Govt of Kerala Emblem കേരളസർക്കാർ

ക്ഷീരവികസന വകുപ്പ്

7.1 മിൽക്ക് ഷെഡ് വികസന പദ്ധതി, മിൽക്ക് സോൺ രൂപീകരണപദ്ധത, ക്ഷീരഗ്രാമം പദ്ധതി

ലഭിക്കുന്ന സഹായം, സേവനങ്ങൾ.

7.1.1 കറവപ്പശുവിനെ വാങ്ങാൻ ധനസഹായം

കറവപ്പശുവിനെയോ എരുമയെയോ വാങ്ങാൻ ക്ഷീരകർഷകർക്കുള്ള ധനസഹായ പദ്ധതി. ഒരു പശു, രണ്ടു പശു, അഞ്ചു പശു, പത്തു പശു വീതമുളള ഡെയറി ഫാമുകൾ ആരംഭിക്കാൻ യഥാക്രമം 32,000, 64,000, 1,75,000, 3,50,000, രൂപ നിരക്കിൽ ധനസഹായം ലഭിക്കുന്നു.

7.1.2 കിടാരിവളർത്തൽ യൂണിറ്റുകൾക്കുളള ധനസഹായം

5, 10 വീതമുളള കിടാരികളുടെ യൂണിറ്റുകൾ ആരംഭിക്കാൻ യഥാക്രമം 90,500, 1,81,200 രൂപ നിരക്കിൽ ധനസഹായം ലഭിക്കുന്നു.

7.1.3 കറവയന്ത്രം വാങ്ങുന്നതിനുളള ധനസഹായം

കറവയന്ത്രത്തിന്റെ വിലയുടെ 50 ശതമാനം അഥവാ പരമാവധി 25,000 രൂപ ധനസഹായം ലഭിക്കും.

7.1.4 കാലിത്തൊഴുത്തു നിർമ്മാണം, പുനരുദ്ധാരണം

പുതിയ കാലിത്തൊഴുത്തു നിർമ്മിക്കാനും പഴയവ പുതുക്കിപ്പണിയാനും ആകെ ചെലവഴിക്കുന്ന തുകയുടെ 50% അഥവാ പരമാവധി 50,000 രൂപ ധനസഹായം.

7.1.5 ഡെയറി ഫാം ആധുനികീകരിക്കാൻ ധനസഹായം

ഈ പദ്ധതിപ്രകാരം ഡെയറി ഫാം ആധുനികീകരിക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലേക്ക് അവശ്യാധിഷ്ഠിതധനസഹായം നൽകുന്നു. ഈ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നോ അതിലധികമോ ഇനങ്ങൾക്ക് അപേക്ഷിക്കാം. ചെലവാകുന്ന തുകയുടെ 50% അഥവാ പരമാവധി 50,000 രൂപയാണ് ധനസഹായം. മിൽക്ക് ക്യാൻ, റബ്ബർ മാറ്റ്, ഓട്ടോമാറ്റിക് വാട്ടർ ബൗൾ, ജനറേറ്റർ, സ്പ്രിംഗ്ളർ, മോട്ടോർ പമ്പ്, സ്ലറി പമ്പ്, സോളാർ വാട്ടർ ഹീറ്റർ, ഫാൻ, കുഴൽക്കിണർ, വാട്ടർ ടാങ്ക് മുതലായവ ലിസ്റ്റിൽപ്പെടുന്നു.

1.
വുമൺ ക്യാറ്റിൽ കെയർ വർക്കർ — വകുപ്പിലെ 162 ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ മിൽക്ക് ഷെഡ് വികസന പദ്ധതി നടത്തിപ്പിനെ സഹായിക്കാൻ ഓരോ വുമൺ ക്യാറ്റിൽ കെയർ വർക്കറിനെ നിയമിക്കുന്നു. പ്രതിമാസം 3,600 രൂപ ഇൻസെന്റീവ് നൽകും.
2.
ഡെയറി സോൺ — സംസ്ഥാനത്തെ 50 ക്ഷീരവികസന യൂണിറ്റുകൾ തെരഞ്ഞെടുത്ത് പ്രത്യേക ഡെയറിവികസനപദ്ധതികൾ നടപ്പിലാക്കുന്നു.
3.
ക്ഷീരഗ്രാമം പദ്ധതി -– സംസ്ഥാനത്തെ അഞ്ചു പഞ്ചായത്തുകളിൽ പ്രത്യേക ക്ഷീരവികസനപദ്ധതികൾ നടപ്പിലാക്കുന്നു.
4.
ഗോകുലം ഡെയറി യൂണിറ്റ് -– അഞ്ചു പശുക്കൾ അടങ്ങിയ ആധുനികസൗകര്യങ്ങളോടുകൂടിയ ഡെയറി ഫാം സ്ഥാപിക്കുന്നതിന് ഡെയറി സോൺ, ക്ഷീരഗ്രാമം പദ്ധതികളിൽ ഉൾപ്പെടുത്തി ധനസഹായം നൽകുന്ന പദ്ധതി. 1,80,000 രൂപയാണ് സബ്‌സിഡിയായി നൽകുന്നത്.
5.
കറപ്പശുക്കൾക്ക് അന്തരീക്ഷസമ്മർദ്ദം കുറയ്ക്കുന്നതിനുളള ധനസഹായപദ്ധതി (ഡെയറി സോൺ/ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ടത്) — അഞ്ചോ അതിലധികമോ പശുക്കളെ വളർത്തുന്ന പുരോഗമനകർഷകർക്ക് ഡെയറി ഫാമിൽ അന്തരീക്ഷസമ്മർദ്ദം കുറയ്ക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ധനസഹായം നൽകുന്നു. ചെലവാകുന്ന തുകയുടെ 50% അഥവാ പരമാവധി 25,000 രൂപയാണ് ധനസഹായം.
6.
ധാതുലവണമിശ്രിതം വിതരണപദ്ധതി -– ക്ഷീരസംഘങ്ങൾ മുഖേന ഒരു കി.ഗ്രാം വീതം ധാതുലവണമിശ്രിതം 75% സബ്‌സിഡിയോടെ വിതരണം ചെയ്യുന്നു. ഡെയറി സോൺ/ക്ഷീരഗ്രാമം പദ്ധതിയിലുൾപ്പെട്ട ക്ഷീരകർഷകർക്കാണ് ഇതു ലഭിക്കുന്നത്.
7.
സൈലേജ് നിർമ്മാണത്തിനുളള ധനസഹായപദ്ധതി –- ഡെയറി സോൺ/ക്ഷീരഗ്രാമം പദ്ധതിയിലുൾപ്പെടുത്തി ടാങ്ക് സൈലോ നിർമ്മിക്കാൻ 12,000 രൂപ സബ്‌സിഡിയോടുകൂടി പദ്ധതി നടപ്പിലാക്കുന്നു.
8.
വെർമി കമ്പോസ്റ്റ് പദ്ധതി –- ഡെയറി സോൺ/ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വെർമി കമ്പോസ്റ്റ് ചെയ്യുന്നതിനായി 19,500 രൂപ ധനസഹായം നൽകുന്നു.

അർഹതാമാനദണ്ഡം:

1
കറവപ്പശുക്കളുടെ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് (1/2/5/10 പശുയൂണിറ്റുകൾ) കിടാരിവളർത്തൽ യൂണിറ്റുകൾ/ഗോകുലം ഡെയറി യൂണിറ്റ്:
(a)
പുതിയതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും പരിഗണന.
(b)
ഗോധനം പദ്ധതി പ്രകാരം തനതുവർഗ്ഗ (നാടൻ)പശുക്കളേയും വാങ്ങാം.
(c)
അയൽസംസ്ഥാനങ്ങളിൽനിന്ന് ആയിരിക്കണം പശുക്കളെ/എരുമകളെ/കിടാരികളെ വാങ്ങേണ്ടത്
(d)
ഗുണഭോക്തൃവിഹിതം ബാങ്ക് ലോൺ മുഖേനയോ സ്വന്തമായോ കണ്ടെത്താം.
(e)
വകുപ്പു തയ്യാറാക്കിയിട്ടുളള മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടിനും വിധേയമായാണു പദ്ധതി നടപ്പിലാക്കുന്നത്.
(f)
അഞ്ചു പശു/കിടാരി യൂണിറ്റുകൾക്ക് 25സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി അനിവാര്യം. പത്തു പശു/കിടാരി യൂണിറ്റുകൾക്ക് 50 സെന്റ് സ്ഥലത്തെങ്കിലും പുൽക്കൃഷി അനിവാര്യം.
(g)
തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ 150 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം.
2
കറവയന്ത്രം/ഡെയറി ഫാമുകളുടെ ആധുനികീകരണം/കറവപ്പശുക്കൾക്ക് അന്തരീക്ഷസമ്മർദ്ദം കുറയ്ക്കുന്നതിനായുളള ധനസഹായപദ്ധതി: 5-ൽ കൂടുതൽ ഉരുക്കളെ വളർത്തുന്ന കർഷകർക്കു മുൻഗണന. രജിസ്ട്രേഷൻ ഫീസ് 150 രൂപ അടയ്ക്കണം.
3
കാലിത്തൊഴുത്തു നിർമ്മാണം/നവീകരണം: തൊഴുത്തിന്റെ അംഗീകരിച്ച പ്ലാൻ (അംഗീകൃത ലൈസൻസ് ഉളള സിവിൽ എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയത്), എസ്റ്റിമേറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. തൊഴുത്തു നിർമ്മാണത്തിന്റെ അനുബന്ധപണികൾ പഞ്ചായത്തുതല തൊഴിലുറപ്പുപദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ചെയ്യാം.
4
വുമൺ ക്യാറ്റിൽ കെയർ വർക്കർ: ക്ഷീരസംഘങ്ങളിലെ അംഗങ്ങളായ/ക്ഷീരകർഷകവനിതകൾക്കു മുൻഗണന. സർക്കാർ കാലാകാലങ്ങളിൽ പുറപ്പടുവിക്കുന്ന നിയമനനിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കും. പദ്ധതിപ്രകാരം അംഗീകാരം ലഭിക്കുന്ന ഇൻസെന്റീവ് തുകയാണു ലഭിക്കുക.
5
സൈലേജ് നിർമ്മാണം/വെർമി കമ്പോസ്റ്റ് പദ്ധതി: അഞ്ചോ അതിലധികമോ പശുക്കളെ വളർത്തുന്നവർക്കു മുൻഗണന, വകുപ്പിന്റെ പദ്ധതിമാർഗ്ഗനിർദ്ദേശങ്ങൾക്കു വിധേയമായിരിക്കും. രജിസ്ട്രേഷൻ ഫീസ് 150 രൂപ.

അപേക്ഷിക്കേണ്ട വിധം:നിർദ്ദിഷ്ടമാതൃകയിലുളള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുളള ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ/ക്ഷീരസംഘം മുഖേന നൽകണം. നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷാ ഫോം ബ്ലോക്കുതലത്തിലുളള ക്ഷീരവികസന യൂണിറ്റ് ഓഫീസ്/ജില്ലാ ക്ഷീരവികസന ഓഫീസ്/ക്ഷീരവികസന വകുപ്പിന്റെ വെബ്സൈറ്റ് എന്നിവയിൽ നിന്ന് ലഭിക്കും.

അപേക്ഷിക്കേണ്ട വിലാസം:അതതു ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസനയൂണിറ്റ് ഓഫീസ്.

സമയപരിധി:അപേക്ഷ സ്വീകരിക്കുന്ന തീയതി പത്രങ്ങളോ റേഡിയോയോ വഴിയും ക്ഷീരസഹകരണസംഘങ്ങളിലും പ്രസിദ്ധപ്പെടുത്തും.

നടപ്പാക്കുന്നത സ്ഥാപനത്തിന്റെ വിവരം:ബ്ലോക്കുതലത്തിലുളള ക്ഷീരവികസന യൂണിറ്റ് ഓഫീസുകളുടെ മേൽവിലാസവും ഫോൺ നമ്പരും അനുബന്ധമായി കൊടുക്കുന്നു.

വെബ്സൈറ്റ്: http://www.keraladairy.gov.in

7.2 തീറ്റപ്പുൽക്കൃഷിവ്യാപനം

7.2.1 ലഭിക്കുന്ന സഹായം/സേവനം

1.
20 സെന്റിൽ കൂടുതലും 20 സെന്റിൽ കുറവും തീറ്റപ്പുൽക്കൃഷി ചെയ്യുന്നതിനുളള ധനസഹായം

20 സെന്റിലധികം കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 20,000 രൂപ സബ്‌സിഡി ലഭിക്കും (സെന്റ് ഒന്നിന് 50 രൂപാക്രമത്തിൽ സബ്‌സിഡിയും സൗജന്യമായി തീറ്റപ്പുൽക്കടകയും). 20 സെന്റിൽത്താഴെ കൃഷി ചെയ്യുന്നവർക്ക് നടീൽവസ്തുക്കൾ മാത്രം സൗജന്യമായി നൽകുന്നു.

2.
ക്ഷീരസഹകരണസംഘങ്ങളുടെ പരിധിയിൽ പശുപരിപാലനത്തിൽ താല്പര്യമുളള വനിതകളെ ഉൾപ്പെടുത്തി വനിതാഗ്രൂപ്പുകളാക്കി (ഗോപാലികാഗ്രൂപ്പ്) തീറ്റപ്പുൽക്കൃഷിയും അതിന്റെ വിതരണവും നടപ്പിലാക്കുന്നു. യൂണിറ്റ് ഒന്നിന് ചെലവിന്റെ 75% അഥവാ പരമാവധി 75,000 രൂപ ധനസഹായം നൽകുന്നു.
3.
തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ പൊതു-സ്വകാര്യ-വ്യക്തിഗത മേഖലയിലുളള തരിശോ ഉപയോഗശൂന്യമോ ആയ ഭൂമി കണ്ടെത്തി വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽക്കൃഷി നടപ്പിലാക്കുന്നു. ഹെക്ടർ ഒന്നിന് 93,092 രൂപ ധനസഹായം നൽകുന്നു.
4.
ഹ്രസ്വകാലവിളകളായ ചോളം, വൻപയർ, മണിച്ചോളം എന്നിവ കൃഷിചെയ്യാൻ അവയുടെ വിത്ത് സൗജന്യമായി വിതരണം ചെയ്യുന്നു.
5.
പുൽവെട്ട് യന്ത്രം - ചാഫ് കട്ടർ വാങ്ങാൻ വിലയുടെ 50% (പരമാവധി 10,000 രൂപ) ധനസഹായമായി നൽകുന്നു.
6.
തീറ്റപ്പുൽക്കൃഷിത്തോട്ടങ്ങളിൽ ജലസേചനസൗകര്യം ഒരുക്കുക്കാൻ ധനസഹായം നൽകുന്നു. ചെലവാകുന്ന തുകയുടെ 50% അഥവാ പരമാവധി 10,000 രൂപ ധനസഹായം.
7.
ഒരു ഏക്കറിൽക്കൂടുതൽ തീറ്റപ്പുൽക്കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ ജലസേചനസൗകര്യം ഒരുക്കാനുളള ധനസഹായപദ്ധതി. ചെലവാകുന്ന തുകയുടെ 50% അഥവാ പരമാവധി 25,000 രൂപ ലഭിക്കുന്നു.
8.
അസോളക്കൃഷിക്കുളള ധനസഹായം - അസോള കൃഷിക്ക് യൂണിറ്റൊന്നിന് 475 രൂപ വിലവരുന്ന, കൃഷിയ്ക്കാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റും കൃഷിച്ചെലവിനായി 125 രൂപയും നൽകുന്നു.
9.
കാലിത്തീറ്റ വൃക്ഷവിളകൾ - കാലിത്തീറ്റയായി ഉപയോഗിക്കാവുന്ന സുബാബുൾ, അഗത്തി മുതലായ വൃക്ഷങ്ങളുടെ തൈകൾ സൗജന്യമായി നൽകുന്നു.
10.
തീറ്റപ്പുൽ/അസോള നേഴ്സറി – തീറ്റപ്പുൽക്കൃഷി ചെയ്യാനാവശ്യമായ പുൽക്കടകളും അസോളവിത്തും ഉദ്പാദിപ്പിച്ച് കർഷകർക്കു വിതരണം ചെയ്യാനായി നേഴ്സറികൾ സ്ഥാപിക്കുന്നതിന് 90,000 രൂപ ധനസഹായം നൽകുന്നു.
11.
ഹൈഡ്രോപോണിക് തീറ്റപ്പുൽക്കൃഷി – തീറ്റപ്പുല്ലുല്പാദനത്തിനു ചെലവുകുറഞ്ഞ ഹൈഡ്രോപോണിക് മെഷീനുകൾ സ്ഥാപിക്കുന്നതിന് 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 10 പശു യൂണിറ്റ് എന്നിവയ്ക്ക് യഥാക്രമം 80,000, 1,13,000, 1,45,000 രൂപ എന്ന ക്രമത്തിൽ ധനസഹായം അനുവദിക്കുന്നു.

7.2.2 അർഹതാമാനദണ്ഡം

1
ദീർഘകാലതീറ്റപ്പുൽക്കൃഷി/ഹ്രസ്വകാലതീറ്റപ്പുൽകൃഷി/അസോള കൃഷി: ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ക്ഷീരകർഷകർക്കു മുൻഗണന. സ്വന്തം ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ കൃഷി ചെയ്യാം. തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾ സെന്റൊന്നിന് 9 രൂപ ക്രമത്തിൽ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. (20 സെന്റിനു മുകളിലുളള തീറ്റപ്പുൽകൃഷിയ്ക്ക്) അസോള കൃഷിക്കു ഗുണഭോക്താക്കൾ 75 രൂപവീതം രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം.
2
ജലസേചനസൗകര്യം: 50 സെന്റിൽ കൂടുതൽ തീറ്റപ്പുൽ കൃഷിചെയ്യുന്ന കർഷകർക്കു മുൻഗണന. രജിസ്ട്രേഷൻ ഫീസ് 150 രൂപ
3
ചാഫ് കട്ടർ/പുൽവെട്ട് യന്ത്രം: 50 സെന്റിൽ കൂടുതൽ കൃഷി ചെയ്യുന്നവർക്കു മുൻഗണന. രജിസ്ട്രേഷൻ ഫീസ് 150 രൂപ.
4
ചെലവു കുറഞ്ഞ ഹൈഡ്രോപോണിക് കൃഷി: പുരോഗമനകർഷകർക്കും ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കും മുൻഗണന. പത്തു സെന്റിലെങ്കിലും തീറ്റപ്പുൽകൃഷി ചെയ്യുന്നവരായിരിക്കണം.
5
അസോള/തീറ്റപ്പുൽക്കൃഷി നേഴ്സറി: പുരോഗമനകർഷകർക്കും സ്വന്തം ഭൂമിയുളളവർക്കും മുൻഗണന. സ്വന്തം ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ കൃഷിചെയ്യാം. രജിസ്ട്രേഷൻ ഫീസ് 150 രൂപ.
6
തരിശുഭൂമിയിലെ തീറ്റപ്പുൽക്കൃഷി: ഗുണഭോക്താവ് കുറഞ്ഞത് ഒരുഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യണം. കുറഞ്ഞത് ഒരു യൂണിറ്റിന് ഒരേക്കർ സ്ഥലം ആവശ്യമാണ്. അടുത്തുളള ക്ഷീരസംഘവുമായി ചേർന്നാണു പദ്ധതി നടപ്പിലാക്കേണ്ടത്. സംസ്ഥാനതല സെലൿഷൻ കമ്മിറ്റിയാണു ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പദ്ധതി ബാങ്ക് വായ്പയുമായി ബന്ധപ്പെട്ടാണ് നടപ്പിലാക്കുന്നത്. വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രോജക്ട് റിപ്പോർട്ടിനും വിധേയമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
7
വനിത/സ്വയംസഹായ ഗ്രൂപ്പുകൾ മുഖേനയുളള തീറ്റപ്പുൽക്കൃഷിയും വിതരണം: ക്ഷീരസംഘത്തിന്റെ പരിധിയിൽപ്പെട്ട സ്വയംസഹായ ഗ്രൂപ്പുകൾക്കും പത്തുപേരടങ്ങിയ വനിതാഗ്രൂപ്പുകൾക്കും അപേക്ഷിക്കാം. കുറഞ്ഞത് ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യണം. സ്വന്തം ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ കൃഷി ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 150 രൂപ.

അപേക്ഷിക്കേണ്ട വിധം:നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുളള ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ/ക്ഷീരസംഘങ്ങൾ മുഖേന നൽകണം. നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷാഫോം ബ്ലോക്കുതലത്തിലുളള ക്ഷീരവികസന യൂണിറ്റ് ഓഫീസ്/ജില്ലാ ക്ഷീരവികസന ഓഫീസ്/ക്ഷീരവികസനവകുപ്പിന്റെ വെബ്‌സൈറ്റ് എന്നിവയിൽ നിന്നു ലഭിക്കും.

അപേക്ഷിക്കേണ്ട വിലാസം:അതതു ബ്ലോക്കു പ്രദേശത്തു പ്രവർത്തിക്കുന്ന ക്ഷീരവികസനയൂണിറ്റ് ഓഫീസ്

സമയപരിധി:അപേക്ഷ സ്വീകരിക്കുന്ന തീയതി പത്രങ്ങളും റേഡിയോയും വഴിയും ക്ഷീരസഹകരണസംഘങ്ങളിലും പ്രസിദ്ധപ്പെടുത്തും.

നടപ്പാക്കുന്ന സ്ഥാപനത്തിന്റെ വിവരം:ബ്ലോക്കുതലത്തിലുളള ക്ഷീരവികസനയൂണിറ്റ് ഓഫീസുകളുടെ മേൽവിലാസവും ഫോൺ നമ്പരും അനുബന്ധമായി കൊടുക്കുന്നു.

വെബ്‌സൈറ്റ്: http://www.keraladairy.gov.in

7.3 ഗ്രാമീണ വിജ്ഞാനവ്യാപനപ്രവർത്തനങ്ങൾ

7.3.1 ലഭിക്കുന്ന സഹായം/സേവനങ്ങൾ

ക്ഷീരകർഷകർക്കും സംരംഭകർക്കും ആവശ്യമായ പരിശീലനങ്ങൾ വകുപ്പിന്റെ ക്ഷീരപരിശീലനകേന്ദ്രങ്ങൾ മുഖേന നൽകുന്നു. തിരുവനന്തപുരം, ഓച്ചിറ (കൊല്ലം), കോട്ടയം, ആലത്തൂർ (പാലക്കാട്), കോഴിക്കോട് എന്നിവിടങ്ങളിലായി അഞ്ചു പരിശീലനകേന്ദ്രങ്ങളും അടൂർ അമ്മകണ്ടകരയിൽ ഒരു സാറ്റലൈറ്റ് പരിശീലനകേന്ദ്രവും ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു.

7.3.2 പ്രധാന പരിശീലനപരിപാടികൾ

ക്രമ നം. പരിശീലന പരിപാടി പരിശീലന ദിനങ്ങൾ
1 കർഷകർക്കു ശാസ്ത്രീയപശുപരിപാലനം 6 ദിവസം
2 തീറ്റപ്പുൽക്കൃഷിപരിശീലനം 2 ദിവസം
3 ശുദ്ധമായ പാലുല്പാദനം 2 ദിവസം
4 പാലുല്പന്ന നിർമ്മാണപരിശീലനം 10 ദിവസം
5 ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്കുളള പരിശീലന പരിപാടി 2 ദിവസം
6 ക്ഷീരസംഘം സെക്രട്ടറിമാർക്കുളള പരിശീലനം 3 ദിവസം
7 ക്ഷീരസംഘം ലാബ് അസിസ്റ്റന്റുമാർക്കുളള പരിശീലനം 3 ദിവസം
8 വൊക്കേഷണൽ ഹയർ സെൻഡറി വിദ്യാർത്ഥികൾക്കും ഈ രംഗത്തെ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കുമുളള പരിശീലനം 10 മുതൽ 30 ദിവസം വരെ (ആവശ്യാർത്ഥം)
9 വകുപ്പുദ്യോഗസ്ഥർക്കുളള വിവിധ പരിശീലനം 2—5 ദിവസം വരെ
  • കർഷകർക്കു പരിശീലനങ്ങൾക്കായി ക്ഷീരപരിശീലനകേന്ദ്രങ്ങളിൽ നേരിട്ടു ബന്ധപ്പെട്ടോ അടുത്തുളള ക്ഷീരസംഘം/ക്ഷീരവികസന യൂണിറ്റ് മുഖേനയോ പേരു രജിസ്റ്റർ ചെയ്യാം.
  • പരിശീലനത്തിൽ പങ്കെടുക്കുന്ന ക്ഷീരകർഷകർക്കു ഭക്ഷണവും അർഹമായ ദിനബത്ത/യാത്രാബത്തയും നൽകുന്നു.
  • പരിശീലനാർത്ഥികൾ പാലുല്പന്നനിർമ്മാണപരിശീലനത്തിന് 115 രൂപയും മറ്റു പരിശീലനപരിപാടികൾക്ക് 10 രൂപവീതവും രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം.

ക്ഷീരപരിശീലനകേന്ദ്രങ്ങളുടെ ഫോൺ നമ്പരുകൾ, ഇ-മെയിൽ വിലാസം:

ക്ഷീരപരിശീലനകേന്ദ്രം ഫോൺ നമ്പർ ഇ-മെയിൽ വിലാസം
തിരുവനന്തപുരം 0471-2440911 principaldtctvm@gmail.com
ഓച്ചിറ/കൊല്ലം 0476-2698550 dtcoachira@gmail.com
കോട്ടയം 0481-2302223 dtcktm@gmail.com
ആലത്തൂർ (പാലക്കാട്) 0492-2226040 dtcalathur@gmail.com
കോഴിക്കോട് 0495-2414579 dtcdairyclt@gmail.com
1.
കർഷകസമ്പർക്കപരിപാടി
2.
ഗുണനിലവാരബോധവൽക്കരണപരിപാടി
3.
ക്ഷീരസംഗമങ്ങൾ (ബ്ലോക്ക്/ജില്ല/സംസ്ഥാനതലം) — ക്ഷീരകർഷകപാർലമെന്റ്, കന്നുകാലിപ്രദർശനം, സെമിനാറുകൾ, ഡെയറി എക്സ്പോ എന്നിവ സംസ്ഥാനതലത്തിലും ബ്ലോക്ക്/ജില്ലാതലത്തിൽ എക്സിബിഷനുകൾ, സെമിനാറുകൾ, കന്നുകാലിപ്രദർശനമത്സരം, മികച്ച കർഷകരെ ആദരിക്കൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
4.
ക്ഷീരസഹകാരി അവാർഡുകൾ — സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ക്ഷീരസംഘത്തിൽ അളന്ന കർഷകന് ഒരുലക്ഷം രൂപയും കൂടാതെ മൂന്നു മേഖലകളിലുമായി ജനറൽ, വനിത, എസ്. സി/എസ്. റ്റി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്നവർക്ക് 50,000 രൂപ വീതവും ജില്ലാതലത്തിൽ ജനറൽ വനിത, എസ്. സി/എസ്. റ്റി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്നവർക്ക് 20,000 രൂപ വീതവും അവാർഡ് നൽകുന്നു.
5.
സ്കൂൾ ഡെയറി ക്ലബ്ബുകൾ — സ്കൂൾക്കുട്ടികളെ ക്ഷീരമേഖലയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിനും ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി സ്കൂൾ ഡെയറി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. 53 സ്കൂൾ ഡെയറി ക്ലബ്ബുകൾ നിലവിലുണ്ട്. തൻവർഷം 25,000 രൂപ ധനസഹായത്തോടുകൂടി 10 ഡെയറി ക്ലബ്ബുകൾകൂടി സംസ്ഥാനത്ത് സ്ഥാപിക്കുന്നു.
6.
കണ്ടിജൻസി ഫണ്ട് — പ്രകൃതിദുരന്തം, പെട്ടെന്നുളള അസുഖം, അപകടം, അകിടുവീക്കം, കുളമ്പുരോഗം എന്നിവമൂലം കന്നുകാലികളെ നഷ്ടപ്പെടുന്ന കർഷകർക്കു ധനസഹായമായി 10,000 രൂപ അനുവദിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഫോട്ടോ എന്നിവ സഹിതം ക്ഷീരവികസനയൂണിറ്റിൽ നിർദ്ദിഷ്ടമാതൃകയിൽ പൂരിപ്പിച്ച അപേക്ഷ നൽകണം.
7.
സമഗ്ര ഇൻഷുറൻസ് പദ്ധതി — കേരളത്തിലെ കാലികളെയും കാലിയുടമകളെയും ഉൾപ്പെടുത്തിയിട്ടുളള സമഗ്ര ഇൻഷുറൻസ് പദ്ധതി 2017-18 വർഷം വകുപ്പ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. 25 ലക്ഷം രൂപയാണ് ഈയിനത്തിൽ വകയിരുത്തിയിരിക്കുന്നത്. ഈ മേഖലയിലെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതിപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
8.
ഡെയറിസംരംഭകർക്കുളള 20 പശു ഡെയറി യൂണിറ്റ് –– യുവാക്കൾ/എൻ. ആർ. ഐ.കർഷകർക്കായി 20 പശു യൂണിറ്റ് (ഹൈടെക് ഡെയറി യൂണിറ്റ്) സ്ഥാപിക്കാൻ ധനസഹായം നൽകുന്നു.
9.
ക്ഷീരകർഷകർക്കുളള പഠനയാത്ര — സംസ്ഥാനത്തെ തെരഞ്ഞെടുത്ത മാതൃകാക്ഷീരകർഷകർക്ക് രാജ്യത്തെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും റിസർച്ച് സ്റ്റേഷനുകളും ഡെയറി ഫാമുകളും സന്ദർശിക്കുന്നതിനും ഈ മേഖലയിലെ വിവിധവശങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനുമായി 30 കർഷകർക്ക് അഖിലേന്ത്യാപഠനയാത്രയ്ക്ക് 2017-18 വർഷത്തിൽ അവസരം ഉണ്ടായിരിക്കും.

7.4 കാലിത്തീറ്റധനസഹായം

  • ക്ഷീരസഹകരണസംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്കു പാലിന്റെ അളവനുസരിച്ച് ലിറ്ററിന് ഒരു രൂപ നിരക്കിൽ കാലിത്തീറ്റയുടെ വിലയിൽ സബ്‌സിഡി കർഷകരുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുന്നു.
  • അപേക്ഷാഫോറവും അനുബന്ധരേഖകളും സംഘത്തിൽ പാൽ നൽകിയ സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ ക്ഷീരസഹകരണസംഘങ്ങൾമുഖേന ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം.

7.5 ക്ഷീരസഹകരണസംഘങ്ങളുടെ നവീകരണം

  • സംസ്ഥാനത്തു പ്രവർത്തിക്കുന്ന 3,673 ക്ഷീരസഹകരണസംഘങ്ങളുടെ നവീകരണത്തിലൂടെ സംഘങ്ങളിലെ പാൽസംഭരണം ശുചിയായും പരിശോധന സുതാര്യമായും നടത്തുകവഴി കർഷകർക്ക് സ്ഥിരമായി വിപണിയും ന്യായമായ വിലയും ഉറപ്പുവരുത്തുന്നു.
  • ഗുണഭോക്താക്കൾക്കു ശുദ്ധവും സുരക്ഷിതവുമായ പാൽ ലഭ്യമാക്കുന്നു
  • ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കാൻ ആവശ്യമായ പരിശീലനം ക്ഷീരസംഘം ഭാരവാഹികൾക്കും ജീവനക്കാർക്കും നൽകിവരുന്നു.
  • ഇതിനുപുറമേ ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന തയ്യാറെടുപ്പുകൾ സംഘതലത്തിൽ നടത്താൻ ആവശ്യമായ ധനസഹായവും വകുപ്പുമുഖേന നൽകുന്നു.
  • ക്ഷീരസംഘങ്ങളുടെ പാൽസംഭരണ-വിതരണശൃംഖല ശക്തിപ്പെടുത്താൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിനും വകുപ്പ് ധനസഹായം നൽകുന്നു.

7.6 പാൽ ഗുണനിയന്ത്രണ പ്രവർത്തനങ്ങൾ

  • പാലിന്റെ ഗുണനിലവാരത്തിന് അനുസൃതമായി കർഷകർക്കു പാൽവില കിട്ടുന്നതിനും അതോടൊപ്പം പൊതുവിപണിയിൽ ഗുണനിലവാരമുളള പാലിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളാണ് വകുപ്പു ചെയ്തുകൊണ്ടിരിക്കുന്നത്.
  • 14 ജില്ലാ‌ആസ്ഥാനങ്ങളിൽ പാലിന്റെ എല്ലാവിധ രാസപരിശോധനകളും നടത്തുന്നതിനുളള ആധുനിക ഉപകരണങ്ങളോടെയുളള ജില്ലാലബോറട്ടറികൾ നിലവിലുണ്ട്.
  • ഇതോടൊപ്പം ആലത്തൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ അത്യാധുനിക സൗകര്യത്തോടുകൂടി രണ്ട് സ്റ്റേറ്റ് ഡെയറി ലാബുകളും ഉണ്ട്.
  • എൻ. എ. ബി. എൽ.അക്രെഡിറ്റേഷനോടുകൂടിയ തിരുവനന്തപുരത്തെ സ്റ്റേറ്റ് ലാബ്, തെക്കേയിന്ത്യയിലെതന്നെ ഏറ്റവും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുളളതാണ്. ഈ ലാബിൽ പാലിന്റെ സാധാരണ രാസപരിശോധനകൾക്കു പുറമേ പാലിൽ കണ്ടേക്കാവുന്ന കീടനാശിനികൾ, ഘനലോഹങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ആവശ്യമായ ആധുനികോപകരണങ്ങളായ HPLC, MS എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പാൽ/പാലുല്പന്നങ്ങൾ/വെളളം/കാലിത്തീറ്റ എന്നിവയുടെ നൂറോളം ഘടകങ്ങൾ പരിശോധിക്കാൻ സ്റ്റേറ്റ് ലാബ് സജ്ജമാണ്.

ഡെയറി ലാബ് – ഫോൺ:0471-240074

ഇ-മെയിൽ വിലാസം: mailto:statedairylaboratory@gmail.com

  • പാലിന്റെ അണുപരമായ നിലവാരം തിട്ടപ്പെടുത്താൻ ആവശ്യമായ സൗകര്യങ്ങൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് ലാബ്, ആലത്തൂർ, ജില്ലാ ലാബുകളായ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും ലഭ്യമാണ്.
  • എല്ലാ ജില്ലാ ലാബുകളിലും സംഘങ്ങളിലെ ഉപകരണങ്ങൾ കൃത്യത ഉറപ്പുവരുത്തുന്നതിനുളള കാലിബ്രേഷൻ ചെയ്തുകൊടുക്കുന്നുണ്ട്.
  • പൊതുജനങ്ങൾക്ക് എല്ലാ ജില്ലാലാബുകളിലും മാർക്കറ്റ് സാമ്പിളുകൾ സൗജന്യമായി പരിശോധനയ്ക്കു നൽകാം.

7.7 കേന്ദ്രാവിഷ്കൃതപദ്ധതികൾ

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളായ RKVY, NMPS, SIQ & CMP, IDDP എന്നിവയിലൂടെയും പതിമൂന്നാം ധനകാര്യക്കമ്മിഷൻ അനുവദിച്ച തുടങ്ങിയവയിലൂടെയും കർഷകർക്കു വിവിധ ധനസഹായങ്ങൾ ലഭ്യമാക്കുന്നുണ്ട്.

ക്ഷീരവികസനവകുപ്പ് ഡയറക്ടറേറ്റ്
പട്ടം, തിരുവനന്തപുരം 695004
ഫോൺ: 2445749, 2445799
ഇ-മെയിൽ: mailto:dairyddgen@gmail.com

7.8 മിൽമ

മിൽമ എന്ന അപരനാമത്തിൽ പ്രസിദ്ധമായ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF) 1980 ഏപ്രിലിലാണ് സ്ഥാപിതമായത്. ഇതിന്റെ ഹെഡ് ഓഫീസ് തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ്. 5,200 ഓളം റീട്ടെയിൽ ഔട്ട്‍ലെറ്റുകൾ ഉളള മിൽമയ്ക്ക് ശക്തി പകരുന്നത് അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന 2,700 ക്ഷീരസഹകരണ സൊസൈറ്റികളും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എട്ടര ലക്ഷത്തോളം ക്ഷീരകർഷകരുമാണ്.

വിലാസം:

ഹെഡ് ഓഫീസ്, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക്,
മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ),
മിൽമ ഭവൻ, പട്ടം പാലസ് പി. ഒ,
തിരുവനന്തപുരം 695004
ഫോൺ: 0471-2355981-85
http://www.milma.com