Govt of Kerala Emblem കേരളസർക്കാർ

മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ്

മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങളുടെ ശാസ്ത്രീയമായ വിവരശേഖരണം നടത്തുകയും മണ്ണിന്റെ ഘടന, രാസ, ഭൗതിക സ്വഭാവങ്ങൾ, കഴിവുകൾ, പരിമിതികൾ എന്നിവ കൃത്യമായി അപഗ്രഥിച്ച് അതിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശത്തിന്റെ സുസ്ഥിരവികസനത്തിനായുള്ള പദ്ധതികളും വിവിധ മണ്ണു-ജലസംരക്ഷണപദ്ധതികളും ശാസ്ത്രീയമായി നടപ്പിലാക്കുക എന്ന പ്രധാനലക്ഷ്യത്തോടെയാണ് മണ്ണുപര്യവേഷണ മണ്ണുസംരക്ഷണ വകുപ്പ് പ്രവർത്തിക്കുന്നത്. വാട്ടർഷെഡ് അടിസ്ഥാനത്തിലുള്ള വികസനപ്രവർത്തനങ്ങൾക്കും മണ്ണിന്റെ ആരോഗ്യപരിപാലനത്തിനും ഭൂവിഭവസമാഹരണത്തിനും ഊന്നൽ നൽകിയാണു വകുപ്പിന്റെ പ്രവർത്തനം.

18.1 നബാർഡ് സഹായത്തോടെ മണ്ണ്-ജലസംരക്ഷണപദ്ധതി (ആർ.ഐ.ഡി.എഫ്.)

നബാർഡ് സാമ്പത്തികസഹായത്തോടെ വാട്ടർഷെഡ് അടിസ്ഥാനത്തിൽ മണ്ണു-ജലസം­രക്ഷണപ്രവർത്തനങ്ങളും വെള്ളപ്പൊക്കനിവാരണപദ്ധതികളും സംസ്ഥാനത്തുടനീളം നടപ്പാക്കുക എന്നതാണു ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിപ്രദേശത്ത് അധിവസിക്കുന്ന എല്ലാ ഗുണഭോക്താക്കൾക്കും പദ്ധതിയാനുകൂല്യം ലഭ്യമാകും. വ്യക്തിഗതപ്രവർത്തനങ്ങൾക്ക് 90% സബ്‌സിഡിയും പൊതുപ്രവർത്തനങ്ങൾക്ക് 95% സബ്‌സിഡിയും നൽകിവരുന്നു. നീർച്ചാലുകളുടെ സംരക്ഷണത്തിന് 95% സബ്‌സിഡിയും നൽകുന്നുണ്ട്. വ്യക്തികൾക്ക് അവരുടെ പുരയിടങ്ങളിൽ സ്വന്തമായോ നോമിനി മുഖേനയോ പദ്ധതിപ്രവർത്തനങ്ങൾ നിർവ്വഹിക്കാം. കർഷകർക്ക് അവരവരുടെ പുരയിടങ്ങളിൽ വിവിധ മണ്ണു-ജലസംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കാൻ സർക്കാർ നിബന്ധനകൾക്കു വിധേയമായി ഹെക്ടർ ഒന്നിന് ശരാശരി 30,000 രൂപവരെ ലഭ്യമാകും.

കാർഷികഭൂമിയുടെ സംരക്ഷണത്തിനായി കല്ലുകയ്യാലകൾ, മൺകയ്യാലകൾ, ട്രെഞ്ചുകൾ, മഴക്കുഴികൾ, വൃക്ഷത്തൈനടൽ, പുല്ലു വെച്ചുപിടിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കും പൊതുപ്രവർത്തനങ്ങളായ നീർച്ചാലുകളുടെ സംരക്ഷണാർത്ഥം പാർശ്വഭിത്തിനിർമ്മാണം, തടയണനിർമ്മാണം, കുളങ്ങളുടെ നിർമ്മാണം, മഴക്കൊയ്ത്തുസംവിധാനങ്ങളുടെ നിർമാണം തുടങ്ങിയ പ്രവൃത്തികൾക്കും ഈ പദ്ധതിയിൽ ആനുകൂല്യം നൽകുന്നു. ഈ പദ്ധതിയിൻകീഴിൽ 115 വിവിധ മണ്ണു-ജലസംരക്ഷണപദ്ധതികൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കിവരുന്നുണ്ട്.

പദ്ധതികാലയളവിൽ നിർവ്വഹണോദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ആനുകൂല്യം കർഷകർക്കു നേടാം.

18.2 ഉരുൾപൊട്ടൽ ബാധിത/സാദ്ധ്യതാ പ്രദേശങ്ങൾ സംരക്ഷിക്കാൻ പദ്ധതി

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവമൂലം സംസ്ഥാനത്തു കൃഷിനാശം സംഭവിച്ചതും സംഭവിക്കാൻ സാദ്ധത്യയുള്ളതുമായ പ്രദേശങ്ങളിൽ ശാസ്ത്രീയമായി മണ്ണു-ജലസംരക്ഷണ­മാർഗ്ഗങ്ങൾ അവലംബിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും ആവശ്യാനുസരണം മറ്റു ജില്ലകളിലും നടപ്പാക്കിവരുന്നു. പദ്ധതിയിൻകീഴിൽ ഗുണഭോക്താക്കൾക്കു 100 ശതമാനം ആനുകൂല്യമാണു നൽകുന്നത്. പദ്ധതിപ്രദേശത്തെ ഗുണഭോക്താക്കൾ നേരിട്ടോ തെരഞ്ഞെടുത്ത ഗുണഭോക്തൃക്കമ്മിറ്റി വഴിയോ ആണ് പദ്ധതിപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഹെക്ടർ ഒന്നിനു 40,000 രൂപവരെ ഈ പദ്ധതിയിൻകീഴിൽ സാമ്പത്തികസഹായം ലഭ്യമാക്കുന്നു. പദ്ധതികാലയളവിൽ നിർവ്വഹണോദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാകും.

18.3 ശുദ്ധജലസംഭരണികളുടെ വൃഷ്ടിപ്രദേശത്തെ മണ്ണ്-ജലസംരക്ഷണം

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ശുദ്ധജലവിതരണപദ്ധതിയുടെയും കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശുദ്ധജലവിതരണപദ്ധതിയുടെയും ജലസംഭരണികളുമായി ബന്ധപ്പെട്ട വൃഷ്ടിപ്രദേശത്തെ മണ്ണൊലിപ്പു നിയന്ത്രണവിധേയമാക്കാൻ കൃഷിഭൂമിസംരക്ഷണത്തിനുള്ള കയ്യാലനിർമ്മാണം, ട്രെഞ്ചുകൾ, ടെറസ്സുകൾ, മഴക്കുഴികൾ, പുല്ലു വെച്ചുപിടിപ്പിക്കൽ, തുടങ്ങിയ പ്രവൃത്തികൾക്കും നിർച്ചാലുകളുടെ സംരക്ഷണത്തിനും ആനുകൂല്യം നൽകുന്നു. ഈ പ്രവൃത്തികൾക്കെല്ലാം 100 % ആനുകൂല്യമാണു നൽകിവരുന്നത്. ഹെക്ടർ ഒന്നിന് 30000 രൂപവരെ സാമ്പത്തികസഹായം നൽകുന്നു.

18.4 കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ ശീതകാല പഴം, പച്ചക്കറി കൃഷിക്കുള്ള അടിസ്ഥാനസൗകര്യ വികസനപദ്ധതി

സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ ധനസഹായത്തോടെ ആർ.കെ.വി.വൈ. ഫണ്ടു വിനിയോഗിച്ച് കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ ശീതകാല പഴം, പച്ചക്കറി കൃഷിക്കായുള്ള അടിസ്ഥാനസൗകര്യവികസനപദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം ശീതകാല പഴം/പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള അടിസ്ഥാനസൗകര്യവികസനം, പദ്ധതിപ്രദേശത്തു ജലലഭ്യത ഉറപ്പാക്കുക, ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്നിവയാണ്. ജലസേചനസൗകര്യാർത്ഥം പൊതുനീർച്ചാലുകളിൽ ചെക്ക്ഡാമുകൾ, പൈപ്പുകൾ, (എച്ച്. ഡി.പി. ഇ. ലൈൻഡ്) ടാങ്കുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നു. ഈ പദ്ധതിയിൽ നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും 100 % സബ്‌സിഡി നൽകും.

18.5 ദേശീയ സുസ്ഥിരകാർഷിക മിഷൻ

ദേശീയ സുസ്ഥിരകാർഷിക മിഷൻ വഴി കേരളത്തിന്റെ കാർഷികമേഖലയുടെ സ്ഥായിയായ വികസനം ലക്ഷ്യംവച്ചു നടപ്പിലാക്കുന്ന സംയോജിതപദ്ധതിയാണിത്. ദേശീയ സുസ്ഥിരകാർഷിക മിഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുവായ പ്രവർത്തനങ്ങൾക്ക് 100% സബ്‌സിഡിയും വ്യക്തിഗത ആനുകൂല്യങ്ങൾക്ക് പ്രവർത്തനങ്ങൾക്കനുസൃതമായ സബ്‌സിഡിയും നിശ്ചയിച്ചിരിക്കുന്നു. കൃഷിവകുപ്പു ഡയറക്ടറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ. കണ്ണൂർ, വയനാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ മൊകേരി, പാട്ടിയം, കടന്നപ്പള്ളി, നമ്പിക്കൊല്ലി, പുൽപ്പള്ളി, വാളാട്, തൂമുള്ളിത്തോട്, ചെമ്പുതറ, ചേരുംകുഴി എന്നീ ക്ലസ്റ്ററുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

18.6 രാഷ്ട്രീയ കൃഷിവികാസ് യോജന (ആർ.കെ.വി.വൈ)

ആർ.കെ.വി.വൈ പദ്ധതിയിലുൾപ്പെടുത്തി ദുരിതബാധിതജില്ലയായ വയനാട്ടിലെ പുൽപ്പള്ളി, പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വരൾച്ചാനിവാരണത്തിനായി 324.1 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കിവരുന്നു. കുളങ്ങളുടെയും ജലസംഭരണികളുടെയും നിർമ്മാണമാണു നടപ്പിലാക്കുന്നത്. പൊതുവായ പ്രവർത്തനങ്ങൾക്കു 100% സബ്‌സിഡി ഈ പദ്ധതിയിൽ നൽകിവരുന്നു.

18.7 നീർത്തടാധിഷ്ഠിത വികസനത്തിൽ പരിശീലനം

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (ഐ.ഡബ്‌ളിയു.ഡി.എം-കെ)

മണ്ണു-ജലസംരക്ഷണപദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് കർഷകർക്കും ജനപ്രതിനിധികൾക്കും സന്നദ്ധസംഘടനാപ്രവർത്തകൾക്കും വികസനവകുപ്പുദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നീർത്തടാധിഷ്ഠിതവികസനത്തിൽ അവശ്യം വേണ്ട പരിശീലനങ്ങൾ ഈ ഇൻസ്റ്റിറ്റ്യൂട്ട് വഴി ലഭ്യമാക്കുന്നു.

ഇഗ്നോ(IGNOU)യും കേന്ദ്രസർക്കാരിന്റെ ഭൂവിഭവവകുപ്പുമായി സഹകരിച്ച് ഒരുവർഷത്തെ വാട്ടർഷെഡ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സും ആറുമാസത്തെ വാട്ടർ ഹാർവസ്റ്റിംഗ് & മനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്സും ഒരുവർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇൻ പ്ലാന്റേഷൻ മാനേജ്‌മെന്റ് കോഴ്സും ഈ സ്ഥാപനംവഴി നടത്തുന്നു. വാട്ടർഷെഡ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിനുള്ള അടിസ്ഥാനയോഗ്യത പ്ലസ് ടൂ ജയിച്ചിരിക്കണം. കോഴ്സ് ഫീസ് 10,000 രൂപയാണ്. എന്നാൽ ബി.പി.എൽ. ഉദ്യോഗാർത്ഥികൾക്കും ഗ്രാമീണമേഖലയിൽനിന്നു വരുന്നവർക്കും 50% ഫീസിളവു നൽകിവരുന്നു. ആറുമാസത്തെ വാട്ടർ ഹാർവസ്റ്റിംഗ് & മനേജ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്സിനുള്ള അടിസ്ഥാനയോഗ്യത പത്താംക്ലാസ്സ്/ബി.പി.പി ആണ്. കോഴ്സ് ഫീസ് 2000 രൂപയാണ്. ഒരുവർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇൻ പ്ലാന്റേഷൻ മാനേജ്‌മെന്റ് കോഴ്സിനുള്ള അടിസ്ഥാനയോഗ്യത ബിരുദമാണ്. ഈ കോഴ്സിനുള്ള കോഴ്സ് ഫീസ് 5500 രൂപയാണ്. വിവിധ കോഴ്സുകൾക്കായുളള നോട്ടിഫിക്കേഷൻ മാദ്ധ്യമങ്ങളിലൂടെ ജൂൺ- ജൂലായ് മാസങ്ങളിൽ പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

മണ്ണുസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ
ഐ.ഡബ്ളിയു.ഡി.എം-കെ
ചടയമംഗലം
ഫോൺ: 0474- 2475051

18.8 വ്യക്തിഗത മണ്ണുസംരക്ഷണ പ്രവർത്തനങ്ങൾക്കുളള ആനുകൂല്യങ്ങൾ

മണ്ണു-ജലസംരക്ഷണപ്രവർത്തനങ്ങൾ പ്രധാനമായും നീർത്തടാടിസ്ഥാനത്തിലാണു നട­പ്പിലാക്കുന്നത്. ഒരു നീർത്തടത്തിൽ വരുന്ന അപേക്ഷകരായ എല്ലാ ഗുണഭോക്താക്കൾക്കും സഹാ­യം ലഭിക്കുന്ന രീതിയിലാണു പദ്ധതി നടപ്പിലാക്കുന്നത്. നീർത്തടത്തിനുള്ളിലെ പ്രകൃതിവിഭവപരിപാലനത്തിലുൾപ്പെട്ട പദ്ധതികൾ കർഷകർക്കു നേരിട്ടോ ഗുണഭോക്തൃക്കമ്മിറ്റി മുഖേനയോ ചെയ്യാം.

ആർ.ഐ.ഡി.എഫ്. പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മണ്ണു-ജലസം­രക്ഷണപ്രവർത്തനങ്ങൾക്കു താഴെ പറയുന്ന രീതിയിൽ ധനസഹായം ലഭിക്കും.

1.
മൺകയ്യാലനിർമ്മാണം 61.83 രൂപ/മീറ്റർ
2.
കല്ലുകയ്യാലനിർമ്മാണം 143.52 രൂപ/മീറ്റർ
3.
മഴക്കുഴിയൊന്നിന് 130 രൂപ
4.
റബറിനു പ്ലാറ്റ്‌ഫോം വെട്ടാൻ 145 രൂപ/പ്ലാറ്റ്‌ഫോം

വകുപ്പിന്റെ ആസ്ഥാനവിലാസം:

ഡയറക്ടർ,
മണ്ണുപര്യവേഷണ മണ്ണുസംരക്ഷണ വകുപ്പ്,
സെന്റർ പ്ലാസ്സാ ബിൽഡിംഗ്, മൂന്നും നാലും നിലകൾ,
വഴുതക്കാട്, തിരുവനന്തപുരം 695014
ഫോൺ: 04712339800 (ജ), 04712339899 (ജനറൽ)
ഫാക്സ്: 04712338200 (ജ), 04712339899 (ജനറൽ)
ഇ-മെയിൽ: agriscu@hotmail.com, soildirector@gmail.com