ക്യാൻസർ രോഗികളെ പാട്ടുപാടി സാന്ത്വനിപ്പിക്കുന്ന നൂർ ജലീല വരച്ച ചിത്രങ്ങളാണ് ഈ പുസ്തകത്തിന്റെ മുഖവും പിൻപുറവും. പാട്ടും പടംവരയും മാത്രമല്ല, പ്രസംഗവും വയലിൻ വായനയുമെല്ലാം നൂറിനു വശമാണ്. രണ്ടു കൈപ്പത്തിയുമില്ല എന്നത് നൂറിനു പരിമിതിയല്ല. കൈപ്പത്തിയും വിരലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ നൂർ ഒരുപക്ഷേ, ഒരു സാധാരണപെൺകുട്ടിമാത്രം ആയിപ്പോകുമായിരുന്നു. പകരം, ഉന്നതമായ പ്രകാശം എന്നർത്ഥമുള്ള അറബിപദം പേരായിക്കിട്ടിയ നൂർ ജലീല ഭിന്നശേഷിക്കാർക്കെല്ലാം പ്രതീക്ഷയുടെ വെളിച്ചമായി ഉയർന്നു നില്ക്കുന്നു.
ഒരേസമയം പാലിയേറ്റീവ് കെയർ എന്ന സാമൂഹികസേവനരംഗത്തെ സന്നദ്ധപ്രവർത്തകയും ഈ പുസ്തകത്തിൽ പറയുന്ന സ്കോളർഷിപ്പിന്റെയും സാമൂഹികസുരക്ഷാപെൻഷന്റെയും ഗുണഭോക്താവും ആയ നൂർ ജലീലയാണ് മുഖച്ചിത്രം വരയ്ക്കാൻ ഏറ്റവും യോഗ്യ എന്നു ഞങ്ങൾ കരുതുന്നു. കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ്‌സ് കോളെജിൽ ഒന്നാംവർഷ ബി.എ. ബിരുദവിദ്യാർത്ഥിനിയായ ഈ മിടുക്കി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി സഹകരിച്ചാണ് സന്നദ്ധസേവനം ചെയ്യുന്നത്.
ലളിതകല സെന്റർ ഫോർ വിഷ്വൽ ആർട്സ്, ബെംഗളൂരു സംഘടിപ്പിച്ച ദേശീയചിത്രരചനാ മത്സരത്തിൽ രണ്ടുകൊല്ലം നൂർ മൂന്നാം സമ്മാനം നേടി. നാലിലും അഞ്ചിലും പഠിക്കുമ്പോഴാണത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഓൾ ഇൻഡ്യ സിറ്റിസെൻസ് ഡെവലപ്‌മെന്റ് സെന്റർ, ഔറംഗബാദ് നടത്തിയ ദേശീയമത്സരത്തിലും നൂർ മികച്ച ചിത്രകാരിയായി. വേറെയും സമ്മാനങ്ങൾ നൂർ നേടിയിട്ടുണ്ട്. സാമൂഹികസുരക്ഷാമിഷനും കെ-ഡിസ്കും ചേർന്നു 2019 മാർച്ചിൽ നടത്തിയ യൂത്ത് വിത്ത് ഡിസെബിലിറ്റി പരിപാടിയിലും 90 ശതമാനം അംഗപരിമിതിയുള്ള നൂർ പങ്കെടുത്തു കലാപാടവം പ്രദർശിപ്പിച്ചു. കോളെജ് പഠനത്തോടൊപ്പം സിവിൽ സർവ്വീസ് പരീക്ഷയ്ക്കും പഠിക്കുന്നുണ്ട്, നൂർ ജലീല.
വിലാസം:നൂർ ജലീല, പുതിയോട്ടു കണ്ടിയിൽ വീട്, വീട്ടുനമ്പർ: 22, മായനാട് പി.ഒ., കോഴിക്കോട് 673008