Govt of Kerala EmblemGovernment of Kerala

ഭാഗ്യക്കുറിവകുപ്പ്

17.1കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാധനസഹായപദ്ധതി

സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാരഭാഗ്യക്കുറികളിൽനിന്നുള്ള അറ്റാദായം വിനിയോഗിച്ചു ചികിത്സാസഹായം നൽകുന്ന പദ്ധതി.

ലഭിക്കുന്ന സഹായം:വൃക്കരോഗികൾക്ക് 3,00,000 രൂപവരെ, ഹീമോഫീലിയ രോഗികൾക്കു പരിധിയില്ലാതെ ആജീവനാന്തചികിത്സാസഹായം, പദ്ധതിയിലുൾപ്പെടുത്തിയ മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് 2,00,000 രൂപ വരെ.

അവയവദാതാവി‌ന്‌ ഒരുലക്ഷം രൂപയു‌ടെ‌ ധനസഹായം.

പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങൾ:

1.
ക്യാൻസർ (കീമോതെറാപ്പി/റേഡിയോ തെറാപ്പി/സർജറി ഉൾപ്പെടെ)
2.
ഹൃദയശസ്ത്രക്രിയ (സ്റ്റെന്റിന്റെ വില ഉൾപ്പെടെയുള്ള ചെലവ്)
3.
തലച്ചോർ, കരൾ ശസ്ത്രക്രിയകൾ
4.
വൃക്ക, കരൾ, ഹൃദയം എന്നിവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ
5.
വൃക്കരോഗചികിത്സ
6.
ഹീമോഫീലിയ (വരുമാനത്തിനും തുകയ്ക്കും പരിധിയില്ലാതെ ആജീവനാന്തം)
7.
സാന്ത്വനചികിത്സ
8.
മാരകമായ ശ്വാസകോശരോഗങ്ങൾ
9.
നട്ടെല്ല്, സുഷുമ്നാനാഡി എന്നിവയ്ക്കുള്ള ഗുരുതരക്ഷതങ്ങൾ

അർഹതാമാനദണ്ഡം:എല്ലാ ബി.പി.എൽ. കുടുംബങ്ങളും വാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയു‌ള്ള‌ എ.പി.എൽ. കുടുംബങ്ങളും ഈ പദ്ധതിയിലൂ‌ടെ‌ ചികിത്സാസഹായത്തിന് അർഹരാണ്.

സംസ്ഥാനത്തെ എല്ലാ സർക്കാരാശുപത്രികളിലും ത്രിതല ആശുപത്രികളായ ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, റീജിയണൽ ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ എന്നിവയിലും പരിയാരം സഹകര‌ണ‌ മെഡിക്കൽ കോളെജ് ആശുപത്രിയിലും കൊച്ചിൻ ക്യാൻസർ സെന്ററിലും പദ്ധതിപ്രകാരം സൗജന്യചികിത്സ അനുവദിക്കും.

കൂടാതെ പദ്ധതിയുമായി നിലവിൽ അക്രഡിറ്റ് ചെയ്തിട്ടുള്ള 61‌ സ്വകാര്യാശുപത്രികളിലും 28 ഡയാലിസിസ് സെന്ററുകളിലും പദ്ധതിപ്രകാരമുള്ള സഹായം ലഭിക്കും. ചികിത്സാതുക ആശുപത്രികൾക്കാണു നൽകുന്നത്. അപേക്ഷ ഓഫീസിൽ നൽകിയ തീയതി മുതൽ ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും. ഹീമോഫീലിയ രോഗികൾക്ക് ആജീവനാന്തം ഫാക്ടറുകൾക്കുള്ള ധനസഹായം നൽകും.

സർക്കാർ ആശുപത്രികളിലെയും ത്രിതല ആശുപത്രികളിലേയും പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളെജ് ആശുപത്രിയിലെയും കൊച്ചിൻ ക്യാൻസർ സെന്ററിലെയും ചികിത്സയ്ക്ക് മുൻകൂർ അനുമതി നൽകും. എന്നാൽ സ്വകാര്യ അക്രഡിറ്റഡ് ആശുപത്രികളിലെ ചികിത്സ ജില്ലാതലസമിതിയുടെ ശുപാർശ‌യ്ക്കു‌ ശേഷം മാത്രമേ അനുവദിയ്ക്കൂ.

അപേക്ഷിക്കേണ്ട വിധം:നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിർദ്ദിഷ്ട രേഖകൾക്കൊപ്പം രോഗിക്കു റേഷൻ കാർഡുള്ള ജില്ലയിലെ ജില്ലാ ഭാഗ്യക്കുറി ഓഫീസർക്കു നൽകാം. ഇതിൽനിന്ന് അർഹരായവരെ ജില്ലാതലസമിതി ശുപാർശചെയ്ത് സംസ്ഥാനതലസമിതിക്കു നൽകും. ആ സമിതി അംഗീകരിച്ചശേഷം തുക ആശുപത്രിയധികൃതർക്കു കൈമാറും. അടിയന്തരസാഹചര്യത്തിലുള്ള അപേക്ഷ ഫാസ്റ്റ് ട്രാക്കായി സ്വീകരിച്ച് കളക്ടർ മുഖേന പ്രീ-ഓതറൈസേഷൻ സർക്കാരാശുപത്രികൾക്കു നൽകുന്നുണ്ട്. ഇത്തരത്തിലുള്ള അപേക്ഷകരുടെ ചികിത്സയ്ക്ക് ഇംപ്രസ്റ്റ് മണിയായി പത്തുലക്ഷം രൂപവീതം സർക്കാരാശുപത്രികൾക്കു നൽകിയിട്ടുണ്ട്. അക്രഡിറ്റഡ് ആശുപത്രികളിൽ ഈ സൗകര്യം ലഭ്യമല്ല.

വേണ്ട രേഖകൾ:

1.
റേഷൻ കാർഡിന്റെ പകർപ്പ്
2.
ബന്ധപ്പെട്ട ആശുപത്രികളിൽനിന്നു ലഭിക്കുന്ന എസ്റ്റിമേറ്റ് ഓഫ് എക്സ്‌‌പെൻഡിച്ചർ.
3.
രോഗിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ
4.
രോഗി കുടുംബാംഗങ്ങൾക്കൊപ്പം വീടിനു മുൻപിൽ നിന്ന് വീടു മുഴുവനായി കാണാവുന്ന ഫോട്ടോ.

അപേക്ഷിക്കേണ്ട വിലാസം:അതാത് ജില്ലാ ഭാഗ്യക്കുറി ഓഫീസ്

സമയ പരിധി:

1.
ചികിത്സ തുടങ്ങുന്നതിനുമുമ്പ് കെ.ബി.എഫിൽനിന്ന് മുൻകൂർ അനുമതിക്കായി അപേക്ഷ നൽകണം (എഫ്‌ 1 ഫോം)
2.
അടിയന്തരസാഹചര്യത്തിൽ അഡ്മിറ്റായ ശേഷവും ധനസഹായത്തിന് അപേക്ഷിക്കാം. (എഫ്‌ 2 ഫോം)
3.
സർക്കാരാശുപത്രികളിൽ അടിയന്തരസാഹചര്യത്തിൽ സർജറി നടത്തിയാൽ അതിനുശേഷം 72 മണിക്കൂറിനുള്ളിൽ അപേക്ഷിക്കണം. (സമയപരിധിക്കുള്ളിൽ അവധി ദിവസം വന്നാൽ അടുത്ത പ്രവൃത്തി ദിവസം അപേക്ഷ നൽകണം.)

ഫോമുകളുടെ വിവരം:രണ്ടു ഫോമുകൾ - എഫ്‌ 1, എഫ്‌ 2 എന്നിവ.

നടപ്പാക്കുന്ന ഓഫീസ്:ധനസഹായം അനുവദിക്കുന്നത് കാരുണ്യ ബനവലന്റ് ഫണ്ട് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിൽനിന്നാണ്.

ഓഫീസിന്റെ വിലാസം:

അഡ്മിനിസ്‌ട്രേറ്റർ,
കാരുണ്യ ബനവലന്റ് ഫണ്ട്,
കെ‌.എ‌സ്‌.ആർ.ടി‌‌.സി‌. ബ‌സ്‌ ടെർമിനൽ കോംപ്ല‌ക്സ്‌, മൂന്നാംനി‌ല‌,
തമ്പാനൂർ,
തിരുവനന്തപുരം 695 00‌1‌.
ഫോൺ: 0471 233‌0‌448‌, 233044‌9‌
വെബ്‌സൈറ്റ്: http://www.karunya.kerala.gov.in

17.2കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിബോർഡ്

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടേയും സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി കേരളസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് 2008ലെ കേരളസംസ്ഥാനഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ആക്ട് പ്രകാരം നിലവിൽ‌വന്ന കേരളസംസ്ഥാനഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി.

ക്ഷേമനിധിയിൽ അംഗമാകാൻ:

പ്രതിമാസം 10000 രൂപയുടെ അല്ലെങ്കിൽ ത്രൈമാസം 30,000 രൂപയിൽ കുറയാത്ത തുകയ്ക്ക് സംസ്ഥാനഭാഗ്യക്കുറിട്ടിക്കറ്റു വാങ്ങി വില്പന നടത്തുന്ന ഏജന്റുമാർക്കും വില്പനക്കാർക്കും പ്രതിമാസം 50 രൂപ അംശദായം ഒടുക്കി ക്ഷേമനിധിയംഗത്വമെടുക്കാനും തുടർന്നു പ്രതിമാസം 50 രൂപ അംശദായത്തുക ഒടുക്കി അംഗമായി തുടരാനും സാധിക്കും.

17.2.1ചികിത്സാധനസഹായം

ലഭിക്കുന്ന ആനുകൂല്യം:പരമാവധി 20,000 രൂപ

അർഹതാമാനദണ്ഡം:ഇൻഷുറൻസ് പരിരക്ഷയില്ലാത്ത, ഒരു വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങൾക്ക് അഞ്ചുദിവസമോ അതിൽക്കൂടുതലോ ആശുപത്രിയിൽ കിടത്തി ചികിത്സ ചെയ്യുമ്പോൾ, ആദ്യത്തെ അഞ്ചുദിവസം 400 രൂപയും അതിനുശേഷമുളള ഓരോ ദിവസത്തിനും 75 രൂപവീതവും നൽകുന്നു. ഈ ചികിത്സയ്ക്കു 3,000 രൂപവരെ നൽകും. ഗുരുതരമായ രോഗബാധകൊണ്ടു കഷ്ടപ്പെടുന്ന അംഗങ്ങൾക്കു ബോർഡ് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി 20,000 രൂപ വരെ ധനസഹായം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാരേഖകൾ എന്നിവസഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധിയോഫീസർക്കു നൽകണം.

17.2.2വിവാഹധനസഹായം

ലഭിക്കുന്ന ആനുകൂല്യം:5,000 രൂപ

അർഹതാമാനദണ്ഡം:മൂന്നുവർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുളള വനിതാംഗങ്ങളുടെയും അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കളുടെയും വിവാഹച്ചെലവിനുള്ള ധനസഹായം. രണ്ടു തവണ മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് വിവാഹസർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്ഷ നൽകാനുളള സമയപരിധി:വിവാഹത്തീയതി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ.

17.2.3പ്രസവാനുകൂല്യം

ലഭിക്കുന്ന ആനുകൂല്യം:5,000 രൂപ

അർഹതാമാനദണ്ഡം:ഒരുവർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുളള വനിതാംഗങ്ങൾക്കാണ് അർഹത. രണ്ടുതവണമാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്ഷ സമർപ്പിക്കാനുളള സമയപരിധി:പ്രസവത്തീയതി കഴിഞ്ഞു മൂന്നുമാസത്തിനുളളിൽ

17.2.4ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പ്

ലഭിക്കുന്ന ആനുകൂല്യം:

കോഴ്സ് തുക
മെഡിക്കൽ ബിരുദം 25,000
എൻജിനീയറിങ് ബിരുദം 15,000
നഴ്സിങ് ബിരുദം 15,000
പാരാമെഡിക്കൽ ബിരുദം 15,000
എം.ബി.എ/എം.സി.എ 15,000
ബിരുദാനന്തരബിരുദം 7000
ബിരുദം 5000
മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമ 3000

അർഹതാമാനദണ്ഡം:ഒരുവർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങളുടെ മക്കൾക്ക് ഉപരിപഠനത്തിന് കോഴ്സുകാലയളവിൽ ഒരു തവണ നൽകുന്നു.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്കാനുള്ള സമയപരിധി:അപേക്ഷ ക്ഷണിച്ചുകൊണ്ടുളള നോട്ടീസിൽ പറയും.

17.2.5വിദ്യാഭ്യാസ അവാർഡ്

ക്ഷേമനിധിയംഗങ്ങളുടെ മക്കളിൽ ഓരോ വർഷവും എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി തലങ്ങളിൽ കൂടുതൽ മാർക്കു വാങ്ങിയവർക്കു ജില്ലാടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 2000, 1500, 1000 രൂപവീതം വിദ്യാഭ്യാസ അവാർഡായി നൽകിവരുന്നു.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്ഷിക്കാനുളള സമയപരിധി:അപേക്ഷ ക്ഷണിച്ചുകൊണ്ടുളള നോട്ടീസിൽ പറയും.

17.2.6മരണാനന്തരധനസഹായം

ലഭിക്കുന്ന ആനുകൂല്യം:സ്വാഭാവികമരണത്തിന് 50,000 രൂപ, അപകടമരണത്തിന് 1,00,000 രൂപ

അർഹത:മരിക്കുന്ന ക്ഷേമനിധിയംഗങ്ങളുടെ അനന്തരാവകാശികൾക്ക്

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് മരണസർട്ടിഫിക്കറ്റ്, നോമിനേഷൻ ഫോം, ബന്ധുത്വസർട്ടിഫിക്കറ്റ്, അനന്തരാവകാശിയുടെ തിരിച്ചറിയൽരേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

17.2.7പെൻഷൻ, അവശതാപെൻഷൻ, കുടുംബപെൻഷൻ

ലഭിക്കുന്ന ആനുകൂല്യം:പെൻഷൻ 1200 രൂപ, കുടുംബപെൻഷൻ 500 രൂപ

അർഹതാമാനദണ്ഡം:പത്തുവർഷത്തിൽ കുറയാതെ അംശദായം അടച്ചിട്ടുളള, 55 വയസ്സ് പൂർത്തിയായ അംഗത്തിനാണു പെൻഷന് അർഹത. രോഗമോ അപകടമോ മൂലം സ്ഥിരവും പൂർണ്ണവുമായ ശാരീരികാവശത സംഭവിച്ച് രണ്ടുവർഷമായ അംഗത്തിന് അവശതാപെൻഷന് അർഹതയുണ്ട്. പെൻഷൻ ലഭിക്കുന്ന അംഗമോ പെൻഷന് അർഹതയുളള അംഗമോ പത്തുവർഷത്തിൽ കുറയാതെ അംശദായം അടച്ചിട്ടുളള അംഗമോ മരിച്ചാൽ അർഹതയുളള പെൻഷൻ‌തുകയുടെ പകുതി അയാളുടെ ഭാര്യ, ഭർത്താവ്, പ്രായപൂർത്തിയാവാത്ത ആൺമക്കൾ, വിവാഹം കഴിയാത്ത പെൺമക്കൾ എന്നിവരിലൊരാൾക്കു കുടുംബപെൻഷനായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസിൽനിന്നു നിർദ്ദിഷ്ടഫോം വാങ്ങി പൂരിപ്പിച്ച് ക്ഷേമനിധി പാസ്സ് ബുക്ക്, ആധാർ/തിരിച്ചറിയൽരേഖ, വരുമാനസർട്ടിഫിക്കറ്റ്, ബന്ധുത്വസർട്ടിഫിക്കറ്റ്, മരണസർട്ടിഫിക്കറ്റ് (കുടുംബപെൻഷന്‍) എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം ബന്ധപ്പെട്ട ജില്ലാക്ഷേമനിധിയോഫീസർക്കു നൽകണം.

അപേക്ഷിക്കാനുളള സമയപരിധി:സാധാരണഗതിയിൽ പെൻഷന് അർഹതയുണ്ടാകുന്ന തീയതി മുതൽ ഒരുമാസത്തിനകം. കാലതാമസം ഉണ്ടായാൽ കാരണം കാണിച്ചുകൊണ്ടുളള അപേക്ഷ സഹിതം.

17.2.8പ്രഖ്യാപിത അലവൻസ്

എല്ലാവർഷവും സർക്കാരുത്തരവിൻ‌പ്രകാരം സർക്കാർ നിശ്ചയിക്കുന്ന തുക ഓണം അലവൻസ് ഇനത്തിൽ ക്ഷേമനിധിയിലെ സജീവാംഗങ്ങൾക്കും പെൻഷൻകാർക്കും അനുവദിച്ചുവരുന്നു. ഇതിനു പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോർഡ് ആസ്ഥാനത്തിന്റെ മേൽവിലാസം:

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും
ക്ഷേമനിധിബോർഡ് ഹെഡ് ഓഫീസ്,
സണ്ണി മീഡ്സ് ലെയിൻ, പാളയം, തിരുവനന്തപുരം 695034
ഫോൺ: 0471-2325552, 0471-2326662,
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.