Govt of Kerala Emblem കേരളസർക്കാർ

വ്യാപാരീക്ഷേമബോർഡ്

25.1 മരണാനന്തര ആനുകൂല്യം

സംസ്ഥാന വ്യാപാരീക്ഷേമനിധിയിൽ അംഗമായി ആറുമാസം കഴിഞ്ഞു മരണം സംഭവിച്ചാൽ അവകാശിക്കു ലഭിക്കുന്ന ആനുകൂല്യമാണിത്. അംഗത്വം എ, ബി, സി, ഡി എന്നു നാലുതരത്തിൽ ഉണ്ട്. അതിനനുസരിച്ച് ഈ ആനുകൂല്യത്തിൽ വ്യത്യാസമുണ്ട്.

എ. അവകാശിക്കു ലഭിക്കുന്ന ആനുകൂല്യം

എ) എ ക്ലാസ് – 1,00,000 രൂപ

ബി) ബി ക്ലാസ് – 60,000 രൂപ

സി) സി ക്ലാസ് – 40,000 രൂപ

ഡി) ഡി ക്ലാസ് – 30,000 രൂപ

ബി. ആനുകൂല്യം കിട്ടാനുള്ള നടപടിക്രമം

അംഗത്വകാർഡ്, ഗസറ്റഡ് ഉദ്യോഗസ്ഥ/ൻ സാക്ഷ്യപ്പെടുത്തിയ മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്, വില്ലേജ് ഓഫീസർ നൽകുന്ന കുടുംബാംഗത്വസർട്ടിഫിക്കറ്റ്, കുടുംബാംഗത്വസർട്ടിഫിക്കറ്റിലെ അംഗങ്ങളെല്ലാംകൂടി അവരിലൊരാളെ തുക കൈപ്പറ്റാൻ ചുമതലപ്പെടുത്തുന്ന സമ്മതപത്രം എന്നിവ ഉൾപ്പെടെയുള്ള അവകാശിയുടെ അപേക്ഷ അംഗം മരിച്ച് 90 ദിവസത്തിനുള്ളിൽ സംസ്ഥാന വ്യാപാരീക്ഷേമനിധിബോർഡിൽ നൽകണം.

അംഗം മരിച്ചു 90 ദിവസത്തിനുള്ളിൽ അപേക്ഷ നൽകുന്നതിൽ വീഴ്ച്ച വന്നാൽ വിശദീകരണം നൽകണം.

25.2 എക്‌സ്‌ഗ്രേഷ്യാ ക്ലെയിമുകൾ

സംസ്ഥാന വ്യാപാരീക്ഷേമബോർഡിൽനിന്ന് അംഗങ്ങൾക്കു തീപിടുത്തം, അക്രമം, ലഹള, വെള്ളപ്പൊക്കം, മറ്റുപ്രകൃതിക്ഷോഭങ്ങൾ എന്നിവയിലൂടെ വ്യാപാരസ്ഥാപനത്തിനും സാധനങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നല്കിവരുന്നു. നഷ്ടപരിഹാരത്തുക അംഗങ്ങൾക്ക് മരണാനന്തരാനുകൂല്യമായി ലഭിക്കാവുന്ന തുകയോളം എന്നു പരിമിതപ്പെടുത്തിയിരിക്കുന്നു.

എ. അപേക്ഷിക്കാനുള്ള നടപടിക്രമം

അംഗത്വകാർഡിന്റെ കോപ്പി, വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്, തീപിടുത്തത്തിനു ഫയർഫോഴ്‌സ് റിപ്പോർട്ട്, അക്രമത്തിന് പോലീസ് റിപ്പോർട്ട് എന്നിവ സഹിതമുള്ള അപേക്ഷ കേരളസംസ്ഥാന വ്യാപാരീക്ഷേമബോർഡിൽ നൽകണം.

25.3 പെൻഷൻ

പത്തുവർഷം തുടർച്ചയായി ക്ഷേനിധിയംഗത്വമുള്ളവർക്ക് 60 വയസ് പൂർത്തിയായതിന്റെ അടുത്തമാസംമുതൽ താഴെ പറയുന്ന നിരക്കിൽ പ്രതിമാസപെൻഷൻ നൽകിവരുന്നു.

എ) എ ക്ലാസ് – 1350 രൂപ

ബി) ബി ക്ലാസ് – 1150 രൂപ

സി) സി ക്ലാസ് – 1050 രൂപ

ഡി) ഡി ക്ലാസ് – 1000 രൂപ

പെൻഷൻ കിട്ടാനുള്ള നടപടിക്രമം

60 വയസ് പൂർത്തിയായതിന്റെ രേഖയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിൽനിന്നുള്ള കച്ചവടലൈസൻസും അംഗത്വകാർഡിന്റെ പകർപ്പും സഹിതം ബോർഡിൽ അപേക്ഷ നൽകണം.

ഇവയ്ക്കുപുറമേ, സ്‌കോളർഷിപ്പ് പദ്ധതി, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ നടപ്പാക്കാനും ബോർഡ് നടപടികൾ സ്വീകരിച്ചുവരുന്നു.

25.3.1 സംസ്ഥാന വ്യാപാരീക്ഷേമബോർഡിന്റെ ആസ്ഥാനം

സംസ്ഥാന വ്യാപാരീക്ഷേമ ബോർഡ്
തകരപ്പറമ്പ് റോഡ്, കിഴക്കേക്കോട്ട, തിരുവനന്തപുരം
ഫോൺ-0471-2474049, 2474054

25.3.2 വാണിജ്യവകുപ്പിന്റെ ആസ്ഥാനം

കമ്മിഷണർ,
വാണിജ്യനികുതിവകുപ്പ്, ടാക്‌സ് ടവർ,
കരമന പി.ഒ., കിള്ളിപ്പാലം, തിരുവനന്തപുരം,
ഫോൺ-0471-2785206, 2785202
email: commissioner@keralataxes.gov.in
website: http://www.keralataxes.gov.in