സഹോദരീസഹോദരന്മാരേ,
ക്ഷേമരംഗത്തു സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്കെല്ലാം അറിവുള്ളതാണല്ലോ. ഒട്ടേറെ ക്ഷേമപദ്ധതികൾ പുതുതായി കൊണ്ടുവരികയും നിലവിലുണ്ടായിരുന്ന പല പദ്ധതികളും വിപുലീകരിക്കുകയും പരിഷ്ക്കരിക്കുകയും ആനുകൂല്യങ്ങൾ ഗണ്യമായി ഉയർത്തുകയുമൊക്കെ ചെയ്യുകയുണ്ടായി. ചില പദ്ധതികളുടെ ഗുണഫലം കൂടുതൽപേർക്കു ലഭ്യമാക്കാനായി ആനുകൂല്യങ്ങൾ കിട്ടാനുള്ള അർഹതാമാനദണ്ഡങ്ങൾ ഉദാരമാക്കുകയും വരുമാനപരിധി ഉയർത്തുകയും ഒക്കെ ചെയ്തിട്ടുമുണ്ട്.
പുതിയ ക്ഷേമനടപടികൾ കൊണ്ടുവരികയും ഉള്ളവ വിപുലപ്പെടുത്തുകയും ചെയ്യുന്ന നടപടി സർക്കാർ തുടരുകയാണ്. ക്ഷേമപ്പെൻഷനുകളും മറ്റും എല്ലാക്കൊല്ലവും വർദ്ധിപ്പിക്കുക, അത് അതതുമാസംതന്നെ അവരവരുടെ വീടുകളിൽ നേരിട്ട് എത്തിക്കുക എന്നിങ്ങനെയുള്ള ജനസൗഹൃദനടപടികളും സംസ്ഥാനത്തു നടപ്പാക്കി നാം രാജ്യത്തിനാകെ മാതൃക കാട്ടിയിരിക്കുകയുമാണ്.
വയോജനങ്ങൾ, ഭിന്നശേഷികൾ ഉള്ളവർ, മാറാരോഗങ്ങളും മാരകരോഗങ്ങളും പിടിപെട്ടവർ, പട്ടിക-പിന്നാക്കവിഭാഗങ്ങൾ, വ്യത്യസ്തലൈംഗികപദവികളിലുള്ളവർ, സ്ത്രീകൾ, അവരിൽത്തന്നെ പലവിധപരാധീനതകളോ അവശതകളൊ അനുഭവിക്കുന്നവർ, കുട്ടികൾ, എൻഡോസൾഫാൻ പോലുള്ള ദുരന്തങ്ങളുടെ ഇരകൾ, വിവിധതൊഴിലാളിവിഭാഗങ്ങൾ, ഇതരസംസ്ഥാനത്തൊഴിലാളികൾ, പ്രവാസികൾ, വിമുക്തഭടർ എന്നുതുടങ്ങി പ്രത്യേകപരിഗണന വേണ്ട ഒട്ടെല്ലാ ജനവിഭാഗങ്ങൾക്കും സവിശേഷശ്രദ്ധ നൽകിയുള്ള പരിഷ്ക്കാരങ്ങളുമായാണു സർക്കാർ മുന്നോട്ടു പോകുന്നത്. വ്യത്യസ്തലൈംഗികപദവികളിലുള്ളവർക്ക് ആദ്യമായി ജോലിസംവരണം ഏർപ്പെടുത്തിയത് ആഗോളതലത്തിൽത്തന്നെ മാദ്ധ്യമശ്രദ്ധ നേടുകയുണ്ടായല്ലോ.
കേവലം ക്ഷേമനടപടികൾക്കപ്പുറം, കോഴിവളർത്തലും മീൻ വളർത്തലും പാലുല്പാദനവും മുതൽ കൃഷിയും സൂക്ഷ്മ-ചെറുകിടസംരംഭങ്ങളും വരെയുള്ള വിവിധ ഉല്പാദനപ്രവർത്തനങ്ങൾക്കും സ്വയംതൊഴിലിനും വീടിനും ശൗചാലയത്തിനും ഒക്കെയുള്ള ധനസഹായങ്ങളും പ്രോത്സാഹനങ്ങളും എല്ലാം സർക്കാർ നൽകുന്നുണ്ട്. അവയുടെയെല്ലാം വിവരങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അതേസമയം, ഇത്തരം ക്ഷേമസഹായങ്ങളുടെ ഗുണഫലം പരമാവധി ജനങ്ങളിലേക്ക് എത്തിയാലേ ഇതെല്ലാംകൊണ്ടു നാം ഉദ്ദേശിക്കുന്ന സാമൂഹികക്ഷേമവും പുരോഗതിയും ഉണ്ടാകൂ. അതിൽ പ്രാദേശികസർക്കാരുകളിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളിലെ പ്രാദേശികപ്രവർത്തകരും നേതാക്കളും, സന്നദ്ധസഘടനകൾ, കുടുംബശ്രീയിലെയും മറ്റും പ്രവർത്തകർ, വിവിധ വകുപ്പുകളിൽ പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന സർക്കാർജീവനക്കാർ, അങ്കണവാടിപ്രവർത്തകർ തുടങ്ങിയവർക്കെല്ലാം വലിയ പങ്കു വഹിക്കാനാകും. അതിന് അത്തരം പൊതുപ്രവർത്തകരിലേക്കെല്ലാം സർക്കാരിന്റെ വിവിധ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങൾ എത്തിക്കേണ്ടതുണ്ട്. ആ ഉദ്ദേശ്യത്തോടെ തയ്യാറാക്കിയതാണ് ‘സർക്കാരിന്റെ ധനസഹായപദ്ധതികൾ’ എന്ന ഈ പുസ്തകം.
ഇതു പ്രയോജനപ്പെടുത്തി സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും പരമാവധിപേരെ ഇവയുടെ ഗുണഭോക്താക്കളാക്കാനും എല്ലാവരും മുൻകൈ എടുക്കണം. അതു നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അപ്രകാരമുള്ള പങ്കാളിത്തം എല്ലാവരിലുംനിന്ന് ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു. നമുക്ക് ഒരുമിച്ചു മുന്നേറാം. സർക്കാർ ഒപ്പമുണ്ട്.
സ്നേഹാഭിവാദനത്തോടെ,
പിണറായി വിജയൻ
മുഖ്യമന്ത്രി
27–11-2017