Govt of Kerala EmblemGovernment of Kerala

പട്ടികവർഗ്ഗവികസനവകുപ്പു്

സംസ്ഥാനസർക്കാർ ആവിഷ്ക്കരിച്ചു പട്ടികവർഗ്ഗവികസനവകുപ്പു മുഖേന നടപ്പാക്കിവരുന്ന പ്രധാനപദ്ധതികൾ വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റെപ്പന്റ്, രക്ഷിതാക്കൾക്കുള്ള പ്രോത്സാഹനഗ്രാന്റ് മുതലായ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ വിതരണം, പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകളുടെയും പരിശീലനകേന്ദ്രങ്ങളുടെയും നടത്തിപ്പ്, പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കുള്ള വസ്ത്രവിതരണം തുടങ്ങിയവയാണ്. കൂടാതെ പട്ടികവർഗ്ഗവിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പാർപ്പിടസൗകര്യം, ആരോഗ്യസംരക്ഷണം തുടങ്ങിയ ക്ഷേമപദ്ധതികളും നടപ്പാക്കിവരുന്നു.

13.1വിദ്യാഭ്യാസപദ്ധതികൾ

13.1.1പ്രീമെട്രിക് വിദ്യാഭ്യാസം

S.S.L.C വരെയുളള ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികൾക്ക് അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുളള ലംപ്സം ഗ്രാന്റ് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ നൽകി വരുന്നു. ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവയുടെ നിരക്ക് ചുവടെ ചേർക്കുന്നു. ലംപ്‌സം ഗ്രാന്റിൽ 2017-18-ൽ വരുത്തിയതുപോലെ 25 ശതമാനം വർദ്ധന 2018-19-ലെ സംസ്ഥാനബജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്.

വിഭാഗം ലംപ്‌സം ഗ്രാന്റ് (രൂപ) പ്രതിമാസസ്റ്റൈപ്പന്റ് (രൂപ)
എൽ.പി. വിഭാഗം (I മുതൽ IV വരെ) 320 130
യു.പി. വിഭാഗം (V മുതൽ VIII വരെ) 630 160
ഹൈസ്കൂൾ വിഭാഗം 940 190
ഒരു ക്ലാസിൽ തോറ്റ് രണ്ടാം വർഷം പഠിക്കുന്ന കുട്ടികൾക്കു വാർഷിക ലംപ്‌സം ഗ്രാന്റിന്റെ 50% നൽകുന്നു

13.1.2പോസ്റ്റ്‌മെട്രിക് പഠനം

പത്താംക്ലാസ് പഠനം പൂർത്തിയാക്കി വിവിധ കോഴ്സുകൾക്കു പഠിക്കുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കു വരുമാനപരിധിയില്ലാതെ മുഴുവൻ ഫീസും വാർഷിക ലപ്‌സം ഗ്രാന്റും പ്രതിമാസസ്റ്റൈപ്പന്റും നൽകുന്നു. യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുളള എല്ലാ സ്ഥാപനങ്ങളിലും എല്ലാ കോഴ്സുകൾക്കും ഈ ആനുകൂല്യം ലഭിക്കുന്നു. വിവിധകോഴ്സുകൾക്കു വ്യത്യസ്തനിരക്കിലാണു ലംപ്സം ഗ്രാന്റ് നൽകുന്നത്.

കോഴ്സ്
ലംപ്‌സം ഗ്രാന്റ് (രൂപ)
പ്രതിമാസ സ്‌റ്റൈപ്പന്റ് (രൂപ)
8 കി.മീ.-നു ഉള്ളിൽ താമസിക്കു ന്നവർക്ക് 8 കി.മീ.-നു പുറത്തു താമസിക്കു ന്നവർക്ക്
പ്ലസ് ടൂ, വൊക്കേഷണൽ എച്ഛ്.എസ്., തത്തുല്യം 1130 630 750
ബിഎ, ബിഎസ്‌സി, ബികോം, ബിഎഡ്, തത്തുല്യം 1190 630 750
എംഎ, എം‌എസ്‌സി, എംകോം, തത്തുല്യം 1570 630 750
എൻജിനീയറിങ്, വെറ്റിനറി, അഗ്രികൾച്ചർ മുതലായവ 2250 630 750
എംബിബിഎസ്, എംഎസ്, എംഡി 3130 630 750

കോളെജ് ഹോസ്റ്റലുകളിലും മറ്റ് അംഗീകൃത ഹോസ്റ്റലുകളിലും താമസിച്ചു പഠിക്കുന്നവർക്ക് പ്രതിമാസസ്റ്റൈപ്പന്റിനു പകരം യഥാർത്ഥ താമസ-ഭക്ഷണ ചെലവും പോക്കറ്റ് മണിയും നൽകുന്നു.

പ്രതിമാസ പോക്കറ്റ്മണി നിരക്ക്
മെഡിക്കൽ, എൻജിനീയറിങ് കോഴ്സ് വിദ്യാർത്ഥി 190 രൂപ
മറ്റു കോഴ്സുകൾക്കു പഠിക്കുന്ന വിദ്യാർത്ഥി 190 രൂപ

13.1.3നഴ്സറി സ്കൂളുകൾ

പ്രീ-പ്രൈമറി വിദ്യാഭ്യാസം നൽകുന്നതിനായി പട്ടികവർഗ്ഗവികസനവകുപ്പിന്റെ കീഴിൽ 13 നഴ്സറി സ്കൂളുകൾ പ്രവർത്തിച്ചുവരുന്നു.

കുട്ടികൾക്കുള്ള ലംപ്സം ഗ്രാന്റ് 190 രൂപ

പ്രതിദിനം ഒരു കുട്ടിക്കുള്ള ഭക്ഷണച്ചെലവ് 30 രൂപ

13.1.4പ്രീമെട്രിക് ഹോസ്റ്റലുകൾ

ഒ‌ന്നു‌ മുതൽ പ‌ത്തു‌ വ‌രെ‌ ക്ലാസുകളിൽ പഠിക്കു‌ന്ന‌ പട്ടി‌ക‌വർഗ്ഗ‌വിദ്യാർത്ഥികൾക്ക്‌ സ്കൂളി‌നു സമീപം താമസിക്കാൻ സൗകര്യമൊരുക്കു‌ന്ന‌ 105 പ്രീമെട്രിക് ഹോസ്റ്റലുകൾ വകു‌പ്പ്‌ നടത്തിവരു‌ന്നു‌. കുട്ടികളു‌ടെ‌ എ‌ല്ലാ‌ ചെലവും ‌‌ സർക്കാർ വഹിക്കു‌ന്നു‌. ഇതിൽ 58 എണ്ണം ആൺകുട്ടികൾക്കും 45 എണ്ണം പെൺകുട്ടികൾക്കും 2 എണ്ണം ഇരുവിഭാഗത്തിനും (മിക്‌സഡ്) ആയും പ്രവർത്തിക്കുന്നു. ആഹാരച്ചെലവുകൾക്ക് അനുവദനീയമായ നിരക്ക് താഴെ കൊടുക്കുന്നു.

ഒന്നാംക്ലാസ് മുതൽ പത്താംക്ലാസുവരെ ഉള്ളവർക്ക് 3000 രൂപ

പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകളിൽ പഠിക്കുന്നവർക്ക് 3450 രൂപ

13.1.5പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ

പ്ലസ് ടൂ ക്ലാസിനുമുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാൻ പട്ടികവർഗ്ഗവികസനവകുപ്പിന്റെ കീഴിൽ നിലവിൽ ഒൻപ‌ത്‌ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകൾ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാ‌ട്‌, ഇടു‌ക്കി‌ ജില്ലകളിൽ പ്രവർത്തിക്കുന്നു.

13.1.6മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ (എം.ആർ.എസ്)

സമർത്ഥരായ പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ റസിഡൻഷ്യൽ സൗകര്യത്തോടുകൂടി ആരംഭിച്ചിട്ടുള്ളവയാണ് എം.ആർ.എസ്.കൾ. എം.ആർ.എസുകളിലും ഞാറനീലി, കുറ്റിച്ചൽ സി.ബി.എസ്.ഇ. സ്കൂളുകളിലും പ്രവേശനം ലഭിക്കുന്ന എല്ലാ കുട്ടികൾക്കും താമസം, ഭക്ഷണം തുടങ്ങി എല്ലാ വിദ്യാഭ്യാസച്ചെലവുകളും സൗജന്യമാണ്.

ഡിസംബർ, ജനുവരി മാസങ്ങളിൽ എം.ആർ.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കും. ജില്ലകളിലെ ഐറ്റിഡിപി പ്രോജകട് ഓഫീസർ/പട്ടികവർഗ്ഗവികസന ഓഫിസർമാർക്കാണ് അപേക്ഷ നൽകേണ്ടത്. തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ വാർഷികവരുമാനപരിധി ഒരുലക്ഷം (1,00,000) രൂപയാണ്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ ഭക്ഷണച്ചെലവ് അനുവദനീയമായ നിരക്ക് ചുവടെ ചേർക്കുന്നു.

  പ്രതിമാസനിരക്ക്
ഒന്നാംക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 3,000 രൂപ
ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് 3,450 രൂപ

13.1.7അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് ആൻഡ് ഡവലപ്‌മെന്റ് പദ്ധതി

സമർത്ഥരായ പട്ടികവർഗ്ഗവിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ തുടർപഠനത്തിനുള്ള എല്ലാ സഹായവും നൽകുന്ന പദ്ധതി. അഞ്ചാംക്ലാസുമുതൽ പത്താംക്ലാസുവരെ തുടർസ്കോളർഷിപ്പു നൽകുന്നു. അഞ്ചാംക്ലാസ് വിദ്യാർത്ഥികൾക്ക് 5,900 രൂപയും 8 മുതൽ 10 വരെ ക്ലാസിലെ വിദ്യാർത്ഥികൾക്കു 4,900 രൂപയും വീതമാണു സ്‌കോളർഷിപ്പ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നാലാം ക്ലാസിൽ പഠിക്കുന്ന 200 പട്ടികവർഗ്ഗവിദ്യാർത്ഥികളെ ഓരോവർഷവും മത്സരപ്പരീക്ഷയിലൂടെ തെരഞ്ഞെടുക്കും.

13.1.8ട്യൂട്ടോറിയൽ ഗ്രാന്റ്

പട്ടികവർഗ്ഗവിദ്യാർത്ഥികളുടെ വിജയശതമാനം വർദ്ധിപ്പിക്കാൻ ഹൈസ്കൂളുകളിലും പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്തുള്ള പാരലൽ കോളെജിലോ ട്യൂഷൻ സെന്ററിലോ ചേർന്നു പഠിക്കാൻ പ്രതിമാസ ട്യൂഷൻ ഫീസ് രക്ഷകർത്താക്കൾ മുഖേന നൽകുന്ന പദ്ധതി. വർഷാവസാനപ്പരീക്ഷയ്ക്കുമുമ്പായി എസ്.എസ്.എൽ.സി, പ്ലസ് ടൂ വിദ്യാർത്ഥികൾക്കു പ്രത്യേക കോച്ചിംഗ് നൽകുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

പ്രധാന ഘടകങ്ങൾ:

1.
ഹൈസ്കൂളുകളിലേയും പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കു പ്രത്യേക ട്യൂഷൻ ഫീസ് നൽകുക.
2.
എസ്.എസ്.എൽ.സി, പ്ലസ് ടൂ എന്നീ പരിക്ഷകളിൽ പരാജിതരായ പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കു തോറ്റ വിഷയങ്ങൾ പഠിക്കാൻ ട്യൂഷൻ ഫീസ് നൽകുക.
3.
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ ഗുരുകുലപരിപാടി, പാലക്കാട് നെഹ്രു യുവകേന്ദ്രത്തിന്റെ ഗിരിവികാസ് പദ്ധതി മുതലായവ നടപ്പിലാക്കുക.
4.
പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കു ട്യൂഷൻ നൽകുന്ന പാർട്ട്‌ടൈം ട്യൂട്ടറുടെ ഓണറേറിയം നൽകുക.

13.1.9വസ്ത്രവിതരണം

ട്രൈബൽ സ്കൂളുകളിലും വെൽഫെയർ സ്കൂളുകളിലുമുള്ള ലോവർ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികൾക്ക് ഓരോ വർഷവും രണ്ടുജോഡി യൂണിഫോം നൽകിവരുന്നു.

13.1.10ബോർഡിങ് ഗ്രാന്റ്

പട്ടികവർഗ്ഗവികസനവകുപ്പിന്റെ അംഗീകാരമുള്ളതും സന്നദ്ധസംഘടനകൾ നടത്തുന്നതുമായ ഹോസ്റ്റലുകളിൽ അന്തേവാസികളായ പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കു ബോർഡിങ് ഗ്രാന്റ് നൽകുന്നു. ഏഴു ഹോസ്റ്റലുകൾക്കാണ് ഇപ്പോൾ ധനസഹായം നൽകുന്നത്.

ബോർഡിങ് ഗ്രാന്റ്:
1.
1 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് 700 രൂപ.
2.
പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് 800 രൂപ.
യൂണിഫോം അലവൻസ്:
1.
ഒന്നു മുതൽ 9 വരെയുളള വിദ്യാർത്ഥികൾക്ക് 500 രൂപ.
2.
10 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് 700 രൂപ.

13.1.11സമർത്ഥരായ വിദ്യാർത്ഥികൾക്കു പ്രത്യേകപ്രോത്സാഹനം

അക്കാദമിക്-കലാ-കായികമൽസരങ്ങളിൽ ഉന്നതവിജയം നേടുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കു പ്രത്യേക പ്രോത്സാഹനം. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു ഗ്രേഡിന്റെ അടിസ്ഥാനത്തിൽ 3,000 രൂപയും ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണം, പ്രൊഫഷണൽ കോഴ്സ് തുടങ്ങിയവയിൽ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കു യഥാക്രമം 4,500, 6,000 രൂപ നിരക്കിലും പ്രത്യേക പ്രോത്സാഹനസമ്മാനം നൽകുന്നു.

ബിരുദകോഴ്സുകളിൽ ഒന്നാംക്ലാസിൽത്താഴെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിക്കുന്ന വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ അഞ്ചു വിദ്യാർത്ഥികൾക്കു വീതവും മറ്റു ജില്ലകളിൽ രണ്ടു വിദ്യാർത്ഥികൾക്കു വീതവും 3000 രൂപ നിരക്കിൽ പ്രത്യേക പ്രോത്സാഹനസമ്മാനവും നൽകുന്നു.

13.1.12ഭാരതദർശൻ, സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കു പഠനയാത്ര

പ്രത്യേകദുർബ്ബലഗോത്രവിഭാഗത്തിൽപ്പെട്ട മിടുക്കരായ 30 ആൺകുട്ടിൾക്കും 30 പെൺകുട്ടികൾക്കും ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഭാരതദർശൻ. ഭാരതദർശനു പുറമെ പഠനത്തിൽ മികവു പുലർത്തുന്ന പ്ലസ് ടൂ വിലും ഡിഗ്രി ക്ലാസിലും ബിരുദാനന്തരബിരുദത്തിനും പ്രൊഫഷണൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലും പഠിക്കുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കു വിദ്യാഭ്യാസസ്ഥാപനങ്ങൾവഴി വിനോദയാത്രയ്ക്കും പഠനയാത്രയ്ക്കുമുള്ള യഥാർത്ഥചെലവ് സാമ്പത്തികസഹായമായി നൽകിവരുന്നു.

13.1.13മാതാപിതാക്കൾക്കു പ്രോത്സാഹനഗ്രാന്റ്

പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മുടങ്ങാതെ സ്കൂളിൽ അയയ്ക്കാൻ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കു പ്രതിമാസം 50 രൂപ നിരക്കിൽ 10 മാസത്തേക്ക് 500 രൂപ പ്രോത്സാഹനധനസഹായം. ഓരോ അദ്ധ്യയനവർഷവും ഫെബ്രുവരിവരെയുള്ള ഹാജർ കണക്കാക്കി 75% ഹാജരുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണിതു നൽകുന്നത്.

13.1.14ലാപ്‌ടോപ് വിതരണം

അംഗീകൃത യൂണിവേഴ്സിറ്റികളിലും സ്ഥാപനങ്ങളിലും പ്രൊഫഷണൽ കോഴ്സുകൾക്കു രണ്ടാംവർഷം പഠിക്കുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കു ലാപ്‌ടോപ്പ് നൽകുന്നു. എം.ബി.ബി.എസ്, എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്, എം.സി.എ, ബി.ഡി.എസ്, ബി.എ, എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി. ആൻഡ് എ. എച്ച്, ബി.ടെക്, എം.ടെക് എന്നിവയുൾപ്പെടെ‌ 3‌2‌ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

13.1.15സാമൂഹികപഠനമുറി

പട്ടികവർഗ്ഗവിഭാഗക്കാരുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികവർഗ്ഗക്കോളനികളിൽ നടപ്പാക്കുന്ന പദ്ധതി. പഠനകേന്ദ്രത്തിൽ 30 പട്ടികവർഗ്ഗ പഠിതാക്കൾക്കു പഠനസൗകര്യങ്ങൾ ഒരുക്കുന്ന കെട്ടിടങ്ങളാണ് ഇതിനായി തയ്യാറാക്കുന്നത്. കോളനിയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ട്യൂട്ടർമാരായി തെരഞ്ഞെടുത്ത് പട്ടികവർഗ്ഗവിദ്യാർത്ഥികളെ പഠനകാര്യത്തിൽ സഹായിക്കൽ, വിദ്യാർത്ഥികൾക്കു ട്യൂഷൻ നൽകൽ, പഠനസാമഗ്രികൾ വിതരണം ചെയ്യൽ, ലഘുഭക്ഷണം നൽകൽ എന്നിവയും കംപ്യൂട്ടർ, ഇന്റർനെറ്റ്, ലൈബ്രറി, പുസ്തകങ്ങൾ തുടങ്ങിയ അധികസൗകര്യങ്ങൾ ഒരുക്കുകയുമാണു ലക്ഷ്യം. ഇവിടെ ട്യൂഷൻ എടുക്കുന്ന അദ്ധ്യാപകർക്ക് പ്രതിമാസം 15,000 രൂപാ ഓണറേറിയം നൽകും. അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരവുമാണിത്.

13.1.16ഗോത്രബന്ധു‌-പ്രൈമറി സ്കൂളുകളിൽ ഗോത്രവിഭാഗ അദ്ധ്യാപകരുടെ സേവനം

പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പ്രൈമറി സ്കൂളുകളിൽ അവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ടിടിസി, ബിഎഡ് യോഗ്യതയുള്ള യുവവിദ്യാസമ്പന്നരെ (ആണോ പെണ്ണോ) ആദിവാസിഭാഷയുടെയും മലയാളഭാഷയുടെയും അറിവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് വേണ്ട പരിശീലനം നൽകി പ്രൈമറി സ്കൂളിൽ ടീച്ചറോ വിദ്യാഭ്യാസോപദേശകരോ ആയി പ്രവർത്തിപ്പിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. ഗോത്രവിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ ഭാഷാപ്രശ്നങ്ങൾ പരിഹരിക്കുകയും കൊഴിഞ്ഞുപോക്കു കുറയ്ക്കുകയും 100 ശതമാനം ആദിവാസിക്കുട്ടികൾക്കും സ്കൂൾ പ്രവേശനം ഉറപ്പാക്കുകയും കുട്ടികൾക്കുവേണ്ട പരിശീലനം നൽകുകയും ചെയ്യുന്ന ഉപദേശകരായോ സാമൂഹികസേവകരായോ ഈ അദ്ധ്യാപകർ പ്രവർത്തിക്കുന്നു. കൂടാതെ വിദ്യാർത്ഥികളെ പരിചരിച്ചുകൊണ്ട് സമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും ഇടയിൽ മുഖ്യകണ്ണിയായി പ്രവർത്തിക്കണം. വയനാ‌ട്‌ ജില്ലയിലും പാലക്കാ‌ട്‌ ജില്ലയി‌ലെ‌ അട്ടപ്പാ‌ടി‌ ബ്ലോക്കിലും പദ്ധ‌തി‌ നടപ്പാക്കു‌ന്നു‌.

13.2ആരോഗ്യം

13.2.1പട്ടികവർഗ്ഗ സമഗ്ര ആരോഗ്യസുരക്ഷ (ആശുപത്രിവഴിയുള്ള വൈദ്യസഹായം)

സംസ്ഥാനത്തെ എല്ലാ സർക്കാരാശുപത്രികളിലും സർക്കാർ മെഡിക്കൽ കോളെജുകളിലും പരിയാരം സഹകരണ മെഡിക്കൽ കോളെജിലും തലശേരി മലബാർ ക്യാൻസർ സെന്റർ, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ, ശ്രീചിത്രാ മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും ചികിത്സയ്ക്കെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ഈ പദ്ധതിപ്രകാരം സൗജന്യചികിത്സ ലഭിക്കുന്നു.

ആശുപത്രികളിൽ ലഭ്യമല്ലാത്ത ചികിത്സയുടെ ചെലവ് (മരുന്നു വാങ്ങാൻ, മെഡിക്കൽ ടെസ്റ്റ് തുടങ്ങിയവ) 10,000 രൂപവരെ ബി.പി.എൽ, എ.പി.എൽ അന്തരമില്ലാതെ മുഴുവൻ പട്ടികവർഗ്ഗക്കാർക്കും ലഭിക്കുന്നു. 10,000 രൂപയ്ക്കു മുകളിൽ വരുന്ന ചികിത്സാച്ചെലവിന്റെ സഹായം പട്ടികവർഗ്ഗക്കാരിൽ ബി.പി.എൽ വിഭാഗക്കാർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വ്യക്തിഗതസഹായം 10,000 രൂപവരെ ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടും 50,000 രൂപവരെ ആശുപത്രിവികസനസമിതിയും നൽകും. 50,000 രൂപയ്ക്കുമുകളിൽ ചെലവുവരുന്ന സന്ദർഭത്തിൽ പട്ടികവർഗ്ഗവികസനവകുപ്പു ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാരനുമതിയോടെ ആശുപത്രിയധികൃതർ ധനസഹായം അനുവദിക്കും. മെഡിക്കൽ കോളെജ് ആശുപത്രികളിൽ സൂപ്രണ്ടുമാർക്കാണു തുക അനുവദിക്കുന്നത്. ശ്രീചിത്ര മെഡിക്കൽ സെന്റർ, ആർ.സി.സി, എംസിസി എന്നിവിടങ്ങളിൽ ഡയറക്ടർമാർക്കു തുക അനുവദിക്കും.

13.2.2അരിവാൾ രോഗത്തിനുള്ള ധനസഹായം

വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പട്ടികവർഗ്ഗക്കാർക്കിടയിൽ കണ്ടുവരുന്ന അരിവാൾ രോഗം ബാധിച്ചവർക്കു സാന്ത്വനമെന്ന നിലയിലും അവർക്ക് അത്യാവശ്യം മരുന്നും മറ്റ് ജീവനോപാധികളും വാങ്ങാനുമായി പ്രതിമാസം 2,500 രൂപ ധനസഹായം നൽകിവരുന്നു. ബാങ്ക് അക്കൗണ്ടു വഴിയാണു തുക നൽകുന്നത്.

13.2.3ജനനി–ജന്മരക്ഷ

പട്ടികവർഗ്ഗവിഭാഗത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാരലഭ്യത ഉറപ്പുവരുത്താൻ ആവിഷ്ക്കരിച്ച പദ്ധതിയാണ് ജനനി-ജന്മരക്ഷ. ഗർഭിണിയായശേഷമുള്ള മൂന്നുമാസം മുതൽ കുട്ടിക്ക് ഒരുവയസാകുന്നതുവരെയുള്ള 18 മാസം ഓരോ മാസവും 2‌,000 രൂപ വീതം ഈ പദ്ധതിവഴി നൽകി വരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം. ചില ദുർഘടപ്രദേശങ്ങളിൽ റ്റി.ഇ.ഒ.മാർ മുഖേനയാണ് ധനസഹായം നൽകുന്നത്.

13.2.4പട്ടികവർഗ്ഗ ആശ്വാസനിധി

പട്ടികവർഗ്ഗസങ്കേതങ്ങളിലുള്ള രോഗികൾക്കും മറ്റു ദുരിതം അനുഭവിക്കുന്നവർക്കും വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ധനസഹായം അനുവദിക്കുന്ന പദ്ധതി. ഈ പദ്ധതിപ്രകാരം ഗുണഭോക്താവിന്റെ കുടുംബവാർഷികവരുമാനം 1,00,000 രൂപയിൽ താഴെ ആയിരിക്കണം. ക്യാൻസർ, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങളുടെ ചികിത്സയ്ക്കും ഹൃദയശസ്ത്രക്രിയയ്ക്കും ഒരുലക്ഷം രൂപവരെയും മറ്റു രോഗങ്ങൾക്ക് രോഗങ്ങളുടെ തീവ്രത പരിഗണിച്ച് 50,000 രൂപവരെയും ധനസഹായം അനുവദിക്കും. കുടുംബത്തിന്റെ ഏകവരുമാനദായകന്റെ അപകടമരണത്തിനു നിബന്ധനകൾക്കു വിധേയമായി 50,000 രൂപവരെ ഈ പദ്ധതിയിൽ അനുവദിക്കും. അസുഖങ്ങളെകൊണ്ടു കഷ്ടപ്പെടുന്ന പട്ടികവർഗ്ഗക്കാർക്ക് ഒരുലക്ഷം രൂപവരെ ഡോക്ടറുടെ ശുപാർശപ്രകാരം ധനസഹായം നൽകുന്നു. കൂടാതെ പ്രക്യതിക്ഷോഭം, തീപിടുത്തങ്ങൾ മുതലായവ മൂലം ദുരിതമനുഭവിക്കുന്ന പട്ടികവർഗ്ഗക്കാർക്ക് 50,000 രൂപവീതം നിബന്ധനകൾക്കു വിധേയമായി നൽകിവരുന്നു. മെഡിക്കൽ ക്യാമ്പുകൾ നടത്താനുള്ള സാമ്പത്തികസഹായം, രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം പോഷകമൂല്യമുള്ള ആഹാരം നൽകുക, ആശുപത്രികളിൽ ലഭ്യമല്ലാത്ത മരുന്നുകൾ ലഭ്യമാക്കുക, പോസ്റ്റ്‌മോർട്ടത്തിന് ആവശ്യമായ ചെലവുകൾ, അത്യാഹിതങ്ങളും അപകടങ്ങളും കൈകാര്യം ചെയ്യാനുള്ള സഹായനിധി തുടങ്ങിയവയാണു പ്രധാന ഘടകങ്ങൾ.

13.3സാമൂഹിക-സാമ്പത്തിക ഉന്നമന പദ്ധതികൾ

13.3.1വീടില്ലാത്തവർക്കു വീട്

ഭവനരഹിതരായ പട്ടികവർഗ്ഗക്കാർക്കു ലൈ‌ഫ്‌ പദ്ധ‌തി‌ മുഖേ‌ന‌ ഭവനനിർമ്മാണത്തിന് ആറുലക്ഷം രൂ‌പ‌ ഗ്രാ‌ന്റ്‌ അനുവദിക്കു‌ന്നു‌.

13.3.2വീടുകളുടെ അറ്റകുറ്റപ്പണികൾ

2008ലെ ബേസ്‌ലൈൻ സർവ്വേ പ്രകാരം തകർന്നതും അടുക്കള‌ ഇല്ലാത്തതും മതിയാ‌യ‌ സ്ഥലസൗകര്യങ്ങൾ ഇല്ലാത്തതും സ്റ്റോർ സൗകര്യം ഇല്ലാത്തതുമാ‌യ‌ വീടുകൾ പുനരുദ്ധ‌രി‌ക്കാനും, അധികമുറികൾ നിർമ്മിക്കാനും തകർന്നവ പുനർനിർമ്മിക്കാനും ഉള്ളതാണു പദ്ധതി. എസ്റ്റിമേറ്റ് പ്രകാരം പരമാവധി 1.5 ലക്ഷം രൂപവരെ ഈ പദ്ധതിപ്രകാരം നൽകുന്നു.

13.3.3കടം എഴുതിത്തള്ളുന്ന പദ്ധതി

സംസ്ഥാനത്തെ പട്ടികവർഗ്ഗവിഭാഗക്കാർ, വിവിധ സർക്കാർവകുപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ, ദേശസാൽക്കൃതബാങ്കുകൾ, പട്ടികജാതി–പട്ടികവർഗ്ഗ വികസനകോർപ്പറേഷനുകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവിടങ്ങളിൽനിന്ന് എടുത്തിട്ടുള്ളതും 01-04-2014-ൽ തിരിച്ചടവുകാലാവധി കഴിഞ്ഞതും കുടിശ്ശിക ആയതുമായ ഒരുലക്ഷം രൂപവരെയുള്ള വായ്പകൾ (മുതലും പലിശയും പിഴപ്പലിശയും മറ്റു പലിശകളും ഉൾപ്പെടെ) എഴുതിത്തള്ളുന്ന പദ്ധതി. [സർക്കാർ ഉത്തരവ് (അ) നം. 71/2015/പജ.പവ.വിവ തീയതി 01/10/2015].

13.3.4കൈത്താങ്ങ് (അനാഥർക്കുള്ള ധനസഹായം)

മാതാപിതാക്കൾ സംരക്ഷിക്കാനില്ലാത്ത അനാഥരും അശരണരുമായ പട്ടികവർഗ്ഗക്കുട്ടികൾക്കു പ്രായപൂർത്തിയാകുന്നതുവരെയോ സ്വന്തമായി വരുമാനം ഉണ്ടാകുന്നതുവരെയോ ജീവിക്കാനും വിദ്യാഭ്യാസത്തിനും പ്രത്യേക സഹായം നൽകുന്ന പദ്ധതിയാണിത്. ഈ കുട്ടികളെ സംരക്ഷിക്കാനും പരിപാലിച്ചുവളർത്താനുമായു‌ള്ള‌ പ്രതിമാ‌സ‌ധനസഹായം 100‌0‌ രൂപയിൽനി‌ന്ന്‌ 150‌0‌ രൂപയാ‌യി‌ വർദ്ധിപ്പി‌ച്ചിട്ടു‌ണ്ട്‌. ഈ‌ ധനസഹായം 18 വയസ്സുവരേയോ സ്വന്തമായി തൊഴിൽ കണ്ടെത്തുന്നതുവരെയോ അനുവദിച്ചുവരുന്നു. സർവ്വെ ചെയ്ത് ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തും.

13.3.5പട്ടികവർഗ്ഗപെൺകുട്ടികൾക്കുള്ള വിവാഹധനസഹായം

നിർദ്ധനരായ പട്ടികവർഗ്ഗയുവതികളുടെ വിവാഹത്തിന് നൽകുന്ന ധനസഹായം 5‌0,000 രൂപയിൽനിന്ന് 1‌,‌0‌0,000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. വിവാഹത്തീയതിക്ക് ഒരു മാസം മുമ്പെ അപേക്ഷ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ(ടി.ഇ.ഒ.)മാർക്കു നൽകണം. ഈ സമയപരിധിക്കുള്ളിൽ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് വിവാഹത്തിനുശേഷം അപേക്ഷിച്ചാൽ അതു ഡയറക്ടറുടെ ഉത്തരവിൻപ്രകാരം അനുവദിക്കും.

13.3.6ഗോത്രവാത്സല്യനിധി — പട്ടികവർഗ്ഗപെൺകുട്ടികൾക്കുള്ള ഇൻഷുറൻസ് പദ്ധതി

പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുക, കഴിവു മെച്ചപ്പെടുത്തുക, സാമൂഹികപദവി ഉയർത്തുക, കൊഴിഞ്ഞുപോകുന്നതു തടയുക എന്നീ കാര്യങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതി. ഇൻഷ്വർ ചെയ്യപ്പെടുന്ന പട്ടികവർഗ്ഗപെൺകുട്ടികൾ പത്താംക്ലാസ് എത്തുമ്പോഴോ 18 വയസ്സ് ആകുമ്പോഴോ ആണ് ഈ ദീർഘകാലനിക്ഷേപപദ്ധതി പൂർത്തിയാവുന്നത്. ഇതനുസരിച്ച് പെൺകുഞ്ഞിന്റെ ജനനരജിസ്ട്രേഷൻ തുടങ്ങി പ്രതിരോധകുത്തിവയ്പ്, സ്കൂൾ പ്രവേശനം തുടങ്ങിയ നടപടികളിലൂടെ പെൺകുട്ടി പത്താംക്ലാസിൽ എത്തുന്നതോടെയാണു സ്വയം പര്യാപ്തത കൈവരിക്കുന്നത്. ഇൻഷുറൻസ് തുക ജീവിതനിലനിൽപ്പിനായോ ഉന്നതവിദ്യാഭ്യാസത്തിനായോ ഉപയോഗിക്കാം. 0‌1‌.0‌4‌.201‌7‌ മുതൽ ജനി‌ച്ച‌ 107‌6‌ പെൺകുട്ടിക‌ളെ‌ എൽ‌‌.ഐ‌‌.സി‌. മുഖേ‌ന‌ ഇൻഷുറൻസ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടു‌ണ്ട്‌.

13.3.7പട്ടികവർഗ്ഗയുവതീയുവാക്കൾക്കു സ്വയംതൊഴിലിനും നൈപുണ്യവികസനത്തിനും ധനസഹായം

പട്ടികവർഗ്ഗയുവതീയുവാക്കളിലെ തൊഴിലില്ലായ്മ പരിഹരിക്കാനും ഉപജീവനമാർഗ്ഗത്തിനുംവേണ്ടി സ്വയംതൊഴിൽ സംവിധാനം വഴി സഹായം. പരമാവധി ധനസഹായം 1.5 ലക്ഷം രൂപയാണ്. ഗുണഭോക്താക്കളിൽ 60% സ്ത്രീകൾ ആയിരിക്കണം. അനാഥർ, വിധവകൾ, അവിവാഹിതരായ അമ്മമാർ, സ്ത്രീകൾ ഗൃഹനാഥയായ കുടുംബം എന്നിവർക്കു മുൻഗണന.

13.3.8ഏറ്റവും പിന്നാക്കമായ പട്ടികവർഗ്ഗക്കാർക്കുള്ള തൊഴിൽപരിശീലനം

അംഗീകൃത വ്യാവസായികപരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നേടുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികൾക്ക് ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, രണ്ടുജോഡി യൂണിഫോമുകളുടെ ചെലവ് എന്നിവ നൽകുന്നു.

13.3.9പട്ടികവർഗ്ഗ പ്രൊമോട്ടർമാർ

പട്ടികവർഗ്ഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളിൽ വികസനത്തിന്റെ കണ്ണിയായി പ്രവർത്തിക്കുക, പട്ടികവർഗ്ഗവികസനവകുപ്പും മറ്റു വകുപ്പുകളും നടപ്പിലാക്കുന്ന പദ്ധതികൾക്കു ഗുണഭോക്താക്കളുടെ സിംഗിൾ വിൻഡോ ആയി പ്രവർത്തിക്കുക, ഗുണഭോക്താക്കളെ ബോധവൽക്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി നിശ്ചി‌ത‌ വിദ്യാഭ്യാസയോഗ്യ‌തയു‌ള്ള‌ 1,182 പട്ടികവർഗ്ഗയുവതീയുവാക്കളെ നിയമിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ സർക്കാരാശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന പട്ടികവർഗ്ഗക്കാരെ സഹായിക്കാൻ ആവശ്യമായ ഹെൽത്ത് പ്രൊമോട്ടർമാരെയും മേൽപ്പറഞ്ഞ പ്രൊമോട്ടർമാരിൽനിന്നു പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കു പ്രതിമാസം 9,625 രൂപ ഓണറേറിയവും യാത്രാചെലവും ഉൾപ്പെടെ നൽകിവന്നത്‌ 12,50‌0‌ രൂപയാ‌യി‌ 201‌9‌-2‌0‌-ൽ വർദ്ധിപ്പിച്ചിട്ടു‌ണ്ട്‌.

13.3.10ഊരുകൂട്ടങ്ങൾ ചേരാൻ സഹായം

ഊരുകൂട്ടങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി എല്ലാ പട്ടികവർഗ്ഗസങ്കേതങ്ങളിലും ഊരുകൂട്ടങ്ങൾ കൂടാൻ പരിശീലനം നൽകുന്ന പദ്ധതി. സൂക്ഷ്മതലത്തിലുള്ള ആസൂത്രണം, പ്രാഥമിക ആരോഗ്യ പരിപാലനം, സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ, നിർവഹണത്തിലും മോണിറ്ററിംഗിലും പങ്കാളിത്തം വർദ്ധിപ്പിക്കൽ എന്നിവയിലാണു പരിശീലനം. നാലുമാസത്തിലൊരിക്കലെങ്കിലും ഊരുകൂട്ടങ്ങൾ യോഗം ചേരേണ്ടതുണ്ട്. ഓരോ ഊരുകൂട്ടയോഗത്തിന്റെയും ചെലവുകൾക്കായി 2500 രൂപ വീതം നൽകിവരുന്നു.

13.3.11പട്ടികവർഗ്ഗക്ഷേമസ്ഥാപനങ്ങൾക്കുള്ള ധനസഹായം

മാനന്തവാടി പ്രിയദർശിനി തേയിലത്തോട്ടത്തിനു കാർഷികവൃത്തിക്കുള്ള ധനസഹായം, വയനാട് ജില്ലയിൽ അംബേദ്കർസ്മാരക ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിന് തൊഴിൽവൈദഗ്ദ്ധ്യപരിശീലനത്തിനുള്ള ധനസഹായം, അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിക്കുള്ള ധനസഹായം, അട്ടപ്പാടിയിലെ ചിണ്ടക്കി സ്കൂൾ, ഹോസ്റ്റൽ എന്നിവയുടെ പ്രവർത്തനത്തിനുള്ള ധനസഹായം പട്ടികവർഗ്ഗമേഖലയിലെ പട്ടികവർഗ്ഗസഹകരണസംഘങ്ങൾക്കു നൽകുന്ന പ്രവർത്തനധനസഹായം എന്നിവ ഈ പദ്ധതിയിൽ വരുന്നു.

13.3.12വംശീയവൈദ്യർക്കു ധനസഹായം

പരമ്പരാഗത പട്ടികവർഗ്ഗവൈദ്യർക്ക് 10,000 രൂപ വാർഷികഗ്രാന്റായി നൽകുന്നു. കിർത്താഡ്സിന്റെ സഹായത്തോടെ വൈദ്യവൃത്തിക്കാരെ തെരഞ്ഞെടുത്ത് തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറും.

13.3.13ട്രൈബൽ ബോർഡ് അംഗങ്ങളുടെ യാത്രാച്ചെലവ്

സംസ്ഥാന, ജില്ലാ പട്ടികവർഗ്ഗ ഉപദേശകസമിതി അംഗങ്ങൾക്ക് ഉപദേശകസമിതിയോഗത്തിൽ പങ്കെടുക്കാൻ യാത്രാച്ചെലവു നൽകുന്നു.

വകുപ്പാസ്ഥാനം:

ഡയറക്റ്റർ, പട്ടികവർഗ്ഗവികസനവകുപ്പ്,
വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695033
ഫോൺ: 0471-2302990
വെബ്‌സൈറ്റ്: https://kerala.gov.in/scheduled-tribes-development
ടോൾഫ്രീ‌ നമ്പർ: 180‌0‌ 42‌5‌ 231‌2‌ ചില പ്രധാന വെബ്‌‌സൈറ്റുകൾ:കിർത്താഡ്സ് – വെബ്‌സൈറ്റ്: www.kirtads.kerala.gov.in
ഇ-ഗ്രാന്റ്സ് (വിവിധസഹായങ്ങൾക്ക് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ്):
http://www.e-grantz.kerala.gov.in/
സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ കമ്മിഷൻ വെബ്‌സൈറ്റ്:
http://www.kscscst.kerala.gov.in/
ദേശീയ പട്ടികവർഗ്ഗ കമ്മിഷൻ – വെബ്‌സൈറ്റ്: http://ncst.nic.in

ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസുകളുടെ വിലാസങ്ങൾ:

ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്,
നെടുമങ്ങാട് സത്രം മുക്ക്,
നെടുമങ്ങാട്, നെടുമങ്ങാട് പി.ഒ.,
തിരുവനന്തപുരം 695541
ഫോൺ: 0472 2812557, 9496070328
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്,
കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ,
കാഞ്ഞിരപ്പള്ളി പി.ഒ., കോട്ടയം 686 507
ഫോൺ: 04828 202751, 9496070329
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്,
മിനി സിവിൽ സ്റ്റേഷൻ ന്യൂ ബിൽഡിംഗ്
തൊടുപുഴ പി.ഒ., ഇടുക്കി 685584
ഫോൺ: 04862 222399, 9496070330
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്,
നിലമ്പൂർ, നിലമ്പൂർ പി.ഒ., മലപ്പുറം - 679 329
ഫോൺ: 04931 220315, 9496070331
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്,
അട്ടപ്പാടി, അഗളി പി.ഒ.
പാലക്കാട് - 678 581
ഫോൺ: 04924 254382, 9496070332
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്,
കൽപ്പറ്റ നോർത്ത് പി.ഒ.
വയനാട് - 673 592
ഫോൺ: 04936 202232, 9496070333
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.
ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്,
സിവിൽ സ്റ്റേഷൻ പി.ഒ., കണ്ണൂർ - 670 003.
ഫോൺ: 0497 2700357, 9496070334
ഇ-മെയിൽ: ഈ കണ്ണിയിൽ അമർത്തുക.