Govt of Kerala EmblemGovernment of Kerala

പ്രവാസീകാര്യവകുപ്പ് (നോർക്ക – NORKA)

16.1സാന്ത്വന പദ്ധതി

ലഭിക്കുന്ന സഹായം/സേവനം:

ചികിത്സാധനസഹായം — പരമാവധി 50,000 രൂപ

മരണാനന്തരധനസഹായം — പരമാവധി 1,00,000 രൂപ

വിവാഹധനസഹായം — പരമാവധി 15,000 രൂപ

വീൽ ചെയർ, ക്രച്ചസ്സ് എന്നിവ വാങ്ങാനുള്ള ധനസഹായം — പരമാവധി 10,000 രൂപ.

അർഹതാമാനദണ്ഡം:അപേക്ഷകരുടെ വാർഷികകുടുംബവരുമാനം 100,000 രൂപയിൽ അധികമാകരുത്. കുറഞ്ഞത് രണ്ടുവർഷം തുടർച്ചയാ‌യി‌ വിദേശത്തോ കേരളത്തിനു പുറത്തോ ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയതിനോ മരണത്തിനോ ശേഷമുള്ള കാലയളവ്, വിദേശത്തു ജോലിചെയ്ത കാലയളവോ പത്തുവർഷമോ ഏതാണോ കുറവ് അതിൽ കവിയരുത്. അപേക്ഷിക്കുമ്പോഴും സഹായം സ്വീകരിക്കുമ്പോഴും ജോലി ഉണ്ടായിരിക്കരുത്.

അപേക്ഷിക്കേണ്ട വിധം:സാന്ത്വനപദ്ധതി പ്രകാരമുള്ള അപേക്ഷാഫോം പൂരിപ്പിച്ച്, ആവശ്യപ്പെട്ടിരിക്കുന്ന രേഖകൾ സഹിതം കളക്റ്ററേറ്റുകളിൽ പ്രവർത്തിക്കുന്ന നേർക്ക-റൂട്ട്‌സ് സെല്ലുകളിലോ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം റീജണൽ ഓഫീസുകളിലോ നൽകണം.

അപേക്ഷിക്കേണ്ട വിലാസം:ജില്ലാ സെല്ലുകൾ, റീജണൽ ഓഫീസുകൾ

സമയപരിധി:വിദേശത്തു ജോലിചെയ്ത കാലയളവോ പത്തുവർഷമോ ഏതാണോ കുറവ് അതിൽ കവിയരുത്

അപേക്ഷാഫോം:പ്രത്യേക ഫോം ഉണ്ട്. www.norkaroots.netഎന്ന വെബ്‌സൈറ്റിലും ജില്ലാസെല്ലുകളിലും റീജിണൽ ഓഫീസുകളിലും ലഭിക്കും.

16.2കാരുണ്യം പദ്ധതി

ലഭിക്കുന്ന സഹായം/സേവനം:പ്രവാസികളായ (വിദേശത്തോ കേരളത്തിനു പുറത്തോ ഉള്ള) കേരളീയരുടെ മൃതശരീരം സ്വദേശത്തു കൊണ്ടുവരാനുള്ള പ്രത്യേക സഹായപദ്ധതി.

പ്രവാസിയായ കേരളീയന്റെ മൃതദേഹം വിമാനത്തിലോ ട്രെയിനിലോ മറ്റേതെങ്കിലും വാഹനത്തിലോ ഏറ്റവും ചെലവുകുറഞ്ഞരീതിയിൽ സ്വദേശത്തെത്തിക്കാൻ മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃതമുള്ള അവകാശികൾക്കു സാമ്പത്തികസഹായം നല്കുന്നു. മരണമടഞ്ഞ പ്രവാസിക്കോ ബന്ധുക്കൾക്കോ മറ്റൊരു ധനാഗമമാർഗവുമില്ലാത്ത അസാധാരണസന്ദർഭങ്ങളിൽ മാത്രമേ ഈ സഹായം നൽകൂ. ചെലവായ തുക പിന്നീട് അനുവദിക്കുകയാണ് ചെയ്യുന്നത്.

അർഹതാമാനദണ്ഡം:മരിച്ചയാൾ വിദേശത്തോ ഇതരസംസ്ഥാനത്തോ രണ്ടുവർഷമെങ്കിലും താമസിച്ചിട്ടുള്ള ആളാവണം. വിദേശത്തു മരിക്കുന്ന പ്രവാസിക്കു സാധുതയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. മരണസമയത്ത് അവിടെ നിയമാനുസൃതം താമസിച്ചിരുന്ന/ജോലി ചെയ്തിരുന്ന ആളായിരിക്കണം.

ഇന്ത്യയിൽ ഇതരസംസ്ഥാനങ്ങളിൽ മരിക്കുന്ന കേരളീയർ തൊഴിലിനുവേണ്ടി/ജോലി സംബന്ധിച്ച ആവശ്യങ്ങൾക്ക് അന്യസംസ്ഥാനത്തു സഞ്ചരിക്കുകയോ താമസിക്കുകയോ ചെയ്തിരുന്ന ആളാവണം.

അപേക്ഷിക്കേണ്ട വിധം:അന്തരിച്ച പ്രവാസിയുടെ നിയമാനുസൃതമുള്ള അനന്തരാവകാശികൾ നിശ്ചിതഫോമിൽ അപേക്ഷ നൽകണം. www.norkaroots.netഎന്ന വെബ്‌സൈറ്റിൽനിന്നു ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷയിൽ അപേക്ഷിക്കുന്ന ആളുടെയും അന്തരിച്ച ആളുടെയും പാസ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുകയും എല്ലാ രേഖകളുടെയും സ്വയംസാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകർപ്പുകൾ ചേർക്കുകയും ചെയ്യണം. അധികൃതർ ആവശ്യപ്പെട്ടാൽ അപേക്ഷകർ പരിശോധനയ്ക്കായി അസ്സൽ രേഖകൾ ഹാജരാണം.

അപേക്ഷിക്കേണ്ട വിലാസം:ജില്ലാസെല്ലുകൾ, റീജണൽ ഓഫീസുകൾ

അപേക്ഷാഫോം:നോർക്ക-റൂട്ട്‌സിന്റെ വെബ് സൈറ്റിലും ജില്ലാസെല്ലുകളിലും റീജിണൽ ഓഫീസുകളിലും ലഭ്യമാണ്.

16.3ചെയർമാൻ ഫണ്ട്

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20% ഉൾക്കൊള്ളിച്ച് രൂപീകരിച്ച സഞ്ചിത നിധി. അർഹതയുള്ള പ്രവാസികളായ കേരളീയർക്ക് ബോർഡിന്റെ അംഗീകാരത്തോടെ ഇതിൽനിന്നു ധനസഹായം നല്കുന്നു.

അർഹത:അപേക്ഷകർ വിദേശത്തോ ഇതരസംസ്ഥാനത്തോ രണ്ടുവർഷമെങ്കിലും താമസിച്ചിട്ടുള്ള ആളാവണം. വാർഷിക കുടുംബവരുമാനം 1,00,000 രൂപയിൽ കവിയരുത്. അപേക്ഷകന്റെ ആശ്രിതർക്കും ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകർ സാന്ത്വനംപദ്ധതി പ്രകാരം സഹായം ലഭിച്ചവർ ആകരുത്.

16.4നോർക്ക ഡിപ്പാർട്ട്‌മെന്റ്‌ പ്രോജക്ട്‌ ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (NDPREM)

ഉദ്ദേശ്യം:തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കാൻ മാർഗ്ഗനിർദ്ദേശവും മൂലധനസബ്‌സിഡിയും നൽകുക.

തിരികെയെത്തിയ പ്രവാസികൾക്കു സർക്കാർ നടപടിക്രമങ്ങൾ പാലിച്ചു പുതിയസംരംഭങ്ങൾ ആരംഭിക്കാൻ അവരെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ചു വേണ്ട കൈത്താങ്ങു നൽകുക.

തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാർഗ്ഗത്തിനായി സുസ്ഥിരസംരംഭകമാതൃക വികസിപ്പിക്കുക.

സവിശേഷതകൾ:തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽസംരംഭങ്ങളിലൂടെ സുസ്ഥിരവരുമാനം.

തിരികെയെത്തിയ പ്രവാസികളുടെ സ്വയംതൊഴിൽസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരളസർക്കാരിന്റെ സമഗ്രപദ്ധതി.

മുപ്പതുലക്ഷം രൂപവരെ മൂലധനച്ചെവു പ്രതീക്ഷിക്കുന്ന സ്വയംതൊഴിൽസംരംഭങ്ങൾക്കു 15% മൂലധനസബ്‌സിഡി (പരമാവധി മൂന്നുലക്ഷംരൂപ).

താൽപര്യമുളള സംരംഭങ്ങൾക്കുവേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തിൽ പരിശീലനക്കളരികൾ, ബോധവത്ക്കരണസെമിനാറുകൾ എന്നിവ നടത്തുന്നു.

അർഹത:രണ്ടുവർഷമെങ്കിലും വിദേശത്തു ജോലിചെയ്തു മടങ്ങിയെത്തിയ പ്രവാസികൾക്കും അത്തരം പ്രവാസികൾ ഒത്തുചേർന്ന് ആരംഭിക്കുന്ന സംഘങ്ങൾക്കും.

മേഖലകൾ:കാർഷികവ്യവസായം (മുട്ടക്കോഴി, ഇറച്ചിക്കോഴി വളർത്തൽ), മത്സ്യക്കൃഷി (ഉൾനാടൻ മത്സ്യക്കൃഷി, അലങ്കാരമത്സ്യക്കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യസംസ്‌കരണം, സംയോജിതകൃഷി, ഫാം ടൂറിസം, ആടുവളർത്തൽ, പച്ചക്കറിക്കൃഷി, പുഷ്പക്കൃഷി, തേനീച്ചവളർത്തൽ തുടങ്ങിയവ.

കച്ചവടം (പൊതുവ്യാപാരം — വാങ്ങുകയും വിൽക്കുകയും ചെയ്യൽ)

സേവനങ്ങൾ (റിപ്പേയർഷോപ്പ്, റസ്റ്റോറന്റുകൾ, ടാക്സി സർവ്വീസുകൾ, ഹോം സ്റ്റേ തുടങ്ങിയവ)

ഉത്പാദനം:ചെറുകിട — ഇടത്തരം സംരംഭങ്ങൾ (പൊടിമില്ലുകൾ, ബേക്കറിയുല്പന്നങ്ങൾ, ഫർണിച്ചറും തടിവ്യവസായവും, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റീസൈക്ലിങ്, ചന്ദനത്തിരി, കമ്പ്യൂട്ടർ ഉപകരണങ്ങൾ തുടങ്ങിയവ)

ആനുകൂല്യം:പരമാവധി ഇരുപതുലക്ഷം രൂപ അടങ്കൽ മൂലധനച്ചെലവു വരുന്ന പദ്ധതിയിൽ വായ്പത്തുകയുടെ 15 ശതമാനം (പരമാവ‌ധി‌ മൂന്നുലക്ഷം രൂപ) ’ബാക്ക് എൻഡ്’ സബ്‌സിഡിയും ഗഡുക്കൾ കൃത്യമായി തിരികെ അടയ്ക്കുന്നവർക്ക് ആദ്യ നാലുവർഷം മൂന്നുശതമാനം പലിശസബ്‌സിഡിയും ബാങ്കുവായ്പയിൽ ക്രമീകരിച്ചുനൽകും. ബാങ്കിന്റെ നിബന്ധനകൾക്കും ജാമ്യവ്യവസ്ഥകൾക്കും ബാങ്കുമായുള്ള നോർക്ക റൂട്ട്‌സിന്റെ ധാരണാപത്രത്തിലെ വ്യവസ്ഥകൾക്കും അനുസരിച്ചായിരിക്കും ലോൺ അനുവദിക്കുക. ലോൺതുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവർക്കുത്രമേ പലിശയിളവു ലഭിക്കൂ. മാസഗഡു മുടക്കംവരുത്തുന്നവർ ബാങ്കുവ്യവസ്ഥകൾക്കു വിധേയമായി മാസഗഡു അടച്ചുതീർത്താലേ മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കൂ. മാസഗഡു അടയ്ക്കാത്തപക്ഷം ഇത് നിഷ്ക്രിയാസ്തിയായി മാറുകയും ബാങ്കിന്റെ നിയമനടപടികൾ നേരിടേണ്ടിവരുകയും ചെയ്യും.

വായ്പ നൽകുന്ന ബാങ്കുകൾ:സൗത്ത് ഇൻഡ്യൻ ബാങ്ക്, യൂണിയൻ ബാങ്ക്, എസ്.ബി.ഐ., കേരളസംസ്ഥാ‌ന‌ പിന്നാക്കവികസ‌ന‌ കോർപ്പറേഷൻ, കേരളസംസ്ഥാ‌ന‌ പട്ടികജാ‌തി‌-‌പട്ടികവർഗവികസ‌ന‌ കോർപ്പറേഷൻ, കേരളസംസ്ഥാ‌ന‌ പ്രവാസീക്ഷേമവികസ‌ന‌ ‌കോ‌-‌ഓപ്പറേറ്റീ‌വ്‌ സൊസൈ‌റ്റി‌.

അപേക്ഷിക്കേണ്ട വിധം: http://www.norkaroots.netഎന്ന വെബ്‌സൈറ്റിലൂടെ.