Govt of Kerala Emblem കേരളസർക്കാർ

മുന്നാക്കസമുദായക്ഷേമ കോർപ്പറേഷൻ (സമുന്നതി)

സംസ്ഥാനത്തു സാമ്പത്തികപിന്നാക്കാവസ്ഥ നേരിടുന്ന സംവരണേതര സമുദായാംഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി കേരളസംസ്ഥാന മുന്നാക്കസമുദായക്ഷേമ കോർപ്പറേഷൻ (സമുന്നതി) വിദ്യാസമുന്നതി, സംരംഭസമുന്നതി, നൈപുണ്യസമുന്നതി എന്നീ പദ്ധതികൾ നടപ്പിലാക്കിവരുന്നു. ഇതിനു പുറമേ സംരംഭകത്വനൈപുണ്യ വികസനപരിശീലന പരിപാടിയും മുന്നാക്കവിഭാഗങ്ങളിലെ താഴ്ന്നവരുമാനക്കാരുടെ വീടുകൾ നവീകരിക്കാനുള്ള ഭവനസമുന്നതി പദ്ധതിയും നിലവിലുണ്ട്.

20.1 വിദ്യാസമുന്നതി

20.1.1 വിദ്യാസമുന്നതി – സ്കോളർഷിപ്പുകൾ

ഈ പദ്ധതിയുടെ കീഴിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര സമുദായങ്ങളിലെ വിദ്യാർത്ഥീവിദ്യാർത്ഥിനികൾക്ക് ഹൈസ്കൂൾ മുതൽ ബിരുദാനന്തരബിരുദതലം വരെയുള്ള പഠനത്തിനു് സ്കോളർഷിപ്പുകൾ നൽകുന്നു. സിഎ, ഐസിഡബ്ലിയുഎ, സിഎസ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കും ഐഐറ്റി, ഐഐഎം, എൻഐറ്റി തുടങ്ങിയ ദേശീയനിലവാരമുള്ള സ്ഥാപനങ്ങളിൽ അദ്ധ്യയനം നടത്തുന്നവർക്കും പ്രത്യേകം സ്കോളർഷിപ്പുകൾ ലഭ്യമാണ്.

പ്രതിവർഷ സ്കോളർഷിപ്പ് (2017–18):

വിദ്യാസമുന്നതി സ്കോളർഷിപ്പ് തുക (രൂപ) സ്കോളർഷിപ്പുകളുടെ എണ്ണം
ഹൈസ്കൂൾ 2,000 22000
ഹയർ സെക്കൻഡറി 3,000 15000
ബിരുദം പ്രൊഫഷണൽ 7,000 3000
നോൺ പ്രൊഫഷണൽ 5,000 5000
ബിരുദാനന്തരബിരുദം പ്രൊഫഷണൽ 8,000 1250
നോൺ പ്രൊഫഷണൽ 6,000 2000
ഐഐറ്റി, ഐഐഎം, ഐഐഎസ്‌സി, നാഷണൽ ലോ സ്കൂൾ, എൻഐ‌റ്റി, എൻഐഎഫ്‌‌റ്റി, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് തുടങ്ങിയവ 50,000 രൂപ വരെ 120
റെഗുലർ & ഫുൾടൈം ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ 6,000 1000
സിഎ, സിഎസ്, ഐസിഡബ്ലിയുഎ 10,000 100

20.1.2 വിദ്യാസമുന്നതി – മത്സരപരീക്ഷാ പരിശീലനസഹായപദ്ധതി

വിദ്യാസമുന്നതി മത്സരപരീക്ഷാ പരിശീലനസഹായ പദ്ധതിയുടെ കീഴിൽ ഗുണഭോക്താക്കളായ അപേക്ഷകർക്ക് മെഡിക്കൽ/എൻജിനീയറിംഗ് പ്രവേശനപരീക്ഷാപരിശീലനസഹായവും തൊഴിലന്വേഷകരായ യുവജനവിഭാഗങ്ങൾക്ക് സിവിൽ സർവ്വീസസ്/ബാങ്ക്/പി.എസ്.സി തുടങ്ങിയ മത്സരപ്പരീക്ഷാപരിശീലനത്തിനും ധനസഹായം നൽകിവരുന്നു.

20.1.3 വിദ്യാസമുന്നതി – മെഡിക്കൽ/എൻജിനീയറിങ് പരിശീലനസഹായപദ്ധതി

ഹയർസെക്കൻഡറി വിദ്യാർത്ഥിനീവിദ്യാർത്ഥികൾക്കും ഹയർ സെക്കൻഡറി പരീക്ഷ പാസ്സായി രണ്ടു വർഷം കഴിഞ്ഞിട്ടില്ലാത്ത അപേക്ഷകർക്കും മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപ്പരീക്ഷാപരിശീലനത്തിന് ധനസഹായം നൽകിവരുന്നു.

പരിശീലനപദ്ധതി ധനസഹായം ഗുണഭോക്താക്കളുടെ എണ്ണം
മെഡിക്കൽ/എൻജിനീയറിംഗ് 10000 രൂപ 1000

20.1.4 വിദ്യാസമുന്നതി – ബാങ്ക്, പിഎസ്‌സി, മറ്റു മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനസഹായപദ്ധതി

അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്ക്, പി എസ് സി, മറ്റു മത്സരപ്പരീക്ഷകൾക്ക് മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നേടുന്നതിന് 6,000 രൂപ വരെ ധനസഹായം നൽകുന്നു. അപേക്ഷകന് ബന്ധപ്പെട്ട തൊഴിലിന് ആവശ്യമായ കുറഞ്ഞ യോഗ്യത ഉണ്ടായിരിക്കണം.

പരിശീലനപദ്ധതി ധനസഹായം ഗുണഭോക്താക്കളുടെ എണ്ണം
ബാങ്ക്, പി എസ് സി, യു പി എസ് സി, മറ്റു മത്സര പരീക്ഷകൾ 6000 രൂപ 1433

20.1.5 വിദ്യാസമുന്നതി – സിവിൽ സർവ്വീസസ് പരീക്ഷാപരിശീലനസഹായപദ്ധതി

ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവ്വീസസ് പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നീ മൂന്നു ഘട്ടങ്ങളിലും വിദ്യാസമുന്നതി പരീക്ഷാ പരിശീലന സഹായ പദ്ധതിയിൽ ധനസഹായം ലഭ്യമാണ്.

സിവിൽ സർവ്വീസസ് പ്രിലിമിനറി രൂപ 15,000
സിവിൽ സർവ്വീസസ് മെയിൻസ് രൂപ 25,000
സിവിൽ സർവ്വീസസ് ഇന്റർവ്യൂ രൂപ 30,000

20.2 നൈപുണ്യസമുന്നതി

സംവരണേതരവിഭാഗങ്ങളിലെ യുവജനങ്ങൾക്കു പുത്തൻ ദിശാബോധം നൽകുക എന്ന ആശയം ഉൾക്കൊണ്ട് കേരളസംസ്ഥാന മുന്നാക്കസമുദായക്ഷേമകോർപ്പറേഷൻ (സമുന്നതി) നടപ്പിലാക്കുന്ന നൂതന തൊഴിൽനൈപുണ്യ പരിശീലനപദ്ധതിയാണ് നൈപുണ്യസമുന്നതി.

സംവരണേതരവിഭാഗങ്ങളിൽ ഉൾപ്പെട്ട തൊഴിൽരഹിതരായ യുവജനങ്ങളുടെ തൊഴിൽപരമായ അഭിരുചി കണ്ടെത്തി പരിശീലനം നൽകുകയും അതുവഴി മികച്ച തൊഴിലവസരങ്ങളിലേക്ക് അവരെ പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ച് ഉയർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രൊഫഷണൽ ബിരുദധാരികൾക്ക് ആകർഷകമായ കരിയർ പ്ലാനുകൾ, തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോബ് ഫെയറുകൾ വഴി സ്വകാര്യമേഖലയിൽ പ്ലേയ്‌സ്‌മെന്റ് എന്നിവ ഈ പദ്ധതിയുടെ സവിശേഷതകൾ ആണ്.

20.3 സംരംഭകത്വ നൈപുണ്യവികസന പരിശീലന പരിപാടി

കേരളസംസ്ഥാന മുന്നാക്കസമുദായക്ഷേമ കോർപ്പറേഷൻ (സമുന്നതി) സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) മുഖേന കേരളത്തിലെ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി വിവിധ ജില്ലകളിൽ ‘സംരംഭകത്വ നൈപുണ്യവികസന പരിശീലന പരിപാടികൾ’ സംഘടിപ്പിക്കുന്നു.

പരിശീലനം രണ്ടു ഘട്ടങ്ങളിലായി നൽകുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒന്നാംഘട്ട പരിശീലനം വിജയകരമായി പൂർത്തീകരിച്ചവർക്ക് രണ്ടാംഘട്ട പരിശീലനം നൽകും.

20.3.1 സംരഭസമുന്നതി – (സ്വയംസഹായസംഘങ്ങൾക്കും കൂട്ടുത്തരവാദിത്തസംഘങ്ങൾക്കുമുള്ള ധനസഹായ പദ്ധതി)

സ്വയംതൊഴിൽ മേഖലയിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സംവരണേതരസമുദായാംഗങ്ങൾ ഉൾപ്പെട്ട സ്വയംസഹായസംഘങ്ങൾക്കും കൂട്ടുത്തരവാദിത്തഗ്രൂപ്പുകൾക്കും (SHG/JLG) സംരംഭസമുന്നതി – പലിശസഹായപദ്ധതിയുടെ കീഴിൽ ധനസഹായം ലഭ്യമാക്കുന്നു.

സംഘം ധനസഹായം:

SHG/JLG ആറു ലക്ഷം രൂപവരെയുള്ള ലോൺ തുകയുടെ 3% ധനസഹായമായി ലഭിക്കുന്നു.

20.3.2 സംരംഭസമുന്നതി – കാർഷിക, ചെറുകിട വ്യവസായ വായ്പാ പദ്ധതി

കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള IDBI ബാങ്കുമായി സഹകരിച്ച്, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായം (MSME), കൃഷി എന്നീമേഖലകളിൽ സ്വയംതൊഴിൽ കണ്ടെത്താൻ മുന്നോട്ടുവരുന്ന വ്യക്തികൾക്ക് 5% പലിശസബ്‌സിഡി അടക്കമുള്ള വായ്പകൾ ലഭ്യമാക്കുന്നു. കാർഷികരംഗത്ത് കിസാൻ ക്രെഡിറ്റ് കാർഡ്, പൗൾട്രി, ഡയറി അനുബന്ധ ലോണുകൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ(MSME)രംഗത്ത് ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിടകച്ചവടസംരംഭങ്ങൾക്കു ലോണുകൾ എന്നിവ ഈ പദ്ധതിയിൽ ലഭ്യമാണ്. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ കീഴിൽ കൃഷിക്കായി ഒരുലക്ഷം രൂപവരെയുള്ള വായ്പകൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് (MSME) പത്തുലക്ഷം രൂപവരെയുള്ള വായ്പകൾക്കും ജാമ്യവസ്തു നൽകേണ്ടതില്ല.

പ്രതിവർഷം തിരഞ്ഞെടുക്കുന്ന 200 ഗുണഭോക്താക്കൾക്ക് ആറുലക്ഷം രൂപവരെയുള്ള ലോൺതുകയ്ക്ക് 5% എന്ന നിരക്കിൽ ഒറ്റത്തവണയായുള്ള പലിശസഹായം കോർപ്പറേഷൻ നൽകും.

20.4 ഭവന സമുന്നതി: അഗ്രഹാരങ്ങളുടെയും ജീർണ്ണാവസ്ഥയിലായ പരമ്പരാഗതവീടുകളുടെയും പൂനരുദ്ധാരണവും നവീകരണവും

നാശോന്മുഖമായികൊണ്ടിരിക്കുന്ന അഗ്രഹാരങ്ങളുടെയും ജീർണ്ണാവസ്ഥയിലായ പരമ്പരാഗത വീടുകളുടെയും പുനരുദ്ധാരണവും നവീകരണവും കേരളസംസ്ഥാന മുന്നാക്കസമുദായക്ഷേമ കോർപ്പറേഷന്റെ ഭവനസമുന്നതി പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം നടത്തപ്പെടുന്നു. മുന്നാക്കസമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ജീർണ്ണാവസ്ഥയിലുള്ള അഗ്രഹാരങ്ങൾക്കും വീടുകൾക്കുമാണ് പുനരുദ്ധാരണപ്രവർത്തനങ്ങൾക്കു കോർപ്പറേഷൻ ധനസഹായം നൽകുന്നത്.

ഈ സാമ്പത്തികവർഷം സാമ്പത്തികപിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലും ഭവനങ്ങളുടെ ജീർണ്ണാവസ്ഥ കണക്കിലെടുത്തും തിരഞ്ഞെടുക്കുന്ന 220 ഗുണഭോക്താക്കൾക്ക് ഭവനപുനരുദ്ധാരണത്തിനായി രണ്ടുലക്ഷംരൂപ വരെയുള്ള ധനസഹായം ഗഡുക്കളായി നൽകാൻ പദ്ധതി വിഭാവനം ചെയ്യുന്നു.