പട്ടികജാതിവികസനവകുപ്പ്
പട്ടികജാതിവികസനവകുപ്പിന്റെ പ്രധാനമേഖല വിദ്യാഭ്യാസപുരോഗതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. വിദ്യാഭ്യാസപുരോഗതിയിലൂടെ മാത്രമേ ഒരു സമൂഹം ശാശ്വതമായി വളരുകയുള്ളു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസപദ്ധതികൾ നടപ്പിലാക്കിവരുന്നത്.
12.1നഴ്സറി സ്കൂളുകൾ
പട്ടികജാതിക്കോളനികളിലും സങ്കേതങ്ങളിലുമായി സംസ്ഥാനത്തൊട്ടാകെ 88 നഴ്സറി സ്കൂളുകൾ വകുപ്പ് നടത്തിവരുന്നു. പ്രതിദിന ഫീഡിങ് ചാർജ്ജും യൂണിഫോമും പഠനസാമഗ്രികളും നൽകുന്നു. എൽ.കെ.ജി, യു.കെ.ജി സമ്പ്രദായം. ഓരോ കുട്ടിക്കും 30 രൂപ പ്രതിദിന ഫീഡിങ് ചാർജ്, 600 രൂപ യൂണിഫോമിന്, 190 രൂപ ലംപ്‌സം ഗ്രാന്റ് എന്നിവ നൽകുന്നു. ഓരോ നഴ്സറി സ്കൂളിലും 30 കുട്ടികൾക്കു പ്രവേശനം കിട്ടും. ഇതിൽ പൊതുവിഭാഗത്തിൽനിന്ന് 25% വരെ കുട്ടികൾക്കു പ്രവേശനം നൽകുന്നുണ്ട്.
12.2പ്രീമെട്രിൿ വിദ്യാഭ്യാസം (പത്താം ക്ലാസ് വരെ)
സംസ്ഥാനത്തെ എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, സർക്കാരംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന പട്ടികജാതി/മറ്റർഹ വിദ്യാർത്ഥികൾക്ക് അദ്ധ്യയനവർഷം ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ സ്കൂൾ പ്രധാനാദ്ധ്യാപകർ മുഖേന ലംപ്‌സം ഗ്രാന്റ് നൽകുന്നു.
ലംപ്‌സംഗ്രാന്റ് നിരക്ക്:
നഴ്സറി സ്കൂൾ (വകുപ്പിന്റെ നഴ്സറി സ്കൂളുകൾ മാത്രം) — 190 രൂപ
1 മുതൽ 4 വരെ — 320 രൂപ
5 മുതൽ 7 വരെ — 630 രൂപ
8 മുതൽ 10 വരെ — 940 രൂപ
ഒരു വർഷം തോറ്റവർക്കു പകുതിത്തുക. ലംപ്‌സം ഗ്രാന്റിൽ 2017-18-ൽ വരുത്തിയതുപോലെ 25 ശതമാനം വർദ്ധന 2018-19-ലെ സംസ്ഥാനബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റൈപന്റ്:വേടൻ, വേട്ടുവ, നായാടി അരുന്ധതിയാർ/ചക്ലിയൻ, കള്ളാടി എന്നീ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കു പ്രതിമാസസ്റ്റൈപന്റ് നൽകുന്നു.
നിരക്ക്:
1 മുതൽ 4 വരെ — 30 രൂപ
5 മുതൽ 7 വരെ — 60 രൂപ
8 മുതൽ 10 വരെ — 190 രൂപ
9, 10 ക്ലാസ്സുകൾക്കുള്ള പ്രിമെട്രിൿ സ്കോളർഷിപ്പ് (കേന്ദ്രഹായപദ്ധതി)
9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കു പ്രതിമാസസ്റ്റൈപ്പൻഡും ഗ്രാന്റും നൽകുന്ന പദ്ധതി
നിരക്കുകൾ:
ഹോസ്റ്റലേഴ്സ് | ഡേ സ്കോളർ | |
സ്കോളർഷിപ്പ് (പ്രതിമാസം) | 350 രൂപ | 150 രൂപ |
ബുക്ക് ഗ്രാന്റ് | 1,000 രൂപ | 750 രൂപ |
12.3വൃത്തിഹീനത്തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്കുള്ള ധനസഹായം (കേന്ദ്രസഹായപദ്ധതി)
ജാതി, മത പരിഗണന കൂടാതെ നൽകുന്ന ഈ ആനുകൂല്യത്തിന്റെ നിരക്ക്:
പ്രതിമാസ സ്റ്റൈപ്പന്റ്:ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ 110 രൂപ
അഡ്‌ഹോക്ക് ഗ്രാന്റ്:ഡേ സ്കോളേഴ്സിന് 750 രൂപ; ഹോസ്റ്റൽ അന്തേവാസികൾക്ക് 1,000 രൂപ.
ഈ ആനുകൂല്യം ലഭിക്കാൻ വില്ലേജോഫീസറിൽനിന്നോ അതതു ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ സെക്രട്ടറിമാരിൽനിന്നോ ഉള്ള സർട്ടിഫിക്കറ്റ് സഹിതം സ്കൂൾമേധാവികൾ വഴി അപേക്ഷ നൽകണം.
12.4അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർക്ക് ട്യൂഷൻ ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്
അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിൽ പത്താംക്ലാസ്സ് വരെ പഠിക്കുന്ന പട്ടികജാതി, മറ്റർഹ വിഭാഗം വിദ്യാർത്ഥികൾക്ക് ട്യൂഷൻഫീസ് റീ ഇംബേഴ്സ് ചെയ്തു നൽകുന്നു.
നിരക്ക്:
എൽ.പി, യു.പി ഫീസ് — 1,000 രൂപ
സ്പെഷ്യൽ ഫീസ് — 333 രൂപ
എച്ച്. എസ്. ഫീസ് — 1500 രൂപ
സ്പെഷ്യൽ ഫീസ് — 500 രൂപ
വിദ്യാർത്ഥികളുടെ ക്ലാസ്സ് തിരിച്ചുള്ള പട്ടികജാതി/മറ്റർഹ വിഭാഗവിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി, ഫീസ് നിരക്ക് രേഖപ്പെടുത്തി ഡി. ഇ. ഒ./എ. ഇ. ഒ.മേലൊപ്പോടെ ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പൽ/കോർപ്പറേഷൻ പട്ടികജാതിവികസന ഓഫീസിൽ നൽകണം. ഒരു അദ്ധ്യയനവർഷത്തെ തുക അടുത്ത വർഷം റീ-ഇംബേഴ്സ് ചെയ്തു നൽകും.
12.5ബോർഡിങ് സ്കൂളിൽ പഠിക്കാനുള്ള സൗകര്യം
പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നതനിലവാരം പുലർത്തുന്ന സ്വകാര്യ ബോർഡിങ് സ്കൂളുകളിൽ താമസിച്ചു പഠിക്കാൻ അഞ്ചാം ക്ലാസ് മുതൽ സൗകര്യം. നാലാം ക്ലാസ് പരീക്ഷയിൽ ലഭിച്ച ഗ്രേഡ് സഹിതം ജില്ലാപ്പഞ്ചായത്ത് സെക്രട്ടറി/മുൻസിപ്പൽ/കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്ക് അപേക്ഷ നൽകുക. രക്ഷിതാക്കളുടെ വാർഷികവരുമാനപരിധി 1,00,000 രൂപ.
12.6ശ്രീ. അയ്യങ്കാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പ്
മികച്ച വിദ്യാർത്ഥികൾക്ക് 4, 7 ക്ലാസ്സുകളിൽ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ പത്താംക്ലാസ് വരെ പ്രതിവർഷം 4,500 രൂപ സ്കോളർഷിപ്പ്. അപേക്ഷകൾ ജൂൺമാസത്തിൽ ജില്ലാ പട്ടികജാതിവികസന ഓഫീസർമാർക്കു നൽകുക. ജാതി, വരുമാന സർട്ടിഫിക്കറ്റുകളും ഗ്രേഡ് സർട്ടിഫിക്കറ്റുകളും നിർബന്ധം. അപേക്ഷകരുടെ രക്ഷിതാക്കളുടെ വാർഷികവരുമാനപരിധി 1,00,000 രൂപ. 12,000 രൂപയിൽ താഴെ വാർഷികവരുമാനമുള്ളവരുടെ മക്കൾക്ക് ഫർണീച്ചർ വാങ്ങാൻ 2,000 രൂപ അധികമായി ഒറ്റത്തവണ നൽകുന്നു. വിദ്യാർത്ഥികൾക്കു പോഷകാഹാരം ലഭ്യമാക്കാനായി പ്രതിമാസം 100 രൂപ പ്രകാരം 10 മാസത്തേക്ക് 1,000 രൂപ നൽകുന്നു.
12.7മോഡൽ റസിഡൻഷ്യൽ സ്കൂൾ
അഞ്ചാം ക്ലാസ് മുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനായി വകുപ്പിനു കീഴിൽ ഒൻപതു മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകൾ പ്രവർത്തിച്ചുവരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥികളെ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരപ്പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതു സംബന്ധിച്ച അറിയിപ്പു നൽകും. ജാതി, വരുമാനം, നിലവിൽ പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവസഹിതം അപേക്ഷിക്കുക. രക്ഷിതാക്കളുടെ വാർഷികവരുമാനപരിധി രൂപ: 1,00,000
12.8പ്രീ മെട്രിൿ ഹോസ്റ്റലുകൾ
ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്കു കൈമാറിയ 87 ഹോസ്റ്റലുകൾ (പട്ടിക വെബ്‌സൈറ്റിലുണ്ട്. ലിങ്ക്: ഈ കണ്ണിയിൽ അമർത്തുക.). രണ്ടു സെറ്റ് യൂണിഫോം, ഭക്ഷണം, ചെരുപ്പ്, ബാഗ്, പ്രതിമാസ പോക്കറ്റ് മണി 130 രൂപ, അവധിദിവസങ്ങളിൽ വീട്ടിൽ പോയി വരുന്നതിന് യാത്രാപ്പടി എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. ഭക്ഷണത്തിനായി ഒരു വിദ്യാർത്ഥിക്ക് പ്രതിമാസം 2,000 രൂപ വീതം ചെലവഴിക്കുന്നു. അഞ്ചാം ക്ലാസ് മുതൽ അഡ്മിഷൻ.
തെരെഞ്ഞെടുക്കപ്പെടേണ്ടവർ ജാതി, വരുമാനം, സ്ക്കൂൾ വാർഷികപ്പരീക്ഷയുടെ ഗ്രേഡ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ബ്ലോക്ക് പഞ്ചായത്ത്/മുൻസിപ്പൽ/കോർപ്പറേഷൻ സെക്രട്ടറിക്കോ പട്ടികജാതിവികസന ഓഫീസർക്കോ മേയ് മാസത്തിൽ അപേക്ഷ നൽകണം.
12.9സബ്‌സിഡൈസ്ഡ് ഹോസ്റ്റൽ
സന്നദ്ധസംഘടനകൾ നടത്തുന്ന ആറു ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് 1,000 രൂപ പ്രതിമാസ ബോർഡിങ് ഗ്രാന്റും 500 രൂപ യൂണിഫോം അലവൻസും നൽകുന്നു.
12.10ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂൾ, തിരുവനന്തപുരം
കായികമേഖലയിൽ മികവു പുലർത്തുന്നവർക്ക് അഞ്ചാം ക്ലാസ് മുതൽ പ്രത്യേകപരിശീലനം നൽകുന്നു. മേഖലാതല സെലൿഷൻ ട്രയൽസിലൂടെ തെരഞ്ഞെടുക്കുന്നു. ഒരു ക്ലാസ്സിൽ 30 വിദ്യാർഥികൾക്കു പ്രവേശനം. പന്ത്രണ്ടാം ക്ലാസുവരെ സ്റ്റേറ്റ് സിലബസിൽ പഠനം. ഓരോ കുട്ടിക്കും പ്രതിദിനം 130 രൂപ മെസ് ചാർജ്ജ് ഇനത്തിൽ ചെലവഴിക്കുന്നു.
12.11പോസ്റ്റ് മെട്രിൿ വിദ്യാഭ്യാസം (പത്താം ക്ലാസിനു ശേഷം)
12.11.1ലംപ്‌സം ഗ്രാന്റും സ്റ്റൈപ്പന്റും
പ്ലസ് വൺ മുതൽ പഠനം നടത്തുവർക്ക് പ്രതിമാസം 500 രൂപ സ്റ്റൈപന്റ് നൽകുന്നു. എട്ടു കി.മീ.-ൽ കൂടുതൽ യാത്രചെയ്തു വരുന്നവർക്ക് സ്റ്റൈപന്റ് 600 രൂപയാണ്.
ലംപ്‌സം ഗ്രാന്റ് നിരക്ക്:
പ്ലസ് ടു, വി.എച്ഛ്.എസ്.ഇ. 1130 രൂപ
ഡിഗ്രി, തത്തുല്യകോഴ്സുകൾ 1190രൂപ
പി. ജി, തത്തുല്യകോഴ്സുകൾ 1570 രൂപ. ലംപ്‌സം ഗ്രാന്റിൽ 2017-18-ൽ വരുത്തിയതുപോലെ 25 ശതമാനം വർദ്ധന 2018-19-ലെ സംസ്ഥാനബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രൊഫഷണൽ കോഴ്സുകൾ 440 മുതൽ 3,130 രൂപ വരെ (കോഴ്സ് അനുസരിച്ച്)
സ്റ്റൈപ്പന്റ് നിരക്ക്:
എട്ടു കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക്:630 രൂപ
എട്ടു കിലോമീറ്ററിൽക്കൂടുതൽ യാത്രചെയ്തു വരുന്നവർക്ക്:750 രൂപ
നിലവിൽ ഈ ആനുകൂല്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകൾ വഴി ഇ-ഗ്രാന്റ്സ് എന്ന പേരിൽ വിതരണംചെയ്യുന്നു. അപേക്ഷകൾ വിദ്യാഭ്യാസവർഷാരംഭത്തിൽ (അക്ഷയ കേന്ദ്രങ്ങൾ മുഖേന) ഓൺ ലൈൻ ആയി സ്ഥാപനമേധാവിക്കു നൽകണം.
തുടർന്ന് അവയുടെ ഒറിജിനൽ സ്ഥാപനമേധാവി ജില്ലാ പട്ടികജാതിവികസനഓഫീസർക്കു നൽകണം. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി. ബുക്കിന്റെ പകർപ്പ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതമാണ് അപേക്ഷ സ്ഥാപനമേധാവി ജില്ലാ ഓഫീസർക്കു നൽകേണ്ടത്.
12.12പോസ്റ്റ് മെട്രിൿ ഹോസ്റ്റലുകൾ
പോസ്റ്റ് മെട്രിൿ കോഴ്സുകൾ പഠിക്കുന്നവർക്ക് 18 ഹോസ്റ്റലുകൾ വകുപ്പു നേരിട്ടു നടത്തുന്നു. (പട്ടിക വെബ്‌സൈറ്റിലുണ്ട്. ലിങ്ക്: ഈ കണ്ണിയിൽ അമർത്തുക.). അന്തേവാസികൾക്കു ഭക്ഷണത്തിനായി പ്രതിമാസം ഒരാൾക്ക് 2,875 രൂപ ചെലവഴിക്കുന്നു. കൂടാതെ ഓണം, ക്രിസ്‌മസ് അവധിക്കാലങ്ങളിൽ വീട്ടിൽ പോയിവരുന്നതിനു യാത്രാബത്തയും നൽകുന്നു. പോക്കറ്റ് മണിയായി 190 രൂപ നൽകുന്നു. ഹോസ്റ്റലിൽ കായികവിനോദങ്ങൾക്കുള്ള സൗകര്യം, ലൈബ്രറി എന്നിവ ലഭ്യമാണ്. സർക്കാർ കോളെജ്, ഹോസ്റ്റലുകൾ, അംഗീകൃത എയ്ഡഡ് കോളെജ് ഹോസ്റ്റലുകൾ, സ്വാശ്രയ കോളെജുകളിലെ അംഗീകൃത ഹോസ്റ്റലുകൾ എന്നിവയിൽ അഡ്മിഷൻ നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കും ആനുകൂല്യം നൽകുന്നു.
12.13അംഗീകൃത ഹോസ്റ്റൽ ലഭ്യമല്ലാത്തവർക്കുള്ള ആനുകൂല്യം
ഹോസ്റ്റൽ സൗകര്യം ഇല്ലാത്ത ഫ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ബോർഡിങ് ഗ്രാന്റായി പ്രതിമാസം 1,500 രൂപ നൽകുന്നു. തിരുവനന്തപുരം നഗരത്തിൽ പഠിക്കുന്നവർക്ക് വകുപ്പ് ഹോസ്റ്റലിൽ പ്രവേശനം ലഭിക്കാത്ത പക്ഷം 3,500 രൂപ പ്രത്യേക അലവൻസ്.
12.14പ്രത്യേക പ്രോത്സാഹനസമ്മാനം
വിവിധ വാർഷികപ്പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.
നിരക്ക്:
കോഴ്സ് | ഫസ്റ്റ് ക്ലാസ്/ ഗ്രേഡ് | ഡിസ്റ്റിങ്ഷൻ/ ഗ്രേഡ് |
എസ്.എസ്.എൽ.സി. | 1,500 രൂപ | 2,500 രൂപ |
പ്ലസ് ടൂ, റ്റി.റ്റി.സി, ഡിപ്ലോമ | 2,500 രൂപ | 5,000 രൂപ |
ഡിഗ്രി | 3,500 രൂപ | 7,500 രൂപ |
പി.ജി മറ്റ് പ്രൊഫഷണൽ കോഴ്സുകൾ | 5,000 രൂപ | 10,000 രൂപ |
ജാതിസർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് എന്നിവസഹിതം ജില്ലാ പട്ടികജാതിവികസന ഓഫീസർക്ക് അപേക്ഷ നൽകണം.
12.15റാങ്കുജേതാക്കൾക്കു സ്വർണ്ണമെഡൽ
മെഡിക്കൽ/എൻജിനീയറിങ് പ്രവേശനപ്പരീക്ഷയിൽ ആദ്യറാങ്ക് നേടുന്ന പട്ടികജാതിവിദ്യാർത്ഥികൾക്ക് ഒരു പവൻ സ്വർണ്ണനാണയം സമ്മാനമായി നൽകുന്നു.
പ്ലസ് ടൂ, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടുന്ന പട്ടികജാതിവിദ്യാർത്ഥികൾക്ക് അരപ്പവൻ സ്വർണ്ണനാണയം നൽകി അനുമോദിക്കുന്നു.
12.16ക്ഷേത്രപ്രവേശനവിളംബരസ്മാരക സ്കോളർഷിപ്പ്
1936-ലെ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്‌മെന്റ് തുകയുടെ പലിശയും സർക്കാർഗ്രാന്റും ചേർത്ത് ഡിഗ്രി, പി.ജി, എൽ.എൽ.ബി, മെഡിക്കൽ, എൻജിനീയറിങ് പഠനം നടത്തുന്ന കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നു. ജാതി, വരുമാനം, മാർക്കുലിസ്റ്റുകളുടെ പകർപ്പ് എന്നിവസഹിതം പട്ടികജാതിവികസനവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകണം.
12.17മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപ്പരീക്ഷയ്ക്കു പ്രത്യേകപരിശീലനം
എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിനുന് മുകളിൽ ലഭിച്ച വിദ്യാർത്ഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപ്പരീക്ഷകൾക്കു ദീർഘകാല കോച്ചിംഗിന് 20,000 രൂപവരെ ധനസഹായം നൽകുന്നു. കോച്ചിംഗ് നടത്തുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണു ധനസഹായം. വിദ്യാർത്ഥികൾക്കു നിലവാരമുള്ള, ഇഷ്ടമുള്ള സ്ഥാപനം തെരെഞ്ഞെടുക്കാം. രക്ഷിതാക്കളുടെ വാർഷികവരുമാനപരിധി 4.5 ലക്ഷം രൂപ. അപേക്ഷ ജില്ലാ പട്ടികജാതിവികസന ഓഫീസർമാർക്കു നൽകണം. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവസഹിതം അപേക്ഷിക്കുക.
12.18സ്വാശ്രയ പ്രൊഫഷണൽ കോഴ്സിൽ പഠിക്കുന്നവർക്ക് ആനുകൂല്യം
വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് സ്വകാര്യ, സ്വാശ്രയ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ മെരിറ്റിലോ റിസർവേഷനിലോ അഡ്മിഷൻ നേടുന്നവർക്ക് സർക്കാർ അംഗീകരിച്ച നിരക്കിൽ ഫീസ് ആനുകൂല്യം നൽകുന്നു. കൂടാതെ ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നിവയും നൽകുന്നു. അപേക്ഷ ഓൺ ലൈനായി അക്ഷയകേന്ദ്രങ്ങൾ വഴി അയയ്ക്കുക. ജാതി, വരുമാന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ എന്നിവസഹിതം ഒറിജിനൽ അപേക്ഷ സ്ഥാപനമേധാവി മുഖേന ജില്ലാ പട്ടികജാതിവികസന ഓഫീസർമാർക്കു നൽകണം. ആനുകൂല്യങ്ങൾ ഇ-ഗ്രാന്റ്‌സായി ബാങ്ക് മുഖേന നൽകുന്നു.
12.19എൻജിനീയറിങ്, മെഡിക്കൽ പ്രാഥമികപ്രവേശനച്ചെലവിനു ഗ്രാന്റ്
എൻജിനീയറിങ്, മെഡിക്കൽ കോഴ്സുകൾക്കു പ്രവേശനം ലഭിച്ചവർക്കു പ്രാഥമികചെലവുകൾക്കു തുക അനുവദിക്കുന്നു.
നിരക്ക്:
മെഡിക്കൽ — 10,000 രൂപ
എൻജിനീയറിങ് — 5,000 രൂപ
അഡ്മിഷൻ നേടിയതുസംബന്ധിച്ച രേഖ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ എന്നിവസഹിതം അപേക്ഷ ജില്ലാ പട്ടികജാതിവികസന ഓഫീസർമാർക്കു നൽകണം. വരുമാനപരിധി 1,00,000 രൂപ
12.20പ്രൈമറി എഡ്യൂക്കേഷൻ എയിഡ്
ഒന്നുമുതൽ എട്ടുവരെ ക്ലാസ്സുകളിൽ എയിഡഡ്, സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പട്ടികജാതിവിദ്യാർത്ഥികൾക്ക് യൂണിഫോം, ബാഗ്, കുട എന്നിവ വാങ്ങാൻ പ്രത്യേക സഹായമായി 2,000 രൂപ നൽകുന്നു.
12.21ലാപ്‌ടോപ് വാങ്ങാൻ ധനസഹായം
പട്ടികജാതിവികസനവകുപ്പിൽനിന്നു വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്ന വിവിധ കോഴ്സുകൾക്കു പഠിക്കുന്ന പട്ടികജാതിവിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വാങ്ങാൻ ധനസഹായം അനുവദിക്കുന്നു.
12.22സ്റ്റെതസ്കോപ് വിതരണം
ഒന്നാംവർഷ എം.ബി.ബി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ് വിദ്യാർത്ഥികൾക്കു സൗജന്യമായി സ്റ്റെതസ്കോപ്പ് നൽകുന്നു.
12.23കലാവിദ്യാർത്ഥികൾക്കു സഹായം
ബിരുദ, ബിരുദാനന്തരബിരുദ, കലാ കോഴ്സുകളിൽ പഠിയ്ക്കുന്ന പട്ടികജാതിവിദ്യാർത്ഥികൾക്കു പഠന, പരിശീലനോപകരണങ്ങൾ, ഉപാധികൾ വാങ്ങാൻ ധനസഹായം.
കേരളത്തിലെ വിവിധ യൂണിവേഴിസിറ്റികൾ നടത്തുന്ന ബിഎ, ബിപിഎ, എംഎ, എംപിഎ കലാവിഷയ കോഴ്സുകൾക്ക് (സംഗീത, നൃത്ത, വാദ്യ വിഷയങ്ങൾ) പഠിയ്ക്കുന്ന പട്ടികജാതിവിദ്യാർത്ഥികൾക്ക് അവരുടെ മെയിൻ, സബ്‌സിഡിയറി വിഷയങ്ങൾക്കു പരിശീലനത്തിനാവശ്യമായ ശ്രുതി ബോക്സ്, വയലിൻ, വീണ, കഥകളിച്ചെണ്ട, മദ്ദളം, ചിലങ്ക, ആടയാഭരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ധനസഹായം നൽകുന്ന പദ്ധതി.
12.24ഗവൺമെന്റ് ഓഫ് ഇന്ത്യ സ്കോളർഷിപ്പ്
ഇ-ഗ്രാന്റ്‌സിന് അർഹതയില്ലാത്തതും രണ്ടരലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ളതുമായ പട്ടികജാതിക്കുടുംബത്തിൽപ്പെടുന്ന വിദ്യാർത്ഥിക്കു പോസ്റ്റ്മെട്രിൿ തലത്തിൽ കേരളത്തിനകത്തും പുറത്തും അംഗീകൃതസ്ഥാപനങ്ങളിൽ പഠിക്കാൻ ധനസഹായം നൽകുന്ന പദ്ധതി.
12.25ഈവനിങ് കോഴ്സ് പഠിക്കുന്നവർക്കു ധനസഹായം
തൊഴിൽരഹിതർക്ക് സർക്കാർ, സർക്കാരംഗീകൃത സ്ഥാപനങ്ങളിൽ ഈവനിങ് കോഴ്സ് പഠിക്കാൻ കോഴ്സ് ഫീസ് അനുവദിക്കുന്നു. ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവസംബന്ധിച്ച സർട്ടിഫിക്കറ്റുകൾ സഹിതം അസ്സൽ അപേക്ഷ സ്ഥാപനമേധാവിമുഖേന ജില്ലാ പട്ടികജാതിവികസന ഓഫീസർമാർക്കു നൽകണം.
12.26വിദൂരവിദ്യാഭ്യാസത്തിനുള്ള സഹായം
യൂണിവേഴ്സിറ്റികളുടെ കറസ്പോണ്ടൻസ് കോഴ്സിൽ ചേർന്നു പഠിക്കുന്നവർക്ക് കോഴ്സ് ഫീസ് അനുവദിക്കുന്നു.
12.27സംസ്ഥാനത്തിനുപുറത്തു പഠനം നടത്തുന്നവർക്കുള്ള ആനുകൂല്യം
കേരളത്തിൽ ഇല്ലാത്ത കോഴ്സുകൾക്ക് സംസ്ഥാനത്തിനുപുറത്ത് അംഗീകൃതസ്ഥാപനങ്ങളിലും സെൻട്രൽ യൂണിവേഴ്സിറ്റിയിലും മെറിറ്റ്, റിസർവേഷൻ സീറ്റുകളിൽ പ്രവേശനം നേടിയ പട്ടികജാതിവിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം നൽകുന്നു.
ജോലിസംബന്ധമായി കേരളത്തിനുപുറത്ത് താല്ക്കാലികമായി താമസം ആക്കിയിട്ടുള്ള പട്ടികജാതിവിഭാഗക്കാരുടെ മക്കൾക്ക് സാധാരണ കോഴ്സുകൾക്കും വിദ്യാഭ്യാസാനുകൂല്യം അനുവദി ക്കുന്നു. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സ്ഥാപനമേധാവി വഴി പട്ടികജാതിവികസന ഡയറക്ടർക്കു നൽകണം.
12.28ഇൻഡ്യയ്ക്കു വെളിയിൽ പഠിക്കുന്നവർക്കുള്ള ധനസഹായം
ഇന്ത്യയിൽ ലഭ്യമല്ലാത്ത പി.ജി., എം.ഫിൽ., പി.എച്ച്.ഡി. കോഴ്സുകൾക്ക് വിദേശസർവ്വകലാശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഠിക്കാൻ കുടുംബവരുമാനം പരിഗണിച്ച് വിവിധ നിരക്കിൽ ധനസഹായം നല്കുന്നു. ലോകറാങ്കിൽ ഒന്നുമുതൽ അഞ്ഞൂറുവരെയുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ മാത്രമാണു സഹായം.
12.29പാരലൽ കോളെജ് പഠനത്തിനുള്ള ധനസഹായം
സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പ്ലസ് ടൂ, ഡിഗ്രി, പി. ജി, കോഴ്സുകളിൽ പ്രവേശനം ലഭിക്കാത്ത പട്ടികജാതി/മറ്റർഹ വിഭാഗം വിദ്യാർത്ഥികൾക്കു പാരലൽ കോളെജ് പഠനത്തിനു റഗുലർ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ നിരക്കിൽ ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നു. കൂടാതെ ട്യൂഷൻ ഫീസ്, പരീക്ഷാഫീസ് എന്നിവ നൽകുന്നു. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ അപേക്ഷിച്ചിട്ടും അഡ്മിഷൻ ലഭിച്ചിട്ടില്ല എന്ന സാക്ഷ്യ പത്രം, വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷ ബ്ലോക്ക്/മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതിവികസന ഓഫീസർക്കു നൽകണം.
12.30ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ഐ. ടി. ഐ.കൾ)
വകുപ്പിനുകീഴിൽ വിവിധ ജില്ലകളിലുള്ള 44 ഐ.റ്റി.ഐകളിലായി എൻ.സി.വി.റ്റി/എസ്.സി.വി.റ്റി നിലവാരമുള്ള ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), പെയിന്റർ (ജനറൽ), പ്ലമർ, കാർപെന്റർ, സ്വീയിംഗ് ടെക്‌നോളജി, വെൽഡർ, സർവ്വേയർ, ഡ്രൈവർ കം മെക്കാനിക് എന്നീ ട്രേഡുകളിൽ പരിശീലനം നൽകുന്നു. 41 ഐ.റ്റി.ഐ കളിലെ മിക്ക ട്രേഡുകൾക്കും എൻ.സി.വി.റ്റിയുടെ അംഗീകാരമുള്ളതാണ്. പ്രസ്തുത ഐ.റ്റി.ഐകളിൽ നിന്ന് 80 ശതമാനത്തിൽക്കുറയാതെ ഹാജരോടുകൂടി പരിശീലനം പൂർത്തിയാക്കി ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിക്കുന്നവർക്ക് പ്രൊവിഷണൽ ഉൾപ്പെടെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.റ്റി.സി) ലഭിയ്ക്കുന്നു. എൻ.സി.വി.റ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഏഴ് ഐ.റ്റി.ഐകളിൽനിന്നു വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എസ്.സി.വി.റ്റി സർട്ടിഫിക്കറ്റും ലഭിക്കുന്നു. തെരഞ്ഞെടുക്കുന്ന പരിശീലനാർത്ഥികൾക്ക് ഫീസ് സൗജന്യവും യൂണിഫോം അലവൻസും ഒന്നാം വർഷം 820 രൂപ നിരക്കിലും രണ്ടാം വർഷം 630 രൂപ നിരക്കിലും ലംസം ഗ്രാന്റും 630 രൂപ പ്രതിമാസസ്റ്റൈപ്പന്റും നൽകിവരുന്നു.
അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ പരാജയപ്പെടുന്നവർക്കു റ്റ്യൂഷൻ നൽകുന്ന പദ്ധതിയും നിലവിലുണ്ട്. ഐ.ടി.ഐകളിൽ പ്രവേശനം ലഭിക്കാൻ നിശ്ചിതഫോമിൽ ബന്ധപ്പെട്ട സ്ഥാപനമേധാവികൾക്ക് അപേക്ഷ നൽകാം. ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൽ പ്രവേശനം നേടാൻ 18 വയസ്സാകണം. മറ്റു കോഴ്സുകൾക്കു പ്രവേശനത്തിനു പ്രായപരിധിയില്ല. അപേക്ഷയോടൊപ്പം ജാതി, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളും അവസാനപരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ കോപ്പിയും വേണം.
ഐ.ടി.ഐ.കൾ റെസിഡൻഷ്യൽ ആക്കുന്നതിന്റെ ഭാഗമായി നാല് ഐ.ടി.ഐ.കളിൽ ഹോസ്റ്റൽ സൗകര്യം ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്.
12.31കമ്മ്യൂണിറ്റി കോളെജ്, പാലക്കാട്
വകുപ്പിനുകീഴിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളെജിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷിനിസ്റ്റ് എന്ന ആധുനിക ഹൈടെക് കോഴ്സിൽ 20 പേർക്കു പരിശീലനം നൽകുന്നു. എസ്.എസ്.എൽ.സി/പ്ലസ് ടൂ എന്നിവ പാസ്സായവർക്കു പ്രവേശനത്തിന് അപേക്ഷിക്കാം. പ്രസ്തുത അപേക്ഷകരിൽനിന്നു പ്രവേശനപ്പരീക്ഷയിലൂടെയാണു പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കോഴ്സ് ദൈർഘ്യം രണ്ടുവർഷം (ഒരു വർഷം ഇൻസ്റ്റിറ്റ്യൂഷണൽ ട്രെയിനിങ്ങും ഒരു വർഷം ഇൻഡസ്ട്രിയൽ ട്രെയിനിങ്ങും നൽകുന്നു). കോഴ്സിന്റെ ഭാഗമായി വ്യവസായപരിശീലനത്തിനുള്ള സൗകര്യം മൾട്ടിനാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ലഭിക്കുന്നു.
12.32പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റർ
വിവിധ മത്സരപ്പരീക്ഷകൾക്കു പട്ടികജാതിവിഭാഗം ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കാൻ സംസ്ഥാനത്ത് നാലു പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്റ്റുകൾ പ്രവർത്തിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്കു സ്റ്റൈപ്പന്റോടു കൂടിയ പരിശീലനം. കൂടാതെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപ്പരീക്ഷാപരിശീലനം, ജോബ് ഓറിയന്റഡ് കോഴ്സുകൾ എന്നിവയും ഈ സെന്റ്റുകളിൽ നടത്തുന്നു. തിരുവനന്തപുരം, ആലുവ, കുഴൽമന്ദം, കോഴിക്കോട് എന്നിവിടങ്ങളിലാണു കേന്ദ്രങ്ങൾ.
12.33ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റി, തിരുവനന്തപുരം
അഖിലേൻഡ്യാ സർവ്വീസുകളിലേക്കുള്ള മത്സരപ്പരീക്ഷയ്ക്കു പ്രത്യേകപരിശീലനം നല്കുന്നു. കേരള സിവിൽ സർവീസ് അക്കാദമിയുമായി ചേർന്ന് 300 പേർക്കാണു പരിശീലനം നല്കുന്നത്. അക്കാദമിയിലെ ട്യൂഷൻ ഫീസ്, താമസച്ചെലവ് ഇനത്തിൽ പ്രതിമാസം 6,000 രൂപ എന്നിവ വകുപ്പ് അനുവദിക്കും. പ്രവേശനം അക്കാദമി നടത്തുന്ന മത്സരപ്പരീക്ഷയിലൂടെയാണ്.
12.34പാരാമെഡിക്കൽ സ്ഥാപനങ്ങൾ
തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളെജുകളോടു ചേർന്ന് രണ്ടു പാരാമെഡിക്കൽ സ്ഥാപനങ്ങൾ (പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സ്റ്റഡീസ്) പട്ടികവിഭാഗം വിദ്യാർത്ഥികൾക്കായി സ്ഥാപിച്ചിട്ടുണ്ട്. കുഴൽമന്ദത്ത് ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിനുള്ള സ്ഥാപനം, പയ്യന്നൂരിൽ ഡി. എം. എൽ. റ്റി കോഴ്സിനുള്ള സ്ഥാപനം എന്നിവ പ്രവർത്തിക്കുന്നു.
12.35സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്‌ഫോമേഷൻ, കോഴിക്കോട്
പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ മത്സരശേഷി വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനും കിർത്താഡ്‌സ് കാമ്പസിൽ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്‌ഫോമേഷൻ എന്ന സ്ഥാപനം പ്രവർത്തിക്കുന്നു. ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം നേടാനും കോർപ്പറേറ്റ് മേഖലകളിൽ ജോലി ലഭിക്കാനും പട്ടികവിഭാഗത്തിനെ പ്രാപ്തരാക്കാൻ ഇതിലൂടെ കഴിയുന്നു.
12.36മോഡൽ റസിഡൻഷ്യൽ പോളിടെൿനിക്ക്, പാലക്കാട്
പട്ടികജാതിവിഭാഗത്തിൽനിന്നു സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കാനായി പാലക്കാട് കണ്ണാടിയിൽ ആരംഭിച്ച സ്ഥാപനം. മുപ്പതു കുട്ടികൾക്കു പ്രവേശനം.
12.37ബുക്ക് ബാങ്ക് പദ്ധതി
പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പട്ടികവിഭാഗം വിദ്യാർത്ഥികൾക്കു വിലയേറിയ റഫറൻസ് പുസ്തകങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി.
12.38പഠനയാത്ര പര്യടനപരിപാടി
സംസ്ഥാനത്ത് ഹയർ സെക്കൻഡറി ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ കോഴ്സുകൾ എന്നിവ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന പഠനയാത്രയിൽ പങ്കെടുക്കുന്ന പട്ടികജാതിവിഭാഗം വിദ്യാർത്ഥികൾക്കുള്ള ചെലവ് പരമാവധി 4,000 രൂപ നൽകും. സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തുന്നതുപ്രകാരം ജില്ലാ പട്ടികജാതിവികസന ഓഫീസിൽനിന്നു തുക അനുവദിക്കുന്നു.
12.39പാലക്കാട് മെഡിക്കൽ കോളെജ്
പട്ടികജാതി വിഭാഗത്തിൽപ്പെട്ട 70 വിദ്യാർത്ഥികളും 2 പട്ടികവർഗ്ഗവിദ്യാർത്ഥികളും ഉൾപ്പെടെ 100 വിദ്യാർത്ഥികൾക്കു പ്രവേശനം ലഭിക്കാൻ 500 കിടക്കകളും വിവിധവിഭാഗങ്ങളിലായി 19 ചികിത്സായൂണിറ്റുകളുമായി പാലക്കാട്ടു പ്രവർത്തിക്കുന്ന മെഡിക്കൽ കോളെജിനോട് അനുബന്ധിച്ച് പാരാമെഡിക്കൽകോഴ്സുകളും ലബോറട്ടറികളും ആശുപത്രിയിലേക്കുവേണ്ട സാധനങ്ങളുടെയും ചെറിയ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഉൽപ്പാദനയൂണിറ്റുകളും ഗവേഷണ, വികസന സംരംഭങ്ങളും ആരംഭിക്കുന്നു.
തിരുവനന്തപുരം,
ഫോൺ: 0471-2316680,
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ,
പട്ടികജാതിവികസന ആഫീസ്, സിവിൽ സ്റ്റേഷൻ,
കോഴിക്കോട്, ഫോൺ: 0495-2371451
12.40സ്വയംതൊഴിൽ പദ്ധതി
വ്യക്തികൾക്കു മൂന്നുലക്ഷം രൂപവരെയും ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപവരെയുമുള്ള വായ്പകൾക്കു വായ്പാതുകയുടെ 1/3 സബ്‌സിഡി. പദ്ധതി ബാങ്കുകളുമായിച്ചേർന്നു നടപ്പിലാക്കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏതു സ്വയംതൊഴിൽസംരംഭവും തുടങ്ങാം.
യോഗ്യത:പ്രായം 18-40, വിദ്യാഭ്യാസയോഗ്യത 7-ാം ക്ലാസ്സ്. വരുമാന പരിധി ഇല്ല.
വേണ്ട രേഖകൾ:വിദ്യാഭ്യാസയോഗ്യതയും ജാതിയും വരുമാനവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പദ്ധതിറിപ്പോർട്ട്, റേഷൻകാർഡിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, എസ്.ജി.എസ്.വൈ ലോൺ വാങ്ങിയിട്ടില്ല എന്ന ബന്ധപ്പെട്ട ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ.
അപേക്ഷ നൽകേണ്ടത്:ബ്ലോക്ക്/മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതിവികസന ഓഫീസർക്ക്.
12.41യുവ അഭിഭാഷകർക്കു ധനസഹായം
നിയമവിദ്യാഭ്യാസം കഴിഞ്ഞ് എൻറോൾ ചെയ്തു വക്കീലായി പരിശീലനം ചെയ്യാൻ മൂന്നുവർഷത്തേക്കു ധനസഹായം.
ഒന്നാം വർഷം:
1. എൻറോൾമെന്റ് ഫീസ് — 9,600 രൂപ
2. വസ്ത്രം വാങ്ങാൻ — 4,000 രൂപ
3. പുസ്തകം വാങ്ങാൻ — 12,000 രൂപ
രണ്ടും മൂന്നും വർഷങ്ങളിൽ:
1. വസ്ത്രം വാങ്ങാൻ — 4,000 രൂപ
2. പുസ്തകം വാങ്ങാൻ — 12,000 രൂപ
3. മുറിവാടക — 6,000 രൂപ (പ്രതിമാസം 500 രൂപ നിരക്കിൽ)
അപേക്ഷിക്കേണ്ട വിധം:അഭിഭാഷകരായി എൻറോൾ ചെയ്ത് ഒരു മാസത്തിനകം നിശ്ചിതമാതൃകയിലുള്ള അപേക്ഷ ജില്ലാ പട്ടികജാതിവികസന ഓഫീസർക്കു നൽകണം.
അപേക്ഷയ്ക്കൊപ്പം വേണ്ട രേഖകൾ:ജാതിസർട്ടിഫിക്കറ്റ്, എൽ.എൽ.ബി.യുടെ സർട്ടിഫിക്കറ്റ്, ബാർ കൗൺസിൽ എൻറോൾമെന്റ് സാക്ഷ്യപത്രം, സീനിയർ വക്കീലിന്റെ സാക്ഷ്യപത്രം.
12.42സാങ്കേതികവിദ്യാഭ്യാസം ലഭിച്ചവർക്ക് അപ്രന്റീസ്ഷിപ്പ്
ഐ.ടി.ഐ, ഡിപ്ലോമ, എൻജിനീയറിങ് ഡിഗ്രി, എന്നിവ പാസ്സായവർക്ക് അപ്രന്റീസ്ഷിപ്പ്. അപേക്ഷകർ അതാത് ജില്ലാ പട്ടികജാതിവികസന ഓഫീസുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രതിമാസ നിരക്ക്
ഐ.ടി ഐ — 2,000 രൂപ
ഡിപ്ലോമ — 2,500 രൂപ
എൻജിനീയറിങ് ഡിഗ്രി — 3,000 രൂപ
12.43ടൂൾ കിറ്റ്
വകുപ്പിന്റെ ഐ.ടി.ഐകളിൽ വിവിധ ട്രേഡുകൾ പാസ്സായവർക്കു പണിയായുധങ്ങൾ വാങ്ങാൻ ഗ്രാന്റ് നൽകുന്നു.
12.44പട്ടികജാതിക്കാരുടെ വായ്പ എഴുതിത്തള്ളൽ
സംസ്ഥാനത്തെ പട്ടികജാതിവിഭാഗക്കാർ, സർക്കാർവകുപ്പുകൾ, കോർപ്പറേഷനുകൾ, സഹകരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് എടുത്തിട്ടുള്ളതും 31.03.2006-ൽ തിരിച്ചടവുകാലാവധി കഴിഞ്ഞതും കുടിശ്ശികയായതുമായ വായ്പകളിൽ 25,000 രൂപ വരെയുള്ളത് പലിശയും പിഴപ്പലിശയും ഉൾപ്പെടെ എഴുതിത്തള്ളുന്നത് 12.11.2009 ലെ (അച്ചടി) 100/2009 പജ.പവ.വിവ.നമ്പർ സർക്കാരുത്തരവുപ്രകാരം നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷനുകൾ, സർക്കാർ വകുപ്പുകൾ, സഹകരണസ്ഥാപനങ്ങൾ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് എന്നിവിടങ്ങളിൽനിന്ന് എടുത്തിട്ടുള്ളതും 31.03.2006-ൽ തിരിച്ചടവുകാലാവധി കഴിഞ്ഞു കുടിശ്ശിക ആയിട്ടുള്ളതുമായ വായ്പയുടെ 50,000 രൂപവരെയുള്ളത് എഴുതിത്തള്ളുന്നത് 10.12.2013-ലെ (അച്ചടി) നമ്പർ 99/2013/പജ.പവ.വിവ സർക്കാരുത്തരവിലൂടെ നടപ്പിലാക്കിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ എസ്.സി/എസ്.റ്റി കോർപ്പറേഷനിൽനിന്ന് എടുത്തിട്ടുള്ളതും 31.03.2006 ൽ തിരിച്ചടവുകാലാവധി കഴിഞ്ഞു കുടിശ്ശികയായതുമായ വാഹനവായ്പാപദ്ധതി, അംബേദ്കർ ഭവനനിർമ്മാണപദ്ധതി, പുതിയ അംബേദ്കർ ഭവനനിർമ്മാണപദ്ധതി, ഇൻകം ജനറേഷൻ ലിങ്ക്‌സ് എന്നീ പദ്ധതികളിലെ മുതലും പലിശയും എഴുതിത്തള്ളുന്നത് 16.10.2014 ലെ (കൈ) നമ്പർ 74/14/പജ.പവ.വിവ നമ്പർ സർക്കാരുത്തരവു പ്രകാരം നടപ്പിലാക്കിയിട്ടുണ്ട്.
പട്ടികജാതി വിഭാഗക്കാർ കേരളസംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസനകോർപ്പറേഷൻ, സഹകരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് എടുത്തിട്ടുള്ളതും 31.03.2010-നു തിരിച്ചടവുകാലയളവു പൂർത്തിയായതുമായ ഒരുലക്ഷം രൂപവരെയുള്ള വായ്പകളിൽ മുതലും പലിശയും ചേർത്ത് ഒരുലക്ഷം രൂപവരെ എഴുതിത്തള്ളുന്നതിന് 31.03.2015-ലെ സ.ഉ (പി) നം.24/2015/പജ.പവ.വിവ പ്രകാരം ഉത്തരവായിട്ടുണ്ട്. വരുമാനപരിധി 1.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ കടാശ്വാസപദ്ധതി പ്രകാരം പട്ടികജാതിക്കാർ റവന്യൂ വകുപ്പ്, കേരളസംസ്ഥാന ഭവനനിർമ്മാണ ബോർഡ്, കേരളസംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, കേരളസംസ്ഥാന പിന്നാക്കവിഭാഗവികസന കോർപ്പറേഷൻ, കേരളസംസ്ഥാന വനിതാവികസന കോർപ്പറേഷൻ, കേരളസംസ്ഥാന വികലാംഗ കോർപ്പറേഷൻ എന്നിവിടങ്ങളിൽനിന്ന് എടുത്തിട്ടുള്ള അഞ്ചുലക്ഷം രൂപവരെയുള്ള വായ്പകളിൽ മുതലും പലിശയും ഉൾപ്പെടെ മുതലിന്റെ ഇരട്ടിയെങ്കിലും തിരിച്ചടവു കഴിഞ്ഞിട്ടുള്ളവർക്ക് കടാശ്വാസം അനുവദിച്ചുകൊണ്ട് 20.08.2016 ലെ സ.ഉ (പി) നം.118/2016/ധന.പ്രകാരം ഉത്തരവായിട്ടുണ്ട്. ഈ ഉത്തരവിൻപ്രകാരം മുതലും പലിശയും പിഴപ്പലിശയുമുൾപ്പെടെ മുതലിന്റെ ഒന്നരയിരട്ടിയെങ്കിലും തിരിച്ചടച്ചിട്ടുള്ളവർക്ക് മുതലിന്റെ രണ്ടിരട്ടിയെത്തുന്നതുവരെയുള്ള കുടിശ്ശികത്തുക പലിശയും പിഴപ്പലിശയും ഒഴിവാക്കി ഇരുപത്തിനാലു പ്രതിമാസഗഡുക്കളായി തിരിച്ചടയ്ക്കാവുന്ന വിധത്തിൽ വായ്പ പുനഃക്രമീകരിച്ചിട്ടുണ്ട്.
12.45അംബേദ്‌കർ ഗ്രാമം
പട്ടികജാതിവികസനവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കിലയുടെ സഹകരണത്തോടെ പൂർത്തിയാക്കിയ, പട്ടികവിഭാഗത്തിൽപ്പെട്ടവരുടെ സ്ഥിതിവിവരപഠനറിപ്പോർട്ടിൽ അൻപതോ അൻപതിൽക്കൂടുതലോ പട്ടികജാതികുടുംബങ്ങൾ അധിവസിക്കുന്ന 436 ഗ്രാമങ്ങളുള്ളതായി കണ്ടെത്തിയിരുന്നു. വികസനപ്രക്രിയയിൽ ഗണ്യമായ നേട്ടമൊന്നും കൈവരിച്ചിട്ടില്ലാത്ത ഈ ഗ്രാമങ്ങൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്രവികസനപദ്ധതിയാണിത്.
ഓരോ സങ്കേതത്തിന്റെയും വികസനാവശ്യങ്ങൾ വിലയിരുത്തിയാണു പദ്ധതിനിർവ്വഹണം. റോഡുനിർമ്മാണം, വൈദ്യുതിവത്ക്കരണം, അഴുക്കുചാൽ നിർമ്മാണം, സോളാർ തെരുവുവിളക്കുകൾ, ബയോഗ്യാസ് പ്ലാന്റ്, ഭവനപുനരുദ്ധാരണം എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ പരമാവധി ഒരുകോടി രൂപയാണ് ഈ പദ്ധതിപ്രകാരം ഒരു സങ്കേതത്തിനായി ചെലവഴിക്കുക. എം.എൽ.എ.മാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണു പദ്ധതിനിർവ്വഹണം.
12.46വിവാഹധനസഹായം
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് 75,000 രൂപ വിവാഹധനസഹായമായി നൽകുന്നു. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പെൺകുട്ടിയുടെ പ്രായം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു എന്നതിന്റെ ഗസറ്റഡ് ഓഫീസറുടെയോ സമുദായസംഘടനയുടെയോ സാക്ഷ്യപത്രം എന്നിവസഹിതം ബ്ലോക്ക്/മുനിസിപ്പൽ/കോർപ്പറേഷൻ/പട്ടികജാതിവികസന ഓഫീസർക്ക് അപേക്ഷ നൽകണം. വരുമാനപരിധി ഒരു ലക്ഷം രൂപ.
12.47മിശ്രവിവാഹിതർക്കു ധനസഹായം
മിശ്രവിവാഹിതരായ ദമ്പതിമാർക്ക് (ഒരാൾ പട്ടികജാതിയും പങ്കാളി പട്ടികേതരസമുദായത്തിൽ പെട്ടതും ആയിരിക്കണം) വിവാഹത്തെത്തുടർന്ന് ഉണ്ടാകുന്ന സാമൂഹികപ്രശ്നങ്ങളെ അതിജീവിക്കാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുമായി 75,000 രൂപവരെ ഗ്രാന്റായി നൽകുന്നു. വിവാഹശേഷം ഒരു വർഷം കഴിഞ്ഞു മൂന്നു വർഷത്തിനകം അപേക്ഷിക്കണം. ഭാര്യാഭർത്താക്കന്മാരുടെ ജാതിസർട്ടിഫിക്കറ്റുകൾ, കുടുംബവാർഷികവരുമാനം, സഹവാസസർട്ടിഫിക്കറ്റ്, വിവാഹസർട്ടിഫിക്കറ്റ് എന്നിവസഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതിവികസന ഓഫീസർക്കു നൽകണം. രണ്ടുപേരുടെയും കൂടി പ്രതിവർഷ വരുമാനപരിധി: 1,00,000 രൂപ.
12.48ഭൂരഹിതപുനരധിവാസപദ്ധതി
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരഹിതരായ കുടുംബങ്ങൾക്കു ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ചു സെന്റ് ഭൂമിയും മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശത്ത് കുറഞ്ഞതു മൂന്നു സെന്റ് ഭൂമിയും വാങ്ങാൻ ഗ്രാമ/മുനിസിപ്പൽ കോർപ്പറേഷനുകളിൽ യഥാക്രമം 3,75,000, 4,50,000, 6,00,000 രൂപ ഗ്രാന്റായി അനുവദിക്കുന്നു. ഈ തുകയ്ക്കു ലഭിക്കാവുന്ന പരമാവധിഭൂമി വാങ്ങേണ്ടതാണ്.
ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, സ്വന്തമായി ഭൂമിയില്ലെന്നു തെളിയിക്കുന്ന വില്ലേജോഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, ഭൂമി വാങ്ങാൻ തദ്ദേശഭരണസ്ഥാപനങ്ങളിൽനിന്നു ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവസഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതിവികസന ഓഫീസർക്കു നൽകുക. ലൈഫ് മിഷൻ തയാറാക്കിയ ലിസ്റ്റിൽനിന്നാണു ഗുണഭോക്താക്കളെ കണ്ടെത്തുക.
12.49ഭവനനിർമ്മാണധനസഹായം
2017-18 സാമ്പത്തികവർഷം മുതൽ 4,00,000 രൂപ ഭവനനിർമ്മാണധനസഹായമായി നൽകുന്നു. നാലു ഗഡുക്കളായി നിർമ്മാണപുരോഗതിക്കനുസരിച്ചു തുക ഓൺലൈനായി ബാങ്കുവഴി വിതരണം ചെയ്യുന്നു. ഗ്രാമപ്രദേശത്തു സ്വന്തമായി രണ്ടു സെന്റും നഗരപ്രദേശങ്ങളിൽ ഒന്നരസെന്റും ഭൂമിയെങ്കിലും സ്വന്തമായുള്ള ഭവനരഹിതർക്കാണു ധനസഹായം. ജാതി, വരുമാന, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ, വാസയോഗ്യമായ ഭവനമില്ലായെന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം തദ്ദേശഭരണസ്ഥാപനങ്ങളിൽനിന്നു ഭവനനിർമ്മാണഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവയുടെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ മുഖേന മാനദണ്ഡങ്ങൾക്കു വിധേയമായി ധനസഹായം അനുവദിക്കുന്നു.
12.50ദുർബലവിഭാഗങ്ങൾക്കുള്ള പ്രത്യേക പുനരധിവാസപദ്ധതി
50,000 രൂപയിൽത്താഴെ വരുമാനമുള്ള ഭൂരഹിതഭവനരഹിതരായ വേടൻ, നായാടി, ചക്ലിയ/അരുന്ധതിയാർ, കള്ളാടി എന്നീ ദുർബലസമുദായങ്ങൾക്കു ഭൂമി വാങ്ങി വീടു വയ്ക്കാനുള്ള പ്രത്യേകപദ്ധതി. അഞ്ചുസെന്റ് ഭൂമിയെങ്കിലും വാങ്ങാനും വീടുവയ്ക്കാനുമായി 11,00,000 രൂപ ഗ്രാന്റായി നൽകുന്നു. ഭൂമി വാങ്ങാനുള്ള ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ പ്രായം 55 വയസ്സിൽ കവിയരുത്. (വീടിനു 6,00,000 രൂപ, ഭൂമിക്ക് 5,00,000 രൂപ)
കൃഷിഭൂമി വാങ്ങാൻ ധനസഹായം: 25 സെന്റിന് 10,00,000 രൂപ
ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ഭൂമിയില്ലെന്ന വില്ലേജോഫീസറുടെ സാക്ഷ്യപത്രം, തദ്ദേശഭരണസ്ഥാപനങ്ങളിൽനിന്ന് ഈ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവസഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതിവികസന ഓഫീസർക്ക് അപേക്ഷ നൽകുക.
12.51പട്ടികജാതിവികസനമന്ത്രിയുടെ ദുരിതാശ്വാസനിധി
മാരകമായ രോഗങ്ങൾ ബാധിച്ചവരും അത്യാഹിതങ്ങളിൽ പെട്ടവരുമായ ഒരു ലക്ഷം രൂപയിൽത്താഴെ വാർഷികവരുമാനമുള്ളവർക്ക് പട്ടികജാതിവികസനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 50,000 രൂപവരെ ചികിത്സാധനസഹായകമായി അനുവദിക്കുന്നു. ഹ്യദയശസ്ത്രക്രിയ, ക്യാൻസർ, ഹീമോഫീലിയ മുതലായ ഗുരുതരമായ രോഗങ്ങൾക്കു 1,00,000രൂപവരെ നൽകുന്നു. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ചികിത്സിക്കുന്ന ഡോക്ടറുടെ നിശ്ചിത ഫോമിലുളള സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിതഫോമിലുളള അപേക്ഷ ബ്ലോക്ക്/മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതിവികസന ഓഫീസർമാർക്കോ വകുപ്പു മന്ത്രിക്കോ നൽകാം.
കുടുംബത്തിലെ ഏക വരുമാനദാതാവു മരിച്ചാൽ കുടുംബത്തിനുള്ള ധനസഹായമായി രണ്ടുലക്ഷം രൂപ അനുവദിക്കുന്നു.
12.52ഉദ്യോഗാർത്ഥികൾക്കു യാത്രാബത്ത
പി.എസ്.സി, യു.പി.എസ്.സി, വിവിധ സർക്കാരേജൻസികൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുടെ പരീക്ഷകളിലും ഇന്റർവ്യുവിനും പങ്കെടുക്കാൻ പോകുന്ന പട്ടികജാതിവിഭാഗം ഉദ്യോഗാർത്ഥികൾക്ക് ഹാജർസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അർഹമായ യാത്രപ്പടി അനുവദിക്കുന്നു. സാക്ഷ്യപത്രങ്ങൾ സഹിതം അപേക്ഷ ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത്/മുനിസിപ്പൽ/കോർപ്പറേഷൻ സെക്രട്ടറിക്കു നൽകുക. തുക തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴിയാണ് വിതരണം ചെയ്യുന്നത്.
12.53സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം
പട്ടികജാതി, പട്ടികവർഗ്ഗ ജനസമൂഹവും മുഖ്യധാരാസമുദായങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളവും ഇഴയടുപ്പമുള്ളതുമാക്കിത്തീർക്കാൻ ഗാന്ധിജയന്തിദിനമായ ഒക്റ്റോബർ 2 മുതൽ 16 വരെ എല്ലാവർഷവും സാമൂഹിക ഐക്യദാർഢ്യ പക്ഷമായി ആചരിക്കുന്നു. ഈ ആചരണക്കാലത്ത്, പട്ടികജാതി, പട്ടികവർഗ്ഗ വികസനവകുപ്പു നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിൽ എത്തിക്കാനുള്ള പരിശ്രമങ്ങളും കോളനികൾ കേന്ദ്രീകരിച്ചു ശുചിത്വപരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, വിജ്ഞാനസദസ്സുകൾ, പ്രദർശനങ്ങൾ, പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ, പുതിയ പദ്ധതികളുടെ ആരംഭം കുറിക്കൽ എന്നിവയും നടത്തുന്നു.
12.54ഭവനപുനരുദ്ധാരണത്തിനും മുറി നിർമ്മിക്കാനും ധനസഹായം
ഭവനനിർമ്മാണത്തിനു സർക്കാരിൽനിന്നു മുൻപു ധനസഹായം കൈപ്പറ്റിയിട്ടുള്ളവരും എന്നാൽ ക്ഷയോന്മുഖമായ വീട്ടിൽ (5 വർഷത്തിനും 25 വർഷത്തിനും ഇടയിൽ പഴക്കമുള്ളവ) താമസിക്കുന്നവരുമായ പട്ടികജാതികുടുംബത്തിന് ഭവനപുനരുദ്ധാരണത്തിനും പുതിയതായി ഒരു മുറികൂടി നിർമ്മിക്കാനും ധനസഹായം നൽകുന്നു. പ്ലാൻ, എസ്റ്റിമേറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ പരമാവധി 50,000 രൂപ അനുവദിക്കുന്നു. വരുമാനപരിധി 50,000 രൂപ. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, വീടിന്റെ പഴക്കം സംബന്ധിച്ച സർട്ടിഫിക്കറ്റ്, മറ്റ് ഏജൻസികളിൽനിന്ന് ഇതേ ആവശ്യത്തിന് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റ് എന്നിവസഹിതം അപേക്ഷ ബന്ധപ്പെട്ട എസ്ഡിസിഒ (SCDO) യ്ക്കു നൽകണം.
12.55വിജ്ഞാൻവാടി
പട്ടികജാതിവിദ്യാർത്ഥികളുടേയും യുവാക്കളുടേയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സരപ്പരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനും സഹായകമാകാൻ ആരംഭിച്ച കേന്ദ്രങ്ങളാണ് വിജ്ഞാൻവാടികൾ. ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, വായനശാല എന്നിവ സജ്ജീകരിച്ചുകൊണ്ട് പട്ടികജാതിസങ്കേതങ്ങളോടനുബന്ധിച്ചാണ് വിജ്ഞാൻവാടികൾ സ്ഥാപിക്കുക. ഇതിനുള്ള കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ടുസഹിതം ഈ പദ്ധതി നടപ്പാക്കിവരുന്നു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഇതു നടപ്പാക്കുകയാണു ലക്ഷ്യം.
12.56വിദേശത്തു തൊഴിൽ നേടാൻ സാമ്പത്തികസഹായം
അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴിൽമേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ചവരുമായ പട്ടികജാതി യുവതീയുവാക്കൾക്കു വിദേശത്തു തൊഴിൽ നേടാൻ യാത്രയ്ക്കും വിസസംബന്ധമായ ചെലവുകൾക്കുമായി 1,00,000 രൂപവരെ ധനസഹായം നൽകുന്നു. ഇൻഡ്യൻ പാസ്പോർട്ട്, വിദേശതൊഴിൽദാതാവിൽനിന്നു ലഭിച്ച തൊഴിൽക്കരാർപത്രം, വിസ എന്നിവസഹിതം അപേക്ഷ നൽകണം. 2,50,000 രൂപയിൽത്താഴെ വാർഷികവരുമാനമുള്ള, 20 നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് അർഹത.
12.57ഉല്പന്നപ്രദർശനവിപണനമേള (ഗദ്ദിക)
പട്ടികജാതിക്കാരുടെ പാരമ്പര്യോല്പന്നങ്ങൾക്കും പട്ടികജാതി സ്വയംസഹായസംഘങ്ങളുടെ ഉല്പന്നങ്ങൾക്കും വിപണി കണ്ടെത്താനായി സംസ്ഥാനാടിസ്ഥാനത്തിൽ ഒരു വർഷം രണ്ടുസ്ഥലങ്ങളിൽ വിപണനമേള സംഘടിപ്പിക്കുന്നു. സ്റ്റോൾ സൗജന്യമായി അനുവദിക്കും. ഉല്പന്നങ്ങൾ സ്റ്റോളിലെത്തിക്കാനുള്ള വാഹനവാടക, സ്റ്റോളിൽ നിൽക്കുന്നവർക്കു പ്രതിദിനബത്ത, ഭക്ഷണം എന്നിവ നൽകും. അപേക്ഷകൾ ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതിവികസനവകുപ്പ്, തിരുവനന്തപുരം എന്ന വിലാസത്തിൽനിന്നു കിട്ടും.
12.58സർഗോത്സവം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതിയിൽപ്പെട്ട കലാപ്രതിഭകൾക്ക് 10,000 രൂപ പ്രോത്സാഹനമായി നൽകുന്ന പദ്ധതി.
12.59ഡോ. ബി.ആർ. അംബേദ്കർ മാദ്ധ്യമ അവാർഡ്
പട്ടികവിഭാഗത്തിൽ ഉൾപ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച മാദ്ധ്യമറിപ്പോർട്ടുകൾക്കും ഫീച്ചറുകൾക്കും ഡോ. ബി.ആർ. അംബേദ്കർ മാദ്ധ്യമഅവാർഡ് നൽകുന്നു. അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. അച്ചടിമാദ്ധ്യമത്തിലെ റിപ്പോർട്ടിന് 30,000 രൂപയും ഫലകവും ദൃശ്യമാദ്ധ്യമങ്ങളിലെ റിപ്പോർട്ടിന് 30,000 രൂപയും ഫലകവും റേഡിയോ റിപ്പോർട്ടിന് 15,000 രൂപയും ഫലകവുമാണു നൽകുന്നത്.
12.60സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കാൻ ധനസഹായം
പട്ടികജാതിവിഭാഗത്തിൽപ്പെട്ട എഴുത്തുകാരുടെ കൃതികൾ പുസ്തകരൂപത്തിൽ അച്ചടിക്കാൻ 20,000 രൂപവരെ ധനസഹായം അനുവദിക്കുന്നു. മൗലികമായ രചനകളുടെ രണ്ടു കയ്യെഴുത്തുപ്രതികൾ ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ എന്നിവസഹിതം അപേക്ഷ ചീഫ് പബ്ലിസിറ്റി ഓഫീസർ, അയ്യങ്കാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകുക.
12.61സാഹിത്യശില്പശാല
പട്ടികജാതി-പട്ടികവർഗത്തിലും ഇതര വിഭാഗത്തിലുംപെട്ട സാഹിത്യകാരരുടെ സാഹിത്യവാസന പരിപോഷിപ്പിക്കാനായി വർഷംതോറും സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. ഭാഷയുടെ വികാസപരിണാമങ്ങൾ, സാഹിത്യത്തിലെ അനുഭവം എന്നീ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കലും അതുവഴി സാംസ്കാരികശാക്തീകരണം ഉറപ്പാക്കലുമാണ് ശില്പശാലയുടെ ഉദ്ദേശ്യം. 18 മുതൽ 35 വരെ വയസുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കാണു പ്രവേശനം. ആകെ 50 പേർക്കു പങ്കെടുക്കാം. സൗജന്യതാമസം, ഭക്ഷണം, യാത്രാബത്ത എന്നിവ നൽകുന്നു.
ആസ്ഥാനത്തെ മേൽവിലാസം:
നന്ദാവനം, തിരുവനന്തപുരം
ഫോൺ: ഡയറക്ടർ 0471-2737400, 0471-2737240, 0471-2314455 (P)
ഫാക്സ്: 0471-2317397
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
വെബ്‌സൈറ്റ്: http://www.scdd.kerala.gov.in
റീജിയണൽ ഓഫീസുകൾ:
പട്ടികജാതിവികസനവകുപ്പ്,
അയ്യങ്കാളി ഭവൻ, കനകനഗർ,
കവടിയാർ പി.ഒ,
വെള്ളയമ്പലം, തിരുവനന്തപുരം.
ഫോൺ: 0471-2310761, 2737216, 854763,0004
ഡെപ്യൂട്ടി ഡയറക്ടർ, ഉത്തരമേഖല,
സിവിൽസ്റ്റേഷൻ, കോഴിക്കോട്
ഫോൺ: 0495-2370379, 854763,0005