Govt of Kerala Emblem കേരളസർക്കാർ

ആരോഗ്യവകുപ്പ്

1.1 ജനനി ശിശു സുരക്ഷാകാര്യക്രമം (JSSK) (അമ്മയും കുഞ്ഞും പദ്ധതി)

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായുള്ള സൗജന്യചികിത്സാപദ്ധതിയാണ് അമ്മയും കുഞ്ഞും പദ്ധതി. സർക്കാരാശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാ ഗർഭിണികളും 30 ദിവസം വരെയുള്ള നവജാതശിശുക്കളുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ പദ്ധതിവഴിയുള്ള സേവനങ്ങൾ അമ്മയുടെയും കുഞ്ഞിന്റെയും അവകാശമായി പരിഗണിക്കുന്നു.

1.1.1 ഗർഭിണികൾക്കുള്ള അവകാശങ്ങൾ

1.
സൗജന്യപ്രസവചികിത്സ, സൗജന്യസിസേറിയൻ
2.
സൗജന്യ പരിശോധനകൾ, മരുന്നുകൾ
3.
സൗജന്യ താമസവും ഭക്ഷണവും – സാധാരണപ്രസവത്തിന് മൂന്നു ദിവസം, സിസേറിയന് ഏഴുദിവസം (പേവാർഡ് ഉപയോഗിച്ചാൽ വാടക ഇതിൽ പെടുന്നില്ല)
4.
സൗജന്യരക്തദാനം
5.
പ്രസവത്തിനായി ആശുപത്രിയിലേക്കും പ്രസവാനന്തരം വീട്ടിലേക്കും റഫർ ചെയ്യുമ്പോഴും സൗജന്യ‌‌യാത്രാസൗകര്യം.
6.
എല്ലാ ആശുപത്രിച്ചെലവുകളും (ഒ. പി.ടിക്കറ്റ് ചാർജ് ഉൾപ്പെടെ) സൗജന്യം.
7.
പ്രസവാനന്തരം 42 ദിവസം വരെ ചികിത്സാച്ചെലവു സൗജന്യം

1.1.2 ജനിച്ച് 30 ദിവസം വരെ നവജാതശിശുക്കൾക്കുള്ള അവകാശങ്ങൾ

1.
സൗജന്യ മരുന്നും മറ്റു പരിശോധന, ചികിത്സാ സൗകര്യങ്ങളും
2.
വീട്ടിൽനിന്ന് ആശുപത്രിയിലേക്കും റഫർ ചെയ്യുമ്പോൾ മറ്റ് ആശുപത്രിയിലേക്കും തിരിച്ച് വീട്ടിലേക്കും സൗജന്യയാത്ര

കൂടുതൽ വിവരങ്ങൾക്ക്:

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (എൻ എച്ച് എം)
ഹെൽത്ത് സർവ്വീസസ് ഡയറക്ടറേറ്റ്,
ജനറൽ ആശുപത്രി ജംഗ്ഷൻ, തിരുവനന്തപുരം
ഫോൺ: 0471-2301181, 9946105484

1.2 ജനനിസുരക്ഷ യോജന (ജെ. എസ്. വൈ.)

ആശുപത്രിയിൽ നടക്കുന്ന പ്രസവങ്ങൾ പ്രോത്സാഹിപ്പിച്ച് മാതൃമരണവും ശിശുമരണവും കുറയ്ക്കാനുള്ള പദ്ധതിയാണ് ജനനിസുരക്ഷായോജന (ജെ. എസ്. വൈ.).

ബി. പി. എൽ.കുടുംബങ്ങളിലെ 19 വയസ്സിനു മുകളിലുള്ള ഗർഭിണികളാണ് ഇതിന്റെ ഗുണഭോക്താക്കൾ.

ഇവരെക്കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട എല്ലാ ഗർഭിണികൾക്കും ബി. പി. എൽ.സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽപ്പോലും ഈ സേവനം ലഭ്യമാണ്.

സർക്കാരാശുപത്രികളിലെയും പ്രത്യേക അംഗീകാരം നൽകിയ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലെയും പ്രസവങ്ങൾക്കാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.

സർക്കാരാശുപത്രികളിൽ ആശുപത്രിസൂപ്രണ്ടിൽനിന്നോ ചാർജ്ജ് മെഡിക്കൽ ഓഫീസറിൽനിന്നോ ചെക്ക് കൈപ്പറ്റണം.

അംഗീകൃത സ്വകാര്യ ആശുപത്രിയുടെ കാര്യത്തിൽ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക്) എന്നിവ ഹാജരാക്കി സാമൂഹികാരോഗ്യകേന്ദ്രത്തിലെ കോ ഓർഡിനേറ്ററിൽനിന്ന് ചെക്ക് കൈപ്പറ്റാം.

നഗരങ്ങളിൽ നടക്കുന്ന പ്രസവങ്ങൾക്ക് 600 രൂപവച്ചും ഗ്രാമങ്ങളിൽ നടക്കുന്ന പ്രസവങ്ങൾക്ക് 700 രൂപവച്ചും ഈ പദ്ധതിപ്രകാരം ധനസഹായം നൽകുന്നു.

ഇതുകൂടാതെ സാമ്പത്തികനില പരിഗണിക്കാതെ പട്ടികജാതി-പട്ടികവർഗ്ഗങ്ങളിൽപ്പെടുന്ന എല്ലാ അമ്മമാർക്കും 500 രൂപ വീട്ടിൽവച്ചുള്ള പ്രസവങ്ങൾക്കും നൽകുന്നു.

1.3 ആരോഗ്യകിരണം പദ്ധതി

പതിനെട്ടുവയസ്സിൽ താഴെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യകിരണം. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്ന മുപ്പത് രോഗങ്ങൾക്കു പുറമെയുള്ള എല്ലാ രോഗങ്ങൾക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സാസഹായം ലഭിക്കുന്നതാണ്. എ. പി. എൽ./ബി. പി. എൽ.വ്യത്യാസമില്ലാതെ എല്ലാവരും 1 ആരോഗ്യകിരണം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണു പദ്ധതിയ്ക്കുള്ള തുക വകയിരുത്തുന്നത്. ഈ പദ്ധതിയിലൂടെ മരുന്നുകൾ, പരിശോനകൾ, ചികിത്സകൾ എന്നിവ എല്ലാ സർക്കാരാശുപത്രികകളിൽ നിന്നു സൗജന്യമായി ലഭിക്കുന്നതാണ്. ആശുപത്രിയിൽ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനൽ ചെയ്തിട്ടുള്ള തിരഞ്ഞെടുത്ത കടകളിൽ നിന്നും തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.

ആരോഗ്യ കിരണം പദ്ധതിയിലൂടെ ഇതുവരെയായി 1,95,00,000 കുട്ടികൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.

1.4 രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (RBSK)

വിദ്യാലയ ആരോഗ്യപദ്ധതിയുടെ വിപുലീകരിച്ച രൂപമാണ് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന 30 ആരോഗ്യപ്രശ്‌നങ്ങളെ കാലേകൂട്ടി കണ്ടുപിടിക്കുന്നതിനുളള വിദഗ്ദ്ധ പരിശോധനയും തുടക്കത്തിൽ തന്നെയുള്ള ചികിത്സയും പരിചരണവും നൽകുന്നതിനുളള നൂതനമായ പദ്ധതിയാണ് രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം. നവജാത ശിശുക്കളിൽ ജൻമനാൽ ഉണ്ടാകുന്ന ജനനവൈകല്യങ്ങൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുളള വിവിധ ചികിത്സകൾ ഇതിന്റെ ഭാഗമാണ്. ആരോഗ്യപ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കും ജില്ലാതല ആശുപത്രികളിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്ററുകളിലേയ്ക്കും അസുഖത്തിന്റെ സ്ഥിരീകരണത്തിനും തുടർചികിത്സയ്ക്കുമായി റെഫർ ചെയ്യുന്നു. ഈ കേന്ദ്രങ്ങളിൽനിന്ന് ആവശ്യമെങ്കിൽ വിദഗ്ദ്ധചികിത്സാകേന്ദ്രങ്ങളിലേക്കും റെഫർ ചെയ്യുന്നു.

1.4.1 ആർ. ബി. എസ്. കെ.മാർഗ്ഗനിർദ്ദേശപ്രകാരം സൗജന്യചികിത്സയും തുടർനടപടികളും ലഭിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ജനനവൈകല്യങ്ങൾ (Defects at Birth)
1.
ന്യൂറൽ ട്യൂബ് ഡിഫക്ട് (Neural Tube Defect)
2.
ഡൗൺ സിൻഡ്രോം (Down Syndrome)
3.
മുറിച്ചുണ്ട് (Cleft lip)
4.
അണ്ണാക്കിലെ വിടവുകൾ (Palate/Cleft Palate alone)
5.
കാല്പാദവൈകല്യങ്ങൾ – Talipes (Club foot)
6.
അരക്കെട്ടിനുണ്ടാകുന്ന വികാസവൈകല്യം (Developmental Pysplasia of the Hip)
7.
ജന്മനാ ഉള്ള തിമിരം (Congenital Cataract)
8.
ജന്മനാ ഉള്ള കേൾവിക്കുറവ് (Congenital Deafness)
9.
ജന്മനാ ഉള്ള ഹൃദ്രോഗം (Congenital Heart Diseases)
10.
Retinopathy of Prec maturity (മാസം തികയാതെ പ്രസവിക്കുന്നതുകൊണ്ട് കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകൾ)
ന്യൂനതകൾ (Deficiencies)
1.
വിളർച്ചയും ഗുരുതരമായ അനീമിയയും
2.
വൈറ്റമിൻ എ-യുടെ കുറവ് (Bitot Spot)
3.
വൈറ്റമിൻ ഡി-യുടെ കുറവ് (Rickets)
4.
ഗുരുതരമായ പോഷകാഹാരക്കുറവ്
5.
തൊണ്ടവീക്കം (Goiter)
ശൈശവരോഗങ്ങൾ (Childhood Diseases)
1.
ത്വഗ്രോഗങ്ങൾ (Scabies, Fungal Infection and Eczema)
2.
ചെവിക്കുള്ളിലെ അണുബാധ (Otitis Media)
3.
റുമാറ്റിക്ക് ഹൃദ്രോഗം (Rhumatic Heart Disease)
4.
പല്ലിലെ പോട് (Dental caries)
5.
ജന്നിരോഗങ്ങൾ (Convulsive Disorders)
വളർച്ചയിലെ കാലതാമസവും വൈകല്യങ്ങളും (Developmental delays and Disabilities)
1.
കാഴ്ചക്കുറവ്
2.
കേൾവിക്കുറവ്
3.
ചലനവൈകല്യങ്ങൾ (Neuro-Motor impairment, Motor delay)
4.
ബുദ്ധിപരമായ വികാസത്തിലുള്ള കാലതാമസം (Cognitive Delay)
5.
ഭാഷാപരമായ വികാസത്തിലുള്ള കാലതാമസം (Language Delay)
6.
ഓട്ടിസം (Autism)
7.
പഠനവൈകല്യം (Learning Disorder)
8.
എ.ഡി.എച്ച്.ഡി (Attention Deficit Hyperactivity Disorder)
9.
Congenital Hypothyroidism, Sickle Cell Anaemia, Beta Thalassemia (ബീറ്റാ തലസീമിയ) (Optional)

സർക്കാർമേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾവഴിയും മെഡിക്കൽ കോളേജുകളും ശ്രീചിത്ര അടക്കമുളള ആശുപത്രികളും വഴിയും ഇത്തരത്തിൽ കുട്ടികൾക്ക് ശസ്തക്രിയ ഉൾപ്പെടെയുളള വലിയ ചെലവേറിയ വിവിധ ചികിത്സാസേവനങ്ങൾ തികച്ചും സൗജന്യമാക്കി. നവജാതശിശുക്കളിൽ ജൻമനാ ഉണ്ടാകുന്ന ജനിതകരോഗങ്ങൾക്ക് ശസ്ത്രക്രിയ ഉൾപ്പെടെയുളള വിവിധ ചികിത്സകൾ സൗജന്യമാണ്.

നവജാതശിശുക്കളെ ഡോക്ടർമാരും അനുബന്ധ ആരോഗ്യപ്രവർത്തകരും പൊതുജനാരോഗ്യകേന്ദ്രങ്ങളിലും ആറ് ആഴ്ചവരെ പ്രായമായ കുഞ്ഞുങ്ങളെ ജൂനിയർ പബ്ലിൿ ഹെൽത്ത് നഴ്സ് (JPHN), ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ (JHI) മുതലായവർ വീടുകളിൽ വന്നും ആറ് ആഴ്ച മുതൽ 18 വയസ്സ് വരെ പ്രായമുളള കുട്ടികളെ സ്‌കൂൾ ഹെൽത്ത് നഴ്സു‌മാർ അങ്കണവാടിയിൽവച്ചും സ്‌കൂളിൽവച്ചും പരിശോധിക്കുന്നു. ആരോഗ്യപ്രശ്‌നം കണ്ടെത്തുന്ന കുട്ടികളെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലേയ്ക്കും ആവശ്യമെങ്കിൽ അവിടെനിന്നും വിദഗ്ദചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളിലേയ്ക്കും റഫർ ചെയ്യുന്നു.

ആർ.ബി.എസ്.കെ. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന, വളർച്ചയും വികാസവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വൈകല്യങ്ങളുമുളള, ജനനം മുതൽ 18 വയസ്സുവരെയുളള കുട്ടികളെ പരിശോധിക്കാനും സമയാധിഷ്ഠിതമായി മെച്ചപ്പെട്ട ചികിത്സ നൽകാനും ജില്ലാതല ആശുപത്രിയിൽ പ്രവർത്തിക്കുന്ന നൂതനമായ സ്ഥാപനമാണ് ഡി.ഐ.ഇ.സി (1/ജില്ലയിൽ ഒന്നുവീതം).

1.5 ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ (DEIC)

കുട്ടികളുടെ വളർച്ചയും വികാസവുമായി സംബന്ധിക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും വൈകല്യങ്ങളെയും കാലേകൂട്ടി തിരിച്ചറിയാനും ഫലപ്രദമായ ചികിത്സയും സേവനങ്ങളും ലഭ്യമാക്കാനുമായി എല്ലാ ജില്ലയിലും ആർ.ബി.എസ്.കെ. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നൂതന സംവിധാനമാണ് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്റർ (ഡി.ഇ.ഐ.സി). സ്‌പെഷ്യലിസ്റ്റുകളായ ശിശുരോഗവിദഗ്ദ്ധർ, ഡെന്റൽ സർജൻ, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, ഒപ്റ്റോമെട്രിസ്റ്റ്, ഡെന്റൽ ഹൈജിനിസ്റ്റ് തുടങ്ങിയ വിദഗ്ദ്ധരായ ജീവനക്കാരെ ഓരോ ഡി.ഇ.ഐ.സി. യിലും നിയമിച്ചിട്ടുണ്ട്.

ആശുപത്രിയിൽനിന്നു റഫർ ചെയ്ത കുഞ്ഞുങ്ങൾക്കു ഡി.ഇ.ഐ.സി. യിൽനിന്നു വേണ്ട ചികിത്സ നൽകി പരിചരിക്കുന്നു. ഈ കുഞ്ഞുങ്ങളെ തുടർനിരീക്ഷണം നടത്തുന്നു. ആവശ്യമെങ്കിൽ സ്‌പെഷ്യാലിറ്റി ഹെൽത്ത് സെന്ററിലേയ്ക്ക് റെഫർ ചെയ്യുന്നു.

1.5.1 സേവനങ്ങൾ

1.
ജനനം മുതൽ 18 വയസ്സുവരെയുളള, വൈകല്യങ്ങളുളള കുട്ടികളെ ഈ സ്ഥാപനങ്ങളിലേക്കു റെഫർ ചെയ്യുമ്പോൾ വിദഗ്ദ്ധപീഡിയാട്രീഷ്യനും മെഡിക്കൽ ഓഫീസറും സമഗ്രമായ പരിശോധന നടത്തുന്നു. തുടർന്ന് ആവശ്യാനുസരണം സ്ഥാപനത്തിലെ വിദഗ്ദ്ധരുടെ സമീപത്തേക്കു ചികിത്സയ്ക്കായി അയയ്ക്കുന്നു.
2.
കേൾവിക്കുറവുളള കുഞ്ഞുങ്ങൾക്ക് ഓഡിയോളജിസ്റ്റിന്റെയും സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയും സേവനം ലഭ്യമാക്കുന്നു. ഈ കുട്ടികൾക്ക് ആഴ്ചതോറുമോ മാസംതോറുമോ തുടർചികിത്സ വേണ്ടിവരും. ഈ ചികിത്സ എല്ലാംതന്നെ പരിപൂർണ്ണമായി സൗജന്യമാണ്.
3.
ജന്മനാ കാല്പാദം ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന അവസ്ഥ (Talipes) ഉള്ള കുഞ്ഞുങ്ങൾക്ക് ഓർത്തോസിസ് ലഭ്യമാക്കുന്നു. ഇതിനായി ആശുപത്രിയിൽത്തന്നെ പ്രവർത്തിച്ചുവരുന്ന പി.എം.ആർ.ഡിപ്പാർട്ട്‌മെന്റിന്റെ സഹായം ലഭ്യമാണ്. സെറിബ്രൽ പാൽസി, മോട്ടോർ ന്യൂറോൺ ഡിസോഡേഴ്‌സ് തുടങ്ങിയ വൈകല്യങ്ങൾക്കു സ്ഥാപനത്തിലെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്.
4.
കേൾവിക്കുറവും കാഴ്ചക്കുറവുമുളള കുട്ടികൾക്കു വേണ്ട നിർദ്ദേശം നൽകുകയും ആവശ്യമെങ്കിൽ കണ്ണടയും ശ്രവണസഹായിയും ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഡി.ഐ.ഇ.സി.യിൽ ഒപ്‌റ്റോമെട്രിസ്റ്റ്, ഓഡിയോളജിസ്റ്റ് എന്നിവർക്കാണ് ഈ പ്രവർത്തനങ്ങളുടെ ചുമതല.
5.
ഡി.ഐ.ഇ.സി.യിൽ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട പ്രശ്നമുള്ള കുട്ടികൾക്ക് തുടർചികിത്സ അത്യന്താപേക്ഷിതമാണ്. ഒരു കുഞ്ഞ് ഈ തുടർചികിത്സയ്ക്കായി മാസംതോറുമോ ആഴ്ചതോറുമോ സ്ഥാപനത്തിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്ററിന്റെയോ സ്പീച്ച് തെറാപ്പിസ്റ്റിന്റെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ അടുക്കൽ വരണം. സ്വകാര്യസ്ഥാപനങ്ങളിൽ വലിയ ചെലവുവരുന്ന ഇത്തരം ചികിത്സകൾ ഡി.ഐ.ഇ.സി.യിൽ തികച്ചും സൗജന്യമായാണ് ചെയ്തുവരുന്നത് എന്നതാണ് ഇതിന്റെ സവിശേഷത.

1.6 ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്ററുകളുടെ വിശദാംശങ്ങൾ

ക്രമ നം. ജില്ല സ്ഥാപനത്തിന്റെ പേര് വിലാസം ഫോൺ നമ്പർ ഇ-മെയിൽ (ഔദ്യോഗികം)
1 തിരുവനന്തപുരം ജനറൽ ആശുപത്രി തിരുവനന്തപുരം 9745018855 deictvm@gmail.com
2 കൊല്ലം ഗവ. വിക്റ്റോറിയ ആശുപത്രി കൊല്ലം 8589082525 deickollam@gmail.com
3 പത്തനംതിട്ട താലൂക്കാശുപത്രി, തിരുവല്ല തിരുവല്ല, 689101 9946107321 deicpta@gmail.com
4 ആലപ്പുഴ ജനറൽ ആശുപത്രി ഇരുമ്പുപാലം, ആലപ്പുഴ 9846413850 deicalpy@gmail.com
5 കോട്ടയം ജനറൽ ആശുപത്രി കോട്ടയം 686001 9446239673 deicmktym@gmail.com
6 ഇടുക്കി ജില്ലാ ആശുപത്രി ചെറുതോണി, ഇടുക്കി 9946102621 deicidukki@gmail.com
7 എറണാകുളം ജനറൽ ആശുപത്രി കൊച്ചി, എറണാകുളം 9645728757 ekmdeic@gmail.com
8 തൃശൂർ ജില്ലാ ആശുപത്രി പഴയ ജില്ലാ ആശുപത്രി വളപ്പ്, സ്വരാജ് റൗൺഡ് ഈസ്റ്റ്, തൃശൂർ 680001 9946170998 deictsr@gmail.com
9 പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പാലക്കാട് 9946105581 deicmlpm@gmail.com
10 മലപ്പുറം താലൂക്കാശുപത്രി, തിരൂരങ്ങാടി തിരൂരങ്ങാടി 8589009577 deicpkd@gmail.com
11 കോഴിക്കോട് ജനറൽ ആശുപത്രി ബീച്ചിന് എതിർവശം, കോഴിക്കോട് 9995777007 deickkd@gmail.com
12 വയനാട് ജനറൽ ആശുപത്രി ബിൽഡിങ് നമ്പർ: 204(2), കൈനാട്ടി, കല്പറ്റ വടക്ക് 673122 8574558984 deicwayanad2014@gmail.com
13 കണ്ണൂർ ജില്ലാ ആശുപത്രി കണ്ണൂർ 670017 7560862025 deic.knr@gmail.com
14 കാസർകോട് ജില്ലാ ആശുപത്രി ബല്ല പി.ഒ., ചെമ്മട്ടവയൽ, കാഞ്ഞങ്ങാട് 9946900792 deicksd@gmail.com

1.7 സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ

മാരകമായ രോഗങ്ങൾ കാരണം വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കുകയാണു സൊസൈറ്റിയുടെ ലക്ഷ്യം.

1.7.1 അർഹത

രോഗിയുടെ കുടുംബവാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽത്താഴെ ആയിരിക്കണം.

1.7.2 ആനുകൂല്യം

സൊസൈറ്റി മുഖാന്തരമുള്ള ചികിത്സാധനസഹായം 50,000 രൂപ വരെ. ഒരു രോഗിക്ക് ഒരുതവണമാത്രമേ ധനസഹായം അനുവദിക്കൂ.

മറ്റേതെങ്കിലും സർക്കാരാനുകൂല്യം (CHIS/CHIS PLUS etc.) ലഭ്യമായിട്ടുണ്ടെങ്കിൽ ചികിത്സയ്ക്ക് ആ തുകയെക്കാൾ അധികം വന്ന ചെലവ് 50,000 രൂപവരെ അനുവദിക്കാം.

1.7.3 വേണ്ട രേഖ

രോഗിയുടെ പക്കൽനിന്നു ചെലവുവന്നതായി ചികിത്സിക്കുന്ന ഡോക്ടർ നൽകുന്ന വ്യക്തമായ സാക്ഷ്യപത്രം.

1.7.4 ഈ പദ്ധതിയിലൂടെ ചികിത്സാധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ചികിത്സകളും ശസ്ത്രക്രിയകളും

1.
മസ്തിഷ്കശസ്ത്രക്രിയ
2.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ
3.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ
4.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ
5.
പേസ്‌മേക്കർ സ്ഥാപിക്കൽ
6.
ആഞ്ജിയോ പ്ലാസ്റ്റി
7.
കാൻസർ (ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ)
8.
ഡയാലിസിസ്
9.
ട്യൂമർ റിമൂവൽ
10.
അസ്ഥിസംബന്ധമായ ശസ്ത്രക്രിയകൾ, റിസൿഷനും പ്രൊസ്തസിസും, ലംബാർ തൊറാസിക്ക് വെർട്ടിബ്രൽ അസ്ഥികളിലെ ട്യൂമർ, കാൽമുട്ടു മാറ്റിവെയ്ക്കൽ
11.
സിക്കിൾ സെൽ അനീമിയ
12.
ഗില്ലൻബാരി സിൻഡ്രോം
13.
ഇടുപ്പെല്ലു മാറ്റിവെക്കൽ ശസ്ത്രക്രിയ (ഹിപ്പ് റീപ്ലേസ്‌മെന്റ് സർജ്ജറി)
14.
ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയ (ഹിസ്റ്ററക്ടമി)
15.
വന്ധ്യതാചികിത്സ
16.
കടുത്ത കരൾ രോഗങ്ങൾ
17.
പക്ഷാഘാതം (അംഗീകൃത ആയുർവേദ ഗവ. ആശുപത്രികളിൽ നിന്നുള്ള ചികിത്സയ്ക്കു മാത്രം)

1.7.5 ഈ പദ്ധതിയിലൂടെ ചികിത്സാധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ആശുപത്രികളുടെ പട്ടിക

1.
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം
2.
റിജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം
3.
ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, തിരുവനന്തപുരം
4.
ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, ആലപ്പുഴ
5.
ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, തൃശ്ശൂർ
6.
ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, കോട്ടയം
7.
ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, കോഴിക്കോട്
8.
ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, കളമശ്ശേരി, കൊച്ചി
9.
ഇ.എം.എസ്.മെമ്മോറിയൽ സഹകരണ ആശുപത്രി, പാണമ്പി, പെരിന്തൽമണ്ണ, മലപ്പുറം
10.
സഹകരണ ഹൃദയാലയ മെഡിക്കൽ കോളെജ് ആശുപത്രി, പരിയാരം, കണ്ണൂർ
11.
മലബാർ കാൻസർ സെന്റർ, തലശ്ശേരി, കണ്ണൂർ
12.
ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, തിരുവനന്തപുരം
13.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
14.
ജനറൽ ആശുപത്രി, എറണാകുളം
15.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.
16.
ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, മലപ്പുറം
17.
ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി, ഇടുക്കി
18.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരുവനന്തപുരം
19.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കൊല്ലം
20.
സ്ത്രീകളുടെയും കുട്ടികളുടെയും ആശൂപത്രി, ആലപ്പുഴ
21.
സ്ത്രീകളുടെയും കുട്ടികളുടെയും ആശൂപത്രി, എറണാകുളം
22.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്
23.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കോഴിക്കോട്
24.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണൂർ
25.
ജനറൽ ആശുപത്രി, തിരുവനന്തപുരം
26.
ജനറൽ ആശുപത്രി, പത്തനംതിട്ട
27.
ജനറൽ ആശുപത്രി, അടൂർ, പത്തനംതിട്ട
28.
ജനറൽ ആശുപത്രി, ആലപ്പുഴ
29.
ജനറൽ ആശുപത്രി, കോട്ടയം
30.
പാണക്കാട് സെയ്ത് മുഹമ്മദാലി ശിഹാബ് തങ്ങൾ സ്മാരക ജനറൽ ആശുപത്രി, മലപ്പുറം
31.
ജനറൽ ആശുപത്രി, കോഴിക്കോട്
32.
ജനറൽ ആശുപത്രി, കൽപ്പറ്റ, വയനാട്
33.
ജനറൽ ആശുപത്രി, തലശ്ശേരി, കണ്ണൂർ
34.
ജനറൽ ആശുപത്രി, കാസർഗോഡ്
35.
ജനറൽ ആശുപത്രി, നെയ്യാറ്റിൻകര, തിരുവനന്തപുരം
36.
ജില്ലാ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം
37.
ജില്ലാ ആശുപത്രി, കൊല്ലം
38.
ജില്ലാ ആശുപത്രി, കോഴഞ്ചേരി, പത്തനംതിട്ട
39.
ജില്ലാ ആശുപത്രി, മാവേലിക്കര, ആലപ്പുഴ
40.
ജില്ലാ ആശുപത്രി, കോട്ടയം
41.
ജില്ലാ ആശുപത്രി, ആലുവ, എറണാകുളം
42.
ജില്ലാ ആശുപത്രി, പൈനാവ്, ഇടുക്കി
43.
ജില്ലാ ആശുപത്രി, തൃശ്ശൂർ
44.
ജില്ലാ ആശുപത്രി, പാലക്കാട്
45.
ജില്ലാ ആശുപത്രി, തിരൂർ
46.
ജില്ലാ ആശുപത്രി, വടകര, കോഴിക്കോട്
47.
ജില്ലാ ആശുപത്രി, മാനന്തവാടി, വയനാട്
48.
ജില്ലാ ആശുപത്രി, കണ്ണൂർ
49.
ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, കാസർഗോഡ്

1.7.6 ചികിത്സാധനസഹായത്തിൽ പക്ഷാഘാത (stroke) ചികിത്സയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ള 17 ആയുർവേദചികിത്സാസ്ഥാപനങ്ങൾ

1.
ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി, തിരുവനന്തപുരം
2.
ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി, തൃപ്പൂണിത്തുറ, എറണാകുളം
3.
ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി, കണ്ണൂർ
4.
ജില്ലാ ആയുർവേദ ആശുപത്രി, തിരുവനന്തപുരം
5.
ജില്ലാ ആയുർവേദ ആശുപത്രി, കൊല്ലം
6.
ജില്ലാ ആയുർവേദ ആശുപത്രി, ആലപ്പുഴ
7.
ജില്ലാ ആയുർവേദ ആശുപത്രി, പത്തനംതിട്ട
8.
ജില്ലാ ആയുർവേദ ആശുപത്രി, കോട്ടയം
9.
ജില്ലാ ആയുർവേദ ആശുപത്രി, ഇടുക്കി
10.
ജില്ലാ ആയുർവേദ ആശുപത്രി, എറണാകുളം
11.
ജില്ലാ ആയുർവേദ ആശുപത്രി, തൃശ്ശൂർ
12.
ജില്ലാ ആയുർവേദ ആശുപത്രി, മലപ്പുറം
13.
ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട്
14.
ജില്ലാ ആയുർവേദ ആശുപത്രി, കോഴിക്കോട്
15.
ജില്ലാ ആയുർവേദ ആശുപത്രി, കണ്ണൂർ
16.
ജില്ലാ ആയുർവേദ ആശുപത്രി, വയനാട്
17.
ജില്ലാ ആയുർവേദ ആശുപത്രി, കാസർഗോഡ്

1.7.7 അപേക്ഷാഫോം

www.dhs.kerala.gov.inഎന്ന വെബ്‌സൈറ്റിൽ SMAP എന്ന ലിങ്കിൽ.

1.7.8 അപേക്ഷയോടൊപ്പം വേണ്ട രേഖകൾ

1.
ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകുന്ന വരുമാനസർട്ടിഫിക്കറ്റ്.
2.
രോഗിയുടെ വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡിന്റെയോ ആധാർ കാർഡിന്റെയോ പകർപ്പ്.

1.7.9 നടപടിക്രമം

ചികിത്സാധനസഹായത്തിന് അർഹതയുള്ള വ്യക്തിയെ ആ വിവരം കത്തുമുഖേന അറിയിച്ച് മുൻകൂറായി രസീതു വാങ്ങി ധനസഹായത്തുക ബാങ്ക് അക്കൗണ്ടിലൂടെ മാറാവുന്ന ചെക്കായി (A/c payee) രജിസ്റ്റേർഡ് തപാലിൽ രോഗിക്ക് അയച്ചുകൊടുക്കുന്നു.

1.7.10 അപേക്ഷ നൽകിയശേഷം രോഗി മരിച്ചാൽ അനന്തരാവകാശിക്കു ധനസഹായം ലഭിക്കാനുളള നടപടി

ഇതിന് സൊസൈറ്റിയുടെ മെമ്പർ സെക്രട്ടറിക്ക് മരിച്ചയാളുടെ അനന്തരാവകാശി വെള്ളക്കടലാസിൽ അപേക്ഷ നൽകണം.

1.7.11 ഒപ്പം ചേർക്കേണ്ട രേഖകൾ

1.
രോഗിയുടെ മരണസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2.
തഹസീൽദാർ നൽകുന്ന നിയമാനുസൃത അനന്തരാവകാശസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

1.7.12 അപേക്ഷ അയക്കേണ്ട വിലാസം

മെമ്പർ സെക്രട്ടറി
സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, (ജനറൽ ആശുപത്രിക്കു സമീപം)
തിരുവനന്തപുരം 695035
ഫോൺ: 0471-2519257 (ഉച്ച കഴിഞ്ഞ് രണ്ടു മണിമുതൽ അഞ്ചു മണിവരെ)

കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാസഹായപദ്ധതി

വിവരങ്ങൾ ലോട്ടറിവകുപ്പിന്റെ അദ്ധ്യായത്തിൽ.

1 ആദായനികുതിദായകർക്കും സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവിനക്കാർക്കും അവരുടെ ആശ്രിതർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതല്ല.