി ലോട്ടറിയിലൂടെ ഫണ്ടു സമാഹരിക്കുന്നു. ഈ ഫണ്ട് ഉപയോഗിച്ച് 2017-18 വർഷം കേരള സാമൂഹികസുരക്ഷാമിഷൻ വിവിധ സ്ത്രീശാക്തീകരണപദ്ധതികൾ നടപ്പാക്കുകയാണ്. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം ഉയർത്തൽ, സ്ത്രീപുനരധിവാസപദ്ധതികളുടെ നവീകരണം, ബി.പി.എൽ. വിഭാഗം പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനു പ്രത്യേക സാമ്പത്തികസഹായം, ശാരീരികവെല്ലുവിളി നേരിടുന്ന സ്ത്രീകൾക്ക് അതിജീവനസഹായോപകരണങ്ങൾ, ദരിദ്രകുടുംബങ്ങളിലെ സ്ത്രീകൾക്കു ‘ട്രഷറി കെയർ’ ചികിത്സയ്ക്കുള്ള സഹായം, സ്ത്രീകളുടെ സ്വയംരക്ഷാരീതികൾ പരിശീലിക്കുന്നതിനുള്ള പരിപാടികൾ, സ്ത്രീകൾ ഗൃഹനാഥരായുള്ള, പ്രായപൂർത്തിയായ ആൺകുട്ടികൾ ഇല്ലാത്ത കുടുംബങ്ങൾക്ക് ഇൻഷുറൻസ്, പ്രായമായ സ്ത്രീകൾക്കു പ്രത്യേക പദ്ധതികൾ, മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്കു പുനരധിവാസ കേന്ദ്രം, സ്ത്രീകൾ ഗൃഹനാഥരായുള്ള കുടുംബങ്ങൾക്കു പ്രത്യേക ഭവനപദ്ധതി എന്നിങ്ങനെയുള്ള സ്ത്രീശാക്തീകരണപദ്ധതികളാണ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്.
28.20സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസധനസഹായം
28.20.1:ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനധനസഹായം നൽകുന്നപദ്ധതി. ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്കും ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സിലുള്ള കുട്ടികൾക്കും 300രൂപ വീതവും 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് 500 രൂപ വീതവും പ്ലസ് വൺ, പ്ലസ് ടൂ ക്ലാസ്സുകാർക്ക് 750 രൂപ വീതവും സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലെ ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾക്കു പഠിക്കുന്ന കുട്ടികൾക്ക് 1,000 രൂപ വീതവും ധനസഹായം ലഭിക്കുന്നു. [സ.ഉ (സാധാ) നം.322/2014/സാ.നീവ തീ: 08.05.2014], [സ.ഉ (സാധാ)നം. 524/15/സാ.നി.വ തീയതി 18.08.15].
28.20.2:ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള വിഭാഗത്തിൽ എച്ച്.ഐ.വി, എയ്ഡ്‌സ് ബാധിതർ, സാമൂഹികമായ വിവേചനം അനുഭവിക്കുന്നവർ, യുദ്ധത്തിൽ മരിച്ച ജവാന്റെ വിധവകൾ എന്നിവർ ഗൃഹനാഥകളായ കുടുംബങ്ങളിലെ കുട്ടികൾക്കും വിദ്യാഭ്യാസധനസഹായത്തിന് അർഹതയുണ്ട്. [സ.ഉ (സാധാ) നം.04/2010/സാ.ക്ഷേ.വ തീയതി 04.01.2010].
28.21വൃദ്ധജനങ്ങൾക്കുള്ള പദ്ധതികൾ
വൃദ്ധജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും മാനസികോല്ലാസത്തിനും വൈദ്യസഹായത്തിനും ആവശ്യമായ സൗകര്യങ്ങൾ നൽകി ഇത്തരം ആളുകളെ ഉത്പാദനപരവും ക്രിയാത്മകവുമായ വാർദ്ധക്യത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണു്. വൃദ്ധജനങ്ങൾക്കുള്ള സംയോജിത സംരക്ഷണപദ്ധതി ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, സർക്കാർസ്ഥാപനങ്ങൾ എന്നിവയ്ക്ക് കേന്ദ്രസർക്കാർ ധനസഹായം നൽകുന്നുണ്ട്.
- 1.
- വൃദ്ധസദനങ്ങളുടെ നടത്തിപ്പ്
- 2.
- ആശ്വാസകേന്ദ്രങ്ങളുടേയും തുടർസംരക്ഷണകേന്ദ്രങ്ങളുടേയും നടത്തിപ്പ്
- 3.
- വൃദ്ധർക്കായി വിവിധ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ നടത്തുന്ന പദ്ധതി (റണ്ണിംഗ് മൾട്ടി സർവ്വീസ് സെന്റേഴ്‌സ് ഫോർ ഓൾഡർ പേഴ്‌സൺസ്)
- 4.
- മെഡിക്കൽ കെയർ യൂണിറ്റ് നടത്തുന്നതിനുള്ള സഹായപദ്ധതി (മെയിന്റനൻസ് ഓഫ് മൊബൈൽ കെയർ യൂണിറ്റ്)
- 5.
- സ്മൃതിനാശം ബാധിച്ച വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന പകൽപരിപാലന കേന്ദ്രങ്ങൾക്കുളള ധനസഹായപദ്ധതി (റണ്ണിംഗ് ഡേ കെയർ സെന്റർ ഫോർ അൾഷിമേഴ്‌സ് ഡിസീസ്/ഡിമൻഷ്യാ പേഷ്യന്റ്സ്)
- 6.
- ഫിസിയോ തെറാപ്പി ക്ലിനിക്കുകൾക്കുള്ള ധനസഹായം
- 7.
- വൃദ്ധജനങ്ങൾക്കു ശാരീരിക, മാനസിക ആരോഗ്യസംരക്ഷണപദ്ധതി (മെഡിക്കൽ ഹെൽത്ത് കെയർ ആൻഡ് സ്‌പെഷ്യലൈസ്ഡ് കെയർ ഫോർ ഓൾഡർ പേഴ്‌സൺസ്)
- 8.
- വൃദ്ധജനങ്ങൾക്കുള്ള കൗൺസിലിംഗ്, ഹെൽപ്പ്‌ലൈൻ എന്നിവ നടത്തുന്നതിനുള്ള ധനസഹായം
- 9.
- സ്‌കൂൾ, കോളെജ് വിദ്യാർത്ഥികൾക്കുളള അവബോധം
- 10.
- മേഖലാടിസ്ഥാനത്തിലുള്ള പരിശീലനകേന്ദ്രങ്ങൾക്കുള്ള ധനസഹായം
- 11.
- വൃദ്ധജനങ്ങൾക്കു സംരക്ഷണം നൽകുന്നവർക്കുളള പരിശീലനപരിപാടികൾക്കു നൽകുന്ന ധനസഹായം
- 12.
- വയോജനങ്ങൾക്കുള്ള ബോധവൽക്കരണപരിപാടികൾ നടത്തുന്നതിനുള്ള ധനസഹായം
28.22ഓർഫനേജ് കൺട്രോൾ ബോർഡ്
28.22.1അനാഥ അഗതികളെ സംരക്ഷിക്കുന്ന ക്ഷേമസ്ഥാപനങ്ങൾക്കുളള ധനസഹായം
ലഭിക്കുന്ന സേവനം:ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ സന്നദ്ധസംഘടനകൾ നടത്തുന്ന ക്ഷേമസ്ഥാപനങ്ങൾക്ക് സർക്കാരനുമതിയോടെ ഗ്രാന്റ് നൽകുന്നു. ഒരു അന്തേവാസിക്ക് പ്രതിമാസം 1,100 രൂപ എന്ന നിരക്കിൽ (2018 ഒക്ടോബർ മുതൽ ഉയർത്തിയ നിരക്ക്).
അർഹതാമാനദണ്ഡം:
- 1.
- ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം
- 2.
- ഗ്രാന്റ് നൽകുന്നതിനുളള സർക്കാരനുമതി
- 3.
- അനാഥ അഗതികളായിരിക്കണം താമസക്കാർ
അപേക്ഷിക്കേണ്ട വിധം:കേരള ഗ്രാന്റ് ഇൻ എയ്ഡ് റൂൾസ് ഫോർ പേയ്‌മെന്റ് ഓഫ് ബോർഡിങ് ഗ്രാന്റ് പ്രകാരമുള്ള നിശ്ചിത ഫോമിൽ അപേക്ഷ തയ്യാറാക്കി അതതു ജില്ലാ സാമൂഹികനീതി ഓഫീസിൽ നല്കണം.
സമയപരിധി:എല്ലാവർഷവും ഓഗസ്റ്റ് മാസത്തിനുളളിൽ അപേക്ഷിക്കണം.
28.22.2ക്ഷേമസ്ഥാപനങ്ങളിൽ സംരക്ഷിക്കുന്ന അഗതികളായ പെൺകുട്ടികൾക്കുളള വിവാഹധനസഹായം
ലഭിക്കുന്ന സേവനം:ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ സന്നദ്ധസംഘടനകൾ നടത്തുന്ന ക്ഷേമസ്ഥാപനങ്ങളിൽ സംരക്ഷിക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിന് 50,000 രൂപ ധനസഹായം നൽകുന്നു.
അര്‍ഹതാമാനദണ്ഡം:
- 1.
- ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം.
- 2.
- ക്ഷേമസ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്നവരാകണം.
- 3.
- അഗതികളായിരിക്കണം.
അപേക്ഷിക്കേണ്ട വിധം:സ്ഥാപനമേധാവിയുടെ അപേക്ഷ ജില്ലാ സാമൂഹികനീതി ഓഫീസർക്കു നല്കണം. അപേക്ഷയോടൊപ്പം വിവാഹക്കത്ത്, വിവാഹത്തിനു തയ്യാറാണെന്നുളള കുട്ടിയുടെ സമ്മതപത്രം, വരന്റെ വിശദവിവരം.
28.22.3ക്ഷേമസ്ഥാപനങ്ങളിൽ സംരക്ഷിക്കുന്ന കുട്ടികളുടെ ഉപരിപഠനത്തിനുളള ധനസഹായം
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ സന്നദ്ധസംഘടനകൾ നടത്തുന്ന ക്ഷേമസ്ഥാപനങ്ങളിൽ കഴിയുന്ന അഗതികളായ പ്ലസ് ടൂ പാസായ കുട്ടികളുടെ തുടർപഠനത്തിന് സാമ്പത്തികസഹായം നല്കുന്ന പദ്ധതി.
കേന്ദ്ര-സംസ്ഥാനസർക്കാരുകളോ യൂണിവേഴ്സിറ്റികളോ അംഗീകരിച്ചിട്ടുളള എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള കോളെജുകളിൽ റഗുലർ കോഴ്സുകളിലായിരിക്കണം പഠനം.
ലഭിക്കുന്ന സഹായം:കോഴ്സ് ഫീസ്, റസിഡൻഷ്യൽ അക്കോമഡേഷൻ ഫീസ്, പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയ്ക്ക് ധനസഹായം നല്കുന്നു.
ധനസഹായത്തിന് അര്‍ഹമായ കോഴ്സുകൾ:
- 1)
- കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ എൻട്രൻസ് കമ്മിഷൻ/വകുപ്പ് നടത്തുന്ന പരീക്ഷായോഗ്യത നേടി പ്രവേശനം നേടുന്ന പ്രൊഫഷണൽ കോഴ്സ്
- 2)
- കേന്ദ്ര, സംസ്ഥാന യൂണിവേഴ്സിറ്റികളുടെ അംഗീകൃതകോഴ്സുകൾ
- 3)
- കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുളള സാങ്കേതികവിദ്യാഭ്യാസ കോഴ്സുകൾ, പാരാമെഡിക്കൽ കോഴ്സുകൾ
അപേക്ഷാഫോം:സ.ഉ(എംഎസ്)നം. 32/2013/സാനീവ തീയതി 24/04/2013
അപേക്ഷിക്കേണ്ട വിധം:നിശ്ചിത മാതൃകയിലുളള അപേക്ഷയിൽ പറഞ്ഞിരിക്കുന്ന രേഖകൾ സഹിതം ജില്ലാ സാമൂഹികനീതി ഓഫീസർക്ക് സ്ഥാപനമേധാവി നല്കണം.
അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലാ സാമൂഹികനീതി ഓഫീസ്
സമയപരിധി:ഇല്ല
ജില്ലാ സമൂഹ്യനീതി വകുപ്പ് ഓഫീസുകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, കൊല്ലം 0474 2790971
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, പത്തനംതിട്ട 0468 2325168
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, ആലപ്പുഴ 0477 2253870
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, കോട്ടയം 0481 2563980
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, ഇടുക്കി 0486 2228160
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, എറണാകുളം 0484 2425377
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, തൃശ്ശൂർ 0487 2321702
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, പാലക്കാട് 0491 2505791
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, മലപ്പുറം 0483 2735324
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, കോഴിക്കോട് 0495 2371911
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, വയനാട് 0493 6205307
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, കണ്ണൂർ 0497 2712255
ഈ കണ്ണിയിൽ അമർത്തുക.
ജില്ലാ സാമൂഹികനീതി ഓഫീസ്, കാസർഗോഡ് 0499 4255074
ഈ കണ്ണിയിൽ അമർത്തുക.
28.22.4ക്ഷേമസ്ഥാപനങ്ങളിൽ സംരക്ഷിക്കുന്ന കുട്ടികൾക്ക് ഉപരിപഠനത്തിനു സർക്കാർ സഹായം
- 1.
- എസ് എസ് എൽ സി പാസാകുന്ന എല്ലാ കുട്ടികൾക്കും ഹയർ സെക്കൻഡറിക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിക്കും പ്രവേശനം.
- 2.
- താഴെ പറയുന്ന കോഴ്സുകളിൽ
സംവരണം:-
- കേരളത്തിലെ ഐ.റ്റി.ഐ./ഐ.റ്റി.സി. എന്നിവിടങ്ങളിൽ 5 സീറ്റുവീതം
- ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിപ്ലോമ, ഓട്ടോ മൊബൈൽ എഞ്ചിനിയറിങ് ഡിപ്ലോമ, പ്രിന്റിങ് ടെക്‌നോളജി ഡിപ്ലോമ, സിവിൽ - ഇലക്ട്രിക്കൽ - മെക്കാനിക്കൽ ഡിപ്ലോമ എന്നിവയ്ക്ക് ഓരോ സീറ്റുവീതം.
- ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിന് 3% സീറ്റ്
- ഡിഫാം കോഴ്സിന് 4 സീറ്റ് (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലെ ഗവൺമെന്റ് ഫാർമസി കോളെജുകളിൽ ഓരോ സീറ്റ് വീതം)
- ഡിഎംഎല്‍ടി (എം.എൽ) കോഴ്സിന് 2 സീറ്റ് (തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഗവൺമെന്റ് മെഡിക്കൽ കോളെജുകളിൽ ഓരോ സീറ്റുവീതം)
- ഡി.ആർ.റ്റി. (ആർ.റ്റി.) കോഴ്സിന് ഒരു സീറ്റ് (കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളെജിൽ)
- ഡോട്ട് (ഒ.റ്റി.) കോഴ്സിന് ഒരു സീറ്റ് (തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളെജിൽ)
- ഡി.എച്ച്.ഐ. (എച്ച്.ഐ.) കോഴ്സിന് 4 സീറ്റ് (തിരുവനന്തപുരം, PHTSൽ 3 സീറ്റ്, പാലക്കാട് ഗവൺമെന്റ് പാരമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു സീറ്റ് - പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന്)
- കോഴിക്കോട് മെഡിക്കൽ കോളെജിൽ ഫാർമസി കോഴ്സ് ട്രെയിനിങ്ങിന് 10% സീറ്റ്.
മറ്റു സേവനങ്ങൾ:
- 1.
- ഗാർഹികനിരക്കിൽ കുടിവെളളം.
- 2.
- കുറഞ്ഞ താരിഫിൽ ഉൾപ്പെടുത്തി വൈദ്യുതി.
- 3.
- കെട്ടിടനികുതിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു.
- 4.
- ക്ഷേമസ്ഥാപനത്തിൽ വളർന്ന കുട്ടിയാണെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേരു രജിസറ്റർ ചെയ്യുമ്പോൾ ക്ഷേമസ്ഥാപനത്തിലെ അന്തേവാസിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇന്റർവ്യൂവിനു മുൻഗണന.
- 5.
- പി.എസ്.സി.യിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ ക്ഷേമസ്ഥാപനത്തിലെ അന്തേവാസിയാണെന്നുളള സർട്ടിഫിക്കറ്റ് രേഖപ്പെടുത്തിയാൽ അപേക്ഷ നല്കാനുളള പ്രായപരിധിയിൽ ജാതി, മത വ്യത്യാസമില്ലാതെ 10 വർഷത്തെ വയസ്സിളവ്.
28.23ട്രാന്‍സ്ജെന്‍ഡർ വിഭാഗത്തിനുള്ള പദ്ധതികൾ
28.23.1ട്രാന്‍സ്ജെന്‍ഡർ സ്കോളര്‍ഷിപ്പ്
ലഭിക്കുന്ന സഹായം:സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപയും ഹയര്‍സെക്കന്‍ഡറി സ്കൂൾ വിദ്യാര്‍ത്ഥികൾക്കു പ്രതിമാസം 1500 രൂപയും കോളെജ് വിദ്യാര്‍ത്ഥികൾക്കു പ്രതിമാസം 2000 രൂപയും സ്കോളര്‍ഷിപ്പ് ലഭിക്കുന്നു.
അര്‍ഹതാമാനദണ്ഡം:അപേക്ഷയിലെ
എല്ലാ കോളവും പൂര്‍ണ്ണമായും പൂരിപ്പിച്ചിരിക്കണം.
അപേക്ഷയിൽ സ്കൂളിന്റെ പേരും
സ്വഭാവവും പൂര്‍ണ്ണമായും നല്കിയിരിക്കണം. ചുരുക്കപ്പേർ
നല്കിയ അപേക്ഷകൾ പരിഗണിക്കില്ല.
അപേക്ഷാഫോം:ഈ കണ്ണിയിൽ അമർത്തുക.എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷിക്കേണ്ട വിധം:സാമൂഹികനീതിവകുപ്പു ഡയറക്ടറേറ്റിൽ നേരിട്ടു നല്കണം.
വേണ്ട രേഖകൾ:അപേക്ഷകർ ട്രാന്‍സ്ജെന്‍ഡർ വ്യക്തിയാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്/വകുപ്പു നല്കുന്ന തിരിച്ചറിയൽ കാര്‍ഡ്; സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ എന്ന് അപേക്ഷയുടെ കവറിൽ എഴുതണം. ജില്ലയുടെ പേര്, അപേക്ഷകയുടെ/ന്റെ പേര്, മേല്‍വിലാസം എന്നിവയും വ്യക്തമായി രേഖപ്പെടുത്തണം.
28.23.2ട്രാന്‍സ്ജെന്‍ഡർ വിദ്യാര്‍ത്ഥികൾക്കു ഹോസ്റ്റൽ/താമസസൗകര്യത്തിനു ധനസഹായം
ലഭിക്കുന്ന സഹായം:അര്‍ഹരായ വിദ്യാര്‍ത്ഥികൾക്കു പ്രതിമാസം 4000 രൂപ
അപേക്ഷിക്കേണ്ട വിധം:അപേക്ഷ പൂര്‍ണ്ണമായും പൂരിപ്പിക്കണം. സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ട് നല്‍കാം.
അപേക്ഷാഫോം:ഈ കണ്ണിയിൽ അമർത്തുക.എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വേണ്ട രേഖകൾ:അപേക്ഷകർ ട്രാന്‍സ്ജെന്‍ഡർ വ്യക്തിയാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്/വകുപ്പു നല്കുന്ന തിരിച്ചറിയൽ കാര്‍ഡ്. (സര്‍ട്ടിഫിക്കറ്റിൽ വിദ്യാഭ്യാസസ്ഥാപനത്തിന്റെ മേലധികാരി കൗണ്ടർ സൈൻ ചെയ്തിരിക്കണം). വിദ്യാഭ്യാസസ്ഥാപനത്തിൽനിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ജെന്‍ഡർ ജസ്റ്റിസ് ബോര്‍ഡിന്റെ/ജില്ലാ സാമൂഹികനീതി ഓഫീസറുടെ സാക്ഷ്യപത്രം, ഹോസ്റ്റൽ അധികാരികൾ/കെട്ടിട ഉടമയുടെ സാക്ഷ്യപത്രം. ബാങ്ക് പാസ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്.
അപേക്ഷിക്കേണ്ട വിലാസം:സംസ്ഥാന ട്രാൻസ്ജെൻഡർ സെൽ, സാമൂഹികനീതി ഡയറക്ടേററ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം 695033.
28.23.3ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള ധനസഹായം
ലഭിക്കുന്ന സഹായം:ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായം.
അർഹത:ലിംഗമാറ്റത്തിനായുളള ആദ്യഘട്ടശസ്ത്രക്രിയയോ എല്ലാ ഘട്ടങ്ങളുമോ പൂര്‍ത്തീകരിച്ചവർക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
അപേക്ഷിക്കേണ്ട വിധം:അപേക്ഷ സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കും.
അപേക്ഷാഫോം:ഈ കണ്ണിയിൽ അമർത്തുക.എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വേണ്ട രേഖകൾ:വകുപ്പു നല്കുന്ന റ്റി.ജി.ഐ.ഡി. കാര്‍ഡ്, മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ (വോട്ടേഴ്സ് ഐഡി/ആധാർ) എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ. ലിംഗമാറ്റശസ്ത്രക്രിയയുടെ ചികിത്സാറിപ്പോര്‍ട്ട്, ഡോക്ടറുടെ സാക്ഷ്യപത്രം, ചെലവായ തുകയുടെ ബില്ലുകളുടെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജിന്റെ പകര്‍പ്പ് മുതലായവ.
അപേക്ഷിക്കേണ്ട വിലാസം:സംസ്ഥാന ട്രാന്‍സ്ജെന്‍ഡർ സെൽ, സാമൂഹികനീതി ഡയറക്ടേററ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം 695033.
28.23.4എസ്.ആർ.എസ്. കഴിഞ്ഞ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കു പോഷകാഹാരത്തിനും തുടര്‍ചികിത്സയ്ക്കും ധനസഹായം.
ലഭിക്കുന്ന സഹായം:ആരോഗ്യപരിപാലനത്തിനായി പ്രതിമാസം 3000 രൂപ.
അര്‍ഹാതാമാനദണ്ഡം:ലിംഗമാറ്റത്തിനായുളള ആദ്യഘട്ടശസ്ത്രക്രിയയോ എല്ലാ ഘട്ടങ്ങളുമോ പൂർത്തീകരിച്ചവർക്കു് അപേക്ഷിക്കാം. പ്രായ പരിധി 18–40 വയസ്സ്.
അപേക്ഷിക്കേണ്ട വിധം:അപേക്ഷ സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടു നല്കാം.
അപേക്ഷാഫോം:ഈ കണ്ണിയിൽ അമർത്തുക.എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വേണ്ട രേഖകൾ:വകുപ്പു നല്കുന്ന റ്റി.ജി.ഐ.ഡി. കാര്‍ഡ്, മേൽവിലാസം, പ്രായം ഇവ തെളിയിക്കുന്ന രേഖ (വോട്ടേഴ്സ് ഐ.ഡി/ആധാർ) എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, ലിംഗമാറ്റശസ്ത്രക്രിയയുടെ ചികിത്സാറിപ്പോര്‍ട്ട്, ശസ്ത്രക്രിയാതീയതി വ്യക്തമാക്കിയിട്ടുള്ള ഡോക്ടറുടെ സാക്ഷ്യപത്രം, ചെലവായ തുകയുടെ ബില്ലുകളുടെ പകര്‍പ്പുകൾ, ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജിന്റെ പകര്‍പ്പ്, അപേക്ഷകയുടെ/ന്റെ ഡിക്ലറേഷൻ.
അപേക്ഷിക്കേണ്ട വിലാസം:സംസ്ഥാന ട്രാന്‍സ്ജെന്‍ഡർ സെൽ, സാമൂഹികനീതി ഡയറക്ടേററ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം 695033.
28.23.5ട്രാന്‍സ്ജെന്‍ഡർ ദമ്പതികൾക്കു വിവാഹധനസഹായം
ലഭിക്കുന്ന സഹായം:30,000 രൂപ
അര്‍ഹത:അപേക്ഷകരിൽ ഒരാൾ ട്രാന്‍സ്ജെന്‍ഡർ ആണെങ്കിലും അര്‍ഹത ഉണ്ട്.
അപേക്ഷിക്കേണ്ട വിധം:അപേക്ഷ സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കും. വിവാഹം കഴിഞ്ഞ് 6 മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ നല്കണം.
അപേക്ഷിക്കേണ്ട വിലാസം:സംസ്ഥാന ട്രാന്‍സ്ജെന്‍ഡർ സെൽ, സാമൂഹികനീതി ഡയറക്ടേററ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം 695033.
28.23.6സ്വയംതൊഴിൽ ധനസഹായം
സഹായം:തൊഴിൽസംരംഭം തുടങ്ങാൻ വ്യക്തിക്ക് 50,000 രൂപ
അപേക്ഷിക്കേണ്ട വിധം:അപേക്ഷ സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടു നല്കാം.
അപേക്ഷാഫോം:ഈ കണ്ണിയിൽ അമർത്തുക.എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വേണ്ടരേഖകൾ:ചെയ്യാനുദ്ദേശിക്കുന്ന സ്വയംതൊഴിലിന്റെ വിശദമായ പ്രോജക്ട് പ്രൊപ്പോസൽ, മേല്‍വിലാസം തെളിയിക്കുന്ന രേഖ (ഇലക്‌ഷൻ ഐ.ഡി, ആധാർ, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, അംഗത്വനമ്പർ സഹിതം സി.ബി.ഒയുടെ അംഗത്വം തെളിയിക്കുന്ന രേഖ ഇവയിലൊന്ന്), ബാങ്കിന്റെ പേര്, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ് എന്നിവയുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ മുൻപേജിന്റെ പകര്‍പ്പ്. ട്രാന്‍സ്ജെന്‍ഡർ ഐ.ഡി കാര്‍ഡ് നിര്‍ബന്ധം.
അപേക്ഷിക്കേണ്ട വിലാസം:സംസ്ഥാന ട്രാന്‍സ്ജെന്‍ഡർ സെൽ, സാമൂഹികനീതി ഡയറക്ടേററ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം 695033.
28.23.7വനിതാവികസനകോര്‍പ്പറേഷൻ വഴി സ്വയംതൊഴിൽ വായ്പ
ലഭിക്കുന്ന സഹായം:സംരംഭകര്‍ക്കോ സംരംഭത്തിനോ 3 ലക്ഷം രൂപവരെ വായ്പ.
അപേക്ഷിക്കേണ്ട വിധം:അപേക്ഷ ഡയറക്ടറേറ്റിൽ നേരിട്ടു നല്കാം.
അപേക്ഷിക്കേണ്ട വിലാസം:സംസ്ഥാന ട്രാന്‍സ്ജെന്‍ഡർ സെൽ, സാമൂഹികനീതി ഡയറക്ടേററ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം 695033.
28.24മറ്റുവിഭാഗങ്ങൾക്കുള്ള പദ്ധതികൾ
28.24.1തടവുകാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസധനസഹായം
സ്ത്രീത്തടവുകാരുടെ മക്കളും പുരുഷന്മാർ ദീർഘകാലമായി ജയിൽശിക്ഷ അനുഭവിക്കുന്നതുമൂലം സ്ത്രീകൾ കുടുംബനാഥകൾ ആകുന്ന കുടുംബങ്ങളിലെ കുട്ടികളുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ രണ്ടു വിഭാഗത്തിലും ഉൾപ്പെട്ട കുട്ടികളുടെ ആഹാരം, വസ്ത്രം, സ്കൂൾ ഫീസ് തുടങ്ങിയ ചെലവുകൾക്കായി തുക അനുവദിക്കുന്നു. ഒന്നാംക്ലാസ്സുമുതൽ അഞ്ചാംക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കു പ്രതിവർഷം 3,000 രൂപയും ആറാംക്ലാസ്സുമുതൽ പത്താംക്ലാസ്സുവരെ 5,000 രൂപയും പ്ലസ് വൺ, പ്ലസ് ടൂ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് 7,500 രൂപയും ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾക്കു 10,000 രൂപയും ലഭിക്കുന്നു.
28.24.2ജയിൽ തടവുകാരുടെ മക്കള്‍ക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള ധനസഹായം
സഹായം:സര്‍ക്കാർ/എയ്ഡഡ് കോളെജുകളിൽ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണൽ കോഴ്സുകൾ (MBBS, B.VSc. എന്നിവയ്ക്ക് സര്‍ക്കാർ കോളെജുകൾ മാത്രം) പഠിക്കാൻ പരമാവധി 1,00,000 രൂപ ധനസഹായം.
അര്‍ഹത:ബി.പി.എൽ. ലിസ്റ്റിൽ ഉള്‍പ്പെട്ടിരിക്കണം. ജീവപര്യന്തമോ വധശിക്ഷയോ അനുഭവിച്ചുവരുന്ന തടവുകാരുടെ കുട്ടികൾ ആയിരിക്കണം. (കുറഞ്ഞത് 2 വര്‍ഷം ജയിൽ വാസം). സര്‍ക്കാർ മെറിറ്റിൽ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളായിരിക്കണം. ഹയർ സെക്കൻഡറിതലത്തിൽ 70%മോ അതിലധികമോ മാർക്കു ലഭിച്ചിരിക്കണം. ഒരു കുടുംബത്തിൽ ഒന്നില്‍ക്കൂടുതൽ കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കും. മാതാപിതാക്കൾ രണ്ടുപേരും ജയിൽ അന്തേവാസികൾ ആയാൽ കുട്ടിയെ സംരക്ഷിക്കുന്ന ബന്ധു എ.പി.എൽ ആണെങ്കിലും പ്രൊബേഷൻ ഓഫീസറുടെ എന്‍ക്വയറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം അപേക്ഷ പരിഗണിക്കും.
അപേക്ഷിക്കേണ്ട വിധം:അതതു ജയിൽ സൂപ്രണ്ടുമാർ മുഖേന.
അപേക്ഷാഫോം:ഈ കണ്ണിയിൽ അമർത്തുക.എന്ന വിലാസത്തിൽ ലഭ്യമാണ്.
വേണ്ട രേഖകൾ:ബി.പി.എൽ. റേഷൻ കാര്‍ഡിന്റെ പകര്‍പ്പ്, ജയിൽ അന്തേവാസിയുടെയും കുട്ടിയുടെയും പേരുകൾ ഒരു റേഷൻ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ കുട്ടി തടവുശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ മകൻ/മകൾ എന്ന് തെളിയിക്കുന്ന വില്ലേജാഫീസറുടെ സാക്ഷ്യപത്രം, കോളെജിൽ നിന്നുള്ള വാര്‍ഷികഫീസ്, ഹോസ്റ്റൽ ഫീസ്, കോളെജിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി.കോഡ്, സര്‍ക്കാർ/എയ്ഡഡ് കോളെജുകളിൽ ആണെന്നുള്ള രേഖപ്പെടുത്തൽ എന്നിവ സഹിതമുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത തീയതി വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം).
അപേക്ഷിക്കേണ്ട വിലാസം:അതതു ജയിൽ സൂപ്രണ്ടുമാർ മുഖേന/അതതു ജില്ലാ പ്രൊബേഷൻ ഓഫീസര്‍മാർ
സമയപരിധി:അതത് അദ്ധ്യയനവര്‍ഷം
28.24.3തടവുകാരുടെ ആശ്രിതരുടെ പുനരധിവാസപദ്ധതി
അഞ്ചു വർഷമോ അതിനു മുകളിലോ തടവിനു ശിക്ഷിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പുനരധിവാസത്തിനു സ്വയംതൊഴിൽ കണ്ടെത്താൻ ഒറ്റത്തവണയായി 15,000 രൂപ ധനസഹായമായി നൽകുന്ന പദ്ധതി.
28.24.4മിശ്രവിവാഹധനസഹായപദ്ധതി
1,00,000 രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ധനസഹായത്തിന് അർഹത. വിവാഹം കഴിഞ്ഞ് രണ്ടുവർഷം പൂർത്തിയായവരും മൂന്നുവർഷം കഴിയാത്തവരുമായവർക്ക് സഹായത്തിന് അപേക്ഷിക്കാം. SC, ST ഒഴികെയുള്ള മിശ്രവിവാഹിതർക്ക് ഈ വകുപ്പുമുഖേന 30,000 രൂപ ധനസഹായം നൽകിവരുന്നു.
28.24.5ജയിൽമോചിതരുടെയും മുൻ അന്തേവാസികളുടെയും പുനരധിവാസം
ദരിദ്രമായ സാമ്പത്തികസാഹചര്യങ്ങളിൽനിന്നുള്ള മുൻകുറ്റവാളികൾ, മേൽനോട്ടത്തിനു വിധേയമാക്കി വച്ചിരിക്കുന്ന കുറ്റവാളികൾ, തിരുത്തലിന് വേണ്ടിയോ അല്ലാതെയോ ഉള്ള സ്ഥാപനങ്ങളിലെ മുൻ അന്തേവാസികൾ (എക്സ്‌പ്യൂപ്പിൾസ്) എന്നിവരുടെ സാമൂഹികപുനരധിവാസത്തിന്റെ ഭാഗമായി സ്വയംതൊഴിൽ കണ്ടെത്തുന്നതിന് നിലവിൽ 15,000 രൂപയാണ് നൽകി വരുന്നത്.
28.24.6പീഡനത്തിനിരയായ വനിതകളുടെ പുനരധിവാസം
ഗാർഹികാതിക്രമങ്ങൾ ഉൾപ്പെടെ പീഡനങ്ങൾക്ക് ഇരയാകുന്നവർക്കുള്ള പദ്ധതി. ഈ പദ്ധതിപ്രകാരം ധനസഹായത്തുക പരമാവധി 25,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. പ്രത്യേക സാഹചര്യങ്ങളിൽ ധനസഹായം ശുപാർശ ചെയ്യുന്ന സമിതിക്ക് അധികധനസഹായം അത്യന്താപേക്ഷിതമാണെന്നു തോന്നുന്നപക്ഷം ശുപാർശ ചെയ്യാവുന്നതും സർക്കാരിന്റെ പ്രത്യേക അനുമതിയോടുകൂടി ധനസഹായം അനുവദിക്കാവുന്നതുമാണ്. അടിയന്തരസഹായം വേണ്ട സന്ദർഭങ്ങളിൽ ഡിസ്ട്രിക്ട് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്ന ധനസഹായത്തുകയിൽ 10,000 രൂപ വരെ പ്രൊട്ടൿഷൻ ഓഫീസർക്കു മാറി നൽകാം. സ.ഉ (സാധാ)നം.427/11/സാ.ക്ഷേ.വ തീയതി: 24.11.11.
28.24.7അക്രമത്തിനിരയായവരുടെ പുനരധിവാസം
അക്രമത്തിന് ഇരയായ വ്യക്തിയുടെ ചികിത്സ, വീടിന്റെ കേടുപാട് തീർക്കൽ, കൃഷിക്കുണ്ടായ നാശനഷ്ടങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം, സ്വയംതൊഴിൽ കണ്ടെത്തൽ തുടങ്ങിയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി 15,000 രൂപ വരെ ധനസഹായമായി നൽകിവരുന്നു. ജില്ലാതലത്തിൽ കളക്ടർ, സൂപ്രണ്ട് ഓഫ് പോലീസ് മുതലായവർ ഉൾപ്പെടുന്ന കമ്മിറ്റി കുറ്റകൃത്യങ്ങളിൽ ഇരയാകുന്നവരുടെ കേസുകൾ പരിഗണിച്ച് ശുപാർശ ചെയ്യുകയാണ് ചെയ്യുന്നത്. ബന്ധപ്പെട്ട പ്രൊബേഷൻ ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
28.24.8അനാഥമന്ദിരങ്ങൾക്കും മറ്റു ധർമ്മസ്ഥാപനങ്ങൾക്കുമുള്ള ധനസഹായം
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള സന്നദ്ധസംഘടനകൾ നടത്തുന്ന ഓർഫനേജുകൾ, വൃദ്ധസദനങ്ങൾ, യാചകമന്ദിരങ്ങൾ എന്നിവയ്ക്കാണ് സാമൂഹികനീതിവകുപ്പിൽനിന്നു ഗ്രാന്റ് ലഭിക്കുന്നത്. ഒരു അന്തേവാസിക്കു പ്രതിമാസം 750 രൂപയാണു ഗ്രാന്റ്. പ്രസ്തുത ഹോമുകളിൽ പ്രവേശിപ്പിക്കപ്പെട്ട അഞ്ചുവയസ്സിനും 21 വയസ്സിനുമിടയിലുള്ള അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾക്ക് ഗ്രാന്റിന് അർഹതയുണ്ട്. 55 വയസ്സിനുതാഴെ പ്രായമുളള അംഗവൈകല്യംകൊണ്ടോ മാനസികമായ അസ്വസ്ഥതകൊണ്ടോ സാധാരണജീവിതം നയിക്കാൻ കഴിയാത്തവർക്കും മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഗ്രാന്റിന് അർഹതയുണ്ട്. ബന്ധപ്പെട്ട ജില്ലാ സാമൂഹികനീതി ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്.
28.24.9ചൈൽഡ് ലൈൻ സേവനങ്ങൾ
വിഷമസന്ധികളിൽ ജീവിക്കുന്ന കുട്ടികളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്ന ഒരു സേവനവിഭാഗമാണു ചൈൽഡ് ലൈൻ. കേന്ദ്രമന്ത്രാലയത്തിന്റെ കീഴിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് ഇതിന്റെ കേന്ദ്രം. ചൈൽഡ് ലൈനിന്റെ സർവ്വീസിന് ബി.എസ്.എൻ.എല്ലിന്റെ 1098 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് 24 മണിക്കൂറും വിളിക്കാം.
28.24.10സ്ത്രീകൾക്ക് ‘എന്റെ കൂട്’ പദ്ധതി
നഗരങ്ങളിൽ രാത്രികാലം അരക്ഷിതാവസ്ഥയിൽ എത്തിപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഒരു രാത്രി തങ്ങാൻ ഒരിടം എന്ന ആശയത്തിലൂന്നി കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ പ്രവർത്തനമാരംഭിച്ചു.
28.24.11ലഹരിവിരുദ്ധപ്രവർത്തനത്തിനുള്ള ധനസഹായം
മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരിവസ്തുക്കൾക്കും അടിമപ്പെട്ടുപോയവരെ ലഹരിവിമുക്തകേന്ദ്രങ്ങളിലൂടെ രക്ഷിച്ചു നല്ലനിലയിൽ പുനരധിവസിപ്പിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്കു നയിക്കാനും ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയാനും ഉള്ള പദ്ധതി. ജില്ലാ സാമൂഹികനീതി ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടത്. പദ്ധതിസംബന്ധിച്ച വിവരങ്ങൾ ജില്ലാ സാമൂഹികനീതി ഓഫീസിൽ ലഭിക്കും.
ട്രൻസ്‌ജെൻഡർപദ്ധതികൾക്ക് അപേക്ഷിക്കേണ്ട വിലാസം:
അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം 695 033
വകുപ്പാസ്ഥാനം:
പൂജപ്പുര, തിരുവനന്തപുരം 695012,
ഫോൺ: 0471–2341200, 2348135, 2346016 (ഫാക്‌സ്)
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
വെബ്‌സൈറ്റ്: www.socialsecuritymission.gov.in
പേയ്‌മെന്റ് ഗേറ്റ് വേ (കൈത്താങ്ങാകാൻ നിങ്ങൾക്കും അവസരം - KSSM)
കേരള സാമൂഹികസുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന വിവിധ ജനക്ഷേമപദ്ധതികൾക്ക് സർക്കാരിൽനിന്നു പദ്ധതിവിഹിതമായി ലഭിക്കുന്ന തുകകൊണ്ടുമാത്രം പദ്ധതിപ്രവർത്തനം പൂർത്തീകരിക്കാനാവില്ല. സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുവേണ്ടി മിഷൻ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് കൈത്താങ്ങാകാൻ സന്മനസ്സുള്ള എല്ലാവടെയും നിർലോപമായ സഹായസഹകരണങ്ങൾ ആവശ്യമാണ്. രാജ്യത്തിനകത്തും പുറത്തും ഉള്ളവർക്ക് മിഷൻ ഫണ്ടിലേക്കു ചെറുതും വലുതുമായ തുകകൾ മിഷന്റെ പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ സംഭാവനയായി നൽകാം.
സംഭാവന നിക്ഷേപിക്കാവുന്ന അക്കൗണ്ട് നമ്പർ:
വിദേശത്തുള്ളവർക്ക്:കറന്റ് അക്കൗണ്ട് നം. 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, തിരുവനന്തപുരം.
ഇന്ത്യയ്ക്കകത്തുള്ളവർക്ക്:എസ്.ബി. അക്കൗണ്ട് നം. 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, തിരുവനന്തപുരം.
കൂടാതെ ഡി.ഡിയായും ചെക്കായും മണിയോർഡറായും സംഭാവനകൾ നൽകാം.
സംഭാവനകൾ അയച്ചുതരേണ്ട മേൽവിലാസം:
പൂജപ്പുര, തിരുവനന്തപുരം
ഫോൺ: 0471-2348135, 2341200; ഫാക്‌സ്: 0471 2346016