Govt of Kerala Emblemകേരളസർക്കാർ

PIC

അവതാരിക

സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇൻഫർമേഷൻ‒പബ്ലിൿ റിലേഷൻസ് വകുപ്പിന്റെ പ്രധാനദൗത്യം. അതിനുള്ള സുപ്രധാനമായ പ്രവർത്തനമാണ് വിവിധവിഭാഗം ജനങ്ങൾക്കു സർക്കാർ നൽകുന്ന ധനസഹായങ്ങളുടെ വിശദാംശങ്ങൾ ഇങ്ങനെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. നോക്കുന്നവരുടെ സൗകര്യത്തിനായി ഇത്തരം പ്രവർത്തനങ്ങൾ വകുപ്പടിസ്ഥാനത്തിൽ അകാരാദിക്രമത്തിൽ പ്രത്യേകം അദ്ധ്യായങ്ങളായാണു ചേർത്തിട്ടുള്ളത്. തദ്ദേശഭരണസ്ഥാപനങ്ങൾ വഴി വിവിധവകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ ആ വകുപ്പു സമാഹരിച്ചുനൽകിയിട്ടുമുണ്ട്. ഓരോപദ്ധതിയുടെയും പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം ഇതിലുണ്ട്. ഒട്ടുമിക്ക പദ്ധതികളുടെയും വിവരണത്തിന് ഐകരൂപ്യം വരുത്താനും ശ്രമിച്ചിട്ടുണ്ട്.

ഭവനനിർമ്മാണം, പെൻഷൻ, സ്വയംതൊഴിൽ തുടങ്ങിയ പദ്ധതികൾ പല വിഭാഗങ്ങൾക്കുവേണ്ടി പല വകുപ്പുകളും നടത്തുന്നുണ്ട്. ഇവ അതതു വകുപ്പുകളുടെ അദ്ധ്യായങ്ങളിലായി ചിതറിക്കിടപ്പാണ്. ആ പ്രശ്നം പരിഹരിക്കാനായി പദ്ധതികളുടെ പേരുകളും ഉള്ളടക്കത്താളിൽ അതതുവകുപ്പിനുകീഴെ നൽകിയിട്ടുണ്ട്. കൂടാതെ എല്ലാ പദ്ധതിയുടെയും പേരുകൾ അകാരാദിക്രമത്തിൽ അവയുടെ പേജുനമ്പർ സഹിതം പുസ്തകത്തിന്റെ അവസാനഭാഗത്ത് പ്രത്യേകസൂചികയായും നല്കിയിരിക്കുന്നു. ഇതെല്ലാം ഈ പുസ്തകം ഉപയോഗിക്കുന്നവർക്കു സൗകര്യപ്രദമാണ്.

ഇവ ഇത്തരത്തിൽ ക്രമീകരിക്കാനായത് അക്കാദമികപുസ്തകങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ടെൿ (TEX) എന്ന സോഫ്റ്റ്‌വെയറിൽ രൂപകല്പന ചെയ്തതിനാലാണ്. ഈ പുസ്തകം ടെക്കിൽ സൗജന്യമായി രൂപകല്പന ചെയ്തുതന്ന ‘സായാഹ്ന ഫൗണ്ടേഷൻ’ എന്ന സന്നദ്ധസംഘടനയോടും അതിന്റെ പ്രണേതാവായ ശ്രീ. സി.വി. രാധാകൃഷ്ണനോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം, ഈ പുസ്തകത്തിന്റെ പുറം‌ചട്ടയ്ക്കു മനോഹരമായ ചിത്രങ്ങൾ വരച്ചുതന്ന ഭിന്നശേഷിക്കാരിയായ നൂർ ജലീലയ്ക്കും നന്ദിയും അനുമോദനവും അർപ്പിക്കുന്നു. ഈ പുസ്തകത്തിന്റെ ഗുണഭോക്താക്കളിൽ ഒരു പ്രധാനവിഭാഗമായ ഭിന്നശേഷിയുള്ളവരും ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവരുമായവർക്ക് വലിയയളവു പ്രചോദനം ആകുന്നതാണ് നൂർ ജലീലയുടെ ജീവിതവിജയം.

ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതോടൊപ്പം, മൊബൈൽ ഫോണിലും മറ്റും നോക്കാവുന്നതരത്തിൽ ഭാഷാസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മറ്റു രൂപങ്ങളിലും തയ്യാറാക്കുന്നുണ്ട്. ഇ-ബുക്ക് (ഇ-പബ്), ഹൈപ്പർ ടെൿസ്റ്റ് ലിങ്കോടുകൂടിയ പിഡിഎഫ്, എച്ഛ്‌റ്റിഎംഎൽ എന്നീ ഫോർമാറ്റുകളിൽ ഇവ ഇൻഫർമേഷൻ‒പബ്ലിൿ റിലേഷൻസ് വകുപ്പിന്റെ (ഐ-പിആർഡി) വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഇവയിൽ പദ്ധതികൾ പേരോ സൂചനകളോ വച്ചൂ സേർച്ച് ചെയ്തു വേഗം കണ്ടുപിടിക്കാം. ഇ-ബുക്കിൽ വിവരങ്ങൾ അടയാളപ്പെടുത്താനും വാട്ട്‌സാപ്പിലും മറ്റും അയയ്ക്കാൻ പാകത്തിൽ കോപ്പി ചെയ്യാനുമൊക്കെ കഴിയും.

വായിക്കാൻ കഴിയാത്തവർ എഴുത്തിനെ ശബ്ദമാക്കി കേട്ടാണ് ഇന്നു മനസിലാക്കുന്നത്. അത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നവർക്കുവേണ്ടി യൂണിക്കോഡ് ഫോണ്ടിലാണ് ഇ-ബുക്ക് തയ്യാറാക്കിയിട്ടുള്ളത്. ഇതിനു കൂടുതൽ അനുയോജ്യമായ രൂപവും വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നുണ്ട്. എല്ലാവിഭാഗത്തെയും ഇഴചേർക്കുന്ന ഭാഷാസാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഇത്തരത്തിൽ ഐ&പിആർഡി ഉപയോഗപ്പെടുത്തുകയാണ്.

ഈ സാദ്ധ്യതകളെല്ലാം പ്രയോജനപ്പെടുത്തി ധനസഹായപദ്ധതികളുടെ ഗുണഫലങ്ങൾ പരമാവധി ജനങ്ങളിൽ എത്തിക്കാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

PIC 
യു.വി. ജോസ്, ഐ.എ.എസ്.
ഡയറക്റ്റർ, ഇൻഫർമേഷൻ‒പബ്ലിൿ റിലേഷൻസ് വകുപ്പ്